
ശബരിമലയുടെ പേരിൽ ഒരു വിമാനത്താവളം. അത് എന്റെ സ്വപ്ന പദ്ധതികളിലൊന്നാണെന്ന് കേന്ദ്ര വ്യാേമയാന മന്ത്രി രാംമോഹൻ നായിഡുവിന്റെ പ്രസ്താവന പത്തനംതിട്ടയുടെ ആകാശത്ത് സ്വപ്ന ചിറകുകൾ വിടർത്തിയിരിക്കുന്നു. കൊടുമണ്ണിൽ വിമാനത്താവളം എന്ന ആവശ്യത്തിന് പ്രതീക്ഷകൾ പകരുന്നതാണ് കേന്ദ്രമന്ത്രിയുടെ വാക്കുകൾ. ഭൂമി സംബന്ധമായ തർക്കങ്ങളില്ലാതെ പദ്ധതി നടപ്പാക്കാൻ പറ്റിയ സ്ഥലം പത്തനംതിട്ടയിലെ കൊടുമൺ ആണെന്നതിൽ എതിരഭിപ്രായങ്ങളില്ല.
സംസ്ഥാനം അനുകൂലമെങ്കിൽ കേന്ദ്രവും ഒപ്പം നിൽക്കുമെന്നാണ് കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതാക്കൾ പറയുന്നത്. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് കൊടുമൺ വിമാനത്താവളം പദ്ധതിയെപ്പറ്റി ഇതുവരെ നിലപാട് വ്യക്തമാക്കാത്തതാണ് പ്രശ്നം. വിമാനത്താവളം ആക്ഷൻ കമ്മറ്റി നൽകിയ നിവേദനം വായിച്ച മുഖ്യമന്ത്രി വി.ഡി സതീശൻ പഠിച്ചു പറയാമെന്ന് മറുപടിയാണ് നൽകിയത്. പദ്ധതി നിർദ്ദേശത്തെ സി.പി.എം എതിർത്തിട്ടില്ല. എന്നാൽ, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച ചെറുവള്ളിയിലെ വിമാനത്താവള പദ്ധതിയെ അവർക്ക് തള്ളാനാവില്ല.
ചെറുവള്ളിയിൽ ഭൂമി അവകാശത്തർക്കം ഉൾപ്പെടെ ഒട്ടേറെ തർക്കങ്ങൾ നിലവിലുണ്ട്. കൊടുമണ്ണിൽ ഇതുപോലെ തർക്കങ്ങളില്ല. സംസ്ഥാന സർക്കാർ സ്ഥലം സൗജന്യമായി നൽകിയാൽ കേരളത്തിൽ അഞ്ചാമത്തെ വിമാനത്താവളം നിർമ്മിക്കാൻ തയ്യാറാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു കൊച്ചിയിൽ പറഞ്ഞിട്ടുണ്ട്.
ആക്ഷൻ കമ്മറ്റിക്ക്
ആത്മവിശ്വാസം
കേന്ദ്രമന്ത്രിയുടെ പ്രസ്താവന കൊടുമണ്ണിൽ ശബരിമല വിമാനത്താവളത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ പറയുന്നു. വിമാനത്താവളത്തിനു വേണ്ടി ആവശ്യം ശക്തമാക്കാനാണ് ആക്ഷൻ കമ്മറ്റിയുടെ തീരുമാനം. ഇതിനായി കൺവെൻഷനുകളും സെമിനാറുകളും സംഘടിപ്പിക്കും. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ അനുമതി നേടിയെടുക്കാൻ സമ്മർദ്ദം ചെലുത്തും.
പദ്ധതി നടപ്പായാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകൾക്ക് പ്രയോജനകരമാണ്. ശബരിമല തീർത്ഥാടകർക്കും മാരാമൺ കൺവെൻഷനിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കും വലിയ ആശ്വാസമാകും.
പമ്പയിലേക്ക് കൊടുമണ്ണിൽ നിന്ന് എഴുപത്തിയെട്ട് കിലോമീറ്ററും മാരാമണ്ണിലേക്ക് ഇരുപത്തിരണ്ട് കിലോമീറ്ററും മാത്രമാണുള്ളത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്കും വിശ്വാസികൾക്കും യാത്ര എളുപ്പമാകും. പദ്ധതിയോട് മുതിർന്ന ബി.ജെ.പി നേതാക്കൾക്ക് അനുകൂല നിലപടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. ആറൻമുള വിമാനത്താവളം പദ്ധതിയെ അട്ടിമറിച്ചവരാണ് ബി.ജെ.പി, സംഘപരിവാർ സംഘടനകൾ എന്ന് കോൺഗ്രസ് ആക്ഷേപിക്കുന്നുണ്ട്. ബി.ജെ.പിയെ വികസന വിരുദ്ധരെന്നും മദ്രയടിച്ചായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണം. ആറൻമുള പദ്ധതിയെ എതിർക്കാൻ മുൻനിരയിൽ നിന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെ എൻ.ഡി.എ സ്ഥനാർത്ഥിയാക്കിയതോടെ ആരോപണത്തിന്റെ മൂർച്ച കൂടി.
പരിസ്ഥിതിയെയും ആറൻമുള ക്ഷേത്ര വിശ്വാസത്തെയും സംരക്ഷിക്കാനാണ് ആറൻമുള പദ്ധതിയെ ബി.ജെ.പി എതിർത്തതെന്ന് കുമ്മനം മറുപടി നൽകി. അതേസമയം, ജില്ലയിൽ മറ്റെവിടെ വിമാനത്താവളം നിർമ്മിച്ചാലും എതിർക്കില്ലെന്ന് അദ്ദേഹം നിലപാട് അറിയിച്ചു. ബി.ജെ.പിക്ക് രാഷ്ട്രീയപരമായി വലിയ പ്രധാന്യമുള്ള പത്തനംതിട്ട ജില്ലയിൽ വിമാനത്താവളം നിർമ്മിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കുന്നത് ഗുണകരമാകുമെന്ന് പാർട്ടി നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. വിഷയം പഠിക്കാൻ ബി.ജെ.പി സമിതി രൂപീകരിക്കുമെന്നാണ് അറിയുന്നത്. സംസ്ഥാന നേതാക്കളായ അനൂപ് ആന്റണി, ബി.രാധാകൃഷ്ണമേനോൻ, ജില്ലാ പ്രസിഡന്റ് വി.എ സൂരജ് എന്നിവരെ സമിതി അംഗങ്ങളാക്കിയേക്കും.
ജില്ലയുടെ
പിന്നാക്കാവസ്ഥ മാറും
വിമാനത്താവളം നിർമ്മിക്കാൻ കുറഞ്ഞത് ആയിരത്തി ഇരുന്നൂറ് ഏക്കർ മതിയാകും. കൊടുമണ്ണിൽ മൂവായിരം ഏക്കർ വരെ ലഭ്യമാണ്. റവന്യു ഭൂമി ധാരാളമുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് ആറൻമുളയിലെ പോലെ പരിസ്ഥിതി തടസമില്ല. ജല സംഭരണിയില്ല. ആരാധനാലയങ്ങൾക്ക് ഭീഷണിയില്ല. കൊടുമണ്ണിൽ പാട്ടക്കാലാവധി കഴിഞ്ഞ റബർ തോട്ടങ്ങൾ മുറിച്ചുമാറ്റിയാൽ മതിയാകും. ചെറിയ കുന്നുകൾ നികത്തണം. നിർദ്ദിഷ്ട സ്ഥലത്തേക്കുള്ള റോഡുകൾ വികസിക്കും.
വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ തുറക്കും. തദ്ദേശീയരായ നിരവധി ആളുകൾക്ക് തൊഴിലവസരങ്ങളുണ്ടാകും. പൊതുവെ വികസന തളർച്ച നേരിടുന്ന പത്തനംതിട്ട ജില്ലയുടെ വളർച്ചാ നിരക്ക് ഉയരും. ജില്ലയിൽ വലിയ ഫാക്ടറികളോ വാണിജ്യ കേന്ദ്രങ്ങളോ ഇല്ല. പിന്നാക്കാവസ്ഥ നേരിടുന്ന മലയോര ജില്ലയിൽ നിന്ന് ആളുകൾ മറ്റു ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറുകയാണ്. ഈ സ്ഥിതിക്ക് മാറ്റം വരുത്താനും പത്തനംതിട്ടയെ വികസന ഹബ്ബാക്കാനും വിമാനത്താവള പദ്ധതിക്ക് കഴിയും.
പുതിയ വികസന പദ്ധതി നിർദ്ദേശത്തോട് സംസ്ഥാന സർക്കാർ എന്തു നിലപാട് സ്വീകരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പത്തനംതിട്ടക്കാർ. സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനമാണ് പദ്ധതിക്കുള്ള ആദ്യ അംഗീകാരം. അതുണ്ടെങ്കിലേ മറ്റ് നടപടികളിലേക്ക് പോകാനാകൂ. ജില്ലയിലെ എം.പിയും എം.എൽ.എമാരും പദ്ധതിയെ അനുകൂലിക്കുമെന്നാണ് വികസനം ആഗ്രഹിക്കുന്നവരുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |