
വിദ്യാലയങ്ങൾ തുറന്നാലും ഒരു കാലത്ത് കന്നുകാലി ചെറുക്കന്മാരായി വയനാട്ടിലെ നെൽപ്പാടത്തും കാടുകളിലും അലയുന്ന ആദിവാസി കുട്ടികളെ ധാരാളമായികാണാമായിരുന്നു. വയൽവരമ്പത്ത് ഞണ്ടിൻമാളങ്ങൾ അന്വേഷിച്ചും തോടുകളിലും പുഴകളിലും മീനുകളെ തേടിയും അലയുന്നവർ. കടുത്ത പട്ടിണിയും ദാരിദ്രവും ഇവരെ സ്കൂളുകളിൽ നിന്ന് അകറ്റുകയായിരുന്നു. അക്ഷരം എന്തെന്ന് അറിയാതെ വളർന്നവർ കുറച്ചൊന്നുമായിരുന്നില്ല. സ്വന്തം വയസ് പോലും പറയാൻ അറിയാത്തവർ. കുട്ടികളെ തേടി അദ്ധ്യാപകർ ആദിവാസി ഊരുകളിൽ അലയുന്നതും നമ്മുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. കാലം എത്രയോ മാറി. ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താൻ ആദിവാസി ജനവിഭാഗങ്ങൾ മത്സരിക്കുന്ന കാഴ്ച കാണാം. സന്തോഷമുളള കാര്യം. സർക്കാർ സർവീസിൽ മാത്രമല്ല, രാഷ്ടീയ സാമൂഹ്യ രംഗത്തും ഇന്ന് ആദിവാസികൾ പ്രധാന പങ്ക് വഹിക്കുന്നു. നിരന്തരമായ പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത നേട്ടമാണിത്. അഭിമാനിക്കുക. എങ്കിലും ഇപ്പോഴും വയനാട് ഉൾപ്പെടെയുളള പല ജില്ലകളിലും സ്കൂളിന്റെ പടിവാതിലുകൾ കാണാത്ത എത്രയോ കുട്ടികളുണ്ട്. അത്തരക്കാരെ കണ്ടെത്തി സ്കൂളുകളിലെത്തിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ സർക്കാരുകൾ കോടികൾ ചിലവഴിക്കുന്നു. ആദിവാസി കുട്ടികളെ ഇങ്ങനെ സ്കൂളുകളിലേക്ക് എത്തിക്കുന്നതിന്റെ ഗുണം കഴിഞ്ഞ കുറെ വർഷങ്ങളായി വയനാട്ടിൽ നിന്ന് തന്നെ കാണാൻ കഴിഞ്ഞിട്ടുണ്ട്. വയനാട് ജില്ലയിൽ ആദിവാസി റസിഡൻഷ്യൽ സ്കൂളുകൾ ഇന്ന് മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയാണ്. എസ്.എസ്.എൽ.സി പരീക്ഷകളിലടക്കം നൂറ് മേനി കൊയ്യുന്നതാണ് വയനാട്ടിലെ ആദിവാസി റസിഡൻഷ്യൽ സ്കൂളുകൾ. വിദ്യാഭ്യാസത്തിന്റെ ഉന്നത തലങ്ങളിലേക്ക് എത്തുന്നവർ കുറച്ചൊന്നുമല്ല. അതിന് കേരളത്തിലെ മാറി മാറി വന്ന സർക്കാരുകൾ വലിയൊരു പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. ആദിവാസി കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനും കൊഴിഞ്ഞ് പോക്ക് തടയാനും കേരളത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന പിണറായി വിജയൻ സർക്കാർ ഒരു മാതൃകാപരമായ പദ്ധതിക്ക് രൂപം നൽകി. അതാത് ആദിവാസി വിഭാഗങ്ങളിൽ നിന്നുളള അഭ്യസ്ത വിദ്യരായവരെ കണ്ടെത്തി ആദിവാസി കുട്ടികൾക്ക് അവരുടെ ഭാഷയിൽ തന്നെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി സ്കൂളുകളിൽ എത്തിക്കുക. ഇത്തരക്കാർ ഗോത്രബന്ധു അദ്ധ്യാപകർ(മെന്റർ) എന്നാണ് അറിയപ്പെട്ടിരുന്നത്.
കൊഴിഞ്ഞ് പോക്കിനെ തടയിട്ടവർക്ക് പിരിച്ച് വിടൽ നോട്ടീസ്!
ഒന്നാം പിണറായി വിജയൻ സർക്കാരിൽ എ.കെ. ബാലൻ മന്ത്രിയായിരിക്കെയാണ് മെന്റർ അദ്ധ്യാപകരെ നിയമിച്ച് കൊണ്ട് ആദിവാസി മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത്. മെന്റർ അദ്ധ്യാപകർ കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ വലിയൊരു പങ്ക് തന്നെ വഹിച്ചു. കൊഴിഞ്ഞ് പോക്കിനെ തടയിട്ടു. വിപ്ലവകരമായ മാറ്റം ആദിവാസി മേഖലകളിൽ നിന്ന് പ്രകടമായി. 2017 ജൂൺ 7 ന് വിദ്യാലയത്തിലെ കൊഴിഞ്ഞുപ്പോക്ക് ഇല്ലാതാക്കാൻ നിയമിക്കപ്പെട്ടവർ ഇന്ന് നിരാശരാണ്. ഒപ്പം ആദിവാസി കുട്ടികളും. 291 ഗോത്ര ബന്ധു അധ്യാപകരിൽ 241 പേർ വയനാട്ടിൽ തന്നെ സേവനമനുഷ്ഠിച്ചു. ഈ അദ്ധ്യയനം ആരംഭിച്ചപ്പോൾ ഇവർക്ക് കിട്ടിയത് പിരിച്ച് വിടൽ നോട്ടീസ്. ഈ കാലമത്രയും എല്ലാ വർഷവും പുതുക്കി നിയമനം നൽകിയിരുന്ന അദ്ധ്യാപകർക്ക് ഈ അദ്ധ്യയന വർഷം പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് എത്തിയതിൽ അത്ഭുതപ്പെടാനില്ല. സർക്കാർ അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി പൊലീസിലും സർക്കാർ സർവീസുകളിലും തലങ്ങനെയും വിലങ്ങനെയും കൂട്ട സ്ഥലമാറ്റം തന്നെ നടത്തി. അതിനെതിരെയുളള പ്രക്ഷോഭം കേരളത്തിലെങ്ങും നടക്കുന്നു. ഇടത് മുന്നണി സർക്കാർ നിയമിച്ച മെന്റർ അദ്ധ്യാപകരെയാണ് ഈ സർക്കാർ അധികാരം ഏറ്റെടുത്തതോടെ പിരിച്ച് വിട്ടത്. കഴിഞ്ഞ വെളളിയാഴ്ച ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ ജില്ലയിലെ മെന്റർ അദ്ധ്യാപകർ കോരിച്ചൊരിയുന്ന മഴയത്ത് വയനാട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സമരവുമായി എത്തിയത് ഏവരും ശ്രദ്ധിച്ചു. അവരിൽ ഏറെയും സ്ത്രീകളായിരുന്നു. പുതിയ സർക്കാരിൽ നിന്ന് ഇവർക്കൊരു കുറിപ്പ് ലഭിച്ചിരിക്കുന്നു. പുതിയൊരു അഭിമുഖത്തിന് തയ്യാറായിക്കോളൂ എന്ന അറിയിപ്പ്. ഇതിനെതിരെ പ്രതിഷേധിച്ച് കൊണ്ടാണ് വയനാട് കളക്ടറേറ്റിന് മുന്നിലെ സൂചന സമരം.
രാഷ്ട്രീയമായ പകപോക്കലെന്ന്
മെന്റർ അദ്ധ്യാപകരായി ജോലി ചെയ്യുന്നവർ ടി.ടി.സിയും ബി.എഡ് യോഗ്യത ഉളളവരാണ്. വയനാട്, ഇടുക്കി, പാലക്കാട് ജില്ലയിൽ മാത്രമെ മെന്റർ അദ്ധ്യാപകരുളളൂ. അടിയ, പണിയ, കാട്ടുനായ്ക്ക, കുറുമ , കുറിച്യ, തച്ചനാടൻ മൂപ്പർ എന്നീ വിഭാഗങ്ങളിലുളളവരാണ് അദ്ധ്യാപകർ. ഇവർ അതാത് ഭാഷകളിലെ കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് ചെറിയ കാര്യമല്ല. തുടക്കത്തിൽ 700 രൂപ ദിവസവേതനം ആയിരുന്നു നൽകിയിരുന്നത്. ഇപ്പോൾ 21,900 രൂപ ശമ്പളമുണ്ട്. എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയതോടെ ഒരു ദയയും കാണിക്കാതെ പിരിച്ചുവിട്ടെന്നാണ് അദ്ധ്യാപകരുടെ പരാതി.
പട്ടികവർഗ വകുപ്പിന് കീഴിലായിരുന്നു നിയമനം. മെന്റർ ടീച്ചർമാരെ നിയമിച്ചതോടെ കൊഴിഞ്ഞുപോക്ക് ഒരു പരിധിവരെ തടയാൻ കഴിഞ്ഞതായി ഇവർ പറയുന്നു. പുതിയ വിജ്ഞാപനം ഉടനെ ഇറക്കുമെന്നും അതിനാൽ തന്നെ കഴിഞ്ഞ അദ്ധ്യയന വർഷം ജോലി ചെയ്തവരെ ഈ അദ്ധ്യയന വർഷം ജോലിയിൽ പ്രവേശിപ്പിക്കേണ്ടന്നുമാണ് പട്ടികവർഗ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്. രാഷ്ട്രീയമായ പകപോക്കൽ ആണ് മെന്റർ ടീച്ചർമാരോട് സർക്കാർ കാണിക്കുന്നതെന്ന് കെ.എസ്.ടി.എ കുറ്റപ്പെടുത്തി. പിരിച്ചുവിട്ടവർക്ക് പൂർണ പിന്തുണ എന്നും നേതാക്കൾ പറഞ്ഞു.
രാജ്യത്ത് തന്നെ ആദ്യമായിട്ടായിരുന്നു ആദിവാസി വിഭാഗത്തിൽപ്പെട്ട ഇത്രയധികം ഉദ്യോഗാർത്ഥികൾക്ക് ഒരുമിച്ച് സർക്കാർ ജോലി ലഭിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ എത്തിയാണ് നിയമന ഉത്തരവ് നൽകുന്നത്. തീർത്തും യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. കഴിഞ്ഞ ഒമ്പത് വർഷം ഇവർ ആദിവാസി മേഖലയിൽ ആത്മാർത്ഥമായി ജോലി ചെയ്തു. ജോലിയിൽ തിരിച്ചെടുക്കുംവരെ സമരം തുടരുമെന്ന് മെന്റർ അദ്ധ്യാപിക കെ. മഞ്ജു വ്യക്തമാക്കി. തിരിച്ചെടുക്കുന്നില്ലെങ്കിൽ കുടുംബ സമ്മേതം കൈക്കുഞ്ഞുങ്ങളെയുമായി കളക്ടറേറ്റിന് മുന്നിൽ വന്ന് സമരം ചെയ്യുമെന്നും മഞ്ജു മുന്നറിയിപ്പ് നൽകുന്നു. 9 വർഷം ജോലി ചെയ്ത തങ്ങളെ ഒരു കാരണവുമില്ലാതെയാണ് പിരിച്ചുവിട്ടത്. ഗോത്ര ബന്ധു നിയമനത്തിനുശേഷം ജില്ലയിൽ വിജയശതമാനം ഉയർന്നിട്ടുണ്ട്. എല്ലാദിവസവും രാവിലെ ഉന്നതികളിൽ പോയി കുട്ടികളെ വസ്ത്രം അണിയിച്ച് സ്‌കൂളിൽ എത്തിച്ചിട്ടുണ്ട്. അവരുടെ കൂടെയിരുന്ന് ടീച്ചർ പറയുന്നത് മനസ്സിലാകാത്തത് തങ്ങൾ പറഞ്ഞു കൊടുത്തിട്ടുണ്ട്. അതിനാൽ തന്നെ സ്‌കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചിരുന്നു. ഇനിയും ഇന്റർവ്യൂ നടത്തുന്നതിനോട് എതിർപ്പില്ല. എന്നാൽ 9 വർഷം പൂർത്തിയാക്കിയവർക്ക് ജോലി നൽകില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഭൂരിഭാഗം പേരും പ്രായപരിധി പിന്നിട്ടവരാണ്. ഇനി പി.എസ്.സി പരീക്ഷ എഴുതാൻ ആകില്ല. അതിനാൽ തന്നെ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സമരത്തിന് പിന്തുണയുമായി സി.പി.എം, എ.കെ.എസ് സംഘടനകളും രംഗത്ത് വന്നിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി
കെ. റഫീഖ്, മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ, എ.കെ.എസ് സംസ്ഥാന പ്രസിഡന്റ് കെ. വാസുദേവൻ എന്നിവരും സമരമുഖത്തെത്തി ഇവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |