
സമൂഹത്തിന്റെ സവിശേഷ പരിഗണനയും കരുതലും ആവശ്യപ്പെടുന്നവരാണ് ഭിന്നശേഷിക്കാർ. ഇതിൽത്തന്നെ, കുട്ടികളായ ഭിന്നശേഷിക്കാർ സാധാരണയിൽ കവിഞ്ഞ കരുതൽ ലഭിക്കേണ്ടവരാണ്.വൈകല്യങ്ങളുടെ പേരിൽ ഒരു തരത്തിലുമുള്ള പോരായ്മയോ വിവേചനമോ തോന്നാൻ പേരിൽപോലും ഇടനൽകരുതെന്ന ഉന്നതമായ മാനവിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാർ എന്ന ഗുണാത്മക സൂചനയുള്ള വാക്കുതന്നെ ഉപയോഗിക്കുന്നത്. പഠനത്തിലും ജോലിയിലും മറ്റു സാമൂഹ്യ രംഗങ്ങളിലുമൊക്കെ അവർക്ക് സവിശേഷ മുൻഗണന നൽകുന്നതും ഈയൊരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ഭിന്നശേഷിക്കാരായി ജനിക്കുകയും വളരുകയും ചെയ്യേണ്ടി വരുന്നത് അവരുടേതായ എന്തെങ്കിലും കുഴപ്പങ്ങൾ കൊണ്ടല്ല. അതുകൊണ്ടു തന്നെ അവരെ ചേർത്തുപിടിക്കേണ്ടത് ഉയർന്ന മാനവികത കാത്തുസൂക്ഷിക്കുന്ന സമൂഹത്തിന്റെ ഒഴിവാക്കാനാവാത്ത കടമ കൂടിയാണ്.
പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവൺമെന്റും കേന്ദ്ര ഗവൺമെന്റും തമ്മിൽ നിലനിൽക്കുന്ന തർക്കവിതർക്കങ്ങളെ തുടർന്ന് സർവശിക്ഷ കേരള (എസ്.എസ്.കെ) പദ്ധതിയിൻ കീഴിൽ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിനു ലഭിക്കേണ്ട ആയിരം കോടി രൂപ ലഭിക്കാത്തതു മൂലം കേരളത്തിലെ അരലക്ഷത്തോളം ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായിരിക്കുന്നു എന്ന വസ്തുതയാണ് നമ്മെ ചിന്തിപ്പിക്കേണ്ടത്. ഫണ്ട് ലഭിക്കാഞ്ഞതുമൂലം കാഴ്ച, കേൾവി പരിമിതി അനുഭവിക്കുന്ന കുട്ടികൾക്ക് പഠനത്തിനു ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങൾ ഒരു വർഷമായി ലഭിക്കുന്നില്ല എന്ന വിവരം ഞങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. മറ്റു ലക്ഷക്കണക്കിനു കുട്ടികൾക്കൊപ്പം നടന്നു മുന്നേറാനും വളർന്നു വികസിക്കാനുമുള്ള അവസരം നാം അവർക്ക് നഷ്ടപ്പെടുത്തുകയാണ്.
പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ എന്നതാണ് പി.എം ശ്രീ പദ്ധതി. 2023ൽ ആരംഭിച്ച പദ്ധതി 2027ൽ അവസാനിക്കും. കേന്ദ്രവും സംസ്ഥാനവും 60:40 എന്ന അനുപാതത്തിലാണ് ഫണ്ട് ചെലവഴിക്കേണ്ടത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പി.എം ശ്രീ പദ്ധതിയിൽ ധാരണാപത്രം (എം.ഒ.യു) ഒപ്പുവയ്ക്കുകയും ഇതേതുടർന്ന് എസ്.എസ്.കെയ്ക്കു ലഭിക്കേണ്ട 94 കോടി രൂപ വാങ്ങുകയും ചെയ്തതാണ്. അതിനുശേഷം, ചില സൈദ്ധാന്തിക തർക്കങ്ങളുടെ പേരിലാണ് പി.എം ശ്രീ പദ്ധതി സംബന്ധിച്ച തീരുമാനം എൽ.ഡി.എഫ് സർക്കാർ തത്കാലം മരവിപ്പിച്ചത്. യു.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ, എൽ.ഡി.എഫ് സർക്കാർ ബി.ജെ.പി യുടെ പദ്ധതിക്കു കീഴ്പ്പെടുകയാണെന്ന രാഷ്ട്രീയ ആരോപണമുന്നയിച്ച് പ്രചാരണം നടത്തിയിരുന്നു.
അതുകൊണ്ടാണ് അധികാരത്തിലെത്തിയപ്പോൾ പി.എം ശ്രീ സംബന്ധിച്ച ആശയക്കുഴപ്പം സർക്കാരിനെ കുഴക്കുന്നത്. ഇപ്പോൾ പി.എം ശ്രീ 'വേണ്ടണം' എന്ന രീതിയിലാണ് യു.ഡി.എഫ് സർക്കാർ നിലക്കൊള്ളുന്നത് എന്നു തോന്നുന്നു. സൈദ്ധാന്തിക തർക്കങ്ങളും രാഷ്ട്രീയ വിയോജിപ്പുകളുമൊക്കെ ജനാധിപത്യ വ്യവസ്ഥയിൽ ഒഴിച്ചു കൂടാനാവാത്തതാണ്. അതു സംബന്ധിച്ച സംവാദങ്ങൾ നടക്കട്ടെ. പക്ഷേ, അതിനുമപ്പുറം കുട്ടികളുടെയും സമൂഹത്തിന്റെയും വളർച്ചയുടെയും വികാസത്തിന്റേയും പ്രശ്നങ്ങളാണ് പുരോഗതി പ്രാപിച്ച ഒരു സമൂഹത്തെ നയിക്കേണ്ടത്. ഫണ്ട് കേന്ദ്രത്തിൽ നിന്നു വാങ്ങിയെടുക്കാനുള്ള ഔചിത്യമാണ് സംസ്ഥാന സർക്കാർ കാട്ടേണ്ടത്. അല്ലാത്ത പക്ഷം വളർന്നു വരുന്ന ഒരു തലമുറയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരമില്ലാതെ തല കുനിക്കേണ്ടി വരും നമുക്ക്. അതുകൊണ്ട്, അർത്ഥശൂന്യമായ പിടിവാശികളുടെ പേരിൽ സവിശേഷ പരിഗണനയർഹിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളെ മഴയത്തു നിറുത്തി നനയ്ക്കരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |