
ന്യൂഡൽഹി: ആശങ്ക വേണ്ട. ഉപഭോക്താക്കളുടെ യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് കേന്ദ്രസർക്കാർ. അതേസമയം, വ്യാപാരികളിൽ നിന്ന് സീറോ മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ) ഈടാക്കും. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് വ്യക്തത വരുത്തിയത്.
'നികുതിയും മറ്റ് നിയമങ്ങളും (ഭേദഗതി) ബിൽ" കഴിഞ്ഞദിവസം ലോക്‌സഭ പാസാക്കിയിരുന്നു. ഇലക്ട്രോണിക് പേയ്‌മെന്റിനു ചാർജ് ഈടാക്കാൻ സേവനദാതാക്കളെ അനുവദിക്കാൻ കേന്ദ്രത്തിനു അധികാരം നൽകുന്ന വ്യവസ്ഥ ബില്ലിലുണ്ട്. ഇതാണ് ആശങ്ക പരത്തിയത്.
ഉപഭോക്താക്കളിൽ നിന്ന് പ്രത്യേക തുക ഈടാക്കില്ലെന്ന് ഫോൺ പേ സി.ഇ.ഒ സമീർ നിഗം പറഞ്ഞു. ഉപഭോക്താക്കൾക്ക് സൗജന്യം തുടരുമെന്നും ചെറുകിട വ്യാപാരികളെ എം.ഡി.ആർ നൽകുന്നതിൽ നിന്ന് ഒഴിവാക്കുമെന്നും പേയ്‌മെന്റ് കൗൺസിൽ ഒഫ് ഇന്ത്യ വ്യക്തമാക്കി. നിശ്ചിത തുകയ്‌ക്ക് മുകളിലുള്ള ഇടപാടുകൾക്ക് മാത്രമായിരിക്കും വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കുക.
ബില്ലിനു പിന്നിൽ അമേരിക്കൻ സമ്മർദ്ദമെന്ന് കോൺഗ്രസും സി.പി.എമ്മും ആരോപിക്കുന്നു. കാർഡ് ഇടപാടുകളിലുണ്ടായ വൻ ഇടിവ് വീസ, മാസ്റ്റർ കാർഡ് തുടങ്ങിയ യു.എസ് കമ്പനികളെ ബാധിച്ചിരുന്നു. യു.എസ് കമ്പനിയാണ് ഗൂഗിൾ പേ. അമേരിക്കൻ ഭീമൻ വാൾമാർട്ടിന് ഓഹരികൾ കൂടുതലുള്ളതാണ് ഫോൺ പേ. ഇടപാടുകൾ സൗജന്യമായി തുടരുന്നതിൽ ഈ കമ്പനികൾക്കും അതൃപ്‌തിയുണ്ടെന്നാണ് സൂചന.
എം.ഡി.ആർ ബാങ്കുകളെ
സഹായിക്കാൻ
1 വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കുന്നത് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അനിവാര്യമെന്ന് കേന്ദ്രം
2 അവർക്ക് അടിസ്ഥാന സൗകര്യം, സുരക്ഷ തുടങ്ങിയവയിൽ കൂടുതൽ നിക്ഷേപം നടത്താൻ കഴിയും
എം.ഡി.ആർ
ക്രെഡിറ്റ്- ഡെബിറ്റ് കാർഡ് ഇടപാട് നടക്കുമ്പോൾ പേയ്‌മെന്റ് പ്രോസസിംഗ് കമ്പനികൾക്കും ബാങ്കുകൾക്കും ബിസിനസ് സ്ഥാപനങ്ങൾ നൽകുന്ന ഫീസാണ് എം.ഡി.ആർ (സീറോ മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്). ഇതാണ് യു.പി.ഐയിലും വരുന്നത്
യു.എസ് പ്രസിഡന്റ് ട്രംപിന്റെ സമ്മർദ്ദമാണോ ഭേദഗതിക്കു പിന്നിൽ
- ജയറാം രമേശ്, കോൺഗ്രസ് നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |