SignIn
Kerala Kaumudi Online
Thursday, 23 July 2026 2.28 AM IST

തൊഴിലാളി ജീവന് പുല്ലുവില

ss

മുൻകാലങ്ങളിൽ ഇടുക്കി ജില്ലയിലെ തോട്ടം മേഖലകളിൽ പ്രാദേശികമായ ആവശ്യത്തിന് തൊഴിലാളികളെ ലഭ്യമായിരുന്നു. എന്നാൽ ഇന്ന് കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നതിനാൽ തമിഴ്നാട് അതിർത്തി ഗ്രാമങ്ങളെ ആശ്രയിച്ചാണ് തോട്ടങ്ങൾ പ്രവർത്തിക്കുന്നത്. കമ്പം, ഗൂഡല്ലൂർ,പാളയം, കോമ്പ, കെ.കെ. പെട്ടി, ലോവർ ക്യാമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നൂറുകണക്കിന് തൊഴിലാളികളെയാണ് ദിവസേന കേരളത്തിലേക്കെത്തിക്കുന്നത്. ഏലത്തോട്ടം മേഖലകളിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത്. അതിരാവിലെ വാഹനങ്ങളിൽ കയറ്റുന്ന ഇവരെ ജോലി കഴിഞ്ഞ് വൈകിട്ടോടെ തിരികെ അതിർത്തി കടത്തി വിടുകയും ചെയ്യും. എന്നാൽ തൊഴിലാളികളെയും കുത്തിനിറച്ച് അമിതവേഗതയിൽ തോട്ടങ്ങളിലേക്ക് പാഞ്ഞുപോകുന്ന ജീപ്പുകൾ അപകടത്തിൽപ്പെടുന്നതും ജീവൻ നഷ്ടമാകുന്നതും നിത്യസംഭവമായി മാറുകയാണ്. നെടുങ്കണ്ടം, പീരുമേട്, വണ്ടിപ്പെരിയാർ, കുമളി തുടങ്ങിയ പഞ്ചായത്തുകളിലെ തേയില, ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന വാഹനങ്ങളാണ് എല്ലാവിധ യാത്രാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി സർവീസ് നടത്തുന്നത്. കൃത്യമായ പരിശോധനകളില്ലാത്തത് ഈ പ്രദേശങ്ങളിൽ അപകടങ്ങൾ തുടർക്കഥയാകാൻ കാരണമാകുന്നത്.

യാത്ര ആളെ കുത്തിനിറച്ച്

സുരക്ഷിതമായി യാത്ര ചെയ്യാവുന്ന ജീപ്പുകളിൽ 14 മുതൽ 16 വരെ ആളുകളെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്. പല വാഹനങ്ങളും യാതൊരുവിധ ഫിറ്റ്നസ് മാനദണ്ഡങ്ങളും പാലിക്കുന്നില്ല. തേഞ്ഞ ടയറുകളും കൃത്യമായ ബ്രേക്കിംഗ് സംവിധാനങ്ങളുമില്ലാത്ത മോശം അവസ്ഥയിലുള്ള വാഹനങ്ങളാണ് തൊഴിലാളികളുമായി പ്രധാന റോഡുകളിൽ നിന്ന് തോട്ടങ്ങളുടെ ദുർഘടം പിടിച്ച ഉൾപ്രദേശങ്ങളിലേക്ക് ചീറിപ്പായുന്നത്. വാഹന ഉടമകൾക്ക് കേവലം സാമ്പത്തിക ലാഭം മാത്രമാണ് ലക്ഷ്യമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കൂടുതൽ ആളെയെത്തിക്കുന്ന ഡ്രൈവർമാർക്ക് തോട്ടം ഉടമകളിൽ നിന്ന് കൂടുതൽ തുക ലഭിക്കും എന്നതിനാലാണ് ഇത്തരം യാത്രയ്ക്ക് ഇവർ മുതിരുന്നത്. പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഇടുങ്ങിയ ഇടവഴികളിലൂടെയും ചെങ്കുത്തായ റോഡുകളിലൂടെയുമാണ് ഇവർ അതിവേഗതയിൽ പായുന്നത്. ശ്വാസം വിടാൻ പോലും കഴിയാത്ത വിധത്തിൽ ആളെ കുത്തിനിറച്ച് പാഞ്ഞെത്തുന്ന വാഹനങ്ങൾ ഒരു പരിശോധനയുമില്ലാതെയാണ് അതിർത്തി ചെക്‌പോസ്റ്റുകൾ കടന്നുവരുന്നത്. ദിവസവും ആയിരക്കണക്കിന് തമിഴ് തൊഴിലാളികളാണ് ഹൈറേഞ്ചിലെ തോട്ടം മേഖലയിൽ തൊഴിൽ തേടിയെത്തുന്നത്. വണ്ടിയോടിക്കുന്നവരുടെ ആർത്തിയും അശ്രദ്ധയും കാരണം കുടുംബം പോറ്റാനായി അതിർത്തി കടന്നെത്തുന്നവരുടെ ചേതനയറ്റ ശരീരമാകും പലപ്പോഴും തിരികെ വീട്ടിലെത്തുക. അല്ലെങ്കിൽ പരസഹായമില്ലാതെ ജീവിക്കാനാകാത്ത വിധം ജീവച്ഛവങ്ങളായി മാറും. ഉപജീവനത്തിനായി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കെത്തുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

10 വർഷം പൊലിഞ്ഞത് 30ലേറെ ജീവനുകൾ

അപകടങ്ങൾ സ്ഥിരം സംഭവമായിട്ടും ഇതിന് തടയിടാൻ സാധിക്കുന്നില്ല. കഴിഞ്ഞ 10 വർഷത്തിനിടെ മുപ്പതിലേറെ പേർക്കാണ് ഇത്തരം അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ മാത്രം 16 അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ അണക്കരയിൽ തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റിരുന്നു. പരിക്കേൽക്കുന്നതും മരിക്കുന്നതുമെല്ലാം സാധാരണക്കാരായ തമിഴ് തൊഴിലാളികളായതിനാലും പരിശോധന കർശനമാക്കിയാൽ തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളുടെ വരവ് നിലയ്ക്കുമോ എന്ന കർഷകരുടെ ആശങ്ക കാരണവും അധികൃതർ ഈ നിയമലംഘനങ്ങൾക്കെതിരെ കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുമ്പ് അപകടങ്ങൾ ഉണ്ടായപ്പോൾ അനധികൃത ട്രിപ്പ് ജീപ്പുകൾ പരിശോധിക്കുമെന്നും കർശന നടപടിയെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. അപകടങ്ങളേറിയതോടെ അതിർത്തിയിലെ കമ്പംമെട്ടിൽ പൊലീസ് പരിശോധന ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിലച്ചു. കുടുംബം പോറ്റാനായി അതിർത്തി കടന്നെത്തുന്ന പാവപ്പെട്ട തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും ഈ മരണപ്പാച്ചിലിന് അടിയന്തരമായി ബ്രേക്കിടാനും ജില്ലാ ഭരണകൂടവും മോട്ടോർ വാഹന വകുപ്പും പൊലീസും ഇടപെടണമെന്നാണ് പ്രദേശവാസികളുടെയും പൊതുജനങ്ങളുടെയും ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY