
നിക്ഷേപ തട്ടിപ്പിൽ പെട്ട് വഞ്ചിതരാകുന്ന മലയാളികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചുവരികയാണെന്ന് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കേരളകൗമുദി സംഘടിപ്പിച്ച ഒരു സെമിനാർ ഉദ്ഘാടനം ചെയ്യവേ, ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല പറയുകയുണ്ടായി. ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുമ്പോൾ പെൻഷൻ ആനുകൂല്യമായി ലഭിക്കുന്ന തുക പോലും യാതൊരു അന്വേഷണവും നടത്താതെ ഏതെങ്കിലും തട്ടിപ്പ് സ്ഥാപനത്തിൽ കൊണ്ടിടും. ഇത്തരം തട്ടിപ്പുകളുടെ എത്രയെത്ര കഥകൾ മുന്നിലുണ്ടെങ്കിലും യാതൊരു ആലോചനയും നടത്താതെ കബളിപ്പിക്കലിന് ഇരയാവുകയാണെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ കുരുക്കിൽപെട്ട് വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി രമേശ് മുന്നറിയിപ്പും നൽകി.
സംസ്ഥാനത്ത് സൈബർ തട്ടിപ്പുസംഘങ്ങളും വർദ്ധിച്ചു വരികയാണ്.
തൂഫാൻ ഓപ്പറേഷന്റെ ഭാഗമായി തെരച്ചിൽ നടത്തവേയാണ് തിരുവനന്തപുരത്ത് അമേരിക്കക്കാരെ വരെ പറ്റിക്കുന്ന കോടികളുടെ സൈബർതട്ടിപ്പിന്റെ വിവരം വെളിച്ചത്തായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സൈബർ തട്ടിപ്പ് സംഘങ്ങൾ 801 കോടിയാണ് തട്ടിയെടുത്തത്. 2025 ജൂൺ മുതൽ 2026 മേയ് വരെയുള്ള കണക്കാണിത്. ഈ കാലയളവിലാകട്ടെ 44,653 സൈബർ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിജിറ്റൽ അറസ്റ്റ്, ജോലി വാഗ്ദാനം, ഓൺലൈൻ ട്രേഡിംഗ്, ഡീപ് ഫേക്ക്, ലോൺ ആപ്പ്, വ്യാജ സമ്മാന വാഗ്ദാനം തുടങ്ങി പലയിനം തട്ടിപ്പുകളുണ്ട്. കൂടുതൽ പേരും വ്യാജ പരസ്യങ്ങളിലൂടെയാണ് വഞ്ചിതരാകുന്നത്. വ്യവസായ നഗരമായ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പു കേസുകൾ രജിസ്റ്റർ ചെയ്തത്. 6,862 എണ്ണം. ഇതിലൂടെ 182.51 കോടി രൂപ നഷ്ടമായി. സംസ്ഥാനത്ത് നഷ്ടമായ 801 കോടിയിൽ കൃത്യമായ ഇടപെടലിലൂടെ 185.85 കോടി പൊലീസ് മരവിപ്പിച്ചു.
സൈബർ കേസുകളുടെ അന്വേഷണം മറ്റു കേസുകൾ പോലെ വളരെ വേഗത്തിൽ ചെയ്യാവുന്ന ഒന്നല്ല. ഇത്തരം വഞ്ചന തിരിച്ചറിഞ്ഞ് തട്ടിപ്പുകളിൽ പെടാതിരിക്കാനാണ് പൊതുജനങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മോഹവും ഇതിനൊരു കാരണമാണ്. ധനസമ്പാദനം നേർവഴിയിലാകണം. വളഞ്ഞ വഴി സ്വീകരിക്കുമ്പോഴാണ് പ്രതിസന്ധിയുണ്ടാവുക. ഒരു ക്ളിക്കിൽ ലക്ഷങ്ങളുടെ വായ്പ നൽകുന്നതടക്കം ഓഫറുകൾ മുന്നിൽ പ്രലോഭനമായി എത്തും. ലോൺ അനുവദിച്ചു എന്ന മട്ടിലാണ് അറിയിപ്പുകൾ വരുന്നത്. മൊബൈലിലാണ് ഇത്തരം ആകർഷകമായ വാഗ്ദാനങ്ങൾ കൂടുതലുമെത്തുന്നത്. പെട്ടെന്ന് കാണുമ്പോൾ കൊള്ളാമെന്നു തോന്നും.
പക്ഷേ പെട്ടുപോകുമ്പോഴാണ് ചതിയുടെ വ്യാപ്തി മനസിലാവുക. ഇതിനൊക്കെ പുറമേ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശം ചോദിച്ചുകൊണ്ടുള്ള അറിയിപ്പുകളും വരും. ഇതിലൊന്നും പെടാതെ സൂക്ഷിക്കാൻ ജാഗ്രത പുലർത്തുകയാണ് വേണ്ടത്. ആട്, മാഞ്ചിയം തട്ടിപ്പ് അടക്കം പല വിധത്തിലുള്ള എത്രയോ തട്ടിപ്പുകൾ കേരളം കണ്ടുകഴിഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പുകളും കണക്കില്ലാത്ത വിധം ഉണ്ടായിട്ടുണ്ട്. എന്നിട്ടും മലയാളികൾ വീണ്ടും വീണ്ടും കെണിയിൽ വീഴുകയാണ്. ലോൺ ആപ്പുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പിന്റെ വ്യാപ്തി പറഞ്ഞറിയിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ കടുത്തനടപടി സ്വീകരിക്കാനും ജനങ്ങളെ ബോധവത്കരിക്കാനും സർക്കാർ മുൻകൈയെടുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |