
''മക്കളേ,
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം ശേഖരിക്കാൻ ഒരു സംഘടനയുടെ പ്രവർത്തകർ വലിയ ബിസിനസുകാരനെ കണ്ടു. കഷ്ടപ്പെടുന്നവരുടെ ദയനീയസ്ഥിതി അവർ ഏറെനേരം വിവരിച്ചു. അതു കേട്ടാൽ ആരുടെയും മനസലിയുമായിരുന്നു. എന്നാൽ ബിസിനസുകാരന് അതു കേൾക്കാൻ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. നിരാശരായി അവർ തിരിച്ചുപോകാനൊരുങ്ങി. അപ്പോൾ ബിസിനസുകാരൻ പറഞ്ഞു. ''നിൽക്കൂ, ഞാൻ നിങ്ങളോ
ടൊരു ചോദ്യം ചോദിക്കാം. ശരിയുത്തരം നൽകിയാൽ നിങ്ങളെ സഹായിക്കാം. എന്റെ ഒരു കണ്ണു കൃത്രിമമാണ്. അത് കണ്ടുപിടിക്കാൻ കഴിയുമോ''! ജീവകാരുണ്യ പ്രവർത്തകർ സൂക്ഷിച്ചു നോക്കി. അവരിലൊരാൾ പറഞ്ഞു. ''ഇടതു കണ്ണാണു കൃത്രിമം''
'അദ്ഭുതം! ഇന്നുവരെ മറ്റാർക്കും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. അത്ര വിലകൂടിയതായിരുന്നു കൃത്രിമക്കണ്ണ്. എന്നിട്ടും നിങ്ങൾക്ക് അതെങ്ങനെ കണ്ടുപിടിച്ചു''. സാമൂഹ്യപ്രവർത്തകൻ പറഞ്ഞു, ''അത് വളരെ എളുപ്പമായിരുന്നു. ഞാൻ നിങ്ങളുടെ രണ്ടു കണ്ണുകളിലേയ്ക്കും സൂക്ഷിച്ചുനോക്കി. ഇടതു കണ്ണിൽ അല്പം കാരുണ്യത്തിന്റെ നനവു കണ്ടു. എന്നാൽ വലതു കണ്ണ് തീർത്തും കല്ലുപോലെ തോന്നിച്ചു. അപ്പോൾ തീർച്ചയാക്കി നിങ്ങളുടെ യഥാർത്ഥ കണ്ണ് വലത്തേതാണെന്ന്''.
ഈ ബിസിനസുകാരൻ നമ്മുടെ കാലഘട്ടത്തിന്റെ പ്രതീകമാണ്. ചുറ്റുമുള്ളവരുടെ ജീവിതത്തെക്കുറിച്ചും അവരുടെ ദുഃഖങ്ങളെ കുറിച്ചും യാതൊരു ചിന്തയുമില്ലാതെ സ്വന്തം സുഖത്തിലും നേട്ടത്തിനും മാത്രം കണ്ണുനീട്ടിരിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. തനിക്കുള്ളത് ഇല്ലാത്തവർക്ക് കൂടി പങ്കുവയ്ക്കുന്ന സംസ്‌കാരം പണ്ട് നമുക്കുണ്ടായിരുന്നു. മറ്റുള്ളവരുടെ സന്തോഷം തന്റെ സന്തോഷമായും ദുഃഖം തന്റേതായും കാണുന്ന ദർശനം അതിനു ശക്തി പകരുകയും ചെയ്തു. അത് നമുക്ക് കൈമോശം വന്ന പോലെ.
അഹങ്കാരത്താൽ ചൂടു പിടിച്ച തലകളും, സ്വാർത്ഥതയാൽ തണുത്തുറഞ്ഞ ഹൃദയങ്ങളുമാണ് നമുക്കുള്ളത്. എന്നാൽ വേണ്ടതു നേരെതിരിച്ചാണ്. ഹൃദയത്തിൽ സ്‌നേഹത്തിന്റെ കാരുണ്യത്തിന്റെ ഊഷ്മളത വേണം. അതോടൊപ്പം തലയിൽ അറിവിന്റെ വിശാലതയുടെ കുളിർമയും വേണം.
അഞ്ഞുറ് രൂപയ്ക്കും വാച്ച് വാങ്ങാം. അഞ്ച് ലക്ഷം രൂപയ്ക്കും കിട്ടും. സമയമറിയാൻ അഞ്ഞൂറ് രൂപയുടെ വാച്ച് ധാരാളം മതിയാകുമെന്നിരിക്കെ അതുകൊണ്ട് തൃപ്തിപ്പെട്ട് മിച്ചമുള്ള പണം കഷ്ടപ്പെടുന്നവരുടെ സേവനത്തിനായി മാറ്റിവയ്ക്കാൻ നമ്മൾ തയ്യാറാകുന്നെങ്കിൽ അതിലൂടെ നമ്മൾ നമ്മെയും ലോകത്തെയും ഒരേ സമയം ഉദ്ധരിക്കുകയാണ് ചെയ്യുന്നത്. അതിൽ നിന്ന് ലഭിക്കുന്ന സംതൃപ്തിയും സന്തോഷവും ഹൃദയപൂർവ്വം അത്തരം സേവനം ചെയ്തവർക്ക് മാത്രമേ അറിയൂ
സ്‌നേഹവും കാരുണ്യവുമാണു നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. അതിന്നു നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. സഹാനുഭൂതിയുടെയും സ്‌നേഹത്തിന്റെയും നനവ് നമ്മുടെ കണ്ണുകളിലേക്കു തിരിച്ചുകൊണ്ടു വരാതെ നമുക്കു രക്ഷയില്ല. ലോകത്തിനു രക്ഷയില്ല.ആ ആർദ്രതയെ നമ്മുടെ ഉള്ളിൽ ഉണർത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |