SignIn
Kerala Kaumudi Online
Friday, 04 September 2026 1.32 AM IST

ഇതാണോ റെയിൽവേയുടെ സ്‌ത്രീ സുരക്ഷ

READ ENGLISH VERSION
d

ഓടുന്ന ബസിലും ട്രെയിനിലും വച്ച് സ്‌ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യമാണ്. പകൽ സമയത്തുപോലും അത്തരം കുറ്റകൃത്യങ്ങൾ അരങ്ങേറാറുണ്ട്. ഒറ്റയ്ക്കാണെങ്കിൽ രാത്രിസമയത്തുള്ള യാത്രകൾ പലരും ഒഴിവാക്കുന്നു. സംഘമായോ കുടുംബത്തോടൊപ്പമോ ആണ് മനസമാധാനത്തോടെ സ്‌ത്രീകൾ രാത്രിയാത്ര നടത്തുന്നത്. ഇഷ്ടപ്പെടാത്ത വാക്കോ ചേഷ്ടയോ ഉണ്ടായാൽപോലും സ്‌ത്രീകൾ ഇപ്പോൾ പ്രതികരിക്കാറുണ്ട്. സഹയാത്രികരും അതിനെ പിന്തുണയ്ക്കും. കുറ്റവാളികളെ കണ്ടെത്തുന്നതിലും പിടികൂടുന്നതിലും അവരും സഹകരിക്കും. ഇത്തരമൊരു പ്രവണതയും സഹകരണവും കുറ്റകൃത്യങ്ങൾ തടയുന്നതിൽ വലിയ പങ്കുവഹിക്കുന്നു. രാജ്യതലസ്ഥാനത്ത് ബസിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തവരിൽ ബസ് ജീവനക്കാരും പെടുന്നു. ഇരുട്ടിന്റെ മറവിൽ ഏതു കുറ്റകൃത്യവും ചെയ്യാമെന്ന മൂഢധാരണ ഇല്ലാതാക്കണം. നിർഭയ കേസിൽ കോടതി നല്ല ശിക്ഷ നൽകിയിട്ടും ആ രീതിയിലുള്ള പീഡനങ്ങൾ അരങ്ങേറുന്നത് നിർഭാഗ്യകരമാണ്. ഒറ്റപ്പെട്ടതെന്ന് പറഞ്ഞ് അധികൃതർക്ക് ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

രാത്രിയാത്ര ചെയ്യുന്ന സ്‌ത്രീയാത്രക്കാരോട് ക്രിമിനൽ സ്വഭാവമുള്ളവരുടെ നീചവും ക്രൂരവുമായ ചെയ്തികൾ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതാണ്. അവർക്ക് കർശനമായ ശിക്ഷ നൽകുകയും വേണം. എന്നാൽ സംരക്ഷണം നൽകേണ്ടവർ തന്നെ മനസ്സാക്ഷിയില്ലാതെ പെരുമാറിയാലോ? റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും യുവതിയെ അർദ്ധരാത്രി ട്രെയിനിൽ നിന്നിറക്കിവിട്ട സംഭവം റെയിൽവേയ്ക്കു തന്നെ അപമാനമായി മാറിയിരിക്കുന്നു. ടിക്കറ്റില്ലാതെ യാത്രചെയ്തെന്നു പറഞ്ഞ് യാത്രക്കാരിയെ അറസ്റ്റ് ചെയ്തു ബുദ്ധിമുട്ടിക്കാനും റെയിൽവേ അധികൃതർ തയ്യാറായി. കൊടും അപമാനവും മാനസിക പീഡനവും സഹിക്കേണ്ടിവന്ന യാത്രക്കാരി തൊട്ടാവാടിയെപ്പോലെ ഒതുങ്ങിക്കൂടിയില്ല. ക്രിമിനൽ കേസിന്റെ പേരിൽ സർക്കാരിലുണ്ടായിരുന്ന കരാർ ജോലികൂടി നഷ്ടപ്പെട്ടതോടെ തൃശൂർ എരുമപ്പെട്ടി സ്വദേശിനി കെ. ജയസ്‌മിത റെയിൽവേയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു.

ഒറ്റയ്ക്കു ജീവിക്കുന്ന പരാതിക്കാരിയോട് റെയിൽവേ കാണിച്ചത് നീതിപൂർവകമല്ലാത്ത നടപടിയാണെന്നും രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വിധിച്ചു.

റിസർവേഷനിൽ ഉദ്യോഗസ്ഥൻ വരുത്തിയ പിശകാണ് യാത്രക്കാരിക്കു വിനയായത്. ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകിയശേഷം കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് പണം തിരിച്ചുപിടിക്കണമെന്നും കമ്മിഷൻ ഉത്തരവായി. 2023 ജൂലായ് 30ന് വടക്കാഞ്ചേരിയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഈ ദുരനുഭവം. എസ്- 4 കമ്പാർട്ടുമെന്റിൽ 41-ാം നമ്പർ ബർത്ത് ജയസ്മിതയ്ക്ക് അനുവദിച്ചിരുന്നു. എന്നാൽ,കമ്പാർട്ടുമെന്റിലെത്തിയപ്പോൾ അതു മറ്റൊരാൾക്ക് അനുവദിച്ചിരിക്കുന്നു. ടി.ടി.ഇയെ കണ്ടപ്പോൾ ഓൺലൈനായി ടിക്കറ്റ് ക്യാൻസൽ ചെയ്തിട്ടുണ്ടെന്നായിരുന്നു മറുപടി. 500 രൂപ പിഴയടച്ചാൽ മറ്റൊരു ബർത്ത് നൽകാമെന്നും ടി.ടി.ഇ അറിയിച്ചു. താനറിയാതെ ആരാണ് ക്യാൻസൽ ചെയ്തതെന്ന് സ്വാഭാവികമായും യാത്രക്കാരി ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.

അർദ്ധരാത്രിയായതിനാൽ ഇറക്കിവിടരുതെന്ന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ആലുവയിലെത്തിയപ്പോൾ യാത്രക്കാരിയെ ആർ.പി.എഫിനെ ഏല്പിച്ചു. അവർ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. വൈകി ബുദ്ധിയുദിച്ച റെയിൽവേ കേസ് പിൻവലിച്ചെങ്കിലും നീതി നിഷേധിക്കപ്പെട്ട ജയസ്മിത റെയിൽവേക്കെതിരെ പരാതി നൽകുകയായിരുന്നു. റിസർവേഷൻ ഫോമിൽ യാത്രക്കാരി എഴുതി നൽകിയ മൊബൈൽ നമ്പരിലെ ഒരക്കം ബുക്കിംഗ് സൈറ്റിൽ ഉദ്യോഗസ്ഥൻ തെറ്റിച്ചതാണ് എല്ലാ കുഴപ്പത്തിനും കാരണം. നിസാരമായി പരിഹരിക്കാമായിരുന്ന ഒരു പ്രശ്നം ഇത്രയും വഷളാക്കിയതും മറ്റാരുമല്ല. ഭീമമായ കോടികൾ ലാഭമുണ്ടാക്കുന്ന റെയിൽവേയുടെ വരുമാനം ലക്ഷക്കണക്കിന് സാധാരണ യാത്രക്കാരുടേതാണെന്ന കാര്യം റെയിൽവേയും ഉദ്യോഗസ്ഥരും മറന്നുപോകരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION