
തിരഞ്ഞെടുപ്പ് ഫലം ഇടുക്കി ജില്ലയിൽ യു.ഡി.എഫിന് നൽകിയത് വൻ വിജയമാണെങ്കിൽ കോൺഗ്രസിനിത് രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് മത്സരിച്ച നാലിടത്തും കോൺഗ്രസ് വലിയ മുന്നേറ്റം നടത്തുന്നത്. ഇടുക്കി, ഉടുമ്പൻചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലാണ് അട്ടിമറി വിജയം നേടിയത്. ഉടുമ്പൻചോലയൊഴികെയുള്ള മൂന്ന് മണ്ഡലങ്ങളിലും 20 വർഷത്തിന് ശേഷമാണ് കോൺഗ്രസ് വിജയം. കാൽ നൂറ്റാണ്ടായി ബാലികേറാമലയായിരുന്ന ഉടുമ്പൻചോലയിൽ, സിറ്റിംഗ് എം.എൽ.എയായിരുന്ന എം.എം. മണിയ്ക്ക് പകരം മത്സരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. ജയചന്ദ്രനെ 20,021 വോട്ടുകൾക്ക് അട്ടിമറിച്ചാണ് കോൺഗ്രസിലെ സേനാപതി വേണു വിജയിച്ചത്. 1996ൽ ഇ.എം. അഗസ്തിയാണ് മണ്ഡലത്തിൽ അവസാനം വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി. 2016ൽ എം.എം. മണിയോട് 1109 വോട്ടുകൾക്ക് പരാജയപ്പെട്ട സേനാപതിയ്ക്ക് ഇത്തവണത്തെ വിജയം മധുര പ്രതികാരമായിരുന്നു. വർഷങ്ങളായി കപ്പിനും ചുണ്ടിനും ഇടയിലെന്നപോലെ നഷ്ടപ്പെട്ടിരുന്ന മണ്ഡലമായിരുന്നു പീരുമേട്. കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച് പരാജയപ്പെട്ട സിറിയക് തോമസ് ഇത്തവണ 27,634 വോട്ടുകൾക്കാണ് മണ്ഡലം തിരിച്ചുപിടിച്ചത്. 2016ൽ ഇ.എസ്. ബിജിമോളോട് 314 വോട്ടുകൾക്കും 2021ൽ വാഴൂർ സോമനോട് 1,835 വോട്ടുകൾക്കുമായിരുന്നു സിറിയക് പരാജയപ്പെട്ടത്. 2006ൽ ഇ.എം. ആഗസ്തിയാണ് മണ്ഡലത്തിൽ നിന്ന് അവസാനം വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി. ദേവികുളത്ത് സിറ്റിംഗ് എം.എൽ.എ എ. രാജയെ അട്ടിമറിച്ചാണ് കോൺഗ്രസിന്റെ പുതുമുഖമായ എഫ്. രാജ 5,235 വോട്ടുകൾക്ക് വിജയിച്ചത്. കഴിഞ്ഞ നാലു തവണയായി എൽ.ഡി.എഫ് തുടർച്ചയായി വിജയിച്ചിരുന്ന മണ്ഡലമാണിത്. 2001ൽ എ.കെ. മണിയാണ് മണ്ഡലത്തിൽ അവസാനം വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി. ഇടുക്കി മണ്ഡലത്തിൽ കാൽനൂറ്റാണ്ടായി ജയിക്കുന്ന റോഷി അഗസ്റ്റിനെ 23,822 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസിലെ റോയ് കെ. പൗലോസ് വിജയിച്ചിരിക്കുന്നത്. ഘടക കക്ഷിയായ കേരള കോൺഗ്രസിൽ നിന്ന് വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് ഏറ്റെടുത്ത് മത്സരിച്ചാണ് മണ്ഡലം പിടിച്ചെടുത്തത്. 1987ൽ കോൺഗ്രസിലെ റോസമ്മ പൂന്നൂസാണ് മണ്ഡലത്തിൽ നിന്ന് അവസാനം വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി. ശക്തമായ ഭരണവിരുദ്ധ വികാരത്തിനൊപ്പം ചിട്ടയായ പ്രവർത്തനവും മുതിർന്ന നേതാക്കൾ തമ്മിലുള്ള ഏകോപനവും നാല് മണ്ഡലങ്ങളിലെയും കോൺഗ്രസിന്റെ മികച്ച വിജയത്തിന് കാരണമായി.
കല്ലുകടിയായി തമ്മിലടി
എന്നാൽ ഇത്രയും വലിയ വിജയമുണ്ടായതിന്റെ ആഘോഷം തീരും മുമ്പ് തന്നെ നേതാക്കൾ തമ്മിലുള്ള തമ്മിലടി ജില്ലയിലെ കോൺഗ്രസിന് നാണക്കേടായി.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും അനുകൂലിക്കുന്നവർ തമ്മിലുള്ള ചേരിപ്പോരിലായിരുന്നു തുടക്കം. മുഖ്യമന്ത്രി സ്ഥാത്തേക്ക് വി.ഡി. സതീശന്റെ പേര് ഉയർത്തിക്കാണിച്ച് കോൺഗ്രസിലെ ഒരു വിഭാഗം തൊടുപുഴ നഗരത്തിൽ നടത്തിയ പ്രകടനത്തിന് പിന്നാലെ ഡി.സി.സി ജനറൽ സെക്രട്ടറിയടക്കമുള്ളവർക്കെതിരെ പാർട്ടി ശിക്ഷാ നടപടിയെടുത്തു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം അവഗണിച്ച് പ്രകടനം നടത്തിയതിന് നാല് പേരെയാണ് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു തൽസ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. ഇതിനെതിരെ ഡീൻ കുര്യാക്കോസ് എം.പിയടക്കം രംഗത്തെത്തി. ഡി.സി.സി.യുടെ അച്ചടക്ക നടപടി ക്രൂരമാണെന്നായിരുന്നു എം.പിയുടെ പ്രതികരണം. വൈകാരിക പ്രകടനങ്ങളുടെ പേരിൽ നടപടിയെടുക്കുന്നത് പരിഹാരമല്ലെന്നും അത് ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളിൽ വൈകാരികമായി പ്രതികരിക്കുന്ന പ്രവർത്തകരെ അവധാനതയോടെ സമീപിക്കാൻ പാർട്ടി നേതൃത്വത്തിന് കഴിയണം. അമിതമായ അച്ചടക്കത്തിന്റെ ഉടവാൾ ഉയർത്തിക്കാണിക്കുന്ന കേഡർ പാർട്ടിയല്ല കോൺഗ്രസ്. ഇരുമ്പുവടം വലിച്ചുകെട്ടി ആരെയും അച്ചടക്കത്തിനുള്ളിലാക്കാമെന്ന് ആരും ധരിക്കേണ്ടതില്ല. സാധാരണ പ്രവർത്തകർ ചോര നീരാക്കി പണിയെടുത്തതുകൊണ്ടാണ് പാർട്ടിക്ക് അഭിമാനകരമായ വിജയമുണ്ടായത്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിന് ലഭിച്ച സ്ഥാനങ്ങൾ നീക്കം ചെയ്യാൻ അവർ എന്ത് തെറ്റാണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
ഇതിനെതിരെ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പ്രതികരിച്ചതാണ് പ്രതികരിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്. ഒരുപാട് മൂക്കാതെ പഴുത്തതിന്റെ പ്രശ്നമാണ് ഡീൻ കുര്യാക്കോസിനെന്നായിരുന്നു സി.പി. മാത്യു പറഞ്ഞത്. എം.പിയെന്നാൽ മെമ്പർ ഒഫ് പഞ്ചായത്താകരുത്. എം.പിയെന്ന നിലയിൽ ഡീൻ ഡി.സി.സിയ്ക്ക് ഇതുവരെ ഒരു സഹായവും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റിനെതിരെ നേതാക്കൾ
എം.പിയെ പരസ്യമായി വിമർശിച്ച ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിനെതിരെ കടുത്ത പ്രതിഷേധവുമായി ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഡീൻ കുര്യാക്കോസിനെ രാഷ്ട്രീയ മര്യാദ പഠിപ്പിക്കാൻ സി.പി. മാത്യു മുതിരുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാനും കട്ടപ്പന നഗരസഭ ചെയർമാനുമായ ജോയി വെട്ടിക്കുഴി ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം പ്രസ്ഥാനത്തെ നിരന്തരം പ്രതിസന്ധിയിലാക്കാൻ മാത്രം ശീലിച്ചിട്ടുള്ള ഒരാളിൽ നിന്ന് രാഷ്ട്രീയ ഗൗരവമുള്ള ആരും ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ പോസ്റ്റ് പിന്നീട് അദ്ദേഹം നീക്കി. എം.പിയുടെ കാരുണ്യത്തിലാണ് സി.പി. മാത്യു ഇപ്പോഴും ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അരുൺ പൊടിപാറ പറഞ്ഞു. മറ്റൊരു ജനറൽ സെക്രട്ടറിയായ ബിജോ മാണിയും ഡീൻ കുര്യാക്കോസിന്റെ ചിത്രവും സംഘടനാ പ്രവർത്തന വിവരങ്ങളും ഉൾപ്പെടുത്തി ഫേസ്ബുക്കിൽ ഡി.സി.സി പ്രസിഡന്റിനെതിരെ രംഗത്തുവന്നു. സി.പി. മാത്യുവിന്റെ മാനസികനില തെറ്റിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും ഉണ്ടെങ്കിൽ ചികിത്സിക്കേണ്ട സമയം കഴിഞ്ഞതായും കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനർ ഒ.ആർ. ശശി പറഞ്ഞു. വണ്ടിപ്പെരിയാറിൽ നിന്നുള്ള ഒരു കോൺഗ്രസ് പ്രവർത്തകൻ സി.പി. മാത്യുവിനെ ഫോണിൽ വിളിച്ചതിന് ശേഷം പരസ്പരം പരസ്യമായി അസഭ്യം പറയുന്ന ഓഡിയോയും പുറത്തുവന്നു. വിവാദങ്ങളുമായി മുന്നോട്ട് പോകുന്നതിനെ ചോദ്യം ചെയ്ത് തുടങ്ങിയ ഫോൺ സംഭാഷണം കടുത്ത അസഭ്യവർഷത്തിലാണ് അവസാനിച്ചത്. ഇതിനിടെ സി.പി. മാത്യുവിനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സിയ്ക്കും എ.ഐ.സി.സിയ്ക്കും യൂത്ത്‌കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എം. മുനീർ പരാതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |