
വിത്ത് പ്രായത്തിൽ തന്നെ പരിപാലനം നന്നായാൽ ഗുണനിലവാരവുള്ള ഫലം കിട്ടും. വിത്ത് ഗുണം പത്ത് ഗുണം എന്നത് അർത്ഥവത്തായ പഴഞ്ചൊല്ല്. പറഞ്ഞു വരുന്നത് സംസ്ഥാന ജുവനൈൽ ജസ്റ്റീസ് ബോർഡ് നടപ്പാക്കാൻ തുടങ്ങിയ വിത്ത് പദ്ധതിയെപ്പറ്റിയാണ്. ആറിനും പതിമൂന്നിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വേണ്ടി ജുവനൈൽ ജസ്റ്റീസ് ബോർഡ് നടപ്പാക്കുന്ന 'വിത്ത്' പദ്ധതിക്ക് പത്തനംതിട്ടയിൽ അടുത്തിടെ തുടക്കമായി.
വിത്ത് പ്രായത്തിൽ തന്നെ പരിപാലിച്ച് ഫലങ്ങൾ തരുന്ന തണൽ വൃക്ഷമാക്കുകയാണ് പദ്ധതിയുടെ സങ്കൽപ്പം. കൂടെ എന്ന് അർത്ഥമുള്ള വിത്ത് എന്ന ഇംഗ്ളീഷ് പദമാണ് പേരായി തിരഞ്ഞെടുത്തത്. ഒരുമിച്ച് പഠിക്കൂ, ഒരുമിച്ച് വളരൂ, ഭാവിയിലെ ഉത്തരവാദിത്വമുള്ള പൗരരാകൂ എന്നാണ് സന്ദേശം. പത്തനംതിട്ടയിലെ പദ്ധതി കേരള ലീഗൽ സർവീസ് അതോറിട്ടിക്ക് സമർപ്പിച്ചു. പരിശോധനകൾക്കു ശേഷം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചേക്കും. മൊബൈൽ ഉപയോഗത്തിലും കുറ്റകൃത്യങ്ങളിലും അടിമപ്പെടാതെ കുട്ടികളെ ഉത്തരവാദിത്വമുള്ള പൗരൻമാരാക്കുന്നതാണ് 'വിത്ത്' പദ്ധതി. കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവും വൈകാരികവുമായ വളർച്ചയുടെ ഘട്ടങ്ങളിൽ രക്ഷിതാക്കളും അദ്ധ്യാപകരും വഴികാട്ടികളാകും. 2010നുശേഷം ജനിച്ച കുട്ടികളെ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ആരോഗ്യ വകുപ്പ്, പൊലീസ്, എക്സൈസ്, പട്ടികജാതി വർഗ വകുപ്പ്, കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങൾ എൻ.ജി.ഒകൾ എന്നിവ പദ്ധതിയിൽ പങ്കാളികളാകും. കോന്നി ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് പൈലറ്റ് പദ്ധതി നടപ്പായത്. പരിശീലനത്തിൽ ആറ് ബാച്ചുകളിലായി അറുന്നൂറ് രക്ഷിതാക്കൾ പങ്കെടുത്തു. സൈക്കോളജിസ്റ്റുകൾ, ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർമാർ, ന്യൂട്രീഷ്യനിസ്റ്റുകൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിച്ചു. കുട്ടികളുടെ മാസികാവസ്ഥയും സ്വാഭാവ വൈകല്യങ്ങളും തിരിച്ചറിയുന്നതിന് അദ്ധ്യാപകർക്കുള്ളതാണ് ആദ്യ ക്ളാസ്. ഇതിന് ചൈൽഡ് ടീച്ചിംഗ് എന്നാണ് പേര്.
കുട്ടികളിലെ മൊബൈൽ, ടിവി ഉപയോഗം നിയന്ത്രിക്കുന്നതിനും കൂടെ നിറുത്തുന്നതിനും രക്ഷിതാക്കളെ ബോധവാൻമാരാക്കുന്നതിന് പ്രത്യേക പരിശീലനം നൽകും. ആർട്ട് ഒഫ് പേരന്റിംഗ് എന്നാണ് ഈ ക്ളാസ് അറിയപ്പെടുന്നത്. പെൻസിൽ പ്രോഗം എന്ന പേരിൽ കുട്ടികളുടെ അഭിരുചി വളർത്താനും കഴിവുകൾ വികസിപ്പിക്കാനും പരിശീലിപ്പിക്കും. ഇത്തരം മൂന്ന് പ്രധാന ഘട്ടങ്ങളാണ് വിത്ത് പദ്ധതിയുടെ കാതൽ.
മൊബൈൽ ഉപയോഗം നിയന്ത്രിക്കാനും ലഹരി മാഫിയകളിൽ നിന്ന് അകറ്റി നിറുത്താനും കുട്ടികളെ പ്രാപ്തരാക്കാൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും തുടർച്ചയായി പരിശീലനം നൽകും.
വീടും സ്കൂളും
നൽകുന്ന പാഠം
വീടും സ്കൂളുമാണ് ഒരു കുട്ടിയുടെ വളർച്ചയെ സ്വാധീനിക്കുന്നത്. വീട്ടിൽ കുടുംബാംഗങ്ങളുമായി ഇടപെടുമ്പാേൾ കുട്ടികൾക്കുണ്ടാകുന്ന മാനസിക വികാസം വളർച്ചാ കാലഘട്ടത്തിൽ നിർണായകമാണ്. വിദ്യാഭ്യാസ കാലത്ത് കുട്ടികളിലെ സ്വഭാവ മാറ്റവും അഭിരുചിയും തിരിച്ചറിയുന്നതിൽ അദ്ധ്യാപകരുടെ പങ്ക് വലുതാണ്. കുട്ടികൾക്ക് ഭക്ഷണം നൽകാൻ മൊബൈലും ടിവിയും ഓണാക്കി വയ്ക്കുന്ന രക്ഷിതാക്കൾ, കുട്ടികളുടെ മനസിലെ നേർവഴിക്കല്ല നയിക്കുന്നതെന്ന അവബോധം സൃഷ്ടിക്കാൻ വിത്ത് പദ്ധതിക്ക് കഴിയുമെന്നാണ് ജുവനൈൽ ജസ്റ്റീസ് ബോർഡംഗം ഷാൻ രമേശ് ഗോപൻ പറയുന്നത്.
കുട്ടികളെ സമഗ്ര വികസനത്തിലേക്കും ശരിയും തെറ്റും തിരിച്ചറിഞ്ഞ് തീരുമാനമെടുക്കാനും പ്രേരിപ്പിക്കുന്നതാണ് പദ്ധതി. മൊബെൽ അഡിക്ഷൻ കുറയ്ക്കുക, ലഹരിവർജ്ജനം, പൗരബോധം ഉള്ള കടമകൾ നിറവേറ്റുന്നവരെ സൃഷ്ടിക്കുക, കഴിവുകൾ തിരിച്ചറിഞ്ഞ് അതിലേക്ക് ശ്രദ്ധ നൽകുന്ന ഭാവിയിൽ കുറ്റകൃത്യങ്ങളിൽ ചെന്ന് പെടാതിരിക്കാനും നിയമങ്ങളെ അറിഞ്ഞും അനുസരിക്കാനും തക്ക മൂല്യബോധമുള്ള തലമുറയെ സൃഷ്ടിക്കുക എന്നതെല്ലാം ലക്ഷ്യങ്ങളാണ്. ഫലം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കിട്ടുമെന്ന പ്രതീക്ഷയിലല്ല. ദീർഘകാലത്തേക്കും തുടർച്ചയായി മുന്നോട്ടു കൊണ്ടുപോകുന്നതുമാണ്. ഇതിനുള്ള സഹായ സംവിധാനങ്ങൾ ഏകോപിപ്പിക്കുക എന്നത് പ്രധാനമാണ്.
സർക്കാർ
പിന്തുണ വേണം
പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ ഭരണസംവിധാനത്തിന്റെ പിൻബലം ആവശ്യമാണ്. കേരള ലീഗൽ സർവീസ് സൊസൈറ്റിയുടെ അംഗീകാരം ലഭിച്ചാൽ സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ കഴിയുമെന്നാണ് സംഘാടകരുടെ ആത്മവിശ്വാസം. സർക്കാരിന്റെ മേൽനോട്ടവും സാമ്പത്തികള സഹായവും കൂടിയുണ്ടെങ്കിൽ പദ്ധതി അതിന്റെ ലക്ഷ്യത്തിലേക്ക് വേഗമെത്തും.
ലക്ഷ്യബോധമുള്ള സംഘാടകരാണ് ഏതൊരു പദ്ധതിയെയും വിജയിത്തിലേക്കു നയിക്കുന്ന ശക്തി. വിത്ത് എന്ന ആശയം മുന്നാേട്ടു വച്ചവർ തന്നെ അതിന്റെ പ്രയോക്താക്കളായി മുന്നിൽ തന്നെയുണ്ട്. കുട്ടികളെ നേർവഴിക്കു നയിക്കാനും ലഹരി മാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെ പിടിയിൽ അകപ്പെടാതെ മുന്നോട്ടു കൊണ്ടുപോകാനും വിത്ത് പദ്ധതിക്ക് കഴിയുമെങ്കിൽ അത് നമ്മുടെ സംസ്ഥാനത്തിന് വൻ നേട്ടമാകും. പുരോഗമനത്തിന്റെ മറ്റൊരു കേരള മോഡലായി രാജ്യ ശ്രദ്ധ നേടുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |