
മരിച്ചുപോയെന്ന്, ഒന്നര വർഷം മുൻപ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ച ബ്രിക്‌സിന്റെ, ന്യൂഡൽഹിയിൽ ആരംഭിക്കുന്ന 18-ാമത് ഉച്ചകോടിയിൽ പരിഹാരം തേടുന്ന പ്രശ്നങ്ങളിൽ അദ്ദേഹം തന്നെ കാരണഭൂതനായ വിനകളും ഉൾപ്പെടുന്നുണ്ട്. ട്രംപ് തുടങ്ങിവച്ചതും ലോകത്തിനാകെ ദുരിതങ്ങൾ വിതച്ചതുമായ പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വരുത്താനുള്ള ആലോചനകൾ സമ്മേളനത്തിലുണ്ടാകും.
അതുപോലെ, സ്വന്തം കറൻസിയെ അന്യരാജ്യങ്ങളെ വരുതിയിലാക്കാനുള്ള ആയുധമായി വിനിയോഗിച്ചുവരുന്ന രാജ്യമാണ് അമേരിക്ക. ഇതിനെ പ്രതിരോധിക്കാനായി ഡോളർ വഴിയല്ലാത്ത രാജ്യാന്തര വ്യാപാരത്തിനുള്ള ബദൽ മാർഗം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളും സമ്മേളനത്തിലുണ്ടാകും. വ്യത്യസ്ത നിലപാടുകളും താത്പര്യങ്ങളുമുള്ള രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സിന്റെ ഈ വർഷത്തെ അദ്ധ്യക്ഷനായതു തന്നെ, ഇന്ത്യയുടെ നേതൃപാടവവും നയതന്ത്രജ്ഞതയും മെയ്യ് വഴക്കം പരീക്ഷിക്കപ്പെടുന്ന വേദി കൂടിയാകും ഡൽഹിയിൽ നടക്കുന്ന ഉച്ചകോടി.
പശ്ചിമേഷ്യൻ
സംഘർഷം
ഈ മേയിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പശ്ചിമേഷ്യയിലെ യുദ്ധം വിശദമായി ചർച്ച ചെയ്തെങ്കിലും ഒരു പൊതു പ്രഖ്യാപനത്തിലെത്താൻ കഴിയാതെ പോയി. സംഘർഷത്തിൽ എതിർ വർഷങ്ങളിൽ നിലകൊള്ളുന്ന ഇറാനും യു.എ.ഇയും ഭിന്നമായ നിലപാടുകൾ എടുത്തതിനാലാണിത്. പക്ഷേ, ഇന്നിപ്പോൾ, ഇന്ത്യയ്ക്ക് ഈ പ്രശ്ന ശമനത്തിന് കൂടുതൽ സംഭാവന ചെയ്യാൻ അവസരം കൈവന്നിട്ടുണ്ട്.
ഈ മാസം ആദ്യം ഇറാൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇന്ത്യയുടെ നയതന്ത്ര സ്വാധീനവും ആഗോള മതിപ്പും വിനിയോഗിച്ച് സംഘർഷം അവസാനിപ്പിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. യു.എ.ഇയുമായി സ്വതന്ത്ര വ്യാപാര ഉടമ്പടിയുള്ള ഇന്ത്യക്ക് ആ രാജ്യവുമായി നല്ല ബന്ധമാണുള്ളത്. അതുപോലെ ചൈനയുടെ പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡന്റും ഈ ചർച്ചകളിൽ അംഗങ്ങളെന്ന നിലയിൽ ഭാഗഭാക്കാകും. ബ്രിക്സിൽ അംഗമല്ലെങ്കിലും അമേരിക്കയെ വെറുപ്പിക്കാതെ തന്ത്രപരമായി നീങ്ങുന്ന ഇന്ത്യക്ക് ട്രംപിന്റെ മേലും സ്വാധീനം ചെലുത്താനാവും.
ഡോളറിന്
ബദൽ മാർഗം
രാജ്യാന്തര ധനകൈമാറ്റങ്ങൾക്ക് ഡോളറിന് പകരമായുള്ള ഒരു പൊതു കറൻസിയെക്കുറിച്ച് ബ്രിക്സ് അതിന്റെ തുടക്കം മുതലേ ചർച്ച ചെയ്തു വരുന്നതാണെങ്കിലും അതിൽ പുരോഗതിയുണ്ടായിട്ടില്ല. അംഗരാജ്യങ്ങളിൽ ചിലർ പരസ്പര വ്യാപാരത്തിന് അവരവരുടെ കറൻസികൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം, ഓരോ രാജ്യത്തിന്റെയും കേന്ദ്രബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസികൾ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ധന കൈമാറ്റമാണ്.
ചൈന ഇതിനകം തന്നെ ചില രാജ്യങ്ങളുമായുള്ള വ്യാപാരത്തിന് വികസിപ്പിച്ചെടുത്തിട്ടുള്ള 'എം ബ്രിഡ്ജ്' എന്ന സംവിധാനം സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. അതും കേന്ദ്ര ബാങ്കുകൾ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസികളെ ബ്ലോക്ക്ചെയ്ൻ വഴി യോജിപ്പിച്ചുകൊണ്ടുള്ള സംവിധാനമാണ്. ഉച്ചകോടിക്ക് നേതൃത്വം കൊടുക്കുന്ന ഇന്ത്യക്ക് ചൈനയും മറ്റു രാജ്യങ്ങളുമായി ആലോചിച്ച് ഡിജിറ്റൽ കറൻസികളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഏർപ്പാടിലേക്ക് നീങ്ങാൻ കഴിഞ്ഞേക്കാം.
വികസനബാങ്കിന്റെ
ശാക്തീകരണം
അംഗരാജ്യങ്ങളുടെ വികസനത്തിനു വേണ്ട ധനം സമാഹരിക്കാനും വിതരണം ചെയ്യാനുമായി ബ്രിക്‌സിന്റെ സ്വന്തം വികസന ബാങ്ക് സ്ഥാപിക്കണമെന്ന് 2012ൽ നിർദ്ദേശം വച്ചത് ഇന്ത്യയായിരുന്നു. ഷാങ്ഹായ് ആസ്ഥാനമായി ന്യൂ ഡെവലപ്മെന്റ് ബാങ്ക് സ്ഥാപിക്കപ്പെട്ടുവെങ്കിലും വേൾഡ് ബാങ്കിന് ബദലാകുമെന്ന് പ്രതീക്ഷിച്ച വികസന ബാങ്കിന് വേണ്ടുവോളം വിഭവങ്ങൾ സമാഹരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അംഗങ്ങൾക്ക് നൽകാൻ കഴിഞ്ഞ വികസന ഫണ്ട് വേൾഡ് ബാങ്ക് ഒരു വർഷം നൽകുന്ന തുകയ്ക്ക് താഴെ നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ.
ഇതിനാൽ പാശ്ചാത്യരാജ്യ വികസനത്തിന് ഊന്നൽ നൽകുന്ന ലോക ബാങ്കിന്റെ പരിമിതി മറികടക്കാൻ പാകത്തിൽ ബ്രിക്സിന്റെ വികസന ബാങ്ക് ശാക്തീകരിക്കാനുള്ള മാർഗങ്ങൾ ഇപ്പോഴത്തെ സമ്മേളനം കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. അതുപോലെ അന്താരാഷ്ട്ര നാണയനിധിക്ക് ബദലാകുമെന്ന് പ്രതീക്ഷിച്ച് ബ്രിക്സ് രൂപീകരിച്ച അടിയന്തര കരുതൽ ധനസംവിധാനം (Contingent reserve arrangement) ശക്തിപ്പെടുത്തുന്ന കാര്യവും സമ്മേളനം ചർച്ച ചെയ്തേക്കും.
ബ്രിക്സ് റേറ്റിംഗ്
ഏജൻസി
രാജ്യങ്ങളുടെ സമ്പത്ത് വ്യവസ്ഥ, ഓഹരിക്കമ്പോളം, ധനസ്ഥാപനങ്ങൾ തുടങ്ങിയവയുടെ സ്ഥിതിനിലവാരം വിലയിരുത്തുന്ന പാശ്ചാത്യരാജ്യങ്ങളിലെ പല റേറ്റിംഗ് ഏജൻസികളും വസ്തുതാപരമായല്ല പ്രവർത്തിക്കുന്നതെന്ന ആക്ഷേപമുണ്ട്. രാജ്യങ്ങളിലേക്ക് വരുന്ന വിദേശനിക്ഷേപങ്ങളും ലഭ്യമാകുന്ന മറ്റ് വികസന ഫണ്ടുകളുടെയും ലഭ്യതയ്ക്കുള്ള മാനദണ്ഡം പലപ്പോഴും ഈ റേറ്റിംഗുകളെ ആശ്രയിച്ചാണിരിക്കുന്നത്.
നീതിപൂർവമല്ലാത്ത ഇന്നത്തെ റേറ്റിംഗ് വ്യവസ്ഥിതിയെ മറികടക്കാനായി ബ്രിക്സിന്റെ ആഭിമുഖ്യത്തിൽ ഒരു റേറ്റിംഗ് ഏജൻസി സ്ഥാപിക്കണമെന്ന നിർദ്ദേശം നേരത്തെ ഇന്ത്യ മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യവും ഇപ്പോഴത്തെ ഉച്ചകോടി പരിഗണിക്കാൻ സാദ്ധ്യതയുണ്ട്.
ജനങ്ങളെ നേരിട്ട്
സ്പർശിക്കുന്ന മുന്നേറ്റങ്ങൾ
ഇപ്പോഴത്തെ ഉച്ചകോടിയിൽ ഇന്ത്യ ഊന്നൽ നൽകാൻ പോകുന്നത് ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കണ്ടെത്തലുകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ ജനോപകാര കർമ്മങ്ങൾക്കുള്ള കൂട്ടായ പ്രവർത്തനങ്ങൾക്കാണ്. അതുപോലെ ഊർജ്ജസുരക്ഷ, ഹരിത ഊർജ്ജം, ഉത്പാദന സാമഗ്രികളുടെ വിതരണ ശൃംഖല തുടങ്ങിയ വികസന വിഷയങ്ങളും ഇന്ത്യ ഉയർത്തും.
ചൈനയും റഷ്യയും ഈ കൂട്ടായ്മയിൽ അമിതമേധാവിത്വം കാട്ടാതിരിക്കാനുമുള്ള ശ്രദ്ധയും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകും. ചുരുക്കത്തിൽ, ബ്രിക്‌സിന്റെ ഉച്ചകോടി വെറുമൊരു 'വാചകക്കട'യായി തീരുന്നതിനു പകരം, കർമ്മങ്ങളിലേക്ക് നയിക്കുന്ന വേദിയായി മാറ്റാൻ ഇന്ത്യയുടെ നേതൃത്വത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.
(ബോക്സിൽ)
ഉത്പത്തിയും
തത്‌സ്ഥിതിയും
ബ്രിക്സ്: 2001ൽ, പ്രശസ്ത അന്താരാഷ്ട്ര നിക്ഷേപ ബാങ്കായ ഗോൾഡ് മാൻ സാച്സിലെ സാമ്പത്തിക വിശാരദനായ ജിം ഓനീൽ തന്റെ പ്രബന്ധത്തിലൂടെ മുന്നോട്ടുവച്ച ആശയം. 2010ൽ പ്രവൃത്തി പഥത്തിലെത്തുന്നു.
ദക്ഷിണഗോളത്തിലെ വളർന്നുവരുന്ന സമ്പത്ത് വ്യവസ്ഥകളുടെ ഈ രാഷ്ട്ര കൂട്ടായ്മ, ജി-7എന്ന സമ്പന്നരാഷ്ട്ര കൂട്ടായ്മയെ, ഒരു ദശകത്തിനുള്ളിൽ, കടത്തിവെട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.
ഭാവിപറയൽ പൂർണമായും ഫലിച്ചില്ലെങ്കിലും വികസ്വര രാഷ്ട്രങ്ങളുടെ, ലോകം ശ്രദ്ധിക്കുന്ന, നാവായിമാറുവാൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.
പ്രാഥമിക അംഗങ്ങൾ: ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക.
പുതിയ അംഗങ്ങൾ: ഈജിപ്ത്, എത്യോപ്യ, ഇൻഡോനേഷ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ.
പങ്കാളി രാഷ്ട്രങ്ങൾ: ബലാറസ്, ബൊളീവിയ, ഖസാക്കിസ്ഥാൻ, ക്യൂബ, മലേഷ്യ, നൈജീരിയ, തായ്‌ലാൻഡ്, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം.
ലോക ജനസംഖ്യയുടെ 49%, ലോക ജി.ഡി.പിയുടെ 40%, ലോക വ്യാപാരത്തിന്റെ 26% എന്നിവ കയ്യാളുന്ന ഗ്രൂപ്പാണ് ഇന്ന് ബ്രിക്സ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |