തൃശൂർ: അലഞ്ഞുതിരിയുന്ന ഭിക്ഷാടകരെയും വയോധികരെയും ലക്ഷ്യമിട്ട് നഗരത്തിൽ പിടിച്ചുപറിക്കാർ സജീവം. യു.പി.ഐ ഇടപാട് ജനപ്രീതിയാർജിച്ചതോടെ കാലിയാണ് മദ്ധ്യവയസ്‌കരുടെയും യുവാക്കളുടെയും പോക്കറ്റ്. ഇതാണ് പിടിച്ചുപറിക്കാരുടെ ഫോക്കസ് വൃദ്ധരിലേക്കും ഭിക്ഷാടകരിലേക്കും അവശരിലേക്കും പതിയാൻ കാരണം. ശനിയാഴ്ച രാത്രിയിൽ ശക്തൻ സ്റ്റാൻഡിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധ ദമ്പതികളെയും ലോട്ടറി വില്പനക്കാരനെയും അതിക്രൂരമായി മർദ്ദിച്ച് പിടിച്ചുപറിക്കാർ പണം തട്ടിയിരുന്നു.
നഗരം കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തുന്ന നാല് സ്ഥിരം കുറ്റവാളികളുണ്ട്. ഇവർക്കെതിരെ 15 ഓളം കേസുകൾ നിലവിലുണ്ടെങ്കിലും ജാമ്യമെടുത്ത് പുറത്തിറങ്ങിയാൽ വീണ്ടും മോഷണത്തിനിറങ്ങും. വിവിധ സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതി വാങ്ങിച്ച് തേക്കിൻകാട്ടിലും സമീപ പ്രദേശങ്ങളിലും തമ്പടിക്കുന്ന മോഷ്ടാക്കൾ ചില ദിവസങ്ങളിൽ ഗുരുവായൂർ ഉൾപ്പെടെയുള്ള തീർത്ഥാടന നഗരങ്ങളിലും പിടിച്ചുപറിക്ക് ശ്രമിക്കാറുണ്ടത്രെ. തൃശൂരിൽ വയോധികരെ ആക്രമിച്ച് പണം തട്ടിയ ചാവക്കാട് തൊട്ടാപ്പ് സ്വദേശി പാറക്കൽ വീട്ടിൽ സാദിഖ് (19), പീച്ചി ചെന്നായ്പ്പാറ സ്വദേശി ഡാനി ജോർജ് (27) എന്നിവർ ഗുരുവായൂരിൽ നിന്നാണ് പിടിയിലായത്.
പകൽ മുഴുവൻ യാചിച്ച് നിത്യേന 3000 - 6000 രൂപ വരെ സമ്പാദിക്കുന്ന വൃദ്ധരായ യാചകരാണ് പിടിച്ചുപറിക്കാരുടെ പ്രഥമ ലക്ഷ്യം. കടത്തിണ്ണയിലും മറ്റും കിടന്നുറങ്ങുന്ന ഇവരിൽ നിന്നും പണം കൈക്കലാക്കും. നെടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ശക്തൻ സ്റ്റാൻഡിനടുത്ത് ഭിക്ഷാടകരായ ദമ്പതികളിൽ നിന്നും 5000 രൂപയോളമാണ് കവർന്നത്. സ്ക്രൂഡ്രൈവർ കൊണ്ട് തലയ്ക്ക് കുത്തി ഗുരുതര പരിക്കേറ്റതിനാൽ മാത്രമാണ് ദമ്പതികൾ പരാതിപ്പെട്ടത്. സാധാരണ കേസുകളിൽ ഇത്രയേറെ പണം ഉണ്ടെന്ന് പുറത്തറിഞ്ഞാൽ പിന്നീട് ഭിക്ഷ ലഭിക്കില്ലെന്ന് ഭയന്ന് പലരും പറയാറില്ലത്രെ.
ബാറുകളിൽ നിന്ന് മദ്യപിച്ച് ലക്കുകെട്ട് ഇറങ്ങുന്നവരെയും പിടിച്ചുപറി സംഘം ലക്ഷ്യമിടുന്നുണ്ട്. 'ശവംതൂക്കി' എന്ന പ്രയോഗമാണ് മദ്യപാനികളെ പിടിച്ചുപറിക്കുന്ന രീതിക്ക് മോഷ്ടാക്കൾ പറയുന്നത്. പണവും മൊബൈൽ ഫോണും പലർക്കും നഷ്ടമാകുന്നുണ്ടെങ്കിലും മാനഹാനി ഭയന്ന് ചിലർ മാത്രമാണ് പരാതിപ്പെടുന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും പോക്കറ്റടിക്കാരുടെ ശല്യം രൂക്ഷമാണ്. തൃശൂർ, അങ്കമാലി, പാലക്കാട്, കോയമ്പത്തൂർ തുടങ്ങിയ തിരക്കേറിയ ബസുകളാണ് മോഷ്ടാക്കളുടെ ചാകര. സാധാരണ ദിവസങ്ങളിൽ ഒന്നോ രണ്ടോ കേസുകളേ ഉണ്ടാകൂ. എന്നാൽ വാരാന്ത്യം, പത്തോളം പോക്കറ്റടി കേസുകളുണ്ടാകും. സ്റ്റാൻഡിലെ വെളിച്ചക്കുറവും സൗകര്യക്കുറവും പോക്കറ്റടിക്കാർക്ക് തുണയാകുന്നുണ്ട്.
Snatchers are reportedly targeting wandering beggars and elderly people in the city. With UPI payments becoming increasingly popular, middle-aged people and youngsters are also carrying less cash in their wallets, making them less attractive targets for cash theft.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |