SignIn
Kerala Kaumudi Online
Friday, 28 August 2026 2.15 AM IST

ഗുരുവിന്റെ വിശ്വദർശനം

1

ഇന്ന് 172ാമത് ഗുരുദേവ ജയന്തി

ഒരു ശ്രീനാരായണീയനെ സംബന്ധിച്ച് ഗുരുദേവ തിരുജയന്തിക്കും മഹാസമാധി ദിനത്തിനും തത്തുല്യം പ്രാധാന്യമുള്ള മറ്റൊരു പുണ്യദിനമില്ല. ലോകജനതയെ ഏകലോക ചിന്താധാരയിലേക്ക് ആനയിപ്പിക്കുന്നതിന് അവതാരം കൈക്കൊണ്ട വിശ്വമഹാഗുരുവിന്റെ തിരുപ്പിറവിക്ക് ചരിത്രഗതിയിൽ അത്രയേറെ പ്രാധാന്യമുണ്ട്. ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദ് നബി, ശ്രീശങ്കരാചാര്യർ തുടങ്ങിയ ലോകഗുരുക്കന്മാരുടെ പരമ്പരയിൽ ആധുനികഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വഗുരുവാണല്ലോ അവിടുന്ന്. 'മാനവരെല്ലാം ഒന്ന് അതാണ് നമ്മുടെ മതം' എന്നാണ് ശ്രീനാരായണ ഗുരുദേവൻ ഉദ്ഗാനം ചെയ്തത്.


ലോകജനതയെ ഏകത്വബോധത്തിലേക്ക് ആനയിക്കുക എന്നതായിരുന്നു ശ്രീനാരായണാവതാരത്തിന്റെ ലക്ഷ്യം. അരുവിപ്പുറത്ത് നടത്തിയ അദ്ധ്യാത്മവിപ്ലവത്തിലൂടെ ഈ വിശ്വദർശനം അവിടുന്ന് ഉച്ചൈസ്തരം പ്രഖ്യാപനം ചെയ്തു. ഓരോ ശ്രീനാരായണീയന്റെയും നാവുകളിൽ സർവ്വദാ നിമന്ത്രണം ചെയ്യുന്ന ആദ്യ ശ്രീനാരായണ സന്ദേശം തന്നെയാണ് ഗുരുദേവ തിരുവവതാരത്തിന്റെ ഉണർത്തുപാട്ട്. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്' എന്ന ആദ്യസന്ദേശം ഗുരുദേവന്റെ തിരുവവതാര മഹിമയെ ദ്യോതിപ്പിക്കുവാൻ പര്യാപ്തമത്രേ.

ഗുരുദേവൻ ലോകത്തിനു നൽകിയ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന തത്വദർശനത്തിലൂടെ മനുഷ്യരുടെ ദൈനംദിന പ്രശ്നങ്ങളായ ജാതി മതം ദൈവം എന്നിവയുടെ ഏകത്വം നിർദ്ധാരണം ചെയ്ത് ഏകലോകവ്യവസ്ഥിതിക്കുള്ള മാർഗ്ഗവും വെളിപ്പെടുത്തി. ഒരൊറ്റ ലോകം, ഒരൊറ്റ ജനത, ഒരൊറ്റ നീതി എന്ന് ഈ വിശ്വസന്ദേശത്തിന് വിജ്ഞന്മാർ ഭാഷ്യമെഴുതി വ്യാഖ്യാനം ചെയ്തു.


ഗുരുദേവൻ ഈ ഏകലോക ദർശനത്തെ വിഭാവനം ചെയ്യുമ്പോൾ ഏറെയാളുകളൊന്നും ഈ ചിന്താഗതിയെ സ്വാഗതം ചെയ്യുവാനുണ്ടായിരുന്നില്ല. ഇപ്പോൾ ലോകമെമ്പാടും ജനലക്ഷങ്ങൾ ഈ ചിന്താധാരയെ തങ്ങളുടെ ജീവിതദർശനമാക്കി മാറ്റിയിരിക്കുന്നു. ഇപ്പോൾ ലോകത്തിന്റെ നാനാഭാഗങ്ങളിലായി നിരവധി ചെറുതും വലുതുമായ ഗുരുദേവ പ്രസ്ഥാനങ്ങളുണ്ട്. അവിടെയെല്ലാം മുഖരിതമായിക്കൊണ്ടിരിക്കുന്നത് ഗുരുദേവന്റെ ഈ ഏകത്വ തത്വദർശനമാണ്. അത് ഇന്നിന്റെയും നാളെയുടെയും വരാൻ പോകുന്ന നൂറ്റാണ്ടുകളുടെയും ദർശനമാണ്.

172ാമത് ഗുരുദേവ ജയന്തി ലോകമെങ്ങും കൊണ്ടാടുമ്പോൾ മതങ്ങൾക്കതീതമായി മനുഷ്യനെ ദർശിച്ച വിശ്വമഹാഗുരുവിന്റെ സങ്കീർത്തനങ്ങൾകൊണ്ട് ലോകം മാറ്റൊലി കൊള്ളുകയാണ്.
എന്നാൽ ശ്രീനാരായണഗുരുദേവനും ഗുരുദേവ തത്വദർശനത്തിനും അർഹിക്കുന്ന പ്രചാരവും അംഗീകാരവും ലോകത്ത് ലഭിച്ചിട്ടുണ്ടോ? ഭാരതത്തിലെന്നല്ല കേരളത്തിൽ തന്നെ ഗുരുദർശനത്തിന് പരക്കെ അംഗീകാരം ലഭിച്ചുവോ?

ഗുരുദേവജയന്തി, മഹാസമാധി ദിനാഘോഷങ്ങൾ ലോകമൊട്ടാകെ വ്യാപിച്ചുകിടക്കുന്നതാണ്. ശ്രീകൃഷ്ണ ജയന്തി, ക്രിസ്തുമസ് ആഘോഷം, നബിദിനാഘോഷം എന്നതുപോലെ വ്യാപകമായില്ലെങ്കിലും ഏതാണ്ട് അതിനു സദൃശ്യമായി ഗുരുദേവജയന്തിയും ലോകമൊട്ടാകെ ആഘോഷിക്കുന്നുണ്ട്. ഗുരുജയന്തിക്ക് ഉള്ളതുപോലെ ഘോഷയാത്രകൾ മറ്റേതെങ്കിലും ഒരു ആഘോഷത്തിന് ഉണ്ടോ എന്ന് സംശയമാണ്.

ഗുരുദേവ ജയന്തി ഒരു ദിവസം മാത്രം ആഘോഷിക്കുന്ന സമ്പ്രദായത്തിന് മാറ്റം ഉണ്ടാകണം. ജയന്തി വാരാഘോഷങ്ങൾ നാടൊട്ടുക്ക് നടക്കണം. ഒരാഴ്ചകാലമെങ്കിലും ജയന്തി സമ്മേളന
ങ്ങളും പ്രചാരണയോഗങ്ങളും ഉണ്ടാകണം. അതുപോലെ ഗുരുദേവ മഹാസമാധി ദിനം ശിവഗിരിയിൽ ആചരിക്കുന്നത് പോലെ ഉപവാസം, വിശേഷാൽ മഹാസമാധി പൂജ തുടങ്ങിയ ചടങ്ങുകളോടെ സംഘടിപ്പിക്കണം. ദുഃഖസൂചകമായ യാതൊന്നും സമാധിദിനത്തിൽ പാടില്ല എന്ന് പ്രത്യേകം അറിയേണ്ടതുണ്ട്. ഗുരുദേവ ജയന്തി മുതൽ മഹാസമാധി ദിനം വരെ ഒരു ദിവസവും മുടങ്ങാതെ അഖണ്ഡനാമജപവും സമ്മേളനങ്ങളും ഇപ്പോൾ പലയിടങ്ങളിലായി നടക്കുന്നുണ്ട്.


ഗുരുദേവനെ സംബന്ധിച്ച പുണ്യദിനങ്ങൾ കൂടാതെ ശ്രീകൃഷ്ണ ജയന്തി, ചട്ടമ്പിസ്വാമി ജയന്തി, ബ്രഹ്മാനന്ദ ശിവയോഗി ജയന്തി, അയ്യങ്കാളി ജയന്തി, ഗുരുദേവ ശിഷ്യന്മാരായ ടി.കെ.മാധവൻ, സഹോദരൻ അയ്യപ്പൻ, പെരിങ്ങോട്ടുകര വിദ്യാനന്ദസ്വാമികൾ, ജഗദീശ്വരാനന്ദസ്വാമികൾ, സത്യവ്രത സ്വാമികൾ, പത്രാധിപർ കെ.സുകുമാരൻ, കേശവൻ വൈദ്യർ തുടങ്ങിയവരുടെ ജന്മതിഥികളും ഈ കാലയളവിൽ തന്നെയാണ്. ഗുരുദേവഭക്തന്മാർ എല്ലാ ദിവസവും പ്രചാരണ യോഗങ്ങളും പ്രാർത്ഥനായോഗങ്ങളും പ്രഭാഷണങ്ങളും നടത്തണം. ഗൃഹസന്ദർശനപരിപാടികൾ സജ്ജമാക്കണം.

ജീവിതഗന്ധിയാകണം

ഗുരുദേവ ദർശനം

ഗുരുദേവൻ വാക്കിനെയും വിചാരത്തെയും പ്രവൃത്തിയേയും ഐക്യപ്പെടുത്തി ജീവിച്ച
മഹാത്മാവാണ്. അതുപോലെയാകണം അനുയായിവൃന്ദവും. ജന്മംകൊണ്ട് മാത്രമല്ല കർമ്മം കൊണ്ടും യഥാർത്ഥ ശ്രീനാരായണീയരാകണം. കേവലം ആഘോഷപരതയ്ക്കപ്പുറം ഗുരുദേവദർശനം നമ്മുടെ ജീവിതഗന്ധിയാക്കി മാറ്റണം. അതിനുള്ള പരിശീലന കാലമായി ഈ പുണ്യദിനങ്ങളെ കണക്കാക്കണം. ഏതൊരു ജനവിഭാഗവും നിശ്ചിതമായ ഒരു കാലയളവ് തങ്ങളുടെ വ്രതാനുഷ്ഠാനകാലമായി ആഘോഷിക്കാറുണ്ട്. അതുപോലെ ശ്രീനാരായണസമൂഹവും ജീവിതപുരോഗതിക്കായി ആചാരനിബദ്ധമായ ജീവിതം നയിക്കണം.

ഗുരുദേവൻ ശ്രീനാരായണസ്മൃതിയിലൂടെ ഉപദേശിച്ചിട്ടുള്ള അനുഷ്ഠാന പദ്ധതി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. ഗുരുദേവന്റെ ദിവ്യോപദേശങ്ങൾ ആചരിച്ചനുഷ്ഠിച്ച ഗുരുദേവദർശനത്തിന് ചേർന്നവരായി നാം മാറണം. 172-ാമത് ഗുരുദേവതിരുജയന്തി ആഘോഷം ആ രീതിയിൽ നമ്മുടെ ജീവിതവുമായി താദാത്മ്യം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ഗുരുദേവജയന്തി നാം നമ്മളായി യഥാർത്ഥ ശ്രീനാരായണീയരായിത്തീരുന്നതിനുള്ള പുണ്യദിനമായി മാറണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION