SignIn
Kerala Kaumudi Online
Sunday, 20 September 2026 3.02 AM IST

സ്പാകളുടെ മറവിൽ കുടിയേറുന്ന നിഴലുകൾ

1

 കണ്ണൂർ നഗരത്തിലെ ആയുഷ് സ്പായുടെ തിളങ്ങുന്ന കണ്ണാടിവാതിലുകൾക്കപ്പുറം, ശാന്തമായ അന്തരീക്ഷത്തിൽ മൃദുസംഗീതം ഒഴുകിനടന്നിരുന്നു. വിദഗ്ദ്ധമായ മസാജും പരിചരണവും തേടി പലരും വന്നുപോയി. പുറമെ കാണുന്ന ഈ ശാന്തതയ്ക്ക് പിന്നിൽ, രാജ്യത്തിന്റെ അതിർത്തികളും കടന്നെത്തിയ വലിയ രഹസ്യം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. എന്നാൽ, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ണുകളിൽ ആ തിളക്കം സംശയത്തിന്റെ കനലായി പടർന്നു. സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ് ഭരത് റെഡ്ഡിക്ക് ലഭിച്ച ആ രഹസ്യസന്ദേശം ഒരു വമ്പൻ വലവീശലിന്റെ തുടക്കമായിരുന്നു.

അതിർത്തി കടന്ന് അനധികൃതമായി ജില്ലയിലെത്തിയ നാല് ബംഗ്ലാദേശ് യുവതികൾ കഴിഞ്ഞദിവസം പൊലീസ് പിടിയിലായി. മതിയായ യാത്രാരേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ച് കണ്ണൂരിൽ താമസിച്ചുവന്ന നാല് വനിതകൾ സ്പായിൽ ജോലി ചെയ്ത് വരികയായിരുന്നു. മതിയായ രേഖകളില്ലാതെ തുറക്കപ്പെടുന്ന അനധികൃത കുടിയേറ്റത്തിന്റെ വാതിലുകളിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്. സ്പാകൾ, ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് നിരീക്ഷണവും തിരിച്ചറിയൽ രേഖകളുടെ പരിശോധനയും കൂടുതൽ ശക്തമാക്കേണ്ടതിന്റെ പ്രധാന്യം ഈ സംഭവങ്ങൾ തുറന്നു കാട്ടുന്നു. ബംഗ്ലാദേശിൽ നിന്ന് കൊൽക്കത്ത അതിർത്തി വഴി ഇന്ത്യയിലെത്തി, വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയാണ് ഇവർ ജോലി ചെയ്തിരുന്നത്. ബംഗ്ലാദേശ് സ്വദേശിനികളായ ജമാൽപൂരിലെ നസ്മ അക്തർ (40), ഖുൽനയിലെ തസ്ലീമ ഖാത്തൂൺ (25), ഖുൽനയിലെ മോയ്ന ഖാത്തൂൺ (29), നസ്റിൻ (30) എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ടി.കെ.അഖിലും സംഘവും താമസ സ്ഥലത്തുനിന്ന് പിടികൂടിയത്. വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കാൻ പ്രത്യേക ഏജൻസികളുണ്ടെന്ന് അറസ്റ്റിലായ സലീന ഖാൻ ടൗൺ പൊലീസിന് മൊഴി നൽകി.

സലീന ഖാൻ നൽകിയ വിവരത്തെത്തുടർന്നാണ് മറ്റ് നാലുപേരെ പൊലീസ് പിടികൂടിയത്. ബംഗളുരുവിൽ നിന്നാണ് സലീന ഖാൻ കണ്ണൂരിലെ സ്പായിലെത്തിയത്. ബെംഗളൂരുവിൽ നിന്ന് ഇത്തരക്കാരെ ജോലിക്കെത്തിക്കാനും പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ട്. പിടിയിലായ ഈ നാല് യുവതികളും കക്കാട് ഒണ്ടേൻപറമ്പിന് സമീപത്തെ ഫർസീൻ ക്വാർട്ടേഴ്സിലാണ് താമസം. കണ്ണൂരിലെ ആയുഷ് സ്പാ നടത്തുന്ന ബെപിൻ എന്നയാൾക്ക് വാടകയ്ക്ക് നൽകിയ സ്ഥലമാണിത്. കണ്ണൂരിൽ സ്പായിൽ ജോലി ചെയ്തുവരുന്ന യുവതികൾ കക്കാട് ഒണ്ടേൻ പറമ്പിന് സമീപത്തെ ഫർസീൻ ക്വാർട്ടേഴ്സിലാണ് താമസിച്ചു വന്നത്. ഇവരിൽ നിന്നും പിടിച്ചെടുത്ത ഫോൺ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മൂവരുടേയും പേരിലുള്ള ബംഗ്ലദേശ് ഐ.ഡി കാർഡും ജനന സർട്ടിഫിക്കറ്റും കണ്ടെത്തിയത്. ഇവ തങ്ങളുടേതാണെന്ന് പിടിയിലായവർ സമ്മതിച്ചു. തങ്ങളെ ഇവിടെ കൊണ്ടുവന്നത് ബോസ് ആയ ബെപിൻ ആണെന്നും, മോയ്നയും നസ്മയും ഒരിക്കൽ ബംഗ്ലാദേശിലേക്ക് തിരികെ പോയപ്പോൾ ബെപിൻ തിരികെ വിളിച്ച് കൊണ്ടുവന്നതാണെന്നും പ്രതികൾ മൊഴി നൽകി.

 കക്കാടത്തെ ക്വാർട്ടേഴ്സും 'വ്യാജ' നിഴലും


രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് രഹസ്യവിവരം നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സ്പാ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. മതിയായ യോഗ്യതകളില്ലാതെയാണ് ഇവരിൽ പലരും ജോലി ചെയ്യുന്നതെന്നും പൊലീസ് കണ്ടെത്തി. സംഭവത്തെ തുടർന്ന് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു. പാസ്‌പോർട്ടും വീസയുമില്ലാതെ ബംഗ്ലാദേശിൽ നിന്നെത്തിയ ജില്ലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ കണ്ടെത്താനായി പൊലീസ് പരിശോധന കർശനമാക്കി. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യുവതികളെ എത്തിക്കാൻ സംസ്ഥാനത്തിന് അകത്തും പുറത്തും വലിയ ഏജൻസികളുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ബംഗ്ലാദേശിൽ നിന്ന് അതിർത്തി കടത്താൻ ഏജന്റുമാരുണ്ട്. നേരേ പശ്ചിമബംഗാളിലേക്കാണ് എത്തുന്നത്. അവിടെ നിന്ന് ഫോട്ടോയെടുത്ത് വ്യാജ ആധാർകാർഡും മൊബൈൽ സിം കാർഡും സംഘടിപ്പിക്കും. തുടർന്നാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി യാത്ര തുടങ്ങുന്നത്. എവിടെയെങ്കിലും പൊലീസ് പരിശോധനയുണ്ടായാൽ ആധാർ കാർഡിലെ ഫോട്ടോയും കണ്ണിലെ കൃഷ്ണമണിയും പരിശോധിച്ചാൽ ആധാർ കാർഡിലുള്ള ആൾ തന്നെയാകും. എന്നാൽ അവരുടെ മേൽവിലാസം കൃത്യമായിരിക്കില്ല. ബംഗ്ലാദേശി പൗരന്മാർ ഇനിയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന വ്യാപിപ്പിക്കും. റിമാൻഡ് കാലാവധി കഴിഞ്ഞാൽ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബി.വി.വിജയ് ഭരത് റെഡ്ഡി പറഞ്ഞു.

അതിർത്തി കടത്തുന്ന "സൂത്രധാരന്മാർ"

ബംഗ്ലാദേശി വനിതകൾ കൃത്യമായ രേഖകളില്ലാതെ സ്പാകളിൽ ജോലിക്കെത്തിയതിനെ തുടർന്ന് നഗരത്തിലെ സ്പാകളിൽ പൊലീസിന്റെ കർശന നിരീക്ഷണം തുടരുകയാണ്. നഗരത്തിലെ മുഴുവൻ സ്പാകളിലെയും ഉടമകളോട് ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. പിടിയിലായവർ ജോലി ചെയ്ത മറ്റ് സ്പാകളിലും പൊലീസ് പരിശോധന നടക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും . സ്പായിൽ ജോലിക്കായിട്ടാണ് പലരും കേരളത്തിലെത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഏജന്റ് മുഖേന മുംബയിൽ നിന്നാണ് പ്രധാനമായും റിക്രൂട്ട്മെന്റ് നടത്തുന്നത്. ജോലി ചെയ്യുന്ന സ്ഥാപനവും താമസസ്ഥലവും വിട്ട് ഇവർ എവിടെയും പോകാറില്ല.

ഒഴിവു ദിവസങ്ങളിൽ പോലും ജോലി ചെയ്യും. ശമ്പളത്തിന് പുറമെ വലിയ തുക ടിപ്പായും ലഭിക്കുമെന്നുള്ളതാണ് ഈ മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നത്. 20 മുതൽ 50 വയസ് വരെയുള്ളവരാണ് പ്രധാനമായും എത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. ജോലിക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മുഴുവൻ വിവരങ്ങളും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കണമെന്ന് നേരത്തെ തന്നെ നി‌‌‌ർദ്ദേശം നൽകിയിരുന്നെങ്കിലും തൊഴിലുടമകളൊന്നും ഇത് പാലിക്കുന്നില്ല. കണ്ണൂരിലെ വിവിധ ഇടങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഇവരെല്ലാം എവിടുന്ന് വരുന്നവരാണെന്ന് തുടങ്ങിയ വിവരങ്ങളൊന്നും കൃത്യമായി അന്വേഷിക്കുന്നില്ല. വ്യാജരേഖകൾ ചമച്ചോ അല്ലെങ്കിൽ യാതൊരു രേഖകളും പരിശോധിക്കാതെയോ വിദേശികളെ ജോലിക്കെടുക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെയും അവരെ ഇവിടെയെത്തിക്കാൻ സഹായിക്കുന്ന ഏജന്റുമാർക്കെതിരെയും കർശന നിയമ നടപടി ആവശ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY