
'ഭക്ഷണം' എന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ്. ജീവിതം നിലനിർത്താനാവശ്യമായ ഊർജം, ആരോഗ്യം, വളർച്ച, പ്രതിരോധശേഷി എന്നിവയ്ക്ക് ഭക്ഷണം അത്യന്താപേക്ഷിതമാണ്. ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതും ഊർജ്ജം നൽകുന്നതുമായ ഘടകമാണ് ആഹാരം എന്നത്. അതിന്റെ പ്രാധാന്യം അതുപോലെ തന്നെ ഉൾക്കൊണ്ടുകൊണ്ട് ലോകം എല്ലാ വർഷവും ജൂൺ 7ന് ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കാറുണ്ട്. വിവിധതരം ഭക്ഷണങ്ങൾ കൊണ്ടുള്ള ആഘോഷം എന്നതിലുപരി വിശപ്പിനെതിരെയുള്ള പോരാട്ടം കൂടിയാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം.
ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സംഘത്തിന്റെ ഭക്ഷ്യ കൃഷി സംഘടനയും സംയുക്തമായി കൊണ്ടാടുന്ന ലോക ഭക്ഷ്യസുരക്ഷ ദിനം ഇന്ന് ആഗോളതലത്തിൽ വിവിധ പരിപാടികളോടെ ആചരിക്കപ്പെടുകയാണ്. "ഭാരത്തിൽ നിന്ന് പരിഹാരങ്ങളിലേക്ക് - എല്ലായിടത്തും സുരക്ഷിതമായ ഭക്ഷണം" (From Burden to Solutions – Safe Food Everywhere) എന്നതാണ് ഈ വർഷത്തെ ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ തീം. ഗുണനിലവാരമുള്ള ഭക്ഷണം ജനങ്ങളുടെ അവകാശമാണ്. അതുപോലെ തന്നെ അതിപ്രധാനമാണ് ഭക്ഷ്യസുരക്ഷയും.
ജൂൺ ഏഴ്, ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുമ്പോഴും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യം ഇന്നും ഒരു വിദൂര സ്വപ്നമായി അവശേഷിക്കുന്നു. വെറുമൊരു ആഘോഷത്തിനപ്പുറം, വിശപ്പിനും ഭക്ഷ്യജന്യ രോഗങ്ങൾക്കുമെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും അവരവർക്കാവശ്യമായ അളവിൽ സുരക്ഷിതവും പോഷക സമ്പുഷ്ടവുമായ ആഹാരം ലഭ്യമാകുകയും എല്ലാവർക്കും അത് നേടാനാവശ്യമായ സാഹചര്യമുണ്ടാകുകയും ചെയ്യുകയെന്നതാണ് ഭക്ഷ്യസുരക്ഷകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ആരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങളുടെ ഉത്പാദനവും ഉപഭോഗവും ജനജീവിതത്തിൽ ഒരേസമയം പെട്ടെന്നുള്ള മാറ്റവും ദീർഘകാലം കടന്നുള്ള മാറ്റവും കൊണ്ടുവരുമെന്നാണ് ലോകാരോഗ്യ സംഘടന വാദിക്കുന്നത്. സമ്പദ്ഘടനയെയും ഭൂമിയുടെ നിലനില്പിനെയും ഇത് സ്വാധീനിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
ഭക്ഷണ രീതിയും രോഗങ്ങളും
പുതിയ ഭക്ഷണരീതികളിലൂടെ വരുന്ന മാറ്റങ്ങൾ കൊണ്ട് ജീവിതശൈലിയിൽ തന്നെ വന്നിരിക്കുന്ന മാറ്റങ്ങൾ നിരവധിയാണ്. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിനെ തുടർന്ന് അസുഖബാധിതരായി ഓരോ വർഷവും ഏകദേശം 4,20,000ത്തോളം പേരാണ് ആഗോളതലത്തിൽ മരണപ്പെടുന്നതെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്.
ബാക്ടീരിയ, വൈറസ്, പാരസൈറ്റ്, മറ്റു രാസപദാർത്ഥങ്ങൾ എന്നിവയെല്ലാമാണ് സാധാരണയായി ഭക്ഷണത്തിലൂടെ പകരുന്ന രോഗാണുക്കൾ. അനാരോഗ്യകരമായ ഭക്ഷണം ആരോഗ്യത്തെ മാത്രമല്ല തകർക്കുന്നത്. മറിച്ച്, അത് ആരോഗ്യമേഖലയെയും തൊഴിൽ മേഖലയെയും സമ്പദ് മേഖലയെയുമെല്ലാം ഒരേപോലെ ബാധിക്കുന്നതാണെന്നും ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.
പട്ടിണി മരണങ്ങൾ
2026ലും ലോകത്ത് പട്ടിണി മൂലം മരണങ്ങൾ തുടരുകയാണ്. ലോകത്ത് 733 ദശലക്ഷം ആളുകൾ പ്രതിദിനം പട്ടിണി നേരിടുന്നുണ്ട്. ഈ പ്രതിസന്ധി പ്രധാനമായും യുദ്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, സാമ്പത്തിക അസ്ഥിരത, മനുഷ്യാവകാശ ലംഘനങ്ങൾ, ഭക്ഷ്യ സഹായം കുറയൽ എന്നിവ മൂലം സംഭവിക്കുന്നതാണ്. 295.3 ദശലക്ഷം ആളുകൾ 2024ൽ ഗുരുതരമായ ഭക്ഷ്യഅസുരക്ഷ അനുഭവപ്പെട്ടതായി 2025ലെ ഗ്ലോബൽ റിപ്പോർട്ട് ഓൺ ഫുഡ് ക്രൈസസ് വ്യക്തമാക്കുന്നു. സുഡാൻ, ഗാസ, ഹെയ്തി, മാലി, സൗത്ത് സുഡാൻ എന്നിവടങ്ങളിലാണ് പട്ടിണി നേരിടുന്നവർ അധികവും.
ആഗോള യാഥാർത്ഥ്യങ്ങൾ: വിശപ്പും രോഗങ്ങളും
ഗുണനിലവാരമുള്ള ഭക്ഷണം ജനങ്ങളുടെ അടിസ്ഥാന അവകാശമാണെങ്കിലും, ലോകത്ത് ഒരു വിഭാഗം വിശപ്പകറ്റാൻ പാടുപെടുമ്പോൾ മറുഭാഗത്ത് പുതിയ ഭക്ഷണരീതികളിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ വർദ്ധിച്ചുവരികയാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിനെ തുടർന്ന് ഓരോ വർഷവും ഏകദേശം 4,20,000 പേർ ആഗോളതലത്തിൽ മരണപ്പെടുന്നുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ബാക്ടീരിയ, വൈറസ്, പാരസൈറ്റ്, രാസപദാർത്ഥങ്ങൾ എന്നിവയാണ് സാധാരണയായി ഭക്ഷണത്തിലൂടെ പകരുന്ന രോഗാണുക്കൾ. അനാരോഗ്യകരമായ ഭക്ഷണം ആരോഗ്യം മാത്രമല്ല, ആരോഗ്യമേഖല, തൊഴിൽ മേഖല, സമ്പദ്ഘടന എന്നിവയെയും സാരമായി ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കേരളത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 69,002 പരിശോധനകളാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയത്. പിഴ ഇനത്തിൽ 5.4 കോടി രൂപ ഈടാക്കുകയും 20,394 പുതിയ ലൈസൻസുകളും 2,12,436 പുതിയ രജിസ്‌ട്രേഷനുകളും നൽകുകയും ചെയ്തിട്ടുണ്ട്.
പോഷകാഹാരക്കുറവ്: ഇന്ത്യ നേരിടുന്ന ഗുരുതര വെല്ലുവിളി
പോഷകാഹാരക്കുറവ്, കുട്ടികളിലെ വളർച്ചാ മുരടിപ്പ്, ഭാരക്കുറവ്, ശിശുമരണ നിരക്ക് എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ആശങ്കാജനകമാണ്. 2011ൽ 107ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2020ൽ 94-ാം സ്ഥാനത്തേക്ക് മെച്ചപ്പെട്ടെങ്കിലും, പിന്നീട് സ്ഥിതി കൂടുതൽ വഷളായി. നിലവിൽ ഇന്ത്യ ഗൗരവതരമായ പട്ടിണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ്. 15നും 24നും ഇടയിൽ പ്രായമുള്ള 58.1 ശതമാനം പെൺകുട്ടികൾക്കും ശരിയായ പോഷണം ലഭിക്കുന്നില്ലെന്ന് സൂചിക വ്യക്തമാക്കുന്നു. ശിശുക്കളുടെ പോഷകാഹാരക്കുറവിൽ 18.7 ശതമാനത്തോടെ ഇന്ത്യ ലോകത്ത് ഏറ്റവും മുന്നിലാണ്. അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 3.1 ശതമാനമാണ്.
ലോകത്ത് പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 572 ദശലക്ഷത്തിൽ നിന്ന് 735 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. 18.7 ശതമാനം തൂക്കക്കുറവുള്ള കുട്ടികളാണ് ഇന്ത്യയിലുള്ളത്. ഇതോടെ ലോകത്തെ ഏറ്റവും തൂക്കക്കുറവുള്ള കുട്ടികളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. അഫ്ഗാനിസ്ഥാൻ മാത്രമാണ് ദക്ഷിണേന്ത്യയിൽ ഇന്ത്യയ്ക്ക് പിന്നിലുള്ളത്. ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പകുതിയിലധികം പേർക്കും മികച്ച ഭക്ഷണം ലഭിക്കുന്നില്ലെന്നും സൂചിക വ്യക്തമാക്കുന്നു. ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങൾ വർദ്ധിക്കുമ്പോൾ, ഭക്ഷ്യവകുപ്പ് കൂടുതൽ ജാഗരൂകമാകുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. സുസ്ഥിരമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |