SignIn
Kerala Kaumudi Online
Sunday, 20 September 2026 3.02 AM IST

തൂഫാനെ തൂക്കിവിൽക്കുന്ന ദൗത്യസേനാംഗങ്ങൾ

1

കേരളമൊട്ടുക്കും റെയ്ഡുകളുടെയും പിടിച്ചെടുക്കലുകളുടെയും പൂരം നടക്കുകയാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം 'തൂഫാൻ' എന്ന പേരിൽ പൊലീസും എക്‌സൈസും ഉറക്കമൊഴിച്ച് നെട്ടോട്ടമോടുന്നു. കോടികളുടെ ലഹരിമരുന്നുകൾ മുക്കിലും മൂലയിലും നിന്ന് പൊക്കുന്നു; വലിയ വമ്പന്മാർ പോലും പൂട്ടപ്പെടുന്നു. ജനം കൈയടിച്ചു. എന്നാൽ, ഈ കൈയടികൾക്കിടയിലാണ് വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ ആരും പ്രതീക്ഷിക്കാത്ത ആ തിരിമറി നടക്കുന്നത്. സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ ആ കഥയിലെ നായകൻ മറ്റാരുമല്ല, സീനിയർ പൊലീസ് ഓഫീസർ ടി. സബിത്ത്!. കോടതി തൊണ്ടി മുതലായി ഏൽപ്പിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് ഈ വിരുതൻ കടത്തി.

നമ്മുടെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരം കേരളത്തിലെങ്ങും തൂഫാനായി ഊണും ഉറക്കവും ഉപേക്ഷിച്ച് പൊലീസും എക്സൈസും രംഗത്തുണ്ട്. ഞെട്ടിപ്പിക്കുന്ന തരത്തിലുളള ലഹരി വസ്തുക്കളാണ് കേരളത്തിന്റെ മുക്കിലും മൂലയിലും നിന്നുമായി ദിനം പ്രതി പിടിച്ച് കൊണ്ടിരിക്കുന്നത്. ഇതിന് മുമ്പൊന്നും നടക്കാത്ത ഒരു വലിയ ഓപ്പറേഷനാണ് തൂഫാനായി നടക്കുന്നത്. ലഹരി കടത്തുന്ന ഒരു വലിയ സംഘത്തെ തന്നെ സർക്കാർ ഇതിനകം പൂട്ടി. വളരെ അഭിനന്ദനാർഹമായ നടപടി. ഇതിനെ അഭിനന്ദിക്കാതിരിക്കാതെ തരമില്ല.

സ്ത്രീകൾ ഉൾപ്പെടെയുളള സംഘമാണ് ലഹരി കടത്തിന് പിന്നിൽ. ഇതിൽ വിദ്യാർത്ഥികളുടെ പങ്കും ഞെട്ടിപ്പിക്കുന്നതാണ്. ഇങ്ങനെ ലഹരി കടത്തിന് തടയിടാൻ വേണ്ടി പൊലീസും എക്സൈസും സജീവമായി രംഗത്തിറങ്ങുന്ന വേളയിൽ വയനാട്ടിൽ ഒരു പൊലീസുകാരൻ സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്ന ഒരു പ്രവൃത്തി ചെയ്തു. കോടതി തൊണ്ടി മുതലായി ഏൽപ്പിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് ഈ വിരുതൻ കടത്തി. മറ്റാരുമല്ല.സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ ടി.സബിത്ത്.

കഴിഞ്ഞ ജൂൺ 26-നാണ് സുൽത്താൻ ബത്തേരി പൊലീസ് ദൊട്ടപ്പൻകുളത്തെ ഒരു വീട്ടിൽ നിന്ന് നിരോധിതപുകയില ഉത്പന്നമായ 7 ചാക്ക് നിരോധിത പുകയില വസ്തുക്കൾ പിടികൂടിയത്. ബത്തേരി കോടതിയിൽ ഹാജരാക്കിയ തൊണ്ടി മുതലായ നിരോധിത പുകയില വസ്തുക്കൾ കോടതി തിരികെ പൊലീസിന് തന്നെ സൂക്ഷിക്കാനായി ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ പത്തിനാണ് മോഷണം പുറത്തറിഞ്ഞത്. എന്നിട്ട് ഒളിവിൽ പോയ ഈ മാന്യൻ കൊച്ചിയിൽ വച്ച് ദൃശ്യമാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കാണാതായി എന്ന് പറയപ്പെടുന്ന സാധനം നിലവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ തന്നെയുണ്ടെന്ന വെളിപ്പെടുത്തലുമായാണ് ദൃശ്യമാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്നത്.

സബിത്ത് പറഞ്ഞ കാര്യങ്ങൾ എന്താണെന്നല്ലേ ?

"ലഹരി വസ്തു ഞാൻ എടുത്ത് കൊണ്ടുപോയിട്ടില്ല.ആഗസ്റ്റ് 20-ന് രാത്രി നൈറ്റ് ഡ്യൂട്ടിയായിരുന്നു. രാത്രി തൊണ്ടി സാധനം വയ്ക്കുന്ന റൂമിന്റെ പുറത്ത് കുറച്ച് ചാക്ക് കെട്ടുകൾ കിടക്കുന്നത് കണ്ടു. തിരികെ അവിടേയ്ക്ക് വെയ്ക്കാൻ നോക്കിയപ്പോൾ താക്കോൽ കണ്ടില്ല. ലഹരി വസ്തുക്കൾ അടങ്ങിയ ചാക്കുകൾ സ്റ്റേഷന് പുറത്ത് സൂക്ഷിക്കുന്ന വിവരം അറിയാവുന്നതിനാൽ ഡിവൈ.എസ് .പി ഓഫീസിന്റെ പിറകിലുള്ള ക്വാർട്ടേഴ്സ് റൂമിൽ സ്വന്തം വണ്ടിയിൽ കൊണ്ടുപോയി വെച്ചു. ഈ വിവരം മുകളിലുള്ളവരെ അറിയിച്ചില്ല. താമസിച്ചതിനാൽ ഐ.പിയെ വിളിച്ചറിയിച്ചില്ല. രാവിലെ പറയാമെന്ന് കരുതിയെങ്കിലും തിരക്കിട്ട് ഡ്യൂട്ടിക്കിറങ്ങി പോവുകയായിരുന്നു. അടുത്തദിവസം മുതൽ ലീവിലുമായിരുന്നു. വാർത്ത വന്നശേഷമാണ് ഞാനാണ് പ്രതിയെന്നറിയുന്നത്.'' സീനിയർ പൊലീസ് ഓഫീസർ ടി.സബിത്തിന്റെ ദൃശ്യമാദ്ധ്യമങ്ങൾക്ക് മുമ്പിലെ വെളിപ്പെടുത്തലാണിത്. താൻ നിരപരാധിയാണെന്ന് വീട്ടുകാരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയതായും വെളിപ്പെടുത്തുന്നു. ഏതായാലും വിവരം അറിഞ്ഞയുടൻ തന്നെ ജില്ലാ പൊലീസ് മേധാവി എസ്. ദേവ് മനോഹർ ഇയാളെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്ത് വകുപ്പ് തല നടപടി സ്വീകരിച്ചത്. ലഹരിവസ്തു കളവ് നടത്തിയ ഇയാൾക്കായി സേന വലവീശി കേരളമാകെ അലയുന്നു.

എവിടെ ഉണ്ടെന്ന് പോലും അറിയുന്നില്ലത്രേ. അല്ലെങ്കിൽ അറിയുന്നില്ലെന്ന് നടിക്കുകയാണോ?. ഇയാള് കാരണം എന്തെല്ലാം സംഭവങ്ങളാണ് നടന്നത്. മാന്യമായി ജോലി ചെയ്ത സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരടക്കം 22 പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സ്ഥലം മാറ്റി. എന്നാൽ സബിത്തിന്റെ കച്ചവടവുമായി ബന്ധമുളള ചിലർ ഇപ്പോഴും പരിക്കൊന്നും ഏൽക്കാതെ സേനയിൽ നടപടിക്ക് വിധേയരാകാതെ കഴിയുന്നു എന്നത് മറ്റൊരു സത്യം. തൊണ്ടി മുതലായ നിരോധിത പുകയില ഉത്പന്നം കടത്തിയ കേസിലെ പ്രതിയായ പൊലീസുകാരന്റെ വെളിപ്പെടുത്തൽ രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്ന് അന്വേഷണ സംഘം പറയുന്നു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്ത് വകുപ്പുതല നടപടി സ്വീകരിച്ചത്. എന്നാൽ ചില ചാനലുകളിലൂടെ പ്രതി നടത്തിയ വെളിപ്പെടുത്തലുകൾ രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി എം.എം.അബ്ദുൾകരീം വ്യക്തമാക്കി. ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തൽ വെറും തന്ത്രം മാത്രമാണ്. പത്തറുപത് പൊലീസുകാരുള്ള ഒരു പൊലീസ് സ്റ്റേഷനിൽ ആരോടെങ്കിലും ഇയാൾക്ക് കാര്യങ്ങൾ പറയാൻ കഴിയുമായിരുന്നുവെന്നാണ് സ്റ്റേഷനിലെ മറ്റ് പൊലീസുകാരും പറയുന്നത്. അതൊന്നും ചെയ്യാതെയാണ് ചാനലിലൂടെയുള്ള വെളിപ്പെടുത്തൽ.

#

സബിത്തിനെ കണ്ടവരുണ്ടോ?

ജൂലായ് 19-ന് രാത്രി സബിത്തിന് സ്റ്റേഷന്റെ ജി.ഡി ചാർജായിരുന്നു. പുലർച്ചെ സ്റ്റോർ റൂം തുറന്ന് സ്വന്തം കാറിൽ നിരോധിത ലഹരി വസ്തു കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യമാണ് സി.സി ടി.വി പരിശോധിച്ചപ്പോൾ ലഭിച്ചത്. ഒരാഴ്ചയായി മെഡിക്കൽ ലീവിൽപോയിരുന്ന ഇയാൾ മോഷണവിവരം പുറത്തറിഞ്ഞതോടെ മുങ്ങി. അവസാനമായി ഇയാളുടെ ഫോണിന്റെ ടവർ ലൊക്കേഷൻ കാണിച്ചത് അമ്പലവയലിലാണ്. ഇയാളുടെ വീട്ടിൽ പൊലീസ് അന്വേഷിച്ച് ചെന്നങ്കിലും കണ്ടെത്താനായില്ല.മൊബൈൽ ഫോണും സ്വിച്ച്ഡ് ഓഫ് ആണ്. ഇതിനിടെ പൊലിസ് സ്റ്റേഷൻ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില ഉത്പന്നം കടത്താൻ സബിത്ത് ഉപയോഗിച്ച കാറ് അന്വേഷണസംഘം മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്.

എറണാകുളത്ത് പോവുകയാണെന്നും തിരികെ വരുമ്പോൾ എടുക്കാം എന്നും പറഞ്ഞാണ് കാർ സുഹൃത്തിനെ ഏൽപ്പിച്ചത്. ഇക്കഴിഞ്ഞ ജൂലായ് 19 നാണ് സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതലായ നിരോധിത പുകയില ഉത്പന്നം മോഷണം പോയത്. സ്റ്റോർ മുറി വൃത്തിയാക്കാനായി തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജൂലായ് പത്തൊമ്പതിന് പുലർച്ചെ ജി.ഡി ചാർജിലുണ്ടായിരുന്ന സബിത്തിനെതിരെ കേസെടുത്തത്. സംഭവം പുറത്തറിഞ്ഞ ഈ മാസം പത്ത് മുതൽ സബിത്ത് ഒളിവിലാണ്. സുൽത്താൻബത്തേരി ഡിവൈ.എസ്.പി എം.എം.അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സബിത്തിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്. നാല് സംഘങ്ങളായി തിരിഞ്ഞാണ് സബിത്തിനായി തെരച്ചിൽ നടത്തുന്നത്. സബിത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകൾ അടക്കം സമര മുഖത്താണ്.

#

വാൽക്കഷണം: പണമിടപാടുമായി ബന്ധപ്പെട്ട സിവിൽ കേസിൽ വിചാരണയ്ക്ക് ശേഷം പുറത്തിറങ്ങിയ സബിത്ത് എതിർഭാഗം സീനിയർ അഭിഭാഷകനായ പി.കെ. നാരായണനെ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തുവത്രെ. ഇങ്ങനെയൊരു കേസ് കൽപ്പറ്റ പൊലീസ് സ്റ്റേഷനിലും ഉണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY