SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.02 PM IST

'പിഎം ശ്രീയും സമഗ്ര ശിക്ഷയും രണ്ട് വ്യത്യസ്ത പദ്ധതികളാണ്,​ എത്ര വിദഗ്ധമായാണ് വസ്തുതകൾ മൂടിവെയ്ക്കുന്നത്'

pm-shri

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ വ്യക്തത വരുത്തി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി വി ഡി സതീശൻ എത്ര വിദഗ്ധമായാണ് വസ്തുതകൾ മൂടിവെയ്ക്കുന്നതെന്നത് തന്നെ അതിശയിപ്പിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പോസ്റ്റിന്റെ പൂർണരൂപം

പി എം ശ്രീ പദ്ധതിയെപ്പറ്റി ധാരാളം ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. സംസ്ഥാന സർക്കാർ ഒരു തീരുമാനം എടുക്കുന്ന ഘട്ടത്തിലുമാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഈ കുറിപ്പ്. പി എം ശ്രീ സ്കൂൾ പദ്ധതിയും സമഗ്ര ശിക്ഷാ പദ്ധതിയും രണ്ട് വ്യത്യസ്ത പദ്ധതികളാണ്.

എന്താണ് സമഗ്ര ശിക്ഷാ പദ്ധതി ?

സ്കൂൾ വിദ്യാഭ്യാസത്തിൽ പ്രാപ്യത, തുല്യത, ഗുണത എന്നിവ ഉറപ്പ് വരുത്തുന്നതിനായി നടത്തി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സമഗ്ര ശിക്ഷ( എസ് എസ് കെ).

എന്താണ് പി എം ശ്രീ സ്കൂൾ പദ്ധതി?

2020 - ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ എല്ലാ ഘടകങ്ങളും പൂർണമായും നടപ്പിലാക്കി, ദേശീയ വിദ്യാഭ്യാസ നയം ഷോകേസ് ചെയ്യുന്ന "എക്‌സംപ്ലർ" സ്കൂളുകൾ ആയാണ് പി എം ശ്രീ സ്കൂളുകളെ കേന്ദ്രം വിവരിക്കുന്നത്.

പിന്നെന്താണ് പ്രശ്നം?

2022 മുതൽ പി എം ശ്രീ സ്കൂൾ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിടാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുടെ പുറത്ത് സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു . 2023-24 മധ്യത്തോടെ പ്രസ്തുത ധാരണാപത്രം ഒപ്പിടാത്ത സംസ്ഥാനങ്ങൾക്കുള്ള സമഗ്ര ശിക്ഷാ ഫണ്ട് മരവിപ്പിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മൂന്ന് പ്രാവശ്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നേരിട്ടും വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പല പ്രാവശ്യവും കത്ത് മുഖേന നിരവധി തവണയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ചർച്ച നടത്തിയെങ്കിലും സമഗ്ര ശിക്ഷാ കേരളത്തിന്റെ ഫണ്ട് തരാൻ അവർ തയ്യാറായില്ല. 2023-24 മുതൽ 2025-26 വരെയുള്ള കാലയളവിൽ സമഗ്ര ശിക്ഷാ പദ്ധതിയിലെ ജീവനക്കാരുടെ ശമ്പളം, അത്യാവശ്യം നടത്തേണ്ട പരിപാടി, തുടങ്ങിയവയ്ക്കുള്ള ഫണ്ട് സംസ്ഥാന സർക്കാർ തന്നെ നൽകി. ഇത്തരത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി വന്നപ്പോഴാണ് തൽക്കാലം ധാരണാപത്രം ഒപ്പിട്ട് സമഗ്ര ശിക്ഷാ കേരളത്തിൻ്റെ ഫണ്ട് വാങ്ങുക, പി എം ശ്രീ സ്കൂൾ പദ്ധതി നടപ്പിലാക്കേണ്ടതില്ല എന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്.

*നാൾവഴികൾ*

2025 ഒക്ടോബർ 23 ന് പി എം ശ്രീ സ്കൂൾ പദ്ധതിയുടെ ധാരണാപത്രത്തിൽ കേരളം ഒപ്പിട്ടു. ഇതിനെ തുടർന്ന് പി എം ശ്രീ സ്കൂൾ പദ്ധതിയിൽ പ്രവേശിക്കുവാനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. ഉടനെ അത് കഴിയില്ല എന്ന് സംസ്ഥാനം മറുപടി കൊടുത്തു. എന്ന് മാത്രമല്ല, ഇതു വരെയും പി എം ശ്രീ സ്കൂളുകൾ തുടങ്ങുവാനുള്ള യാതൊരു നടപടിയും കേരളം സ്വീകരിച്ചിട്ടില്ല. ഇത് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

നവംബർ 4 ന് കേന്ദ്രം സമഗ്ര ശിക്ഷാ പദ്ധതിയുടെ ( എസ് എസ് കെ) യുടെ 2025-26 ലെ ഒന്നാം ഗഡു ആയി 92.41 കോടി രൂപ അനുവദിച്ചു.

നവംബർ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഒരു ഡെലിഗേഷൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുകയും ദേശീയ വിദ്യാഭ്യാസ നയവും പി എം ശ്രീ സ്കൂൾ പദ്ധതിയും നടപ്പിലാക്കുകയില്ല , പക്ഷേ എസ് എസ് കെ യുടെ ഫണ്ട് അനുവദിക്കണം എന്ന് അറിയിക്കുകയും ചെയ്തു.

പി എം ശ്രീ സ്കൂൾ തുടങ്ങാതെ ഇനി എസ് എസ് കെ യുടെ ഫണ്ട് അനുവദിക്കുകയില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലും എൽഡിഎഫ് ഘടകകക്ഷികളുടെ ചർച്ചകളുടെ അടിസ്ഥാനത്തിലും ധാരണാപത്രം നിർത്തി വയ്ക്കാൻ സംസ്ഥാനസർക്കാർ തീരുമാനി ക്കുകയും നവംബർ 12 ന് ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കുകയും ചെയ്തു.

2026 നവംബർ മാസം തന്നെ സംസ്ഥാന സർക്കാർ, 2023-24, 2024-25 വർഷങ്ങളിലെ സ്കൂൾ യൂണിഫോം, പാഠപുസ്തകം തുടങ്ങിയവയ്ക്ക് ചെലവായ തുക റീ ഇംബേഴ്സ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പ്രൊപ്പോസൽ സമർപ്പിക്കുകയും നിരന്തരം സമ്മർദ്ദം ചെലുത്തുകയും ചെയ്തു.

2026 മാർച്ച് 27 ന് വിദ്യാഭ്യാസ അവകാശനിയമവുമായി ബന്ധപ്പെട്ട പാഠപുസ്തകം, യൂണിഫോം എന്നിവയുടെ തുക റീ ഇംബേഴ്സ് ചെയ്യാൻ ആയുള്ള പ്രോജക്ട് അപ്രൂവൽ ബോർഡ് മീറ്റിംഗ് നടന്നു. മാർച്ച് 30 ന് ഈ മീറ്റിങ്ങിന്റെ മിനിറ്റ്സ് ലഭിച്ചു. പാഠപുസ്തകത്തിനും യൂണിഫോമിനുമായി 2023-24, 2024-25 വർഷങ്ങളിൽ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന കേന്ദ്ര വിഹിതം ( 60%) 129.72 കോടി രൂപയായിരുന്നു. പക്ഷേ ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കേന്ദ്രം ഈ ഇനത്തിൽ 23.31 കോടി രൂപ മാത്രമാണ് അനുവദിച്ചത്. പക്ഷേ ആ തുക റിലീസ് ചെയ്തത് ഇനി പറയും പ്രകാരമാണ്:

റീ ഇംബേഴ്സ്മെൻറ് ഇനത്തിൽ അനുവദിച്ച തുക: 23.13 കോടി രൂപ

2025-26 ൽ വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്ക് അനുവദിച്ച തുകയുടെ കേന്ദ്ര വിഹിതം: 76.13 കോടി രൂപ

മാർച്ച് 30 ലെ മിനിറ്റ്സിൽ നടത്തിയ അഡ്ജസ്റ്റ്മെൻ്റ്:

2025-26 ൽ വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് അനുവദിച്ച തുകയുടെ കേന്ദ്ര വിഹിതമായ 76.14 കോടി രൂപയുടെ കൂടെ മാർച്ച് 30 ലെ മിനിറ്റ്സിൽ അനുവദിച്ച 23.13 കോടി രൂപ കൂടി കൂട്ടി. ആകെ 99.27 കോടി രൂപ. ഈ 99.27 കോടി രൂപ എസ് എസ് കെ യ്ക്ക് ഒന്നാം ഗഡുവായി അനുവദിച്ച 92.41 കോടി രൂപയിൽ അഡ്ജസ്റ്റ് ചെയ്യുകയും ബാക്കി 6.86 കോടി രൂപ റിലീസ് ചെയ്യുകയും ചെയ്തു.

ഈ മിനിറ്റ്സോടെ പി എം ശ്രീ സ്കൂൾ ധാരണാപത്രം ഒപ്പിട്ടതിന് ശേഷം കേന്ദ്ര സർക്കാർ എസ് എസ് കെ യ്ക്ക് നൽകിയ ഫണ്ടിനു പോലും പ്രസക്തി ഇല്ലാതായി. കാരണം പ്രസ്തുത ഫണ്ട് വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് നിർബന്ധമായും നൽകേണ്ട യൂണിഫോം , പാഠപുസ്തകം എന്നീ ഇനങ്ങളിലേക്ക് അഡ്ജസ്റ്റ് ചെയ്തു കഴിഞ്ഞു. അതായത് പി എം ശ്രീ ധാരണാപത്രം ഒപ്പിട്ടത് കൊണ്ട് ഒരു രൂപ പോലും കേന്ദ്ര സർക്കാർ കേരളത്തിന് തന്നിട്ടില്ല. മറിച്ച് കുട്ടികളുടെ അവകാശങ്ങൾക്ക് മാൻഡേറ്ററി ആയി നൽകേണ്ട തുകയാണ് നൽകിയത്. തമിഴ്നാടിനും ഇത്തരത്തിൽ റീ ഇംബേഴ്സ് ചെയ്തിട്ടുണ്ട്. ( തമിഴ്നാട് ഫയൽ ചെയ്ത കേസിൽ ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. അത്തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണ്.)

മാർച്ച് 31 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മിനിറ്റ്സ് പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരളം കത്തു നൽകി.

തുടർന്ന് മേയ് 20 ന് നടന്ന പ്രോജക്ട് അപ്രൂവൽ ബോർഡ് മീറ്റിങ്ങിൽ പാഠപുസ്തകം , യൂണിഫോം എന്നീ ഇനങ്ങളിൽ കേരളത്തിന് അവകാശപ്പെട്ട ബാക്കി തുകയായ 106.58 കോടി രൂപ കൂടി അനുവദിച്ചു കൊണ്ട് മിനിറ്റ്സ് ലഭിച്ചിട്ടുണ്ട്.

പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. മുൻ സർക്കാർ നിർത്തി വച്ച പി എം ശ്രീ സ്കൂൾ പദ്ധതി തുടരണോ വേണ്ടയോ എന്നത് യു ഡിഎഫ് സർക്കാരിൻ്റെ തീരുമാനമാണ്. മുൻ സർക്കാരിന് പി എം ശ്രീ സ്കൂൾ പദ്ധതിയിൽ ഫണ്ട് ലഭിച്ചു , അത് കൊണ്ട് ഈ സർക്കാരും അത് തുടരണം എന്ന വാദം തികച്ചും കള്ളമാണ്. പി എം ശ്രീ ഫണ്ട് വാങ്ങുന്നത് പോയിട്ട്, ഏതൊക്കെ സ്കൂളുകൾ ആണ് ഈ പദ്ധതിയിൽ വരേണ്ടത് എന്നുള്ള കാര്യം പോലും ഇടതു സർക്കാർ ആലോചിച്ചിട്ടു പോലുമില്ല. മറിച്ച് എസ് എസ് കെയ്ക്ക് ലഭിച്ച ഫണ്ടാകട്ടെ പി എം ശ്രീയുമായി യാതൊരു ബന്ധവുമില്ലാത്തതും മാൻഡേറ്ററി ആയി ലഭിക്കേണ്ടതുമാണ്.

സർക്കാരുകൾ തുടർച്ചയാണ്, അത് കൊണ്ട് മുൻ സർക്കാർ ചെയ്തത് നിലവിലുള്ള സർക്കാർ തുടരേണ്ടതുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി ഒളിപ്പിക്കുന്നത്, മുൻ സർക്കാർ ഈ പദ്ധതി നിർത്തി വച്ചു കഴിഞ്ഞു എന്നതാണ്. പിഎം ശ്രീ പദ്ധതിയിൽ രണ്ട് ഇളവുകൾ തേടും എന്ന് മുഖ്യമന്ത്രി പറഞ്ഞതായി കണ്ടു. എത്ര വിദഗ്ധമായാണ് വസ്തുതകൾ മൂടിവെയ്ക്കുന്നത് എന്ന് അതിശയിച്ചു പോയി. ഒന്ന്, കരിക്കുലം സംസ്ഥാനത്തിന് തയ്യാറാക്കാൻ ആകണം എന്ന് ആവശ്യപ്പെടും. രണ്ട്, പി എം ശ്രീ നടപ്പാക്കുന്ന സ്‌കൂളുകളെ സംസ്ഥാനം തിരഞ്ഞെടുക്കും. ഈ രണ്ടും നിലവിൽ പി എം ശ്രീയിൽ സാദ്ധ്യമാണ് എന്നതാണ് വസ്തുത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V SIVANKUTTY, PMSHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA