SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

വിഴിഞ്ഞത്തിന്റെ വൻ പ്രയാണം

ss

കയറ്റുമതിയും ഇറക്കുമതിയും പൂർണ തോതിൽ സജ്ജമാകുമ്പോഴാണ് ഒരു തുറമുഖം എല്ലാ അർത്ഥത്തിലും ആ നാടിന്റെ സുസ്ഥിര വികസനത്തിന് അടിത്തറ പാകുന്നത്. കയ‌റ്റുമതി കൂടി തുടങ്ങിയതോടെ നമ്മുടെ ഉത്‌പന്നങ്ങൾക്ക് വിഴിഞ്ഞം തുറമുഖം ലോക വിപണി തുറന്നിരിക്കുകയാണ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള കണ്ടെയ്‌നർ കവാടമാണ് തുറന്നിരിക്കുന്നത്. സ്‌പെയിനിലെ വലൻസിയ തുറമുഖത്തേക്ക് അയയ്ക്കുന്ന നിലമേൽ കേന്ദ്രമായുള്ള എക്സ്‌പോർട്ട്‌സ് കമ്പനിയുടെ 20 അടി കണ്ടെയ്‌നറുകളാണ് ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ളാഗ് ഓഫ് ചെയ്‌തത്. ഇതോടൊപ്പം സംസ്ഥാന സർക്കാരിന്റെ തുറമുഖാധിഷ്ഠിതമായ വ്യവസായ - ലോജിസ്‌റ്റിക്സ് പദ്ധതിയായ മിഷൻ സമുദ്ര‌യും ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.

ചരക്ക് മാറ്റി കയറ്റുന്ന ട്രാൻസ്‌ഷിപ്പ് പ്രവർത്തനം മാത്രമാണ് ഇതുവരെ വിഴിഞ്ഞത്ത് നടന്നിരുന്നത്. ഇനി റോഡു മാർഗമെത്തിക്കുന്ന കണ്ടെയ്‌നറുകൾ കയ‌റ്റി അയയ്ക്കുകയും കപ്പലിൽ എത്തുന്ന കണ്ടെയ്‌നറുകൾ മറ്റിടങ്ങളിലേക്ക് റോഡ് മാർഗം അയയ്ക്കുകയും ചെയ്യുന്ന പ്രവർത്തനം കൂടി നടക്കും. ലോജിസ്റ്റിക്സ് സൗകര്യങ്ങൾ കൂടി ഒരുക്കുന്നതോടെ സംസ്ഥാനത്തിന് വരുമാനവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ഇത് വഴിയൊരുക്കും. പാ‌ശ്ചാത്യ വിപണികളിലേക്ക് കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങൾ വഴി ചരക്ക് കയറ്റി അയച്ചിരുന്ന രാജ്യത്തെ വ്യവസായികൾ താരതമ്യേന സമാധാന അന്തരീക്ഷമുള്ള വിഴിഞ്ഞത്തു നിന്നും കയറ്റുമതിക്ക് ഒരുങ്ങുമെന്ന് പ്രതീക്ഷിക്കാം.

ഭാവിയിൽ കേരളത്തിൽ നിന്ന് സമുദ്രോത്‌പന്നങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കയറ്റി അയയ്ക്കുന്ന ഏറ്റവും വലിയ തുറമുഖമായി മാറുന്നതിന്റെ തുടക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതു കൂടാതെ സുഗന്ധദ്ര‌വ്യങ്ങളും കാർഷികോത്‌പന്നങ്ങളും വിദേശങ്ങളിലേക്ക് കയറ്റി അയയ്ക്കാനാവുന്നത് ഈ മേഖലകളുടെ വലിയ വളർച്ചയ്ക്ക് ഇടയാക്കുന്നതാണ്. അതുപോലെ തന്നെ വിഴിഞ്ഞത്തെത്തുന്ന കപ്പലുകളിൽ നിന്ന് ചരക്കുകൾ അയൽ സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്ന സമുദ്ര വ്യാപാര ഹബ്ബായി വിഴിഞ്ഞം മാറും. ഇങ്ങനെ വരുമ്പോൾ നേരിട്ടും അല്ലാതെയും കുറഞ്ഞത് രണ്ടായിരം പേർക്കെങ്കിലും തൊഴിൽ ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. കൂടുതൽ വ്യവസായ സ്ഥാപനങ്ങളും വിഴിഞ്ഞത്തെത്തും.

റോഡ്, റെയിൽ ഗതാഗതം, ലോറികൾക്കുള്ള യാർഡ്, ജീവനക്കാർക്ക് താമസിക്കാനുള്ള ഇടങ്ങൾ, കണ്ടെയ്‌നറുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള വർക്ക്‌ഷോപ്പ് തുടങ്ങിയ ലോജിസ്റ്റിക്സ് സൗകര്യങ്ങൾ അതിവേഗം ഒരുക്കുന്നതിലാണ് സർക്കാർ ഇനി ഏറ്റവും കൂടുതൽ ശ്രദ്ധപതിപ്പിക്കേണ്ടത്. എല്ലാം സർക്കാർ തന്നെ ചെയ്യണമെന്നില്ല. അതിനുള്ള സൗകര്യം പ്രദാനം ചെയ്‌താൽ ഈ മേഖലയിൽ പണം നിക്ഷേപിക്കാൻ പരിചയസമ്പന്നരായ സ്വകാര്യ സംരംഭകർ തന്നെ മുന്നോട്ട് വരും. മറ്റ് തുറമുഖങ്ങളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതാണ് വിഴിഞ്ഞത്തെ കയറ്റുമതിയും ഇറക്കുമതിയും എന്നതാണ് ഏറ്റവും വലിയ ആകർഷണീയത. വിഴിഞ്ഞം തുടങ്ങിയിട്ടേ ഉള്ളൂ. നമ്മുടെ നാടിന്റെ തലവര മാറ്റുന്ന മഹത്തായ പ്രയാണം. ഈ സന്ദർഭത്തിൽ ഈ പദ്ധതി സാക്ഷാത്‌കരിക്കാൻ യത്നിച്ചവരെയും അതിനെ എതിർത്തവരെയും നമുക്ക് ഒരു പോലെ നന്ദിപൂർവം സ്‌മരിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIZHINJAM PORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY