
സെപ്തംബർ 5ന് ആചരിക്കുന്ന അദ്ധ്യാപക ദിനം, അറിവിന്റെ വെളിച്ചം പകരുന്ന അദ്ധ്യാപകരെ ആദരിക്കുന്നതിനൊപ്പം അവരുടെ മഹത്തായ സാമൂഹിക ദൗത്യത്തെ ഓർമ്മപ്പെടുത്തുന്ന ദിനം കൂടിയാണ്. ആധുനിക സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും വിവരസ്രോതസുകളും വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ഒരു വിദ്യാർത്ഥിയുടെ കഴിവുകളെ തിരിച്ചറിഞ്ഞ് അവനെ ശരിയായ ദിശയിലേക്ക് നയിക്കുന്ന അദ്ധ്യാപകന്റെ സ്ഥാനം ഇന്നും അതുല്യമാണ്.
അറിവ് പകർന്നുനൽകുന്ന വ്യക്തി എന്നതിലുപരി മൂല്യബോധവും മാനവികതയും ചിന്താശേഷിയും ഉത്തരവാദിത്വബോധവും വളർത്തുന്ന വഴികാട്ടിയാണ് ആധുനിക അദ്ധ്യാപകൻ. അതുകൊണ്ടുതന്നെ മാറുന്ന കാലത്തിനനുസരിച്ച് അദ്ധ്യാപകന്റെ ദൗത്യവും പ്രസക്തിയും കൂടുതൽ ശക്തമാകുന്നു. ഭാവിതലമുറയെ അറിവുള്ളവരും വിവേകമുള്ളവരും നല്ല മനുഷ്യരുമാക്കി മാറ്റുന്നതിൽ അദ്ധ്യാപകർ വഹിക്കുന്ന പങ്കിനുള്ള ആദരവായി അദ്ധ്യാപക ദിനാചരണം എന്നും അർത്ഥവത്തായിത്തന്നെ നിലനിൽക്കും.
ഈ അവസരത്തിൽ വ്യത്യസ്തമായ ഒരു ഗുരുശിഷ്യ ബന്ധത്തിന് വേദിയായിരിക്കുന്ന തിരുവനന്തപുരത്തിന്റെ സ്വന്തം സാംസ്കാരിക കേന്ദ്രമായ പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ സെക്രട്ടറിയായ ഡോ.എഴുമറ്റൂർ രാജരാജവർമ്മയും അദ്ദേഹത്തിന്റെ ഗുരുവും കൈരളിയുടെ കഥാകാരനുമായ പ്രൊഫ.എൻ.കൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നത് ഈ അദ്ധ്യാപക ദിനത്തെ കൂടുതൽ അർത്ഥവത്താക്കും.
മലയാളത്തിന്റെ ആധുനിക സാഹിത്യ-വൈജ്ഞാനിക പാരമ്പര്യത്തിലെ ശ്രദ്ധേയമായ ഒരു ഗുരു-ശിഷ്യബന്ധമാണ് അത് എന്ന് കാണാം. ഈ ബന്ധത്തിന്റെ സവിശേഷത വ്യക്തിപരമായ അടുപ്പത്തിൽ മാത്രമല്ല; ഗുരുവിന്റെ ചിന്താപാരമ്പര്യത്തെ ശിഷ്യൻ പഠനത്തിലൂടെയും എഴുത്തിലൂടെയും പുനർവായിക്കുകയും രേഖപ്പെടുത്തുകയും പൊതുസാംസ്കാരിക സ്മൃതിയുടെ ഭാഗമാക്കുകയും ചെയ്തതിലാണ്.
മലയാള നാടകവേദിയിലും സാഹിത്യനിരൂപണരംഗത്തും എൻ.കൃഷ്ണപിള്ളയ്ക്ക് സവിശേഷമായ സ്ഥാനമാണുള്ളത്. കൃഷ്ണപിള്ളയെ ഒരു നാടകകൃത്ത് എന്ന ഏകപരിചയത്തിൽ ഒതുക്കുന്നത് അദ്ദേഹത്തിന്റെ സാഹിത്യവ്യക്തിത്വത്തെ പരിമിതപ്പെടുത്തുന്നതായിരിക്കും. നാടകത്തെ സമൂഹത്തിന്റെ മനശ്ശാസ്ത്രപരവും സാംസ്കാരികവുമായ സംഘർഷങ്ങളെ തിരിച്ചറിയാനുള്ള ഉപാധിയായി കാണുന്ന ചിന്തകനും സാഹിത്യത്തെ വിമർശനബുദ്ധിയോടെ സമീപിച്ച അദ്ധ്യാപകനുമായിരുന്നു അദ്ദേഹം. ഈ അദ്ധ്യാപകവ്യക്തിത്വമാണ് എഴുമറ്റൂർ രാജരാജവർമ്മയുടെ സാഹിത്യജീവിതത്തിലും ഗവേഷണബോധത്തിലും സ്വാധീനം ചെലുത്തിയ പ്രധാന ഘടകങ്ങളിലൊന്നായി കാണേണ്ടത്.
ഒരു ഗുരുവിന്റെ സ്വാധീനം അളക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ മാനദണ്ഡം ശിഷ്യൻ ഗുരുവിനെ എത്രത്തോളം അനുകരിക്കുന്നു എന്നതല്ല; ഗുരുവിൽനിന്ന് ലഭിച്ച ചിന്താശേഷിയെ സ്വന്തം അന്വേഷണത്തിന്റെ ഉപാധിയാക്കി മാറ്റുന്നു എന്നതാണ്. ഈ അർത്ഥത്തിൽ എഴുമറ്റൂർ രാജരാജവർമ്മയുടെ രചനാലോകം ശ്രദ്ധേയമാണ്. കൃഷ്ണപിള്ളയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ എൻ.കൃഷ്ണപിള്ള എന്ന ജീവചരിത്രവും എൻ.കൃഷ്ണപിള്ള: പഠനസാഹ്യം എന്ന പഠനഗ്രന്ഥവും ഗുരുവിനെക്കുറിച്ചുള്ള ഒരു ശിഷ്യന്റെ വൈകാരിക സ്മരണകൾ മാത്രമല്ല; ഗുരുവിന്റെ സാഹിത്യവ്യക്തിത്വത്തെ ചരിത്രപരവും സാഹിത്യപരവുമായ പശ്ചാത്തലത്തിൽ മനസിലാക്കാനുള്ള ശ്രമങ്ങളുമാണ്.
ഒരു ശിഷ്യൻ തന്റെ ഗുരുവിനെക്കുറിച്ച് എഴുതുമ്പോൾ ഉണ്ടാകാവുന്ന വൈകാരിക അടുപ്പം സ്വാഭാവികമാണ്. എന്നാൽ ആ അടുപ്പത്തെ അതിജീവിച്ച് ഗുരുവിന്റെ സാഹിത്യ സംഭാവനയെ വിശകലനം ചെയ്യാനുള്ള ശ്രമം നടക്കുമ്പോഴാണ് അത് അക്കാഡമിക രചനയായി ഉയരുന്നത്. ഈ തലത്തിലാണ് രാജരാജവർമ്മയുടെ കൃഷ്ണപിള്ളവായനയ്ക്ക് പ്രത്യേക പ്രാധാന്യം ലഭിക്കുന്നത്.
ഇവിടെ ശിഷ്യൻ ഗുരുവിന്റെ ഓർമ്മയുടെ സംരക്ഷകനായി മാറുന്നു. അതുകൊണ്ടുതന്നെ അവരുടെ ബന്ധത്തെ “ആത്മബന്ധം” എന്ന ഒറ്റവാക്കിൽ നിർവചിക്കുന്നത് പോരാ. അത് ഒരു ബൗദ്ധിക പാരമ്പര്യത്തിന്റെ കൈമാറ്റം കൂടിയാണ്. ഗുരുത്വം എന്ന വാക്കിന് ഇവിടെ പ്രത്യേകമായ അർത്ഥമുണ്ട്. അത് അധികാരത്തിന്റെ ഗുരുത്വമല്ല; സ്വാധീനത്തിന്റെ ഗുരുത്വമാണ്.
ഗുരുത്വത്തിന്റെ
യഥാർത്ഥ അളവ്
ഒരു അദ്ധ്യാപകന്റെ വിജയം അദ്ദേഹത്തിന്റെ എത്ര ശിഷ്യന്മാർ പരീക്ഷയിൽ വിജയിച്ചു എന്നതുകൊണ്ട് മാത്രം അളക്കാനാവില്ല. അദ്ദേഹം സൃഷ്ടിച്ച ചിന്താപാരമ്പര്യം എത്രകാലം നിലനിന്നു, ശിഷ്യന്മാർ അതിനെ എത്രത്തോളം സ്വതന്ത്രമായി വികസിപ്പിച്ചു, അടുത്ത തലമുറയ്ക്ക് അത് എത്രമാത്രം പ്രയോജനപ്പെട്ടു എന്നതിലാണ് ഗുരുത്വത്തിന്റെ യഥാർത്ഥ അളവ്.
ഗുരു ഒരു പുസ്തകം തുറന്നുതരുന്ന അദ്ധ്യാപകൻ മാത്രമല്ല; ശിഷ്യന് വായിക്കാൻ ഒരു ലോകം തുറന്നുകൊടുക്കുന്ന വ്യക്തിയാണ്. ശിഷ്യൻ ആ ലോകത്തെ കൂടുതൽ വിശാലമാക്കി അടുത്ത തലമുറയ്ക്ക് കൈമാറുമ്പോഴാണ് ഗുരുത്വം പൂർണമാകുന്നത്. അദ്ധ്യാപക ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് അദ്ധ്യാപകനും ശിഷ്യനും തമ്മിലുള്ള ബന്ധം പാഠപുസ്തകത്തിന്റെയും ക്ലാസ് മുറിയുടെയും അതിരുകൾക്കപ്പുറമുള്ള മഹത്തായ ആത്മബന്ധമാണെന്ന സത്യമാണ്.
കാലം മാറിയാലും യഥാർത്ഥ ഗുരുശിഷ്യബന്ധത്തിന്റെ മൂല്യങ്ങൾ ഒരിക്കലും മങ്ങുകയില്ല.
(ആൾ സെയിന്റ്സ് കോളേജ് മലയാളവിഭാഗം അദ്ധ്യക്ഷയാണ് ലേഖിക)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |