SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

കൊള്ളയിലെ കുരുക്ക് ഇവിടംകൊണ്ട് തീരുമോ?​

READ ENGLISH VERSION
s

ലോകമെങ്ങുമുള്ള അയ്യപ്പ വിശ്വാസികളെയും ശബരിമല തീർത്ഥാടകരെയും ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്ത സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻപ്രസിഡന്റും സി.പി.എം നേതാവുമായ പി.എസ്.പ്രശാന്ത് കൂടി അറസ്റ്റിലായതോടെ,​ ക്രമക്കേടുകളിലും കൊള്ളയിലും ദേവസ്വം ബോർഡിനുള്ള സമ്പൂർണ പങ്കാളിത്തമാണ് പുറത്തായത്. പത്തു വ‍ർഷത്തെ ഇടതു സർക്കാരിന്റെ കാലയളവിൽ നിയമിതരായ മൂന്ന് പ്രസിഡന്റുമാർ മാത്രമല്ല,​ ബോർഡ് ഉദ്യോഗസ്ഥരും,​ ഇടനിലക്കാരനും കൂട്ടാളികളും ഉൾപ്പെടെ ആകെ പതിമൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായത്. എന്തായാലും,​ മൂന്ന് ഭരണസമിതികൾ ക്രമക്കേടുകളുടെ ഭാഗമായെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതോടെ,​ ഈ പാപകർമ്മങ്ങളിലൊന്നും ദേവസ്വം ബോർഡിലെ ഭരണക്കാർക്കു പങ്കില്ലെന്ന് ആവർത്തിച്ചുകൊണ്ടിരുന്ന മുൻ സർക്കാരും അതിനെ നയിച്ചിരുന്ന സി.പി.എമ്മും അക്ഷരാർത്ഥത്തിൽ കെണിയിലായിരിക്കുകയാണ്.

ദേവസ്വം ബോർഡുകളുടെ പ്രവർത്തനം അതത് സർക്കാരുകളുടെ നിയന്ത്രണത്തിലായതിനാൽ,​ കേസ് പ്രസിഡന്റുമാരിൽ ഒതുങ്ങാതെ അതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും മറ്റും അന്വേഷിക്കാൻ എസ്.ഐ.ടി തുനിഞ്ഞാൽ ഇത് ഇവിടംകൊണ്ടൊന്നും അവസാനിക്കുകയില്ല. ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയുമൊക്കെ നിയമിക്കുന്നത് രാഷ്ട്രീയ താത്പര്യം അടിസ്ഥാനമാക്കി ആയതിനാൽ കൊള്ളയ്ക്കു പിന്നിൽ രാഷ്ട്രീയമില്ലെന്ന് തീർത്തുപറയാൻ പറ്റുകയുമില്ല. ബോർ‌ഡിന്റെ മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് മാത്രമല്ല,​ അന്ന് ബോ‌‌ർഡ് അംഗമായിരുന്ന സി.പി.ഐ നേതാവ് അജികുമാറും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പ്രതികളിൽ ഒരാൾക്കു പോലും കുറ്റപത്രം സമർപ്പിക്കാൻ എസ്.ഐ.ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം. പ്രതിയായിരുന്ന ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഇതിനിടെ മരണമടയുകയും ചെയ്തു. ജയിലിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതുകൊണ്ട് ഇക്കഴിഞ്ഞ ദിവസം അറസ്റ്റിലായ പി.എസ്.പ്രശാന്തും അജികുമാറും ഒഴികെ എല്ലാ പ്രതികളും ഇതിനകം സ്വാഭാവിക ജാമ്യം നേടി പുറത്തുവരികയും ചെയ്തു.

ശബരിമലയിൽ സ്പോൺസർ എന്നപേരിൽ ഭരണസമിതിക്കാർക്കും ഉദ്യോഗസ്ഥർക്കും സ്വർണവ്യാപാരികൾക്കും വേണ്ടി ചരടുവലിക്കുകയും,​ മുന്നിൽനിന്ന് കൊള്ളയുടെ റൂട്ട് നിശ്ചയിക്കുകയും ചെയ്ത ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് കേസിൽ ആദ്യം അറസ്റ്റിലായത്. അയാൾ തന്നെയാണ് ഒന്നാം പ്രതി. പോറ്റിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശബരിമല ശ്രീകോവിലിന്റെ വാതിൽ മാത്രമല്ല,​ കട്ടിളപ്പാളിയും,​ ശ്രീകോവിലിന് ഇരുവശവുമുള്ള ദ്വാരപാലക ശില്പങ്ങളുംവരെ ഇളക്കിയെടുത്ത് പുറത്തുകടത്തി അതിലെ സ്വർണം ഉരുക്കിയെടുത്തു എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിഞ്ഞത്. കൊടിമരം,​ വാജിവാഹനം,​ പ്രഭാവലയം തുടങ്ങി സന്നിധാനത്തെ അമൂല്യവസ്തുക്കളിലൊന്നിൽപ്പോലും പോറ്റിയും കൂട്ടരും കൈവയ്ക്കാതിരുന്നില്ല. സ്വർണംപൂശലിന്റെയും അറ്റകുറ്റപ്പണികളുടെയും പേരിലായിരുന്നു എല്ലാ തരികിടയും.

ബോ‌ർഡ് പ്രസിഡന്റിന്റെ സമ്മതമില്ലാതെയോ,​ അംഗങ്ങളുടെ അറിവില്ലാതെയോ,​ ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെയോ ഇതൊന്നും നടപ്പുള്ള കാര്യമല്ല. അതിനും മുകളിലുള്ള ഉന്നതരുടെ അനുവാദവും അനുഗ്രഹവുമില്ലാതെ ഇതു വല്ലതും സാദ്ധ്യമാകുമെന്ന് കരുതുവാനും വയ്യ! കോടാനുകോടി അയ്യപ്പഭക്തരുടെ വികാരമാണ് ശാസ്താവും ശബരിമലയും മകരജ്യോതിയുമൊക്കെ. ആ അയ്യപ്പസ്വാമിയുടെ ശ്രീകോവിലിൽ വരെ കൈവയ്ക്കാൻ മുതിർന്ന കൊള്ളക്കാർ ഉദ്യോഗസ്ഥരായാലും ഇടനിലക്കാരായാലും രാഷ്ട്രീയക്കാരായാലും,​ അവരെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നു തന്നെയാണ് ഭക്തർ പ്രാർത്ഥിക്കുന്നതും ആവശ്യപ്പെടുന്നതും. ഒരു സ്പോൺസറിൽ തുടങ്ങിയ കേസാണ് മൂന്ന് ദേവസ്വം പ്രസിഡന്റുമാരുടെ അറസ്റ്രിൽവരെ കലാശിച്ചതെന്ന് ഓർക്കണം. അത് അവിടംകൊണ്ട് അവസാനിക്കുമോ എന്നാണ് ഭക്തസമൂഹവും പൊതുസമൂഹവും ഉറ്റുനോക്കുന്നത്. ഹൈക്കോടതിയുടെ മേൽനോട്ടമുള്ള അന്വേഷണം അതിന്റെ അറ്റംവരെ എത്തുമെന്നും,​ ഇനിയും ആരെങ്കിലും മറഞ്ഞിരിപ്പുണ്ടെങ്കിൽ അവർ കൂടി അകത്താകുമെന്നും പ്രതീക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY