
മനുഷ്യന്റെ മഹത്തായ കണ്ടുപിടിത്തങ്ങളിലൊന്നായ പണം ഉപയോഗിച്ചുള്ള കൊടുക്കൽ-വാങ്ങലുകൾ പെരുകിവന്ന പുതിയ കാലത്ത്, ഞൊടിയിടയിൽ അവ സാക്ഷാത്കരിക്കാനായി നമ്മുടെ രാജ്യം കണ്ടെത്തിയ വിശ്വവിഖ്യാതമായ ഡിജിറ്റൽ സങ്കേതമായിരുന്നു യു.പി.ഐ (Unified Payment Interface). എന്നാൽ, കഴിഞ്ഞ ആറുവർഷമായി തികച്ചും സൗജന്യമായിരുന്ന ഈ ഡിജിറ്റൽ സേവനത്തിന്, മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) എന്നപേരിൽ ഒരു ചാർജ് ഈടാക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി പാർലമെന്റ് പാസാക്കിയിരിക്കുന്നു. ഏറെ ആശങ്കകൾ ഉയർത്തിയിരിക്കുന്ന നീക്കമാണിത്.
പത്തുവർഷം മുൻപായിരുന്നു യു.പി.ഐ നടപ്പാക്കാൻ തുടങ്ങിയത്. 2016ൽ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത ധന- സാങ്കേതികവിദ്യയാണ് യു.പി.ഐ. ഒരു സ്മാർട്ട് ഫോൺ ആപ്പ് (ഉദാഹരണം: ഗൂഗിൾ പേ) വഴി പണം കൊടുക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അത് സ്വീകരിക്കുന്നയാളുടെ അക്കൗണ്ടിലേക്ക് അതിവേഗത്തിലും സുരക്ഷിതമായും പേയ്മെന്റ് തരപ്പെടുത്തുന്ന സാങ്കേതിക സംവിധാനമാണിത്.
നാഷണൽ പേയ്മെന്റ് കോർപ്പറേഷനാണ് ഈ വ്യവസ്ഥയുടെ കസ്റ്റോഡിയൻ. റിസർവ് ബാങ്കാണ് മേൽനോട്ടവും നിയന്ത്രണവും. ബാങ്ക് അക്കൗണ്ട് വഴിയാണ് പണക്കൈമാറ്റം നടക്കുന്നതെന്നതിനാൽ ബാങ്കുകളും മറ്റ് ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങളും ഇതിൽ പങ്കാളികളാണ്. ഇതിന്റെ പ്രയോഗത്തിനായുള്ള ആപ്പുകൾ വികസിപ്പിച്ചുകൊണ്ട് അതിനെ സുഗമമാക്കുന്നത് ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയുള്ള ഫിൻടെക് കമ്പനികളാണ്.
കണ്ണഞ്ചിപ്പിക്കുന്ന സ്വീകാര്യതയും, വിപ്ലവകരമായ പുരോഗതിയുമാണ് കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ യു.പി.ഐ വഴിയുള്ള ഡിജിറ്റൽ പണം കൈമാറ്റ സമ്പ്രദായത്തിനുണ്ടായത്. ഇന്നിപ്പോൾ, 2025-26ൽ യു.പി.ഐ വഴി കൈകാര്യം ചെയ്ത ഇടപാടുകളുടെ എണ്ണം 24,162 കോടിയാകുന്നു. 314 ലക്ഷം കോടി രൂപയുടെ കൊടുക്കൽ-വാങ്ങലുകളാണ് ഇതിലൂടെ നിർവഹിക്കപ്പെട്ടത്. 55 കോടിയിലധികം ഇന്ത്യക്കാർ ഇപ്പോൾ യു.പി.ഐ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇന്ന് ലോകത്തെ ഏറ്റവും വലിയ, അതിവേഗ ക്രയവിക്രയ പേയ്മെന്റ് വ്യവസ്ഥയായി അത് പരിണമിച്ചിരിക്കുന്നു.
വിജയഘടകങ്ങളും നേട്ടങ്ങളും
യു.പി.ഐയുടെ അത്ഭുത വിജയത്തിന്റെ കാരണങ്ങളിലൊന്ന് അത് ഉപയോഗിക്കാനുള്ള എളുപ്പവും, അതിലെ സുരക്ഷിതത്വവുമാണ്. ഏതു സാധാരണക്കാരനും വിവിധങ്ങളായ ആവശ്യങ്ങൾക്കായി വിനിയോഗിക്കാമെന്നത് ഈ സങ്കേതത്തിന്റെ ജനപ്രീതി ഉയർത്തി. വ്യക്തികൾ തമ്മിലുള്ള പണക്കൈമാറ്റം എളുപ്പമായി; ഇലക്ട്രിസിറ്റി, വാട്ടർ തുടങ്ങിയ ബില്ലടയ്ക്കൽ സുഗമമായി; മൊബൈൽ റീചാർജ് ഉടനടി ചെയ്യാനായി. ഉപഭോക്താക്കൾ മാത്രമല്ല, ഉന്തുവണ്ടിയിലെ കപ്പലണ്ടി കച്ചവടക്കാർ, വഴിയോര വില്പനക്കാർ, മാളിലെ ബിസിനസുകാർ, ഓൺലൈൻ വാണിഭക്കാർ തുടങ്ങിയുള്ള സംരംഭകരൊക്കെ ഇതിന്റെ ഉപയോക്താക്കളായി. പരോക്ഷമായ ഗുണങ്ങളുമുണ്ടായി.
കൂടുതൽ കൊടുക്കൽ വാങ്ങലുകൾക്ക് സൗകര്യമൊരുക്കുക വഴി വ്യാപാര മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും അതുവഴി സാമ്പത്തിക വളർച്ചയ്ക്ക് താങ്ങാകാനും ഈ സംവിധാനം തുണയായി. ഇതിൽ പങ്കാളികളാകുന്ന കുഞ്ഞു സംരംഭങ്ങളടക്കമുള്ളവരെ കുറിച്ചുള്ള പ്രവർത്തന ഡേറ്റാ സമാഹരിക്കാൻ സർക്കാരിനും ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങൾക്കും കഴിഞ്ഞു. ഈ വിവരങ്ങളുടെ ബലത്തിൽ ചെറിയ-കുഞ്ഞ് സ്ഥാപനങ്ങൾക്ക് കൊളാറ്ററൽ ഈടുകളില്ലാതെ വായ്പ അനുവദിക്കാനുള്ള സാഹചര്യമുണ്ടായി.
ഡിജിറ്റൽ പേയ്മെന്റുകൾ ഉയർന്നതോടെ കറൻസിയുടെ ഉപയോഗം കുറയ്ക്കാനായി. ഇതിലൂടെ സർക്കാരിന് കറൻസി അച്ചടിക്ക് വേണ്ടിവരുന്ന സംഖ്യയിൽ കുറവുണ്ടാക്കാനും കഴിഞ്ഞു. സാങ്കേതികമായുള്ള മെച്ചങ്ങൾ മാത്രമല്ല യു.പി.ഐയുടെ വൻ മുന്നേറ്റത്തിന് കാരണമായത്. പൂർണമായും സൗജന്യമായ ഒരു സേവനമായി അതിനെ നിലനിറുത്താനുള്ള വിപ്ലവകരമായ നയതീരുമാനത്തിന്റെ കൂടി ഫലമാണ് ആ കുതിച്ചുചാട്ടം.
ഏവരേയും യു.പി.ഐയുടെ കുടക്കീഴിൽ കൊണ്ടുവരാനുള്ള ആ നല്ല നയമാണിപ്പോൾ, ഇടപാടുകൾക്ക് എം.ഡി.ആർ എന്ന സർവീസ്ചാർജ് ഈടാക്കാനുള്ള നീക്കങ്ങൾ വഴി പൊളിച്ചുകളയുന്നത്.
ന്യായവാദങ്ങൾ, ആശങ്കകൾ
എം.ഡി.ആർ ചുമത്തുന്നതിന്റെ വിശദാംശങ്ങളെക്കുറിച്ച് അന്തിമ തീരുമാനമായില്ലെന്നും ആലോചനകൾ നടക്കുന്നുവെന്നുമാണ് അധികാരികൾ വ്യക്തമാക്കുന്നത്. എം.ഡി.ആർ വ്യാപാരികളുടെമേൽ മാത്രം ചുമത്തുന്ന തീരുവയാണെന്നും അതിനാൽ ഉപഭോക്താക്കൾ ഭയക്കേണ്ടതില്ലെന്നും അവർ അറിയിക്കുന്നു. വലിയ വിറ്റുവരവുള്ള വ്യാപാര സ്ഥപനങ്ങളിൽ മാത്രമാണ് തീരുവ ചുമത്തുവാൻ ഉദ്ദേശിക്കുന്നത്. അതുപോലെ 2000 രൂപയ്ക്ക് മേലുള്ള ഇടപാടുകളിലായിരിക്കും തീരുവ ഈടാക്കാൻ ആലോചിക്കുന്നത്.
എന്നാൽ, വ്യാപാരികളുടെമേൽ ചുമത്തുന്ന തീരുവ, അവർ ഉപഭോക്താക്കളിലേക്ക് പാസ് ചെയ്യാനുള്ള സാദ്ധ്യതയുണ്ടെന്ന ഭയം പലരും ഉയർത്തുന്നുണ്ട്. വില ഉയർത്തിക്കൊണ്ടും അവർ കസ്റ്റമേഴ്സിലേക്ക് തീരുവയുടെ ഭാരം കൊണ്ടുവന്നേക്കാമെന്നും ആശങ്കയുണ്ട്. ആദ്യം വൻകിടക്കാരിൽ തുടങ്ങുന്ന പുതിയ ഏർപ്പാട് പതുക്കെ ചെറുകിടക്കാരിലേക്കും വ്യാപിക്കുമെന്ന ഭയവും നിലനിൽക്കുന്നു.
എം.ഡി.ആർ ചുമത്തുന്നതിന് അധികാരികൾ ഉയർത്തുന്ന ന്യായീകരണം, വളർന്നു വലുതായിക്കൊണ്ടിരിക്കുന്ന യു.പി.ഐ സംവിധാനത്തിന്റെ ഉയർന്നുവരുന്ന ചെലവുകൾക്കുള്ള സംഖ്യ സമാഹരിക്കാനും അവ ഈ ചട്ടക്കൂട് ചലിപ്പിക്കുന്നവരുമായി പങ്കിടാനുമാണെന്നാണ്. ഇക്കൂട്ടരിൽ പ്രധാന കക്ഷികൾ, ഗൂഗിൾപേ തുടങ്ങിയുള്ള ഫിൻടെക് കമ്പനികളാണ്. അവർക്ക് ഈ ഏർപ്പാടിൽനിന്ന് ഇപ്പോൾ തന്നെ വരുമാനമുണ്ടാകുന്നുണ്ട്.
പരസ്യങ്ങൾ, ബില്ലടയ്ക്കൽ പോലുള്ളവയിൽ നിന്നുള്ള കമ്മീഷൻ, വൻകിട കച്ചവടക്കാർ നൽകുന്ന ഇൻസെന്റീവ്, ബിസിനസ് സ്ഥാപനങ്ങൾക്ക് വേണ്ട ഡാറ്റാ നൽകൽ വഴിയുള്ള വരുമാനം എന്നിങ്ങനെ പല മാർഗങ്ങളിലൂടെ അവർ പണം നേടുന്നുണ്ട്. തീർച്ചയായും ഈ സംവിധാനത്തിനായുള്ള കൂടുതൽ പശ്ചാത്തലസൗകര്യമൊരുക്കാനും, അതിന്റെ സുരക്ഷാകാര്യങ്ങൾ ശക്തിപ്പെടുത്താനും തുക വേണ്ടിവരും.
സാമൂഹ്യമായും രാഷ്ട്രീയമായുള്ള നന്മകളാൽ സമൃദ്ധമായ ഈ തട്ടകത്തെ സാമ്പത്തികമായി മാത്രം കാണുന്നതിനു പകരം, ഒരു പൊതുസേവന സൗകര്യമായി കണ്ട് അതിന്റെ വളർച്ചയ്ക്ക് വേണ്ട വിഭവം പൊതു ഖജനാവിൽ നിന്ന് സബ്സിഡിയായോ മറ്റോ നൽകുന്നതായിരിക്കും ഉത്തമം. ചുരുക്കത്തിൽ, എം.ഡി.ആറിനെക്കുറിച്ച് ഒരു പുനർ ആലോചന ആവശ്യമായിരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |