
' വിശക്കുന്ന വയറിന് ചെവിയില്ല 'എന്നൊരു ചൊല്ലുണ്ട്. ആഹാരം കിട്ടാതെ വിശന്നുവലയുന്നവന് മുന്നിൽ വേദാന്തമോതിയാൽ എന്തു പ്രയോജനം. ആമാശയത്തിന്റെ വിലാപത്തിനിടെ മറ്റൊന്നിനും മനസുകൊടുക്കാൻ മനുഷ്യർക്കെന്നല്ല, ഒരു ജീവിക്കും കഴിയില്ല. പട്ടിണികിടന്നും ലക്ഷ്യം നേടുമെന്നൊക്കെ ഒരു ഭംഗിക്കു വേണ്ടി പറയാമെങ്കിലും വിശപ്പ് പിടിമുറുക്കിയാൽ പിന്നെ കാര്യങ്ങളെല്ലാം കൈവിടും. ജീവൻ നിലനിറുത്തണമെങ്കിൽ ഭക്ഷണമില്ലാതെ സാധിക്കില്ലല്ലോ. ആദിശങ്കരാചാര്യരുടെ 'ഭജഗോവിന്ദ'ത്തിൽ പറയുന്നുണ്ട്, 'ഉദരനിമിത്തം ബഹുകൃതവേഷഃ'എന്ന്. ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ഒക്കെ എല്ലാ വേഷങ്ങളും മനുഷ്യൻ കെട്ടുന്നത് ഒരു ചാൺവയറിന് വേണ്ടിയാണെന്ന് ലളിതമായി പറയാം.
സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിവാദമാണ് വിഷയം. റിട്ടയേർഡ് സി.പി.എം നേതാവ് ജി.സുധാകരൻ ( റിട്ട. കമ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ അദ്ദേഹം കോപാകുലനാവും) ആലപ്പുഴയിൽ നടത്തിയ ഒരു പരാമർശമാണ്, സംസ്ഥാന രാഷ്ട്രീയത്തെ ഒന്നുരണ്ടു ദിവസങ്ങൾ പിടിച്ചുലച്ച പൊതിച്ചോർ വിവാദത്തിന് ആധാരം. പരിപ്പുവടയും കട്ടൻചായയും പഴയ കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗീകൃത മെനുവായിരുന്നു. കളങ്കമില്ലാത്ത കമ്യൂണിസ്റ്റ് മനസുള്ള സുധാകരൻ സഖാവിന് ഇതറിയാത്തതുമല്ല.
പട്ടിണി പാവങ്ങളെ ദുരിതങ്ങളിൽ നിന്ന് മോചിപ്പിക്കാൻ, തൊഴിലാളി വർഗ്ഗത്തിന് സർവാധിപത്യം നേടിയെടുക്കാൻ, നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാണെന്ന് പൈങ്കിളിയോട് പറയാൻ ഒക്കെയുള്ള സമരപദ്ധതികൾക്ക് രൂപം നൽകുന്ന യോഗങ്ങളിൽ സ്ഥിരാംഗങ്ങളായിരുന്ന പരിപ്പുവട. പോകെപ്പോകെ പരിപ്പുവടയുടെ സ്ഥാനം അണ്ടിപ്പരിപ്പും ഈന്തപ്പഴവും കയ്യടിക്കിയത് കേരളത്തിലെ കമ്യൂണിസത്തിന്റെ ഗ്രാഫിലുണ്ടായ വളർച്ചയായി കണ്ടാൽമതി. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചിലർ ബാനറും കെട്ടിവച്ച്, പൊതിച്ചോർ നൽകി രാഷ്ട്രീയം വളർത്താൻ ശ്രമിക്കുന്നു എന്ന വിഷയത്തിലാണ് സുധാകരൻ സഖാവ് പ്രതികരിച്ചത്. ഇത്തരം ഒരു പരാമർശം നടത്താൻ അദ്ദേഹത്തിന് സ്വന്തം നിലയ്ക്ക് എന്തെങ്കിലും ബോദ്ധ്യങ്ങളും കാണുമായിരിക്കാം. 'ചക്കിന് വച്ചത് കൊക്കിന് കൊണ്ടു ' എന്നാണ് പഴമൊഴി എങ്കിലും കൊക്കിന് കൊള്ളാൻ വേണ്ടിയാണോ അദ്ദേഹം ചക്കിന് വച്ചതെന്ന് ആലപ്പുഴയിലെ സി.പി.എമ്മുകാർക്കേ സംശയമുള്ളു. ആരുടെയും അന്നം മുടക്കാൻ ജി.സുധാകരൻ അങ്ങനെ പറയില്ലെന്ന് നാട്ടുകാർക്ക് നന്നെ അറിയാം.
ശുദ്ധാത്മാവ് സുധാകരൻ പറഞ്ഞ വാക്കുകളിൽ പിടിച്ചങ്ങു കയറിയത് ആരോഗ്യമന്ത്രി കെ.മുരളീധരനാണ്. സർക്കാർ ആശുപത്രികളിൽ പൊതിച്ചോർ വിതരണം അനുവദിക്കില്ലെന്ന് അദ്ദേഹം കട്ടായം പറഞ്ഞു. സേവാ ഭാരതിയോടുള്ള കട്ടക്കലിപ്പാണോ ഡി.വൈ.എഫ്.ഐക്കാരോടുള്ള വർഗശത്രുതയാണോ അദ്ദേഹത്തിന് ഉൾപ്രേരകമായതെന്നറിയില്ല. എന്തായാലും മുരളീധര തിരുവചനങ്ങൾ പെട്ടെന്ന് തന്നെ രാഷ്ട്രീയാന്തരീക്ഷത്തിൽ ക്ളിക്കായി. ഒന്നിനുമൊരു പാങ്ങില്ലാതെ കടയും തുറന്നുവച്ച് തെക്കു വടക്ക് നോക്കിയിരുപ്പായിരുന്ന ഡി.വൈ.എഫ്.ഐ പോരാളികൾക്ക് വീണു കിട്ടിയ ബിരിയാണിയായി പൊതിച്ചോർ നിരോധനം. മുന്നും പിന്നുമാലോചിക്കാതെ അവർ പ്രതിഷേധവുമായി ചാടിയിറങ്ങി. ആകെ ബഹളമയം.
മനുഷ്യത്വം പോരെ...
പറഞ്ഞത് മുൻ മന്ത്രിയായാലും നിലവിലെ മന്ത്രിയായാലും സർക്കാർ ആശുപത്രികളിൽ രോഗികളുടെ കൂട്ടിരുപ്പുകാർക്ക് സൗജന്യമായി അല്പം ഭക്ഷണം ആരു നൽകിയാലും അതിൽ രാഷ്ട്രീയം കലർത്തണോ?. വലിയ ഇൻഷ്വറൻസും ഇഷ്ടം പോലെ ബാങ്ക് ബാലൻസുമുള്ള സമ്പന്നർക്ക് യഥേഷ്ടം ഫൈവ് സ്റ്റാർ ആശുപത്രികൾ സംസ്ഥാനത്തുണ്ട്. അവരുടെ കൂടെ എത്തുന്നവർക്കും വിഭവ സമൃദ്ധമായ ഭക്ഷണം കിട്ടും. അസൗകര്യങ്ങൾ അലങ്കാരമായിട്ടുള്ള സർക്കാർ ആശുപത്രികളിൽ (ഇപ്പോൾ സ്ഥിതി കുറെ മെച്ചപ്പെട്ടിട്ടുണ്ട്) ചികിത്സ തേടിയെത്തുന്നവരിൽ ഭൂരിപക്ഷവും പാവപ്പെട്ടവരും സാധാരണക്കാരുമാണ്. വാർഡിൽ കിടക്കുന്ന രോഗിക്ക് കൂട്ടായെത്തുന്നവർ വരാന്തയിൽ കൊതുകു കടി കൊണ്ടിരിക്കേണ്ട അവസ്ഥ. പലപ്പോഴും ഇവരുടെ കയ്യിൽ ആവശ്യത്തിന് പണവുമുണ്ടാവില്ല. ഉച്ചയ്ക്ക് വിശന്നുവലഞ്ഞിരിക്കുമ്പോൾ, അവർക്ക് മുന്നിലേക്ക് സൗജന്യമായി ഒരു ചോറുപൊതി നീണ്ടാൽ, ആ പൊതിയുടെ രാഷ്ട്രീയമാവില്ല, വയറിന്റെ ആന്തലാവും അവർ ചിന്തിക്കുക. തികച്ചും മനുഷ്യത്വപരമായ ഒരു ദൗത്യമല്ലെ ഈ അന്നദാനം.
വിശപ്പിന് രാഷ്ട്രീയമില്ല
കൊവിഡിന്റെ ദുരന്തമുഖത്ത് സഹജീവികളെ അന്നമൂട്ടാൻ കേരള സമൂഹം ഒന്നാകെ കൈകോർത്തത് നാം കണ്ടതല്ലെ. 2018-ലെ മഹാപ്രളയകാലത്തും സമ്പന്നരും ദരിദ്രരുമെല്ലാം ഒരു കൂരയ്ക്ക് കീഴെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതും നമ്മൾ കണ്ടു. അന്ന് അന്നം വച്ചതും വിളമ്പിയതും കഴിച്ചതുമെല്ലാം വ്യത്യസ്ത രാഷ്ട്രീയത്തിന്റ നിഴൽപറ്റി ജീവിക്കുന്നവരായിരുന്നു.
സംസ്ഥാനത്ത് മിക്ക ജില്ലകളിലും സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് വിവിധ രാഷ്ട്രീയ കക്ഷികളും സേവന സംഘടനകളും മനുഷ്യസ്നേഹികളായ ചില വ്യക്തികളും എത്രയോ വർഷങ്ങളായി ഭക്ഷണവിതരണം നടത്തുന്നു. വിശപ്പിന് രാഷ്ട്രീയമില്ലെന്ന പച്ച പരമാർത്ഥം വെളിവാക്കുന്നതല്ലെ ഈ പ്രവർത്തനങ്ങൾ. കമ്യൂണിസ്റ്റുകാരുടെ വിശപ്പിന് തീവ്രത കൂടുമെന്നോ, കോൺഗ്രസുകാരുടെ വിശപ്പ് സൗമ്യമായിരിക്കുമെന്നോ ബി.ജെ.പിക്കാരുടെ വിശപ്പ് കാവിഉടുത്തു വരുമെന്നോ ഒന്നും കരുതേണ്ടതില്ലല്ലോ. സമ്പത്ത് കൊടുത്ത് ഒരാളെ തൃപ്തിപ്പെടുത്തുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് ആഹാരം കൊണ്ട് തൃപ്തിപ്പെടുത്താൻ. വിശന്നു കായുമ്പോൾ വയറു നിറയുന്ന മനുഷ്യന്റെ സന്തോഷം ലോകത്ത് മറ്റെന്തിനേക്കാളും വലുതാണ്.
ഇതുകൂടി കേൾക്കണേ
ഒരു നേരത്തെ ആഹാരത്തിന്റെ പേരിൽ മാറിമറിയുന്നതല്ല, പ്രബുദ്ധ കേരളത്തിലെ രാഷ്ട്രീയ മനസുകൾ. ഭക്ഷണം വിശക്കുന്നവന് ആശ്വാസമാണ്, രാഷ്ട്രീയം അവന്റെ വികാരവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |