
കഴിഞ്ഞദിവസം കേരള യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ദേശീയ കായിക ദിനാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഗവർണർ ആർ.വി.ആർലേക്കർ മുന്നോട്ടുവച്ച ഒരു നിർദ്ദേശം സമകാലീന സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്നാണ് ഗവർണർ നിർദ്ദേശിച്ചത്. യുവജനങ്ങളുടെ പ്രതിഭയും നൈപുണ്യവും വളർത്തിയെടുത്ത് നിശ്ചയദാർഢ്യവും അച്ചടക്കവുമുള്ളവരാക്കി മാറ്റാൻ കായിക സർവകലാശാലയ്ക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിന്റേയും കായിക മന്ത്രി ഒ.ജെ.ജനീഷിന്റേയും സാന്നിദ്ധ്യത്തിലാണ് ഗവർണർ ഇത്തരത്തിലൊരു നിർദ്ദേശം നൽകിയത്.
ദേശീയ കായികരംഗത്ത് പ്രഥമഗണനീയരായ നിരവധി കായികതാരങ്ങൾക്കും പരിശീലകർക്കും ജന്മം നൽകിയ നാടാണ് കേരളം. അത്‌ലറ്റിക്സിലും ഫുട്ബാളിലും വോളിബാളിലുമൊക്കെ ഒരുകാലത്ത് ഇന്ത്യൻ ക്യാമ്പുകളിൽ മലയാളികൾ നിറഞ്ഞിരുന്നു.
ഇന്നു പക്ഷേ കേരളത്തിന്റെ കായികരംഗത്തെ തലയെടുപ്പ് താഴ്ന്നിരിക്കുന്നു. ദേശീയ മത്സരങ്ങളിൽ മെഡൽ നേടാൻ പോയിട്ട് മത്സരിക്കാൻ പോലും മലയാളികളില്ലാത്ത അവസ്ഥയുണ്ടായി. മികച്ച പ്രതിഭകൾ ഇല്ലാത്തതല്ല, അവരെ കണ്ടെത്തുകയും ശാസ്ത്രീയ പരിശീലനം നൽകുകയും വഴി നാടിനു മുതൽക്കൂട്ടായി മാറ്റാൻ കഴിയാതിരുന്നതാണ് നമുക്കു പറ്റിയ പിഴവ്. കായിക മേഖലയ്ക്ക് നമ്മൾ നൽകിവന്ന പ്രാധാന്യം കുറഞ്ഞതും പിന്നാക്കാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് സ്പോർട്സിന്റെ പങ്ക് തിരിച്ചറിഞ്ഞാണ് അടുത്തിടെ പാർലമെന്റ് പാസാക്കിയ കേന്ദ്ര കായിക നയവും ദേശീയ വിദ്യാഭ്യാസ നയവും പരസ്പരപൂരകമാക്കിയിരിക്കുന്നത്. മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിലുപരി, ശാരീരികവും മാനസികവുമായി പക്വതയാർജിക്കുന്നതിനാണ് വരുംതലമുറകൾക്ക് കായിക വിദ്യാഭ്യാസം പകർന്നുനൽകേണ്ടത്. യുവതയുടെ ഉൗർജം മയക്കുമരുന്ന് ഉൾപ്പെടെയുള്ള തെറ്റായ വഴികളിലേക്ക് ഒഴുകാതെയിരിക്കാൻ ഏറ്റവും നല്ല മാർഗമാണ് സ്പോർട്സ്. സ്പോർട്സിനായി ഒരു സർവകലാശാല വരുന്നതിലൂടെ നമുക്ക് മികച്ച കായികാദ്ധ്യാപകരെയും സ്പോർട്സ് മാനേജ്മെന്റ് വിദഗ്ദ്ധരെയും സൃഷ്ടിക്കാൻ കഴിയും.
2030ൽ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന, 2036 ഒളിമ്പിക്സിനും 2038 ഏഷ്യൻ ഗെയിംസിനും വേദിയൊരുക്കാൻ ശ്രമിക്കുന്ന രാജ്യം ഇതെല്ലാം മുൻകൂട്ടിക്കണ്ട് 30000 കോടിയിലേറെ രൂപയുടെ പദ്ധതികളാണ് ഖേലോ ഇന്ത്യ വഴി നടപ്പിലാക്കുന്നത്. സ്പോർട്സിന് ഇത്രയേറെ പ്രാധാന്യം ലഭിക്കുന്ന വേളയിൽ പിന്നാക്കം പോകാതിരിക്കാൻ കേരളവും ശ്രമിക്കേണ്ടതുണ്ട്. കേരളത്തിന് നിരവധി കായിക പരിശീലകരെയും കായികാദ്ധ്യാപകരെയും സംഭാവന ചെയ്തിട്ടുള്ള തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ കായിക യൂണിവേഴ്സിറ്റിയായി ഉയർത്തുന്നത് സംബന്ധിച്ച് കഴിഞ്ഞകാലങ്ങളിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ സ്പോർട്സ് യൂണിവേഴ്സിറ്റികളുണ്ടായപ്പോൾ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടുപോലും കേരളം മുഖം തിരിച്ചുനിന്നു. നമ്മുടെ ഈ പോരായ്മയാണ് ഗവർണർ ചൂണ്ടിക്കാട്ടിയത്. ഗവർണറുടെ നിർദ്ദേശം ക്രിയാത്മകമായി ഉൾക്കൊള്ളാൻ സർക്കാർ തയ്യാറാകണം.
സ്പോർട്സ് ജീവിതത്തിന്റെ ഭാഗമാക്കിമാറ്റുന്ന തലമുറകളാണ് നമുക്ക് വേണ്ടത്. അതിന് അവസരമൊരുക്കേണ്ടത് ഇന്നത്തെ ഭരണാധികാരികളുടെ ഉത്തരവാദിത്വമാണ്.
കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമായിക്കിയിട്ടുള്ള നമ്മുടെ സംസ്ഥാനത്ത് സ്കൂൾ തലത്തിൽ വേണ്ടത്ര കായിക അദ്ധ്യാപകരില്ല എന്ന യാഥാർത്ഥ്യവും തിരിച്ചറിയേണ്ടതാണ്. എൽ.പി തലത്തിൽ ഒരു സ്കൂളിലും കായികാദ്ധ്യാപകരില്ല. യു.പി തലത്തിൽ 300 കുട്ടികളെങ്കിലുമുണ്ടെങ്കിൽ മാത്രമേ സ്പെഷ്യലിസ്റ്റ് അദ്ധ്യാപക തസ്തികതന്നെയുള്ളൂ. ഹൈസ്കൂളുകളിൽ മാത്രമാണ് കായികാദ്ധ്യാപകരുള്ളത്. അവർക്ക് ലഭിക്കുന്ന ശമ്പളമോ എൽ.പി അദ്ധ്യാപകരുടേയും. പ്രീഡിഗ്രി വേർപ്പെടുത്തിയപ്പോൾ കോളേജുകളിൽ കായികാദ്ധ്യാപക തസ്തിക കുറച്ചു. പക്ഷേ കാൽനൂറ്റാണ്ടുകഴിഞ്ഞിട്ടും ഹയർസെക്കൻഡറിയിൽ കായികാദ്ധ്യാപകരെ നിയമിച്ചിട്ടില്ല. സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ ലഭിക്കാനുള്ള അവസരവും സൃഷ്ടിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |