
2023ൽ ഇതുപോലൊരു കാലവർഷക്കാലത്താണ് ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന ടീം കേരളത്തിൽ കളിക്കുമെന്ന് അന്നത്തെ കായിക മന്ത്രി വി.അബ്ദുറഹിമാൻ പ്രഖ്യാപിച്ചത്. അന്നുമുതൽ കാത്തിരുന്ന മലയാളി ഫുട്ബാൾ പ്രേമികൾക്ക് പുളകമേകി രണ്ടു വർഷത്തിന് ശേഷം പുതിയ അറിയിപ്പെത്തി. കേരളത്തിലെ മത്സരം അർജന്റീന ടീം മാനേജ്മെന്റ് സ്ഥിരീകരിച്ചു എന്ന്. അതിനിടെ മന്ത്രിയും സ്പെയിനിലെ മാഡ്രിഡ് കറങ്ങിവന്നു. പിന്നീട് നടന്നത് മെസിയെ വരവേൽക്കാനുള്ള കൊണ്ടുപിടിച്ച നീക്കങ്ങൾ.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപ്പേറഷൻ പ്രധാന സ്പോൺസറായി രംഗത്തെത്തി. ആദ്യ ഗഡു ടീം മാനേജ്മെന്റിന് കൈമാറിയതായി അറിയിച്ചു. കൊച്ചി രാജ്യാന്തര സ്റ്റേഡിയം നവീകരണവും സ്പോൺസർമാർ കൊട്ടിഘോഷിച്ച് ഏറ്റെടുത്തു. ലോകകപ്പ് സന്നാഹങ്ങളും തുടങ്ങിക്കഴിഞ്ഞിരുന്നതിനാൽ ആകെ ഓളമായി. കൊച്ചിയിലെ മത്സരത്തിന് എപ്പോൾ ടിക്കറ്റ് കിട്ടുമെന്നായി ആരാധകർ. എന്നാൽ മന്ത്രിയും സ്പോൺസറുമെല്ലാം കളംമാറിക്കളിച്ചു. ഒക്ടോബറിൽ നിരാശപ്പെടുത്തുന്ന പ്രഖ്യാപനം വന്നു. 'മെസി ചതിച്ചാശാനേ" എന്ന മട്ടിലായി കാര്യങ്ങൾ. നഷ്ടം തനിക്ക് മാത്രമാണെന്ന സ്പോൺസർ വിലപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് തിരിഞ്ഞതോടെ ജനം പ്രശ്നം വിടുമെന്ന് രാഷ്ട്രീയലോകം കരുതി.
എന്നാൽ മുൻ കായികമന്ത്രിയെ സ്വന്തം മണ്ഡലത്തിലുള്ളവർ കൂവി. മണ്ഡലം മാറി മത്സരിച്ചെങ്കിലും പ്രചാരണത്തിനിടെ മെസിയെവിടെ എന്ന ചോദ്യം ഉയർന്നു. നൈസായി തോൽക്കുകയും ചെയ്തു.
പുതിയ സർക്കാർ അധികാരത്തിലെത്തിയത് ഒരു ഹിറ്റ് ലിസ്റ്റുമായാണ്. രക്ഷാപ്രവർത്തന, കാഫിർ, വിമാന മർദ്ദനക്കേസുകൾ പുനർജനിച്ചു. അതിനൊപ്പം മെസിയുടെ പേരിൽ നടന്ന കള്ളക്കളികളും കായിക വകുപ്പ് അന്വേഷിച്ചു. ഇതിനുള്ള ചുമതല നൽകിയത് ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥ മേധാവികളെ വെല്ലുവിളിച്ച അതേ കളക്ടർ ബ്രോ തന്നെ. അന്വേഷണം കസറി. മെസിയുടെ പേരിൽ അന്നത്തെ ഭരണനേതൃത്വം ദുരൂഹമായ തീരുമാനങ്ങളുമെടുത്തെന്നും സ്പോൺസർ തന്റെ കടലാസ് കമ്പനിയിലൂടെ വിദേശ പണമിടപാടു നടത്തി കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള സൂചനകളാണ് പുറത്തുവരുന്നത്. കേന്ദ്രസർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്.
ശതകോടികളുടെ കളി
മെസിയും അർജന്റീനയും കേരളത്തിലെത്തി കളിക്കുമെന്ന പ്രചാരണത്തിന്റെ മറവിൽ നടന്നത് ഫെമ നിയമലംഘനമുൾപ്പെടെ ഗൗരവമേറിയ സാമ്പത്തിക ക്രമക്കേടാണെന്നാണ് കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട്. 210 കോടി രൂപ ചെലവുവരുന്ന പരിപാടിക്ക് സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയത് താത്പര്യപത്രം ക്ഷണിക്കാതെയാണെന്നും പണം കൈമാറ്റത്തിൽ സുതാര്യതയുണ്ടായില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ട്. സ്‌പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ മുൻ സർക്കാർ കൂട്ടുനിന്നെന്നാണ് കണ്ടെത്തൽ.
പൊതുമുതൽ ദുരുപയോഗം ചെയ്തതിലും സ്വകാര്യകമ്പനിയുമായി അനധികൃത ഇട പാടുകൾ നടത്തിയതിലും വിജിലൻസ് അന്വേഷണം വേണമെന്നാണ് ശുപാർശ. ആദ്യ ഘട്ടത്തിൽ 15 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ (ഏകദേശം 126 കോടി രൂപ) ഇടപാട് നടന്നതിലൂടെ വിദേശനാണയ വിനിമയ നിയമ ലംഘനവും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നാണ് പ്രഥമദൃഷ്ട്യാ സംശയിക്കുന്നത്.
ഉത്തരം പറയേണ്ടിവരും
കായിക വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് പല ചോദ്യങ്ങൾ ഉയരുന്നുണ്ട്. അർജന്റീന ഫുട്‌ബാൾ അസോസിയേഷന്റെ ഔദ്യോഗിക കത്തുകളോ ധാരണാപത്രമോ ഇല്ലാതെയാണ് പദ്ധതിയുമായി മുന്നോട്ടു പോയത്. അവരുമായി അന്നത്തെ കായികമന്ത്രിയുടെ ഓഫീസ് നടത്തിയ ഇ- മെയിലുകളാണ് ആകെയുള്ള രേഖകൾ.
കേന്ദ്രസർക്കാരിന്റെ അനുമതിയോ വിശദപദ്ധതിരേഖയോ മന്ത്രിസഭയുടെ അംഗീകാരമോ ഇല്ലാതെയാണ് കായികവകുപ്പ് മുന്നിട്ടിറങ്ങിയത്. മത്സരത്തിന് സജ്ജമാക്കാനായി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറിയതിലും ക്രമക്കേടുകളുണ്ട്. കേന്ദ്ര കായിക മന്ത്രാലയത്തേയും തെറ്റിദ്ധരിപ്പിച്ചു. തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. അർജന്റീന ഫുട്ബാൾ ടീമിനേയും മെസിയേയും കേരളത്തിലെത്തിക്കാൻ ശ്രമിച്ചത് എല്ലാ നടപടിക്രമവും പാലിച്ചാണെന്നും സർക്കാരിന് ഒരു ചില്ലിക്കാശുപോലും നഷ്ടമായിട്ടില്ലെന്നുമാണ് മുൻ കായികമന്ത്രി അബ്ദുറഹിമാൻ വിശദീകരിച്ചത്. എന്നാൽ ഇദ്ദേഹം സ്പെയിൻ സന്ദർശിച്ചതിലടക്കം പൊതുഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ചുവെന്നതാണ് വാസ്തവം.
കാര്യങ്ങളെല്ലാം നിയമാനുസരണമാണെന്നും കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതിയോടെയാണെന്നും സ്പോൺസറായിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ചെയർമാൻ ആന്റോ അഗസ്റ്റിൻ ന്യായീകരിക്കുന്നു. അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കരാർവച്ചിട്ടുണ്ട്. അതിന്റെ രേഖകളുണ്ട്. ടീം പിന്മാറിയതിന്റെ പേരിൽ രാജ്യാന്തര കായിക ട്രൈബ്യൂണലിൽ കേസ് നടക്കുകയാണ്. നഷ്ടമുണ്ടായത് തന്റെ കമ്പനിക്കുമാത്രമാണെന്നും പണം അയച്ചത് ആർ.ബി.ഐ.അനുമതിയോടെയാണെന്നുമാണ് വിശദീകരണം.
കായികവകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് കൈമാറിയിട്ടുണ്ട്. അതിൽ ഉചിതമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. വിജിലൻസ് അന്വേഷണമോ ജുഡിഷ്യൽ അന്വേഷണമോ സംസ്ഥാന സർക്കാരിന് ഉത്തരവിടാനാകും. എന്നാൽ കേന്ദ്ര മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും ഫെമ നിയമലംഘനം നടന്നുവെന്നും വ്യാജ കമ്പനി രൂപീകരിച്ചെന്നും ആരോപണമുയരുമ്പോൾ, മെസിയുടെ പേരിൽ കളിച്ചവരെല്ലാം മറ്റ് പല ഏജൻസികളോടും ഉത്തരം പറയേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |