
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുടെ ഫണ്ടല്ല ലഭിച്ചതെന്നും എസ്.എസ്.കെ ഫണ്ടാണെന്നും വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞതോടെ, യു.ഡി.എഫിന്റെ ഒരു വാദം കൂടി തെറ്റെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രി ഉൾപ്പെടെ അസത്യം പ്രചരിപ്പിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇവർ ജനങ്ങളോട് മാപ്പു പറയണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വസ്തുതകളെ വളച്ചൊടിക്കുന്നു
പി.എം. ശ്രീ കരാർ ഒപ്പിട്ടത് കൊണ്ട് കേരളത്തിന് അധികമായി ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, എസ്.എസ്.കെ ഫണ്ടായി നൽകേണ്ട തുക പോലും ലഭിച്ചിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വസ്തുതകൾ മറച്ചുവെച്ച് കേരളം കരാർ ഒപ്പിട്ടുവെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് യു.ഡി.എഫ് ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
2000 കോടി നഷ്ടമാകുമെന്ന് മന്ത്രി ഷംസുദ്ദീൻ
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കത്തിൽ സംസ്ഥാന സർക്കാരിന് ഏകദേശം രണ്ടായിരം
കോടി രൂപയുടെ കേന്ദ്ര സഹായം നഷ്ടമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞു.
എസ്.എസ്.കെ പദ്ധതിക്കുള്ള 1154.48 കോടി രൂപയും പി.എം. ശ്രീയിൽ നിന്നും കിട്ടേണ്ട 900 കോടി രൂപയും
ചേർത്താണിത്. മുൻ സർക്കാർ ഒപ്പിട്ട കരാർ പ്രകാരം സംസ്ഥാന സർക്കാരിന് സ്വമേധയാ പദ്ധതിയിൽ നിന്നും പിൻമാറാൻ കഴിയില്ല. പിൻമാറാനുള്ള അവകാശം കേന്ദ്രത്തിന് മാത്രമാണ്. കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് മുൻ സർക്കാർ യാതൊരു വിധത്തിലുള്ള പഠനങ്ങളോ ചർച്ചകളോ നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പി.എംശ്രീയിൽ തെറ്റിദ്ധാരണ പരത്തുന്നു: വി.മുരളീധരൻ
പിഎം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രി വരെ തെറ്റിദ്ധാരണകൾ പരത്തുന്നുവെന്ന് വി.മുരളീധരൻ എം.എൽ.എ. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ പ്രത്യേക കരിക്കുലം എന്നത് കേന്ദ്ര സർക്കാർ പറയാത്ത കാര്യമാണ്. പദ്ധതിയിലേക്കുള്ള സ്കൂളുകളുടെ തിരഞ്ഞെടുപ്പും കേന്ദ്രമല്ല സംസ്ഥാന സർക്കാരാണ് ചെയ്യേണ്ടത്. രാജ്യത്തെ 95% കുട്ടികൾക്ക് ലഭിക്കുന്ന അവകാശങ്ങൾ കേരളത്തിലെ കുട്ടികൾക്ക് നിഷേധിക്കരുത്. ഉയർന്ന വിജയശതമാനം അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് വിദ്യാഭ്യാസ നിലവാരം കുറയുന്നുവെന്ന പഠനങ്ങൾ ഗൗരവത്തിൽ കാണണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |