
വീടിന്റെ ഏതെങ്കിലും കോണിലിരുന്ന് ജനൽകാഴ്ചയായി പുറംലോകത്തെ കാണുന്നതാണ് എൺപതു പിന്നിട്ട ഒരാൾക്ക് സാധാരണനിലയിൽ സാധിക്കുന്നത്. എന്നാൽ മട്ടന്നൂർ ഗാന്ധി റോഡിലെ മിഥിലയിലെ ഡോ.നാരായണൻ പുതുശ്ശേരി എന്ന എൺപതുകാരനിൽ ഈ പതിവ് തെറ്റും. ഏഴ് ഭൂഖണ്ഡങ്ങളിലുമായി 50 രാജ്യങ്ങളുടെ അതിർത്തികൾ കടന്നു മുന്നേറുകയാണ് ഇദ്ദേഹത്തിന്റെ കർമ്മകാണ്ഡം.
പ്രായം കൂടുന്തോറും യാത്രയോട് കൊതി കൂടുകയാണെന്ന് നിറഞ്ഞ ചിരിയോടെ പുതുശ്ശേരി പറയുന്നു. ഒരു യാത്രയും വെറും കൗതുകത്തിന്റെ പേരിലല്ല. ഭാരതീയ പൈതൃകത്തിലും ആത്മീയതയുടെ ആഴങ്ങളിലും ഇറങ്ങിയ ഒരു ഒരു അന്വേഷിയുടെ അറിവിനോടുള്ള ദാഹമാണ് ഇദ്ദേഹത്തെ ഭൂഖണ്ഡങ്ങൾ തോറുമെത്തിക്കുന്നത്.
മിഥിലയിൽനിന്ന് ഇറങ്ങുന്ന ഓരോ യാത്രയും എന്നെ എന്നിലേക്കുതന്നെ തിരികെയെത്തിക്കുന്നു. ഓരോ യാത്ര കഴിയുമ്പോഴും ഞാൻ കുറേക്കൂടി സമ്പന്നനായി, കുറേക്കൂടി അറിവുള്ളവനായി, കുറേക്കൂടി മനുഷ്യനായി മാറുന്നു'' അദ്ദേഹത്തിന്റെ ജീവിത ദർശനം ഈ ഒറ്റ വാചകത്തിൽ ഒതുങ്ങുന്നു.ലക്ഷ്യംപോലെതന്നെ മാർഗവും ശുദ്ധമായിരിക്കണം എന്ന ഗാന്ധിയൻ പാഠമാണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ചതെന്നും നാരായണൻ പുതുശ്ശേരി പറയുന്നു.
വഴികാട്ടിയത് പുസ്തകം
നാരായണൻ പുതുശ്ശേരിയുടെ യാത്രാ സ്വപ്നങ്ങൾ തുടങ്ങുന്നത് ശിവപുരം യു.പി. സ്കൂളിലെ ഏഴാം ക്ലാസ് ബെഞ്ചിൽ വച്ചാണ്. സമ്മാനമായി കിട്ടിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ പാതിരാസൂര്യന്റെ നാട്ടിൽ വായിച്ചുതീർന്നപ്പോൾ കടന്നുകൂടിയതാണ് യാത്രകളോടുള്ള ഭ്രമം. തലശ്ശേരിയിലേക്കുള്ള സ്കൂൾ ടൂറിൽ കയറിപ്പറ്റാൻ അച്ഛനെ സമീപിച്ചു. തുടക്കത്തിൽ നിരസിച്ചെങ്കിലും പിതാവ് ഒടുവിൽ വഴങ്ങി. എന്നാൽ എത്തിച്ചേരാൻ പറഞ്ഞ സ്ഥലത്ത് ഓടിക്കിതച്ച് എത്തുമ്പോഴേക്കും കൂട്ടുകാരും അദ്ധ്യാപകരും അവിടം വിട്ടിരുന്നു. മട്ടന്നൂരിൽനിന്ന് തലശ്ശേരിക്ക് വെറും മൂന്നു ബസുകൾ മാത്രം ഉള്ള കാലം. ഒറ്റയ്ക്ക് ബസിൽ കയറി തലശ്ശേരി പഴയസ്റ്റാൻഡിൽ എത്തിയ നാരായണൻ സ്കൂളിലെ സംഘത്തിനൊപ്പം ചേർന്നു. എസ്.കെയുടെ പുസ്തകത്തിലൂടെ വായിച്ചറിഞ്ഞ ജപ്പാനിലും പിൽക്കാലത്ത് അദ്ദേഹം സന്ദർശനം നടത്തി.
കടൽപരപ്പറിഞ്ഞ നാവികൻ
പത്താം ക്ലാസ് കഴിഞ്ഞതിന് പിന്നാലെ ആരോടും പറയാതെ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ നാവിക റിക്രൂട്ട്മെന്റ് കേന്ദ്രത്തിലേക്ക് വണ്ടികയറി. മെഡിക്കൽ ടെസ്റ്റ് കടന്ന 89 പേരിൽനിന്ന് എഴുത്തുപരീക്ഷ ജയിച്ച 13 പേരിൽ ഒരാളായി.എല്ലാ പരിശോധനകളും കടന്ന് 1964 ഫെബ്രുവരി ഒന്നിന് ഇന്ത്യൻ നാവികസേനയുടെ 43ാമത് ആർട്ടിഫിസർ അപ്രന്റിസ് ബാച്ചിൽ പരിശീലനം തുടങ്ങി. പൂനെ ലോനാവ്ലയിലെ മറൈൻ എൻജിനീയറിംഗ് കോളജിൽ അഞ്ചു വർഷത്തെ കഠിന പരിശീലനം പൂർത്തിയാക്കി 1968 ഫെബ്രുവരിയിൽ ഐ.എൻ.എസ് കപ്പലിൽ നിയമനം കിട്ടി. രണ്ട് ഇന്ത്യപാക് യുദ്ധങ്ങളിൽ പോരാളിയായി. 21 വർഷത്തെ നാവിക ജീവിതത്തിനൊടുവിൽ ഗോവ ഷിപ്പ് യാർഡിൽ സീനിയർ എൻജിനീയർ പദവിയോടെ സേനയിൽനിന്ന് വിരമിച്ചു. പിന്നീട് ഇന്ത്യൻ കസ്റ്റംസിൽ പ്രിവന്റീവ് സൂപ്രണ്ടായും കസ്റ്റംസ് ലീഗൽ സെൽ, എയർ ഇന്റലിജൻസ് യൂണിറ്റ്, ഐ.ടി സെൽ എന്നിവയുടെ ചുമതലയിലും വേറൊരു 15 വർഷം കൂടി ഔദ്യോഗിക ജീവിതം.
ഈ കാലത്തിനിടയിലും ജോലിക്കിടയിൽ കിട്ടുന്ന ഓരോ ഇടവേളയും യാത്രകൾക്കായി നീക്കിവെച്ചു. 1970ൽ ഒറ്റയ്ക്ക് കശ്മീരിലേക്ക് പോയി. ഡ്യൂട്ടിയുടെ ഭാഗമായി ശ്രീലങ്കയും മാലദ്വീപും മൊറീഷ്യസും കണ്ടു. മഹാരാഷ്ട്രയിലെ മാതേരനിൽ നിന്നുള്ള നാരോഗേജ് തീവണ്ടിയിൽ മലയിടുക്കുകളുടെ പ്രകൃതിയെ അനുഭവിച്ചറിഞ്ഞുള്ള യാത്ര ഇന്നും പുതുച്ചേരിക്ക് മറക്കാനാവാത്ത അനുഭവമാണ്.
ഭൂഖണ്ഡങ്ങളിൽ പതിഞ്ഞ
പാദമുദ്രകൾ
നേപ്പാൾ വഴി കൈലാസത്തിലേക്കുള്ള യാത്രയുടെ അനുഭവം ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. കേരളത്തിൽനിന്ന് ആദ്യമായി കൈലാസത്തിലേക്ക് പുറപ്പെട്ടവരുടെ യാത്രയിൽ മോഹൻലാൽ അടക്കമുള്ളതിനാൽ വലിയ വാർത്താപ്രധാന്യം നേടിയിരുന്നു.മോഹൻലാൽ ഉൾപ്പെട്ടതിനാൽ മാദ്ധ്യമപ്രവർത്തകരും സംഘത്തിൽ ഇടംനേടി.എന്നാൽ ചിത്രീകരണത്തിനിടെ പരിക്കേറ്റ് അവസാനനിമിഷം മോഹൻലാലിന്റെ യാത്ര മുടങ്ങി. പുതുശ്ശേരി അടക്കമുള്ളവർ യാത്ര തുടർന്നു. ഇതിനിടയിൽ ഭൂട്ടാനും കണ്ടു. ജൈവകൃഷിയെക്കുറിച്ചുള്ള ഒരു സെമിനാറിനായി 2008ൽ തായ്വാനിലേക്ക് സംഘത്തെ നയിച്ചു.ഇവിടെ നിന്ന് തായ്ലൻഡ്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക്. 2018ൽ യൂറോപ്പിലെ പത്ത് രാജ്യങ്ങൾ ഒരൊറ്റ യാത്രയിൽ കണ്ടുതീർത്തു. ഓയിസ്ക ഇന്റർനാഷണലിന്റെ ഭാഗമായി 2019ൽ ഐക്യരാഷ്ട്ര സഭയിൽ സുസ്ഥിര വികസനം എന്ന വിഷയത്തിൽ സംസാരിക്കാൻ അമേരിക്കയിലെത്തി. 2022ൽ ദക്ഷിണ അമേരിക്ക മുഴുവൻ ചുറ്റിക്കണ്ടു. അന്റാർട്ടിക്ക വൻകരയിൽ ഇറങ്ങാൻ അനുമതി കിട്ടിയില്ലെങ്കിലും മഞ്ഞുദ്വീപുകളിലൂടെ 14 ദിവസം കപ്പലിൽ കഴിഞ്ഞ അനുഭവവും ഇദ്ദേഹത്തിനുണ്ടായി. കാനഡയും അലാസ്കയും പിന്നാലെ വന്നു. ഒടുവിൽ, ആസ്ട്രേലിയയും ന്യൂസിലൻഡും പാപ്വ ന്യൂഗിനിയും ഉൾപ്പെടുന്ന ഓഷ്യാനിയ കണ്ടുതീർത്തതോടെ ഏഴാമത്തെ ഭൂഖണ്ഡവും ഈ യാത്രികന്റെ കണക്കുപുസ്തകത്തിൽ അടയാളപ്പെട്ടു. കഴിഞ്ഞ ഏപ്രിലിൽ ജപ്പാനിലേക്കുള്ള യാത്രയോടെ ബാല്യത്തിൽ കണ്ട 50 രാജ്യങ്ങൾ എന്ന ലക്ഷ്യത്തിലുമെത്തി.
കൈലാസം മുതൽ അന്റാർട്ടിക്ക വരെ ഓരോ യാത്രയിലും പുതിയ മനുഷ്യരെ കണ്ടുമുട്ടാനും അവരുടെ കഥകൾ കേൾക്കാനും ജീവിതരീതി അറിയാനും കഴിഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു. ഓരോ യാത്രയും കാഴ്ചയിലൊതുങ്ങാത്ത പഠനവിഷയമാണ് പുതുശ്ശേരിക്ക്. ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം മനസിലാക്കിയ ശേഷമാണ് ഇദ്ദേഹം ഒരോ യാത്രയും തുടങ്ങുന്നത്.
അച്ഛൻ പറഞ്ഞു പ്രകൃതിയോട് ചേർന്നുനടക്കാൻ
പിതാവായ കല്യാടൻ ഗോവിന്ദൻ നമ്പ്യാർ ആണ് പുതുശ്ശേരിയുടെ ജീവിതത്തിലെ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വം. 1914 ജൂൺ 15ന് കണ്ണവം തൊടീക്കളത്ത് ജനിച്ച ഗോവിന്ദൻ നമ്പ്യാർ അഞ്ചാം വയസ്സിൽ പിതാവ് നഷ്ടമായി. ദാരിദ്ര്യം വലിഞ്ഞുമുറുക്കിയ ബാല്യം പിന്നിട്ട് 28ാം വയസ്സിൽ കോരൻ ഗുരുക്കളുടെ ക്ഷണം സ്വീകരിച്ച് കൊളേരി എൽ.പി സ്കൂളിൽ മാസം രണ്ട് രൂപ ശമ്പളത്തിന് അദ്ധ്യാപകനായി. ഒപ്പം പാടത്ത് പണിയെടുത്തായിരുന്നു കുടുംബത്തിന്റെ പട്ടിണി മാറ്റിയത്. നാടകവേദികളിൽ അഭിനയിച്ച് കയ്യടി വാങ്ങിയ ചരിത്രവും അദ്ദേഹത്തിനുണ്ട്. മംഗലാട്ട് ഗോവിന്ദ കുറുപ്പിന്റെ ശിഷ്യത്വത്തിൽ നാട്ടുവൈദ്യം അഭ്യസിച്ച ഗോവിന്ദൻ നമ്പ്യാർ പാമ്പുകടിയേറ്റ് മരണത്തോട് മല്ലടിച്ച അഞ്ഞൂറോളം പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. പ്രകൃതിയോട് ചേർന്നു ജീവിച്ചാൽ മാരകരോഗങ്ങൾ അടുക്കില്ലെന്ന അച്ഛന്റെ വാക്കുകൾ ഇന്നും നാരായണൻ പുതുശ്ശേരിയുടെ കാതിൽ മുഴങ്ങുന്നു. 1991 സെപ്റ്റംബർ 13ന് സമാധിയാകും വരെ അദ്ദേഹം ചികിത്സ തുടർന്നിരുന്നു. അച്ഛനിൽനിന്ന് വൈദ്യവിദ്യകൾ പഠിച്ചെങ്കിലും ജോലിത്തിരക്കുകൾ കാരണം പുതുശ്ശേക്ക് അത് പ്രാവർത്തികമാക്കിയില്ല. എന്നാൽ ആ പാരമ്പര്യത്തിന്റെ തുടർച്ചയായി പുരാണത്തിലും സംസ്കൃതത്തിലും ആഴത്തിൽ അവഗാഹം നേടി ആത്മീയ പ്രഭാഷണകനെന്ന നിലയിൽ അദ്ദേഹം മുന്നേറി.
ഗുരുവിനൊപ്പം നടന്ന ദൂരം
ഔദ്യോഗിക വിരമിക്കലിനുശേഷമുള്ള ജീവിതത്തിന് പുതുദിശ നൽകിയത് പദയാത്രാ ഗാന്ധി എന്നറിയപ്പെടുന്ന ഡോ. പി.വി. രാജഗോപാലുമായുള്ള (രാജാജി) കൂട്ടുകെട്ടാണ്. കണ്ണൂരിൽ അക്രമരാഷ്ട്രീയം കൊടികുത്തിവാണ കാലത്ത് പീപ്പിൾസ് മൂവ്മെന്റ്സ് ഫോർ പീസിലൂടെ 2007ലാണ് ഈ ബന്ധം തുടങ്ങിയത്.1969ൽ ചമ്പൽക്കാടുകളിലെ കൊള്ളക്കാരുടെ മനസ്സ് മാറ്റാൻ തുടങ്ങിയ രാജഗോപാലിന്റെ ശ്രമം 1976ലെ അവരുടെ കൂട്ട കീഴടങ്ങലിലെത്തി.പിന്നീട് ഭൂരഹിതർക്ക് ഭൂമി എന്ന മുദ്രാവാക്യവുമായുള്ള ഏകതാ പരിഷത്തിന്റെ പോരാട്ടങ്ങളിൽ നാരായണൻ പുതുശ്ശേരി സജീവമായി. 2012ൽ ഒരു ലക്ഷം പേർ അണിനിരന്ന ജനസത്യഗ്രഹ യാത്രയ്ക്കു മുന്നോടിയായി ഗ്വാളിയർ മുതൽ ഡൽഹി വരെയുള്ള വഴി പഠിക്കാൻ 15 ദിവസം നീണ്ട ബൈക്ക് യാത്ര നടത്തിയത് ഇന്നും അഭിമാനത്തോടെ ഇദ്ദേഹം ഓർക്കുന്നു. 2012 ഒക്ടോബർ 2ന് ഗ്വാളിയറിൽ തുടങ്ങിയ ആ യാത്ര കേന്ദ്രമന്ത്രി ജയറാം രമേശിന്റെ ഉറപ്പോടെ ആഗ്രയിലാണ് അവസാനിച്ചത്. ഭൂമിയും കിടപ്പാടവുമില്ലാത്ത മൂന്നു ലക്ഷം കുടുംബങ്ങൾക്ക് അവകാശം നേടിക്കൊടുത്ത ചരിത്ര മുഹൂർത്തമായിരുന്നു അത്.
ഇന്ന് എത്ര പാർട്ടികൾക്ക് ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി ആഴ്ചകളോളം നടത്താൻ കഴിയുമെന്ന് ചോദിക്കുന്ന നാരായണൻ പുതുശ്ശേരി അണ്ണാ ഹസാരെയെയോ മേധാ പട്കറെയോ പോലെ വലിയ മാദ്ധ്യമശ്രദ്ധ ഇല്ലാതിരുന്നിട്ടും രാജഗോപാൽ കാട്ടിയ ആ വ്യത്യസ്തതയാണ് തന്നെ ഏറ്റവും ആകർഷിച്ചതെന്ന് പറയുന്നു. 2009ൽ മാനന്തവാടി മുതൽ മുത്തങ്ങ വരെ നാലു ദിവസം നീണ്ട പദയാത്രയിലും അദ്ദേഹം അണിചേർന്നു.
ഒരൊറ്റ ജീവിതം ഒരുപിടി വേഷങ്ങൾ
നാവൽ ആർക്കിടെക്ചറിൽ എൻജിനീയറിങ് ബിരുദവും പൊളിറ്റിക്കൽ സയൻസിൽ (ഡെവലപ്മെന്റ് അഡ്മിനിസ്ട്രേഷൻ വിഷയത്തിൽ) ബിരുദാനന്തര ബിരുദവുമുള്ള ഈ മനുഷ്യൻ 2007ൽ യോഗ നാച്ചുറോപ്പതിയിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. നാവൽ ആർക്കിടെക്ട് , യോഗാചാര്യൻ, യോഗ തെറാപ്പിസ്റ്റ്, സാമൂഹികപ്രവർത്തകൻ ഈ വേഷങ്ങളെല്ലാം ഒരാളിൽ ചേർന്നുനിൽക്കുന്നത് അപൂർവം.
ഓയിസ്ക ഇന്റർനാഷനൽ, മട്ടന്നൂർ ഓയിസ്ക എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, ഓയിസ്ക സ്പെഷൽ സ്കൂൾ, സൗഖ്യ റിട്രീറ്റ് വില്ലേജ്, മഹാദേവ എജ്യുക്കേഷനൽ ട്രസ്റ്റ്, മഹാത്മാ ദേശസേവാ ട്രസ്റ്റ്, മഹാത്മാ മന്ദിരം കണ്ണൂർ, ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്, ഏകതാ പരിഷത്ത്, ഹരിദ്വാർ ഗായത്രി പരിവാർ ഈ പട്ടിക നീളുന്തോറും അദ്ദേഹത്തിന്റെ സേവനത്തിന്റെ വ്യാപ്തി വ്യക്തമാവും. ഗായത്രി പരിവാർ ദുരന്ത കർമസേനയുടെ ഭാഗമായി കേരള പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളിലും കൈകോർത്തു. പരിസ്ഥിതി മലിനീകരണത്തിനെതിരെ യോദ്ധാവ് എന്ന പേരിൽ 25 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സംവിധാനം ചെയ്തതും ഇതേ കൈകൾ തന്നെ. ടോക്കിയോ ആസ്ഥാനമായ, ഐക്യരാഷ്ട്ര സഭയുടെ കൺസൾട്ടേറ്റീവ് പദവിയുള്ള ആഗോള പരിസ്ഥിതി സംഘടനയായ ഓയിസ്കയുടെ പ്രതിനിധിയായാണ് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് സുസ്ഥിര വികസനത്തിനായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുത്തത്. നീതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിനൊപ്പമായിരുന്നു ആ മുഹൂർത്തം. കേരളത്തിലെ പരമ്പരാഗത ഗ്രാമീണ വൈദ്യരുടെയും ആരോഗ്യപ്രവർത്തകരുടെയും കൂട്ടായ്മയായ വൈദ്യ മഹാസഭയിലും സജീവ അംഗമാണ്.
മുഴക്കുന്ന് സ്വദേശിയായ ഭാര്യ ജാനകിയമ്മയാണ് നാരായണൻ പുതുശ്ശേരിയുടെ കരുത്ത്. റെഷ്മ പുതുശ്ശേരി, സീമ പുതുശ്ശേരി, ഗിരീഷ് പുതുശ്ശേരി എന്നിവരാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |