
ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടി 12നും 13നും നടക്കാനിരിക്കെ പരിപാടികളുടെ സമയക്രമം പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. 12ന് ഉച്ചയ്‌ക്ക് രണ്ടിനാണ് ചടങ്ങുകൾ ആരംഭിക്കുക. ഭാരത് മണ്ഡപത്തിലെ ലെവൽ രണ്ട് ഓഡിറ്റോറിയത്തിലെത്തുന്ന ബ്രിക്‌സ് നേതാക്കൾ ഗ്രൂപ്പ് ഫോട്ടോയിൽ പങ്കെടുക്കും.
2.35ന് 'ഇൻക്ലൂസീവ് ഗ്ലോബൽ ഗവേണൻസും ശാക്തീകരണ ബഹുമുഖത്വവും" എന്ന വിഷയത്തിൽ ചർച്ച. വൈകിട്ട് 4.25ന് ഹാൾ 14ലുള്ള 'ഭാരത് ഇന്നൊവേറ്റ്സ് എക്സിബിഷൻ" നേതാക്കൾ വീക്ഷിക്കും. വൈകിട്ട് അഞ്ചിന് വേദിക്കുപുറത്ത് നേതാക്കളുടെ കുടുംബ ഫോട്ടോസെഷൻ. തുടർന്ന് നേതാക്കൾ വൃക്ഷത്തൈകൾ നടും. വൈകിട്ട് ഏഴരയ്‌ക്ക് ഭാരത് മണ്ഡപത്തിന്റെ ലെവൽ 3 ഓഡിറ്റോറിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കുന്ന അത്താഴ വിരുന്ന്.
12ന് രാവിലെ ഡൽഹിയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് വിരുന്നിൽ പങ്കെടുക്കും.
അടുത്ത ദിവസം രാവിലെ 9.55ന് പരിപാടികൾ ആരംഭിക്കും. ബ്രിക്‌സ് പങ്കാളി രാജ്യങ്ങളിലെ നേതാക്കളും ക്ഷണിതാക്കളും ഭാരത് മണ്ഡപത്തിലെ ലെവൽ 2ലെത്തും. രാവിലെ 10.50ന് 'പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത: സമഗ്രമായ ആഗോള വളർച്ചയ്ക്കായി ഭാവി രൂപപ്പെടുത്തൽ" എന്ന വിഷത്തിൽ ചർച്ച. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ അടിസ്ഥാനമാക്കിയുള്ള ബ്രിക്‌സ് അജണ്ടയുടെ ഭാഗമാണ് ചർച്ച.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ എന്നീ അംഗരാജ്യങ്ങൾക്ക് പുറമെ ബെലാറസ്, ബൊളീവിയ, ക്യൂബ, കസാക്കിസ്ഥാൻ, മലേഷ്യ, നൈജീരിയ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്‌ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നീ ഔട്ട് റീച്ച് രാജ്യങ്ങളും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |