SignIn
Kerala Kaumudi Online
Tuesday, 11 August 2026 8.03 PM IST

'പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം, അർജന്റീനയെ കേരളത്തിലെത്തിക്കാൻ ശ്രമിച്ചത് എല്ലാനടപടിക്രമങ്ങളും പാലിച്ച്'

READ ENGLISH VERSION

v-abdurahiman
വി അബ്ദുറഹിമാൻ, ലയണൽ മെസി

മലപ്പുറം: അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ കോടികളുടെ തട്ടിപ്പ് നടന്നെന്ന ആരോപണത്തിൽ പ്രതികരിച്ച് മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ. കേരളത്തിൽ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത് സർക്കാർ തലത്തിലുള്ള എല്ലാനടപടിക്രമങ്ങളും പാലിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ചില്ലിക്കാശ് പോലും നഷ്ടമായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

അർജന്റീന ടീമിന്റെ സന്ദർശനത്തിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്പോൺസർക്ക് സ്റ്റേഡിയത്തിന്മേൽ അവകാശം അനുവദിച്ചുവെന്ന പ്രചാരണം അങ്ങേയറ്റം ദുരുദ്ദേശപരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മത്സരം നടത്താൻ കരാർ അർജന്റീന ഫുട്ബാൾ അസോസിയേഷനും സ്‌പോൺസറും തമ്മിലാണ് കരാറൊപ്പിട്ടത്. ഈ കരാറുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു ബാധ്യതയും ഉണ്ടായിട്ടില്ലെന്നും വി അബ്ദുറഹിമാൻ കൂട്ടിച്ചേർത്തു.

കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അർജന്റീന ടീമിനെ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയത്. സ്‌പോൺസർമാർ പണമടയ്ക്കുന്നതിന് റിസർവ് ബാങ്കിന്റെ അനുമതിയുമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്ക് വഴിയാണ് സ്‌പോൺസർ എഎഫ്എയ്ക്ക് പണമടച്ചത്. കായിക വകുപ്പ് സെക്രട്ടറിയുടെ അപേക്ഷ പ്രകാരം മാത്രമേ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങൾ ഇത്തരം അനുമതികൾ നൽകൂ. അതിനാൽ കായികവകുപ്പ് ഒന്നും അറിഞ്ഞിരുന്നില്ലെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരത്തിലേറി മൂന്ന്‌ മാസത്തിനകം തന്നെ കാലവർഷക്കെടുതി അടക്കമുള്ള വിഷയങ്ങൾ നേരിടുന്നതിൽ പരാജയപ്പെടുകയും സംഘപരിവാറിന്റെ അജണ്ടകൾ നടപ്പാക്കാൻ പരവതാനി വിരിച്ചു കൊടുക്കുന്നത്‌ ജനങ്ങൾക്ക്‌ ബോധ്യമാവുകയും ചെയ്‌തതിന്റെ നാണക്കേട്‌ മറയ്‌ക്കാനാണ് കഴിഞ്ഞ സർക്കാരിനെതിരെ വസ്‌തുതാവിരുദ്ധമായ ആരോപണങ്ങൾ ഉയർത്തുന്നതെന്നും മുൻമന്ത്രി വിമർശിച്ചു. മെസിയുമായി ബന്ധപ്പെട്ട വിഷയം കൂടുതൽ ജനശ്രദ്ധ നേടുമെന്നതിനാലാണ് അത്‌ തെരഞ്ഞെടുത്തത്. നേരത്തേ ഉയർത്തിയ ഇ‍ൗ ആരോപണങ്ങൾക്കെല്ലാം അന്ന്‌ തന്നെ മറുപടി നൽകിയതാണ്‌. ഇടതുപക്ഷത്തിനെതിരായ കൃത്യമായ അജണ്ടയോടെ തയ്യാറാക്കുന്ന ഇ‍ൗ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറ‌ഞ്ഞു.

English Summary

Former Kerala Sports Minister V. Abdurahiman responded to allegations of a multi-crore scam linked to the announcement of bringing the Argentina football team to Kerala. He said all government-level procedures were followed while attempting to organize the match in Kerala.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V ABDURAHIMAN, LIONEL MESSI, ARGENTINA FOOTBALL TEAM, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA