
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയ സാഹചര്യം അതീവ ഗൗരവകരമാണ്. ഗുരുതരമായ കുറ്റകൃത്യമെന്നതിനൊപ്പം സമർത്ഥരായ വലിയൊരു വിഭാഗം കുട്ടികളെ ട്രോമയിലേക്ക് തള്ളിവിടുകയാണ്. എട്ടാം ക്ലാസ് മുതൽ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന കുട്ടികൾ കേരളത്തിലുണ്ട്. സഫയറിൽ ഇക്കൊല്ലം 720 മാർക്കും നേടിയ കുട്ടി പരീക്ഷ റദ്ദാക്കിയെന്ന് അറിഞ്ഞതോടെ മാനസികമായി തളർന്നു പോയി. 700ൽ കൂടുതൽ മാർക്ക് നേടിയ വലിയൊരു വിഭാഗം കുട്ടികൾ സഫയറിലുണ്ട്.
അവരെ ആശ്വസിപ്പിക്കാൻ കഴിയാതെ വീട്ടുകാരും അദ്ധ്യാപകരും നിസഹായരായി നിൽക്കുകയാണ്. അദ്ധ്യാപകരായ ഞങ്ങൾക്ക് താങ്ങാവുന്ന കാഴ്ചയല്ല ഇത്. വളഞ്ഞ വഴിയിൽ നീറ്റിൽ കടന്നു കൂടാൻ ശ്രമിക്കുന്ന ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളാണ് ഇത്തരം അട്ടിമറികൾക്ക് പിന്നിൽ. അഞ്ച് മിനിട്ട് വൈകിയാൽ പരീക്ഷാ ഹാളിൽ പ്രവേശനം അനുവദിക്കാതെയും ഷർട്ടിലെ ബട്ടൺസ് പോലും പരിശോധിച്ചും കർശന സുരക്ഷാ മാനദണ്ഡങ്ങളോടെ നടപ്പാക്കുന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോരുന്നത് ആദ്യമല്ല.
മുൻകാലങ്ങളിലും പല തരത്തിലുള്ള ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ഈ വർഷത്തേതു പോലെ മുമ്പും പൂർണമായി പരീക്ഷ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. 2024ൽ ചിലയിടങ്ങളിൽ മാത്രം വീണ്ടും പരീക്ഷ നടത്തി. കാലം കഴിയുംതോറും കരുത്താർജ്ജിക്കേണ്ടതിന് പകരം വിശ്വാസ്യത അപ്പാടെ കളയുന്ന തരത്തിലേക്ക് ഇത്തരത്തിൽ നീറ്റ് പരീക്ഷ മാറുന്നത് ഭാവി തലമുറയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം ചെറുതല്ല.
ചോദ്യപേപ്പർ ചോർത്തി ഉയർന്ന സ്കോർ നേടി എയിംസിൽ പ്രവേശനം നേടിയിട്ട് ആ കുട്ടിക്ക് എന്ത് നേടാനാണ്. മികച്ചൊരു ഡോക്ടറായി പുറത്തിറങ്ങാൻ ഇക്കൂട്ടർക്ക് സാധിക്കുമോ ? അതേസമയം, അവസരം ലഭിക്കാതെ സമർത്ഥരായ കുട്ടികൾക്ക് മെഡിക്കൽ പഠനം സ്വപ്നമായി മാറും. ഫലത്തിൽ നാടിന് ലഭിക്കേണ്ട നല്ല ഡോക്ടർമാർ ഇല്ലാതെ പോകും.
ലക്ഷങ്ങൾ മുടക്കാൻ തയ്യാറായി, ചോദ്യപേപ്പർ ചോർന്ന് കിട്ടുന്നതും കാത്തിരിക്കുന്ന രക്ഷിതാക്കൾ കേരളത്തിലുമുണ്ടെന്നത് സാക്ഷര കേരളത്തിന് തീരാ കളങ്കമാണ്. കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലും ഇക്കുറി ചോദ്യപേപ്പർ ചോർന്നതായി വിവരങ്ങൾ പുറത്തു വരുന്നുണ്ട്. കേരളത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള രാജസ്ഥാൻ വിദ്യാർത്ഥി വഴിയാണ് നീറ്റ് ചോദ്യപേപ്പർ ചോർന്നതെന്നാണ് അറിയുന്നത്.
പലയിടങ്ങളിലെയും ചെറുകിട ട്യൂഷൻ സെന്ററുകൾക്കു പോലും മുഴുവൻ മാർക്കും നേടിയ നിരവധി കുട്ടികളുണ്ടായി. ഇത് അന്വേഷിക്കണം. ഒരു മെഡിക്കൽ വിദ്യാർത്ഥി മാത്രം വിചാരിച്ചാൽ കഴിയുന്ന കാര്യമല്ല ഇതെന്ന് എല്ലാവർക്കും അറിയാം. അങ്ങനെയെങ്കിൽ അതിന്റെ ആഴങ്ങളിലേക്ക് അന്വേഷണം നീളണം. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ പ്രതീക്ഷകൾക്ക് വേണ്ടി അഹോരാത്രം പാടുപെടുന്ന മക്കൾക്ക് നേരെയുള്ള ഈ വെല്ലുവിളി അവസാനിപ്പിക്കണം.
ഇങ്ങനെ ഇനിയും
മുന്നോട്ടു പോകരുത്
ചോരുന്ന നീറ്റുമായി ഇനിയും മുന്നോട്ട് പോകരുത്. പരീക്ഷ റദ്ദാക്കിയെന്ന് എളുപ്പത്തിൽ ഉത്തരവിറക്കിയാൽ അധികാരികളുടെ ഉത്തരവാദിത്വം കഴിഞ്ഞു. എന്നാൽ, കുറഞ്ഞത് 60 ദിവസം കഴിയാതെ അടുത്ത പരീക്ഷ നടക്കില്ല. വർഷങ്ങളുടെ പ്രയത്നം അവസാനിച്ചെന്ന് കരുതിയിരുന്ന കുട്ടികൾ വീണ്ടും തുടങ്ങണം. അവരുടെ മാനസികനിലയെ കുറിച്ച് ആർക്കും ആശങ്കയില്ല. പാവപ്പെട്ട കുടുംബങ്ങൾക്ക് വലിയൊരു ബാദ്ധ്യതയായി ഇത് മാറും.
പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകരുമ്പോൾ വിദ്യാർത്ഥികളുടെ മാനസികാവസ്ഥയെയും ഭാവിയെയും ഒരുപോലെ തകർക്കും. നല്ല രീതിയിൽ പഠിക്കുന്ന കുട്ടികൾക്കു പോലും ഇനിയൊരു പരീക്ഷ ശ്രമകരമായി മാറും. വലിയൊരു മാനസിക സമ്മർദ്ദത്തിൽ പരീക്ഷയെഴുതേണ്ടി വരുന്നത് അർഹരായ പലർക്കും ഉയർന്ന സ്കോറുകളിലേക്ക് എത്താൻ കഴിയാത്ത സ്ഥിതിയാകും.
സമഗ്ര അന്വേഷണം
പ്രഖ്യാപിക്കണം
നീറ്റ് പരീക്ഷയെ കേന്ദ്ര സർക്കാർ ഗൗരവകരമായി ഇനിയെങ്കിലും കാണണം. ഉത്തരവാദിത്വപ്പെട്ടവരുടെ വലിയൊരു പരാജയമാണിതെന്ന് പറയാതെ വയ്യ. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. വിദ്യാർത്ഥികളുടെ പ്രതീക്ഷളെയും കഠിനാദ്ധ്വാനത്തെയും ലക്ഷങ്ങൾ കൊണ്ട് വിലപേശുന്ന കച്ചവടത്തിന് അന്ത്യം കുറിച്ച് നീറ്റിന്റെ വിശ്വാസ്യത വീണ്ടെടുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |