
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യ-റഷ്യ നയതന്ത്ര ബന്ധത്തിൽ നിർണായക നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും നാളെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. പ്രതിരോധം, ഊർജ്ജം, വ്യാപാരം, ആണവസഹകരണം തുടങ്ങി തന്ത്രപ്രധാന വിഷയങ്ങൾ ചർച്ചയാകും. പ്രതിരോധ സഹകരണത്തിലും നിർണായക നീക്കങ്ങളുണ്ടാകും. സുഖോയ് 57 അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ വില്പനയും സാങ്കേതികവിദ്യ കൈമാറുന്നതും ചർച്ചയായേക്കും. ബ്രഹ്മോസ് മിസൈൽ നവീകരണം, എസ് -400 സംവിധാനങ്ങളുടെ വിതരണം എന്നിവ പരിഗണിക്കും. പുതിയ ആണവനിലയങ്ങളുടെ നിർമ്മാണത്തിൽ റഷ്യയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതുമടക്കമുള്ള കാര്യങ്ങളും ഇതിലുൾപ്പെടും. സുഖോയ് 57 സാങ്കേതികവിദ്യ പങ്കിടാൻ തയ്യാറാണെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കുമേൽ യു.എസ് സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് മോദി-പുട്ടിൻ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയം. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള യു.എസ് നീക്കത്തിനെതിരെ മോസ്‌കോ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യ-റഷ്യ വ്യാപാരവും പണമിടപാട് സംവിധാനങ്ങളും ചർച്ച ചെയ്യുമെന്നാണ് സൂചന. അപൂർവ ധാതുക്കൾ, പ്രതിരോധ സാങ്കേതികവിദ്യ എന്നിവയിലും പുതിയ സഹകരണ സാദ്ധ്യതകൾ തേടും. റഷ്യയുടെ ആർട്ടിക് മേഖലയിലെ വിഭവങ്ങളും നോർതേൺ സീ റൂട്ടും ഇന്ത്യയുടെ താത്പര്യത്തിലുള്ള വിഷയങ്ങളാണ്. യുക്രെയ്ൻ യുദ്ധത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് പുട്ടിൻ മോദിയെ ധരിപ്പിക്കും. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന സമാധാനശ്രമങ്ങൾക്ക് പിന്തുണയും അറിയിച്ചേക്കും. കഴിഞ്ഞയാഴ്ച ബിഷ്‌കെക്കിൽ നടന്ന കൂടിക്കാഴ്ചയിൽ സംഘർഷം അവസാനിപ്പിക്കണമെന്ന് മോദി പുട്ടിനോട് ആവശ്യപ്പെട്ടിരുന്നു.
റഷ്യൻ സൈന്യത്തിലുള്ള
ഇന്ത്യക്കാർ മടങ്ങും
റഷ്യൻ സൈന്യത്തിലുള്ള ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇവരുടെ പട്ടിക തയ്യാറാക്കി നാട്ടിലേക്ക് മടക്കിയയയ്ക്കുമെന്ന് പെസ്‌കോവ് അറിയിച്ചു. റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന 50ലേറെ ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |