SignIn
Kerala Kaumudi Online
Friday, 04 September 2026 1.32 AM IST

എസ്‌.സി.ഒ ഉച്ചകോടി: സുരക്ഷ, അവസരം

d

കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കിൽ 2026 ആഗസ്റ്റ് 31മുതൽ സെപ്തംബർ ഒന്നുവരെ നടന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. 'എസ്‌.സി.ഒയുടെ 25 വർഷങ്ങൾ: സുസ്ഥിര സമാധാനത്തിലേക്കും വികസനത്തിലേക്കും സമൃദ്ധിയിലേക്കും ഒരുമിച്ച്' എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ മൂന്ന് പ്രധാന മുൻഗണനകളായി 'സുരക്ഷ, ബന്ധിപ്പിക്കൽ, അവസരം' എന്നിവ ഉയർത്തിക്കാട്ടി. പ്രത്യേകിച്ച് രൂപാന്തരപ്പെടുന്ന ലോകക്രമത്തിൽ ഇതിന് നിർണായക പ്രാധാന്യമുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം എസ്‌.സി.ഒയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രസക്തി, അയൽപക്കത്ത് തുടരുന്ന ഭീകരവാദത്തെ ഫലപ്രദമായി നേരിടുന്നതിനും അതിനെതിരെ ശക്തമായ കൂട്ടായ പ്രവർത്തനം ഉറപ്പാക്കുന്നതിനുമുള്ള നിർണായക പ്രാദേശിക വേദിയെന്ന നിലയിലാണ്. ഭീകരവാദത്തെ നേരിടുന്നതിൽ 'ഇരട്ടത്താപ്പുകൾ' അംഗീകരിക്കാനാവില്ലെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ സാന്നിദ്ധ്യത്തിൽ വ്യക്തമാക്കി.

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനത്തെയും പിന്തുണാ ശൃംഖലകളെയും തകർക്കാൻ രാജ്യങ്ങൾ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്‌.സി.ഒയുടെ റീജിയണൽ ആന്റി-ടെററിസ്റ്റ് സ്ട്രക്ചർ (RATS) ചട്ടക്കൂടിൽ നിന്നുകൊണ്ട് ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നിവയെ ഒരേ മാനദണ്ഡത്തിൽ എതിർക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.

റഷ്യയുമായും മദ്ധ്യേഷ്യൻ രാജ്യങ്ങളുമായുമുള്ള ഇന്ത്യയുടെ തന്ത്രപ്രധാന ബന്ധം ശക്തിപ്പെടുത്തുന്നതിനും എസ്‌.സി.ഒ പ്രധാന വേദിയാണ്. മദ്ധ്യേഷ്യൻ രാജ്യങ്ങളും റഷ്യയും ഇന്ത്യയുടെ വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ സാദ്ധ്യതകളാണ്. പ്രത്യേകിച്ച് ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്താനുള്ള ശ്രമം ശ്രദ്ധേയമാണ്.

മദ്ധ്യേഷ്യയുമായി ബന്ധപ്പെടുന്നതിൽ കണക്ടിവിറ്റി ഇന്ത്യയുടെ പ്രധാന വെല്ലുവിളിയാണ്. നേരിട്ടുള്ള കരമാർഗ പ്രവേശനമില്ലാത്തതിനാൽ, വൈവിദ്ധ്യമാർന്ന ഗതാഗത-വാണിജ്യ ഇടനാഴികൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഇത്തരം പദ്ധതികൾ ദേശീയ പരമാധികാരത്തെയും ഭൂപ്രദേശിക അഖണ്ഡതയെയും മാനിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാട്. പാക് അധീന കാശ്മീരിലൂടെ കടന്നുപോകുന്ന ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (BRI) പശ്ചാത്തലത്തിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. അതുപോലെ തന്നെ ചൈനയുമായുള്ള അതിർത്തി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, എസ്‌.സി.ഒ ഇന്ത്യയ്ക്കും ചൈനയ്ക്കും സംഭാഷണം തുടരാനുള്ള ബഹുമുഖ വേദി നൽകുന്നു.

പുതിയ അവസരങ്ങൾ

അമേരിക്കയുമായുള്ള ബന്ധത്തിൽ അനിശ്ചിതത്വങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ എസ്‌.സി.ഒ ഇന്ത്യയ്ക്ക് പുതിയ നയതന്ത്ര-സാമ്പത്തിക സാദ്ധ്യതകൾ നൽകുന്നു. റഷ്യ, ചൈന, ഇറാൻ, മദ്ധ്യേഷ്യ എന്നിവയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ഒരു ശക്തികേന്ദ്രത്തെ മാത്രം ആശ്രയിക്കുന്നതിന്റെ അപകടസാദ്ധ്യത കുറയ്ക്കാനും ഇന്ത്യയുടെ വിലപേശൽശേഷി വർദ്ധിപ്പിക്കാനും കഴിയും.

ഇത് ഇന്ത്യയുടെ തന്ത്രപ്രധാന സ്വയംഭരണത്തിന്റെയും ബഹുസഖ്യനയത്തിന്റെയും പ്രതിഫലനമാണ്. കൂടാതെ, 2026 സെപ്തംബർ 12-13 തീയതികളിൽ ന്യൂഡൽഹിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ മുന്നോടിയായും എസ്‌.സി.ഒ ഉച്ചകോടിയെ ഇന്ത്യ പ്രയോജനപ്പെടുത്തുന്നു. റഷ്യയുടെയും ചൈനയുടെയും നേതാക്കൾ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകക്രമത്തിന്റെ

പ്രതിഫലനം

എസ്‌.സി.ഒ ഉച്ചകോടി, രൂപംകൊണ്ടുവരുന്ന പുതിയ ലോകക്രമത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ചലനാത്മകതയും പ്രതിഫലിപ്പിക്കുന്നതായിരുന്നു. മദ്ധ്യേഷ്യയിലെ അമേരിക്കൻ സ്വാധീനത്തിന് പ്രതിബലശക്തി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട സംഘടന, ആഗോള രാഷ്ട്രീയത്തിൽ അമേരിക്കൻ സ്വാധീനം താരതമ്യേന കുറയുന്ന സാഹചര്യത്തിൽ കൂടുതൽ പ്രാധാന്യമാർജിക്കുന്നു. എസ്‌.സി.ഒയ്ക്കുള്ളിൽ പുതിയൊരു ശക്തികേന്ദ്രം രൂപപ്പെടുന്നതിനെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രശംസിക്കുകയും, സംഘടനയെ “രൂപംകൊണ്ടുവരുന്ന ബഹുധ്രുവ ലോകക്രമത്തിലെ സ്വതന്ത്രവും സ്വാധീനശേഷിയുള്ളതുമായ ശക്തികേന്ദ്രങ്ങളിലൊന്ന്” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

‘ഇത് യുദ്ധത്തിന്റെ കാലമല്ല’

സമ്മേളനവേളയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി മോദി പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും തർക്കങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സാധാരണ ജനങ്ങൾ, നാവിഗേഷൻ, വ്യാപാരം എന്നിവ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. “ഇത് യുദ്ധത്തിന്റെ കാലമല്ല” എന്നതാണ് ഇന്ത്യയുടെ നിലപാട്. ഉച്ചകോടിക്കുശേഷം ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ യുദ്ധത്തെയും, ചില അംഗരാജ്യങ്ങൾക്കെതിരെ പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെയും അപലപിക്കുന്ന എസ്‌.സി.ഒ നേതാക്കൾ ഒപ്പുവച്ച “ബിഷ്‌കെക്ക് പ്രഖ്യാപനം” പ്രത്യേകം ശ്രദ്ധേയമാണ്.

സുരക്ഷ, ബന്ധിപ്പിക്കൽ, പുതിയ അവസരങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ യൂറേഷ്യൻ നയതന്ത്രത്തിന് കൂടുതൽ ആഴം നൽകുന്ന വേദിയായി എസ്‌.സി.ഒ മാറുകയാണ്. ഭീകരവാദത്തിനെതിരായ കൂട്ടായ പ്രവർത്തനം, റഷ്യയുമായും മദ്ധ്യേഷ്യയുമായുള്ള ബന്ധം, ചൈനയുമായുള്ള സംഭാഷണം, മാറുന്ന ഇന്ത്യ-അമേരിക്ക ബന്ധം എന്നിവയുടെ പശ്ചാത്തലത്തിൽ എസ്‌.സി.ഒ ഇന്ത്യയുടെ തന്ത്രപ്രധാന സ്വയംഭരണത്തിനും ബഹുകേന്ദ്രിതമായ ആഗോളക്രമത്തിലെ സ്വതന്ത്ര ഇടപെടലിനും കൂടുതൽ പ്രാധാന്യം നൽകുന്നു.

(കേരള സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും കാര്യവട്ടം ക്യാമ്പസ് ഡയറക്ടറുമാണ് ലേഖകൻ ഫോൺ: 9447145381)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCO SUMMIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION