
കേരളത്തിൽ കർഷക വരുമാനം വർദ്ധിപ്പിക്കാനും യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും കഴിയണമെന്ന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (സി.ടി.സി.ആർ.ഐ) ഡയറക്ടർ ഡോ. ജി. ബൈജു. 2031ഓടെ കാർഷിക കേരളം ഉപജീവന കൃഷിയിൽ നിന്ന് സാങ്കേതിക വിദ്യാധിഷ്ഠിത കാർഷിക ബിസിനസ് മേഖലയായും മാറണം. സംസ്ഥാനത്തെ കാർഷിക മേഖല വരുംനാളുകളിൽ എന്തൊക്കെ ലക്ഷ്യമിടണം എന്നതിനെക്കുറിച്ചടക്കം ഡോ. ബൈജു 'കേരളകൗമുദി'യുമായി സംസാരിക്കുന്നു.
?കേരളത്തിലെ കാർഷിക സ്ഥിതി വിവരക്കണക്കുകൾ
ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്റെ വെറും 1.18 ശതമാനവും ജനസംഖ്യയുടെ 2.5 ശതമാനവും മാത്രമുള്ള വൈവിദ്ധ്യമാർന്ന കാർഷിക മേഖലയാണ് കേരളത്തിനുള്ളത്. കൃഷിഭൂമിയുടെ ഏകദേശം 10 ശതമാനം സ്ഥലത്തു മാത്രമാണ് ഭക്ഷ്യവിളകൾ കൃഷി ചെയ്യുന്നത്. ഹോർട്ടികൾച്ചർ,തോട്ടവിള അധിഷ്ഠിതമാണ് പ്രധാനമായും ഇവിടത്തെ കൃഷി. ഇന്ത്യയിൽ കൃഷി-കൃഷി അനുബന്ധ മേഖലയ്ക്ക് ജി.ഡി.പിയിൽ 16.3 ശതമാനം സംഭാവനയുള്ളപ്പോൾ കേരളത്തിൽ അത് 8.3 ശതമാനം മാത്രമാണ്.
?കാർഷിക കേരളം നേരിടുന്ന പ്രധാന വെല്ലുവിളികൾ
സംസ്ഥാനത്തെ 75 ലക്ഷത്തോളം പ്രവർത്തനക്ഷമ കൃഷിയിടങ്ങളിൽ 96 ശതമാനവും ഒരു ഹെക്ടറിനു താഴെയുള്ളവയും, അതിൽതന്നെ കൂടുതലും 5-25 സെന്റും മാത്രമാണ്. ഉയർന്ന ഉത്പാദനച്ചെലവ്, തൊഴിൽക്ഷാമം, വില അസ്ഥിരത, കാലാവസ്ഥാ വ്യതിയാനം, മനുഷ്യ-വന്യജീവി സംഘർഷം എന്നിവ മുഖ്യ വെല്ലുവിളികളാണ്. 1985-86ൽ 6.78 ലക്ഷം ഹെക്ടർ ഉണ്ടായിരുന്ന നെൽകൃഷി 2024-25ൽ 1.76 ലക്ഷം ഹെക്ടറായി കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് 2050ഓടെ നെല്ലിന്റെ വിളവ് 40 ശതമാനം വരെ കുറയാമെന്ന വിലയിരുത്തലുമുണ്ട്.
?2031 ലക്ഷ്യമിട്ടുള്ള ഏറ്റവും പ്രധാന ആക്ഷൻ പ്ലാൻ
വാർഷിക ഉത്പാദനക്ഷമതാ വർദ്ധന നിരക്ക് ഭക്ഷ്യധാന്യങ്ങൾക്ക് രണ്ടും ഹോർട്ടികൾച്ചർ വിളകൾക്ക് നാല് ശതമാനവും ലക്ഷ്യമിടണം. മൂല്യവർദ്ധിത ഉത്പന്നങ്ങൾ, ബ്രാൻഡിംഗ്, ആഗോള വിപണി വിപുലീകരണം എന്നിവയിലൂടെ 10,000 കോടി രൂപയുടെ കാർഷിക കയറ്റുമതി ലക്ഷ്യമിടണം. ചെറിയ കൃഷിയിടങ്ങളിൽ കൂടുതൽ വരുമാനം ലഭ്യമാക്കാൻ സ്മാർട്ട് ഫാമിംഗ്, മൂല്യവർദ്ധന, കർഷക കൂട്ടായ്മകൾ എന്നിവ ശക്തിപ്പെടുത്തണം. 'കൂടുതൽ ഉത്പാദനം, കൂടുതൽ വരുമാനം, കുറഞ്ഞ പ്രകൃതി ആഘാതം' ആയിരിക്കണം ലക്ഷ്യം.
?ഉത്പാദനവും ഉത്പാദനക്ഷമതയും ഉയർത്താൻ
വിളവ് വിടവ് വളരെ കൂടുതലാണ്. നെല്ലിന്റെ ശരാശരി ഉത്പാദനക്ഷമത കേരളത്തിൽ ഹെക്ടറിന് 3,091 കിലോഗ്രാമാണെങ്കിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിലത് 9,203 കിലോഗ്രാമാണ്. ഉയർന്ന വിളവുള്ളതും, ജൈവ-അജൈവ സമ്മർദ്ദങ്ങളെ ചെറുക്കുന്നതും, വിപണിസൗഹൃദവുമായ ഇനങ്ങൾ കൂടുതൽ വേഗത്തിൽ വ്യാപിക്കണം. ക്രോപ്പിംഗ് ഇന്റൻസിറ്റി 126ൽ നിന്ന് 150 വരെ ഉയർത്തണം.
?കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ
കാലാവസ്ഥാ അതിജീവന കൃഷി സമ്പ്രദായം കേരളത്തിന്റെ ഭാവിക്ക് നിർണായകമാണ്. പ്രിസിഷൻ ഫാമിംഗിനോടൊപ്പം പുനരുജ്ജീവന, ജൈവ, പ്രകൃതി, സംരക്ഷണ കൃഷി രീതികളും കൂടുതൽ പ്രോത്സാഹിപ്പിക്കണം. ഗ്രാമതലത്തിൽ കാർഷിക അടിയന്തര പദ്ധതികളും കാലാവസ്ഥാ, അപകടസാദ്ധ്യത മാനേജ്‌മെന്റ് സമിതികളും രൂപീകരിക്കണം. കാർബൺ സംഭരണം, പ്രളയ നിയന്ത്രണം, പരാഗണം തുടങ്ങിയ ആവാസവ്യവസ്ഥാ സേവനങ്ങൾക്ക് കർഷകർക്ക് സാമ്പത്തിക പ്രോത്സാഹനം നൽകണം.
?ഭൂ വിനിയോഗ നയവും ഭൂ പരിധി നിയമങ്ങളും
ശാസ്ത്രീയ ലാൻഡ് കേപ്പബിലിറ്റി ക്ലാസിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഭൂവിനിയോഗ നയം നടപ്പാക്കണം. 1961ൽ അമേരിക്കൻ കൃഷി വകുപ്പ് വികസിപ്പിച്ച, ലോക വ്യാപകമായി അംഗീകരിച്ചിട്ടുള്ള ക്ലാസ്സ് I മുതൽ VIII വരെയുള്ള ഭൂവിഭാഗീകരണ മാതൃക പൂർണമായും നടപ്പാക്കണം. തണ്ണീർത്തടങ്ങൾ, നെൽപ്പാടങ്ങൾ, പർവത പരിസ്ഥിതി വ്യവസ്ഥകൾ എന്നിവ സംരക്ഷിക്കുന്ന ദീർഘകാല നയങ്ങളും നടപ്പാക്കണം. കാലഹരണപ്പെട്ട ഭൂപരിധി നിയമങ്ങളിൽ കാലാനുസൃതമായ പരിഷ്‌കരണങ്ങൾ വരുത്തി, സാമൂഹ്യനീതി സംരക്ഷിച്ചുകൊണ്ട് ഉത്പാദനക്ഷമവും സുസ്ഥിരവും യുവജനസൗഹൃദവുമായ കാർഷിക വികസനത്തിന് വഴി തുറക്കണം.
?കൃഷിയുടെയും കർഷകരുടെയും കൂട്ടായ്മകളെക്കുറിച്ച്
ചെറുകിട കർഷകരുടെ കാര്യക്ഷമമായ കൂട്ടായ്മകളിലാണ് നമ്മുടെ ഭാവി. 200ഓളം കർഷക ഉത്പാദക സംഘടനകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും വളരെ കുറച്ചെണ്ണം മാത്രമേ ലാഭനഷ്ട സമനില ബിന്ദു കടന്നിട്ടുള്ളു. ലക്ഷ്യാധിഷ്ഠിതവും കാര്യക്ഷമവുമായ 1000 ഓളം എഫ്.പി.ഒ കൾ സ്ഥാപിക്കണം. വൻതോതിലുള്ള സംഭരണം, ഏകോപിത സമാഹരണം, സംസ്‌കരണം, ബ്രാൻഡിംഗ്, വിപണനം എന്നിവയിലൂടെ ഉത്പാദനച്ചെലവ് കുറയ്ക്കണം, വിള വൈവിധ്യവത്കരണവും, ഉയർന്ന മൂല്യമുള്ള വാണിജ്യ വിളകളുടെ കൃഷിയും, കേരളത്തിൽ ഏറെ സാദ്ധ്യതയുള്ള 'സ്മാർട്ട് അർബൻ ഹോർട്ടികൾച്ചറും' ലക്ഷ്യമിടണം. കാര്യക്ഷമമായ മൂല്യശൃംഖല / വിതരണശൃംഖലാ മാനേജ്‌മെന്റിലൂടെ വിളവെടുപ്പാനന്തര നഷ്ടം ധാന്യവിളകളിൽ അഞ്ചും പച്ചക്കറി, പഴവർഗങ്ങളിൽ പത്തും ശതമാനത്തിൽ താഴെ എത്തണം.
?സാങ്കേതിക വിദ്യാ വികസനം
2031ലെ കൃഷി നിർമ്മിത ബുദ്ധി ഇന്റർനെറ്റ് ഓഫ് തിംഗ്സ്, സെൻസർ, വിദൂര സംവേദന, ഭൗമ വിവര സംവിധാന അധിഷ്ഠിത കൃത്യതാ കൃഷി ആയതിനാൽ നാം അതിന് പൂർണമായും സജ്ജമാകണം. സ്മാർട്ട് ഫാമിംഗ്, ജീനോം എഡിറ്റിംഗ്, സ്പീഡ് ബ്രീഡിംഗ്, ഫിനോമിക്സ് ബ്രീഡിംഗ് തുടങ്ങി നവീനതയുടെ അതിരുകളിലെ വിവിധ മേഖലകളിൽ അന്തർദ്ദേശീയ നിലവാരമുള്ള ലാബുകൾ കാർഷിക സർവകലാശാലയിലും സി.ടി.സി.ആർ.ഐ പോലെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റ് ദേശീയ കൃഷി ഗവേഷണ സ്ഥാപനങ്ങളിലും വികസിപ്പിക്കണം.
ഡിജിറ്റൽ വിപണന സംവിധാനങ്ങൾ വ്യാപകമാകണം. ഇത് ഇടനിലക്കാരുടെ എണ്ണം കുറയ്ക്കും, കർഷകർക്ക് കൂടുതൽ വിലയും ലഭിക്കും. വിളകൾക്കുള്ള മിനിമം സപ്പോർട്ട് പ്രൈസ് (എം.എസ്.പി ) സംവിധാനം കൂടുതൽ ഫലപ്രദമാക്കണം. കൃഷിഭവനുകളെ കൂടുതൽ സാങ്കേതികവിദ്യാ അധിഷ്ഠിത സേവനകേന്ദ്രങ്ങളാക്കണം.
? 2031ലേക്കുള്ള വിഷൻ സ്റ്റേറ്റ്‌മെന്റ്
2031ഓടെ കാർഷിക കേരളം ഉപജീവന കൃഷിയിൽ നിന്ന് സാങ്കേതിക വിദ്യാ അധിഷ്ഠിത കാർഷിക ബിസിനസ് മേഖലയായി മാറണം. കർഷക വരുമാനം വർദ്ധിപ്പിക്കാനും യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും കഴിയണം. കേരളത്തിന്റെ മസാലകൾ, തേങ്ങ, കപ്പ, ഹോർട്ടികൾച്ചർ ഉത്പന്നങ്ങൾ തുടങ്ങിയവ ആഗോള ബ്രാൻഡുകളായി ഉയരുന്ന 'സ്മാർട്ട് കാർഷിക കേരളം' ആയിരിക്കണം ലക്ഷ്യം. ഗൾഫ് രാജ്യങ്ങളിലുൾപ്പെടെയുള്ള മലയാളി യുവാക്കളുടെ നൈപുണ്യവും നിക്ഷേപവും ഈ മേഖലകളിലേക്ക് ആകർഷിക്കുന്നതും 2031ലെ കാർഷിക കേരളത്തിന്റെ പ്രധാന ലക്ഷ്യമാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |