SignIn
Kerala Kaumudi Online
Friday, 04 September 2026 1.32 AM IST

പണമോഹികളുടെ മേച്ചിൽപ്പുറം

ghf

കൊവിഡ് കാലം പൊതുവെ കെട്ടകാലം എന്നാണ് ധാരണ. മദ്യലഹരിയിൽ നിന്ന് രാസലഹരിയുടെ മാരക വലയത്തിലേക്ക് സംസ്ഥാനത്ത് ഒരു വിഭാഗം ആൾക്കാർ അകപ്പെട്ടു തുടങ്ങിയതും ഏതാണ്ട് ഇതേസമയത്താണ്. രാഷ്ട്രീയ പോരുകളുടെ ഭാഗമായി ഉമ്മൻചാണ്ടി സർക്കാർ സംസ്ഥാനത്ത് ഫൈവ് സ്റ്റാർ ഒഴികെയുള്ള ബാറുകൾ പൂട്ടുകയും ബെവ്കോ ഷോപ്പുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തതോടെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ സ്വാധീനം വർദ്ധിച്ചതിന് പിന്നാലെയായിരുന്നു കൊവിഡിന്റെ വരവും.

പണമോഹികളായ എക്സൈസ് ഉദ്യോഗസ്ഥർക്ക് പുതിയ മേച്ചിൽപ്പുറമാണ് അതോടെ തുറക്കപ്പെട്ടത്. എം.ഡി.എം.എ, എൽ.എസ്.ഡി ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളുടെ ഏറ്റവും വലിയ മാർക്കറ്റാണ് ഇന്ന് കേരളം. സ്വർണം കഴിഞ്ഞാൽ ഏറ്റവും വലിയ കച്ചവടം നടക്കുന്ന മേഖലയും. എന്നിട്ടും പിടിക്കപ്പെടുന്നതോ വളരെ തുച്ഛമായ അളവും.

പല ഇടപാടുകൾക്ക് നേരെയും ചില ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നു. അഥവാ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പിടികൂടിയാൽ നാമമാത്രമായ ശിക്ഷ മാത്രം കിട്ടത്തക്കവിധം കേസ് ഒതുക്കുന്നു. ഇവിടെയാണ് ലക്ഷങ്ങളുടെ പടി ഉദ്യോഗസ്ഥരുടെ പോക്കറ്റുകളിലേക്ക് എത്തുന്നത്.

എറണാകുളം, തൃശൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ജോലി ചെയ്യാൻ ചില ഉദ്യോഗസ്ഥർക്ക് അമിത ഉത്സാഹമാണ്. പലവിധ സ്വാധീനങ്ങളുപയോഗിച്ചാണ് ഈ ജില്ലകളിലേക്ക് അവർ ട്രാൻസ്ഫർ തരപ്പെടുത്താറ്. ഇങ്ങനെയെത്തുന്നവർ, തങ്ങൾ ചെലവാക്കിയത് തിരിച്ചുപിടിക്കാനുള്ള തത്രപ്പാട് കാട്ടും. എന്നാൽ സ്ഥലംമാറ്റത്തിന്റെയൊക്കെ രീതികൾ മാറിയതോടെ ഈ പ്രവണത കുറഞ്ഞിട്ടുണ്ട്.

ഉറക്കം നടിക്കുന്നവർ

ലഹരി വസ്തു പിടികൂടിയ ഒരു യുവാവിന്റെ അമ്മയിൽ നിന്ന് പണം വാങ്ങിയ ഒരു ഉദ്യോഗസ്ഥനും തൊണ്ടിയായി പിടികൂടിയ സാധനം മറിച്ചുവിറ്റ മറ്റൊരു ഉദ്യോഗസ്ഥനും ഇപ്പോൾ അന്വേഷണ പരിധിയിലാണ്.

2025 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്ത് ലഹരിക്ക് അടിമകളായവർ നടത്തിയ കൊലപാതകങ്ങളുടെ എണ്ണം 50ലേറെ എന്നറിയുമ്പോഴാണ് ഉണർന്നിരിക്കുന്ന ഉദ്യോഗസ്ഥർ യഥാർത്ഥത്തിൽ ഉറക്കം നടിച്ചു കഴിയുകയാണെന്ന് വ്യക്തമാവുന്നത്.

ഉദ്യോഗസ്ഥ 'വികൃതികൾ'

കുറേക്കാലം മുമ്പ് ഒരുവിധം 'ന്യായയുക്തമായി' പ്രവർത്തിച്ചിരുന്ന എക്സൈസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുണ്ടായിരുന്നു. കള്ളുഷാപ്പുകളിലെ അനഭിലഷണീയ പ്രവർത്തനങ്ങൾ കണ്ടെത്താനും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ബദ്ധശ്രദ്ധനായിരുന്നു. നിരവധി ഷാപ്പുടമകൾക്കെതിരെ അദ്ദേഹം നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഈ പരിശോധനകൾക്ക് പിന്നിൽ വിദേശമദ്യ ലോബിയുടെ സ്വാധീനം കൂടി ഉണ്ടായിരുന്നുവെന്നാണ് പിന്നീട് പരന്ന ശ്രുതികൾ.

എക്സൈസിൽ ജോലി ചെയ്യുമ്പോൾ സ്പിരിറ്റ് ലോബിയുമായി ചങ്ങാത്തം സ്ഥാപിക്കുകയും പിന്നീട് കടത്തി കൊണ്ടുവരുന്ന സ്പിരിറ്റ് ഉപയോഗിച്ച് വ്യാജമദ്യം നിർമ്മിച്ച് വിൽക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ സേനയിൽ നിന്ന് നീക്കം ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.

ചെക്ക് പോസ്റ്റുകളിലെ പിരിവ്

കേരളത്തിലേക്ക് എത്തുന്ന സിന്തറ്റിക് ലഹരിയിൽ നല്ല പങ്കും ബംഗളൂരുവിൽ നിന്നാണ്. അതിർത്തി പ്രദേശങ്ങളിലും അന്തർസംസ്ഥാന പാതകളിലുമായി 41 എക്സൈസ് ചെക്ക് പോസ്റ്റുകളാണുള്ളത്. അമരവിള,​ വാളയാർ,​ ആര്യങ്കാവ്,​ മുത്തങ്ങ,​ മഞ്ചേശ്വരം എന്നിവയാണ് പ്രധാനപ്പെട്ടത്. എന്നിട്ടും ഇവിടങ്ങളിൽനിന്ന് അത്ര കാര്യമായ വിധത്തിൽ ലഹരി വസ്തുക്കളോ അനധികൃത മദ്യമോ പിടികൂടുന്നതായി കണക്കുകൾ വരുന്നില്ല. കർക്കശക്കാരനായ ഒരു കമ്മിഷണർ മുമ്പുണ്ടായിരുന്നപ്പോൾ ഇവിടങ്ങളിൽ നിരീക്ഷണം കടുപ്പിച്ചിരുന്നു.

മിന്നൽ പരിശോധന നടത്തി ലഹരി വസ്തുക്കൾ പിടികൂടാൻ കെമു (കേരള എക്സൈസ് ഇന്റർവെൻഷൻ യൂണിറ്റ്) തിരുവനന്തപുരം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ പ്രവർത്തനം തുടങ്ങിയിരുന്നു. തുടക്കത്തിൽ ഏറെ ഫലപ്രദമായിരുന്നു ഈ യൂണിറ്റുകളുടെ പ്രവർത്തനമെങ്കിലും പിന്നീട് ആ ഉത്സാഹം കണ്ടില്ല.

(തുടരും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION