SignIn
Kerala Kaumudi Online
Tuesday, 04 August 2026 3.05 AM IST

ആവേശം, വള്ളംകളിയുമായി പുന്നമട, സമരവുമായി മുഹമ്മയിൽ

1

 ഒരേ കായൽ... രണ്ട് കഥകൾ

 ആഗസ്റ്റിൽ കാറ്റ് വീശിത്തുടങ്ങുമ്പോൾ വേമ്പനാട്ടുകായലിന് ഒരു പ്രത്യേക താളം കൈവരും. പുന്നമടയുടെ ജലപരപ്പിൽ ചുണ്ടൻവള്ളങ്ങളുടെ നീണ്ട നിഴൽ. തുഴകളുടെ താളം ജലത്തെ വിറപ്പിക്കും. ആയിരങ്ങളുടെ ആർപ്പുവിളി കായലിനെ ഉണർത്തും. അതാണ് നെഹ്രു ട്രോഫി. പക്ഷേ അതേ കായലിന്റെ മറ്റൊരറ്റത്ത് മറ്റൊരു ശബ്ദമുണ്ട്. അത് ആഘോഷത്തിന്റേതല്ല, അതിജീവനത്തിന്റേതാണ്. വള്ളങ്ങൾ വിജയത്തിനായി ജലം കീറി മുറിക്കുമ്പോൾ, മത്സ്യത്തൊഴിലാളികൾ അതേ ജലത്തെ രക്ഷിക്കാനായി പോരാടുകയാണ്. വേമ്പനാട് ഇന്ന് രണ്ട് കഥകൾ ഒരേസമയം എഴുതുന്നു. ഒന്ന് വള്ളികളിയുടെ ആവേശത്തിന്റെ, മുഹമ്മയിൽ സമരാവേശത്തിന്റെ...

നെഹ്രു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക വർദ്ധനവാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഒന്നാം സ്ഥാനത്തിനുള്ള സമ്മാനത്തുക 25 ലക്ഷമായാണ് ഉയർത്തിയത്. സാമ്പത്തിക ബാദ്ധ്യതകൾ കാരണം പ്രതിസന്ധിയിലായിരുന്ന വള്ളസമിതികൾക്കും ക്ലബ്ബുകൾക്കും വൻ ആശ്വാസമേകുന്ന തീരുമാനങ്ങളാണ് എൻ.ടി.ബി.ആർ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പുറത്തുവന്നത്. കെ.സി. വേണുഗോപാൽ എം.പി, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ചത്.

സമ്മാനത്തുകയിലെ മാറ്റങ്ങൾ

സ്ഥാനം പഴയ സമ്മാനത്തുക പുതിയ സമ്മാനത്തുക
ഒന്നാം സ്ഥാനം ₹2,00,000 ₹25,00,000
രണ്ടാം സ്ഥാനം ₹1,50,000 ₹20,00,000
മൂന്നാം സ്ഥാനം ₹1,00,000 ₹15,00,000
നാലാം സ്ഥാനം ₹50,000 ₹10,00,000

ഇതിനുപുറമേ, വള്ളങ്ങൾക്ക് നൽകിയിരുന്ന ബോണസ് തുകയിൽ 25 ശതമാനം വർദ്ധനവ് വരുത്തി. മുൻപ് ലഭിച്ചിരുന്ന 6.60 ലക്ഷം രൂപ എന്നത് ഇതോടെ 8.25 ലക്ഷം രൂപയായി ഉയർന്നു. ഫലത്തിൽ, ഒന്നാം സ്ഥാനം നേടുന്ന ചുണ്ടൻ വള്ളത്തിന് മുൻപ് ബോണസ് ഉൾപ്പെടെ 8.60 ലക്ഷം രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇനിമുതൽ 33.25 ലക്ഷം രൂപ ലഭിക്കും. കൂടാതെ, നെഹ്റു ട്രോഫി വള്ളംകളിക്കായി സർക്കാർ നൽകിവരുന്ന സ്ഥിരം സഹായധനം ഒരു കോടിയിൽ നിന്നും രണ്ട് കോടിയായി ഉയർത്തുമെന്നും ചാമ്പ്യൻസ് ബോട്ട് ലീഗിനായി 11 കോടി നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി വിഷ്ണുനാഥ് അറിയിച്ചിട്ടുണ്ട്.

വള്ളംകളി മേഖലയ്ക്ക് പ്രതീക്ഷിക്കാവുന്ന പ്രധാന ഗുണങ്ങൾ

  • വള്ളസമിതികളുടെ സാമ്പത്തിക ഭാരം കുറയും: ഒരു ചുണ്ടൻ വള്ളം മത്സരത്തിന് ഇറക്കണമെങ്കിൽ പരിശീലന ചെലവും തുഴച്ചിൽക്കാരുടെ ബത്തയും ഉൾപ്പെടെ നാൽപ്പത് മുതൽ അമ്പത് ലക്ഷം രൂപ വരെ ചെലവ് വരാറുണ്ട്. സമ്മാനത്തുക കുത്തനെ കൂട്ടിയത് പ്രാദേശിക ക്ലബ്ബുകൾക്ക് വൻ സാമ്പത്തിക കൈത്താങ്ങാകും.

  • മത്സര തീവ്രത വർദ്ധിക്കും: മികച്ച സമ്മാനത്തുക എത്തിയതോടെ വിജയികളാകാൻ കൂടുതൽ കടുത്ത മത്സരവും പ്രൊഫഷണൽ രീതിയിലുള്ള പരിശീലനവും ബോട്ട് ക്ലബ്ബുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇത് മത്സരത്തിന്റെ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തും.

  • കായികതാരങ്ങൾക്ക് അർഹമായ പ്രതിഫലം: വള്ളംകളിയെ പ്രൊഫഷണൽ കായികവിനോദമായി കാണുന്ന തുഴച്ചിൽകാർക്ക് കൂടുതൽ മികച്ച പ്രതിഫലവും ആനുകൂല്യങ്ങളും നൽകാൻ ക്ലബ്ബുകൾക്ക് സാധിക്കും.

  • സി.ബി.എല്ലിന്റെ തിരിച്ചുവരവും ടൂറിസം മുന്നേറ്റവും: ചാമ്പ്യൻസ് ബോട്ട് ലീഗിനായി 11 കോടി നീക്കിവെച്ചതും നെഹ്രു ട്രോഫിക്കുള്ള ഗ്രാൻഡ് ഇരട്ടിയാക്കിയതും കുട്ടനാടൻ ടൂറിസം മേഖലയ്ക്ക് വൻ കുതിപ്പേകും. നെഹ്രു ട്രോഫിയും സി.ബി.എല്ലും കൃത്യമായി നടക്കുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും.

ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യത കാരണം വള്ളംകളി ഉപേക്ഷിക്കാൻ ആലോചിച്ചിരുന്ന പല സമിതികൾക്കും സർക്കാരിന്റെയും സംഘാടക സമിതിയുടെയും ഈ പ്രഖ്യാപനം നൽകുന്നത് പുതിയ ദിശാബോധവും വൻ ആവേശവുമാണ്. പുന്നമടക്കായലിൽ ഇനി കൂടുതൽ വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾ കാണാമെന്ന ഉറപ്പിലാണ് ജലമേള പ്രേമികൾ.

വേമ്പനാട്ടുകായലിനെ സംരക്ഷിക്കാൻ മത്സ്യത്തൊഴിലാളികൾ

പുന്നമടക്കായലുൾപ്പെടുന്ന വേമ്പനാട്ട് കായലിലെ അശാസ്ത്രീയ ഡ്രഡ്ജിംഗിനെതിരെ മുഹമ്മയിലെ മത്സ്യത്തൊഴിലാളികളും കക്കാ തൊഴിലാളികളും നാട്ടുകാരും സമരമുഖത്തിറങ്ങി. പുന്നപ്ര–വയലാർ സമരത്തിന്റെ ചരിത്രം ഓർമ്മിപ്പിക്കുന്ന ജൂലായ് 27-നാണ് സമരവുമായെത്തിയത്. വേമ്പനാട്ട് കായലിനെയും പാതിരാമണൽ ദ്വീപിനെയും സംരക്ഷിക്കണമെന്നായിരുന്നു ആവശ്യം. കായലിൽ നിർദ്ദേശിച്ച ഡ്രഡ്ജിംഗ് അശാസ്ത്രീയമായി നടപ്പാക്കിയാൽ, മുഹമ്മയുടെ തീരങ്ങൾ ഇടിഞ്ഞ് ഇല്ലാതാകുമെന്നും, പാതിരാമണൽ ദ്വീപിന്റെ നിലനിൽപ്പിനും ഭീഷണിയാകുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. ഇതിനകം തന്നെ തീരശോഷണവും ദ്വീപിന്റെ വിസ്തൃതി കുറഞ്ഞതും ആശങ്കയുണ്ടാക്കുന്നുണ്ട്. സമഗ്രമായ പരിസ്ഥിതി പഠനവും നിയമാനുസൃതമായ അനുമതികളും ഇല്ലാതെ ഡ്രഡ്ജിങ് ആരംഭിക്കരുതെന്നാണ് ആവശ്യം.

 പ്രധാന ആക്ഷേപങ്ങൾ ഇവ


അനുവദിച്ച പരിധിക്ക് പുറത്തേക്ക് രാത്രികാലങ്ങളിൽ കരയോട് ചേർന്ന് മണ്ണെടുക്കുന്നു

ഡ്രഡ്ജ് ചെയ്യുന്ന ചെളി വീണ്ടും കായലിലേക്ക് തള്ളുന്നു

ഇതിന്റെ ഫലമായി കായലിൽ വലിയ ചെളിക്കൂമ്പാരങ്ങൾ രൂപപ്പെടുന്നു

മത്സ്യബന്ധനത്തെയും കക്കാ ശേഖരണത്തെയും പ്രതികൂലമായി ബാധിക്കുന്നു

മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം

മുഹമ്മയുടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെയും കക്കാ തൊഴിലാളികളുടെയും ഉപജീവനമാണ് വേമ്പനാട്ട് കായൽ. സംസ്ഥാനത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വളർന്നുവരുന്ന പാതിരാമണൽ ദ്വീപിന്റെ ഭാവിയും ഈ കായലുമായി ബന്ധപ്പെട്ടു കിടക്കുന്നു. മുഹമ്മയുടെ പ്രകൃതിയെയും ജനങ്ങളുടെ ജീവിതോപാധിയെയും ബലിയർപ്പിച്ചുള്ള വികസനം അംഗീകരിക്കാനാകില്ലെന്ന് സമരനേതാക്കൾ വ്യക്തമാക്കി.

 വേമ്പനാട്ട് കായൽ മുഹമ്മയുടെ അക്ഷയപാത്രമാണ്; അത് നശിച്ചാൽ ഒരു ജലാശയം മാത്രമല്ല, ഒരു നാടിന്റെ ജീവിതവും ചരിത്രവും സംസ്കാരവും കൂടിയാണ് നഷ്ടമാകുക. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം, മുഹമ്മ ഒന്നാകെ അണിനിരന്ന് ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകും

 സമര സമിതി നേതാക്കൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY