വന്‍ വര്‍ദ്ധനവില്‍ നിന്ന് താഴേക്ക് പോയ സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഒറ്റ ദിവസം കൊണ്ട് പവന് 1680 രൂപ വര്‍ദ്ധിച്ച് 1,07,440 രൂപയില്‍ എത്തിയിരിക്കുകയാണ്. 22 കാരറ്റിന് ഒരു ഗ്രാമിന് ഇന്ന് 210 രൂപ വര്‍ദ്ധിച്ച് 13,430 രൂപയായി. സ്വര്‍ണവില വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ആവശ്യക്കാര്‍ കൂടുതലുള്ള 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാം വില 175 രൂപ വര്‍ദ്ധിച്ച് 11,035 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന് 88,280 രൂപയാണ് 18 കാരറ്റിന്റെ വില.
സാധാരണക്കാര്‍ കൂടുതലായി ഇപ്പോള്‍ ഉപയോഗിക്കുന്ന 14 കാരറ്റ് സ്വര്‍ണത്തിനും വില കുതിക്കുകയാണ്. ഗ്രാമിന് 130 രൂപ വര്‍ധിച്ച് 8,595 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ വര്‍ധിച്ച് 5,545 രൂപയിലുമാണ് വില്‍പ്പന. അതേസമയം വില വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ഹ്രസ്വകാല നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. പഴയ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
പശ്ചിമേഷ്യന്‍ യുദ്ധം നീണ്ടുനില്‍ക്കുമെന്ന സൂചന വന്നതോടെയാണ് സ്വര്‍ണത്തിന് കുതിപ്പുണ്ടായിരിക്കുന്നത്. ഇന്ത്യയെപ്പോലുള്ള വലിയ അളവില്‍ എണ്ണയും സ്വര്‍ണവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍, എണ്ണവില വര്‍ധന രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാകും. ഡോളറിനെതിരെ രൂപയുടെ മൂല്യം തകരുമ്പോള്‍ ഇറക്കുമതി ചെലവ് കൂടുകയും അന്താരാഷ്ട്ര വിപണിയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പ്രാദേശികമായി സ്വര്‍ണവില ഉയരുകയും ചെയ്യും എന്ന പ്രവചനം സത്യമാകുന്നതിന്റെ സൂചനയായി വര്‍ദ്ധനവിനെ വിലയിരുത്തുന്നുണ്ട്.
അതേസമയം, വെള്ളി വിലയില്‍ കാര്യമായ മാറ്റം പ്രകടമല്ല. ഒരു ഗ്രാമിന് 240 രൂപയും കിലോയ്ക്ക് 2,40,000 രൂപയിലുമാണ് വെള്ളിയുടെ വില്‍പ്പന. വെള്ളിയുടെ വില ഏറെക്കുറെ സ്ഥിരത പുലര്‍ത്തുന്നതാണ് മാര്‍ക്കറ്റിലെ കാഴ്ച.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |