
തിരുവനന്തപുരം: മെസിയുടെ വരവ് സംബന്ധിച്ച എല്ലാ കാര്യങ്ങളും മുൻകായികമന്ത്രി അബ്ദുറഹിമാൻ സർക്കാരിൽ നിന്ന് മറച്ചുവെച്ചുവെന്ന് മന്ത്രി ഒ.ജെ.ജനീഷ്. കേന്ദ്രസർക്കാരിനെയും സംസ്ഥാനത്തെയും ജനങ്ങളേയും അദ്ദേഹം കബളിപ്പിക്കുകയായിരുന്നു. സ്പോൺസർമാരെ സഹായിക്കാനാണ് ഇതെല്ലാം ചെയ്തത്. അത് എന്തിനുവേണ്ടിയായിരുന്നുവെന്നാണ് അറിയാനുള്ളത്. എന്ത് അന്വേഷണം നടത്തണമെന്ന് നിയമ,ധനകാര്യവകുപ്പുകൾ ആലോചിച്ച് അറിയിക്കും. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും.
മെസി വരുമ്പോൾ രണ്ട് കളിയുണ്ടാകുമെന്നാണ് കരാറിലുള്ളത്. 15ദശലക്ഷം ഡോളറാണ് ചെലവ്. പിന്നീട് കളി ഒന്നായി ചുരുക്കി. പണം കുറച്ചില്ല. അതിന് കാരണവും പറയുന്നില്ല. 200 കോടിയാണ് മൊത്തം ചെലവ്. 82 കോടി ഇതിൽ ലാഭമുണ്ടാകും.അത് ആരൊക്കെ പങ്കുവെയ്ക്കുമെന്ന് ധാരണയിലില്ല.സർക്കാരിന് എന്ത് കിട്ടുമെന്നതും വ്യക്തതയില്ല. പദ്ധതിക്ക് പണം സ്പോൺസർമാർ തരുമെന്നാണ് പറയുന്നത്. അവർക്ക് എന്താണ് അതിൽ നേട്ടമെന്നത് ഫയലില്ല. ഇതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകളും പൂർണ്ണമായി സർക്കാരിന്റെ പക്കലില്ല. മെസിയുടെ സുരക്ഷാചെലവ് ആര് വഹിക്കും. സർക്കാരിന് എന്ത് ബാദ്ധ്യതയുണ്ടാകും. സ്പോൺസർമാരുടെ യോഗ്യത, എങ്ങനെ അവരെ കണ്ടെത്തി. ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും മറച്ചുവെച്ചു. ഇക്കാര്യങ്ങളെല്ലാം വകുപ്പ് തലത്തിൽ പരിശോധിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. അതേസമയം, മെസി വിവാദത്തിൽ സർക്കാരിന്റെ തുടർനടപടികളിൽ മന്ത്രിസഭായോഗത്തിൽ തീരുമാനമായില്ല.
യൂത്ത് കോൺ. അദ്ധ്യക്ഷനായി തുടരും
തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷപദവിയിൽ മന്ത്രി ഒ.ജെ.ജനീഷ് തുടരും. നിലവിലെ കമ്മിറ്റി ഡിസംബർ വരെ തുടരാൻ ദേശീയ നേതൃത്വം അനുമതി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യുട്ടീവിലാണ് തീരുമാനം.നിലവിലെ കമ്മിറ്റിയുടെ കാലാവധി ഡിസംബറിൽ അവസാനിക്കും.
കായികവകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഗുരുതരമായ ആരോപണങ്ങളാണുള്ളത്. തട്ടിപ്പിന്റെ വ്യാപ്തിയെപ്പറ്റി മനസിലാക്കി കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ടത്ര ഗൗരവമുള്ളതായി തോന്നിയാൽ അതിനായുള്ള നടപടിയെടുക്കും. എഫ്.സി.ആർ.എ ആക്ടിന്റെ ലംഘനം നടന്നോ എന്നും അന്വേഷിക്കും. പ്രാഥമിക പരിശോധനയിൽ ജി.എസ്.ടിൽ ഗുരുതരമായ ക്രമക്കേടുണ്ട്. അത് കണ്ടെത്തിയിട്ടും മുൻസർക്കാർ ഒരു നടപടിയുമെടുത്തില്ല. അതിലും ദുരൂഹതയുണ്ട്.
- വി.ഡി.സതീശൻ, മുഖ്യമന്ത്രി.
(മന്ത്രിസഭായോഗത്തിന് ശേഷം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |