SignIn
Kerala Kaumudi Online
Friday, 11 September 2026 1.02 AM IST

ബ്രിക്സ് പേ വരുമോ? ഡോളറിനെ മറികടക്കാൻ യു.പി.ഐ മാതൃക, ബ്രിക്‌സ് ഉച്ചകോടിയിൽ ചർച്ചയാകും

READ ENGLISH VERSION
brics

ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്തെ ഡോളർ ആധിപത്യത്തിന് ബദൽ കൊണ്ടുവരാനുള്ള ബ്രിക്സ് രാജ്യങ്ങളുടെ നീക്കത്തിന് ഇന്ത്യയിൽ നാളെ ആരംഭിക്കുന്ന 18-ാമത് ഉച്ചകോടിയിൽ ചുവടുവയ്പ്. അംഗരാജ്യങ്ങളുടെ അതിവേഗ പണമിടപാട് സംവിധാനങ്ങളെയും സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളെയും ബന്ധിപ്പിച്ച് ഇന്ത്യയുടെ യു.പി.ഐ. സംവിധാനം മാതൃകയാക്കി 'ബ്രിക്സ് പേ' എന്ന പുതിയ സംവിധാനമൊരുക്കാനാണ് ആലോചിക്കുന്നത്.

ബ്രസീലിന്റെ പിക്സ് (പി.ഐ.എക്സ്) ഇന്ത്യയുടെ യു.പി.ഐ, ചൈനയുടെ സിപ്സ് (സി.ഐ.പി.എസ്) തുടങ്ങിയ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ഡോളറിനെ ഇടനിലയാക്കാതെ അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ഇടപാടുകൾ സാധ്യമാക്കുക എന്നതാണ് കാതൽ. റഷ്യയുടെ എസ്.പി.എഫ്.എസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ചർച്ചയിലെത്തുന്നുണ്ട്. ചെലവും സമയവും കുറയ്ക്കുന്നതിനൊപ്പം പാശ്ചാത്യ ധനകാര്യ സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും ബ്രിക്സ് രാജ്യങ്ങൾ ലക്ഷ്യമിടുന്നു.

അന്താരാഷ്ട്ര പണമിടപാട് രംഗത്ത് യു.പി.ഐ കൈവരിച്ച വളർച്ചയും കുറഞ്ഞ ഇടപാട് ചെലവും ഉച്ചകോടിയിലെ ചർച്ചയിൽ ഇന്ത്യ അവതരിപ്പിക്കും. വിവിധ രാജ്യങ്ങളിലെ ദേശീയ പേയ്‌മെന്റ് സംവിധാനങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും നേരിട്ടുള്ള അന്താരാഷ്ട്ര പണമിടപാട് സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. പ്രാദേശിക കറൻസികളിൽ വ്യാപാരം വർദ്ധിപ്പിക്കുന്നതും അജണ്ടയിലുണ്ട്.

അമേരിക്കൻ ഉപരോധങ്ങളും പാശ്ചാത്യ സാമ്പത്തിക ആശ്രിതത്വവും മറികടക്കാൻ ഇത് വഴി തുറക്കും. എന്നാൽ പാശ്ചാത്യ സംവിധാനങ്ങളെ പൂർണമായി ഒഴിവാക്കുന്ന ആഗോള പണമിടപാട് ശൃംഖലയായി ഉടൻ പ്രഖ്യാപിച്ചേക്കില്ല.

ഡോളറിന്റെ സ്വാധീനം കുറയ്ക്കാൻ യൂറോ മാതൃകയിൽ ബ്രിക്സ് രാജ്യങ്ങൾ സ്വന്തം കറൻസി പുറത്തിറക്കാൻ ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. വ്യാപാരവും ഇടപാടുകളും പരസ്പരം ബന്ധിപ്പിച്ച് സ്വന്തം കറൻസി ശക്തിപ്പെടുത്തുന്നതിലാണ് ഇന്ത്യയും ചൈനയും താൽപര്യപ്പെടുന്നത്. റഷ്യയും ഡോളർ ഒഴിവാക്കാനുള്ള പ്രത്യേക 'ഡീ ഡോളറൈസേഷൻ' പദ്ധതിയില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കി. അതേസമയം എല്ലാവർക്കും അംഗീകരിക്കാവുന്ന പണമിടപാട് മാർഗങ്ങളോടു തങ്ങൾക്കും തുറന്ന സമീപനമാണെന്നും അവർ കൂട്ടിച്ചേർത്തു.

പ്രാദേശിക കറൻസികളിലെ ഇടപാടുകൾ വർദ്ധിപ്പിച്ച് ബ്രിക്സ് രാജ്യങ്ങൾക്ക് ആഗോള ധനവിപണിയിലെ ആഘാതങ്ങൾ കുറയ്ക്കാനുള്ള സുരക്ഷാ കവചമെന്നോണം ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ ബ്രിക്‌സ് പേ ഇടം കണ്ടേക്കും.

11 രാജ്യങ്ങൾ -

ഒരു പണമിടപാട്

  • ലക്ഷ്യം: വേഗത്തിലും കുറഞ്ഞ ചെലവിലും അന്താരാഷ്ട്ര പണമിടപാട്
  • പ്രധാന തടസം: സങ്കേതിക ഏകീകരണം, രാഷ്ട്രീയ അവിശ്വാസം, വ്യാപാര അസന്തുലിതാവസ്ഥ
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360