SignIn
Kerala Kaumudi Online
Friday, 11 September 2026 1.36 AM IST

ബ്രിക്സ് 2026: ഇന്ത്യക്ക് ആഗോള പാലമാകാനുള്ള അവസരം

s

ബ്രിക്സിന്റെ പ്രധാന വാഗ്ദാനം മറ്റൊരു ഭൂരാഷ്ട്ര ബ്ലോക് ഉണ്ടാക്കുക എന്നതല്ല. മറ്റൊരു പാലമുണ്ടാക്കുക എന്നതാണ്. ഇതിന്റെ വലിയൊരു ശിൽപ്പിയായി ഇന്ത്യക്കു മാറാനുളള അവസരമാണ് ന്യൂഡൽഹിയിൽ ഒരുങ്ങുന്നത്

സെപ്തംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ ചേരുന്ന ബ്രിക്സ് രാഷ്ട്രങ്ങളുടെ വിശാല യോഗം കേവലമൊരു നയതന്ത്ര പ്രഖ്യാപനത്തിനും അപ്പുറമുള്ള ഉച്ചകോടിയായിരിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രിക്സിന്റെ 20-ാം വർഷം ആതിത്ഥ്യമരുളുന്നത് രാജ്യത്തിന്റെ വിദേശ നയം എത്രത്തോളം നേട്ടമുണ്ടാക്കിയിട്ടുണ്ട് എന്നു തെളിയിക്കാനുള്ള അവസരമാണ്. വർദ്ധിതമായ തോതിൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോക രാഷ്ട്രങ്ങൾക്കിടയിൽ പ്രായോഗിക പങ്കാളിത്തം ശക്തിപ്പെടുത്തി നയതന്ത സ്വയം ഭരണാവകാശം നിലനിറുത്താമെന്നതിന്റെ കൂടി തെളിവാണ്.

2026ലെ ബ്രിക്സ് അദ്ധ്യക്ഷസ്ഥാനത്ത് ഇന്ത്യയുടെ പ്രമേയം "ഉൾക്കരുത്ത്, നവീകരണം, സഹകരണം, സുസ്ഥിര ത എന്നിവ കെട്ടിപ്പടുക്കൽ" എന്നതാണ്. ഭൂരാഷ്ട്രതന്ത്രവുമായി ബന്ധപ്പെട്ട വാചാടോപത്തിൽ നിന്ന് സാധാരണ പൗരന്മാരിലേക്ക് ശ്രദ്ധ തിരിയുന്നു എന്നതിലാണ് ഇതിന്റെ പ്രസക്തി. അതാകട്ടെ, വ്യാപാരം, സാങ്കേതികവിദ്യ, ഊർജ്ജം, കാലാവസ്ഥാ പിൻവാങ്ങൽ ആരോഗ്യ പരിരക്ഷ, ചെറുകിട ബിസിനസ്, വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്.

ഈ മാറ്റമാണ് പ്രധാനം. രണ്ടു പതിറ്റാണ്ടു മുൻപ് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ഒരുമിച്ചു വന്നതോടെ, ബ്രിക്സ് നാടകീയമായി മാറി. ഇപ്പോൾ ഇതിൽ 11 പൂർണ അംഗങ്ങളുണ്ട്. ഇത് കൂടുതൽ വിപുലമായ രാഷ്ട്രീയ-ഭൂമിശാസ്ത്ര മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ബ്രിക്സ്‌ അദ്ധ്യക്ഷ പദവിയിൽ ഇന്ത്യ 25 ലേറെ നഗരങ്ങളിലായി 350 ലേറെ ബ്രിക്സ് മീറ്റിങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ വൈപുല്യം കൂടുതൽ ഫലപ്രദമാക്കുക എന്നതാണ് വെല്ലുവിളി. ഇന്ത്യക്കു മാത്രമാണ് ഇതു ചെയ്യാൻ കഴിയുക. ബ്രിക്സിലെ സുപ്രധാന അംഗമെന്ന നിലയിൽ ഇന്ത്യക്ക് അമേരിക്കയും യുറോപ്പുമായി ശക്തമായ ബന്ധങ്ങളുണ്ട്. റഷ്യയുമായി തന്ത്രപരമായ പങ്കാളിത്തം നിലനിറുത്തുമ്പോൾത്തന്നെ ഇന്ത്യ 'ക്വാഡ്' യോഗങ്ങളിൽ പങ്കെടുക്കുന്നു. അതുപോലെ ഗൾഫുമായുള്ള ഇടപെടലുകളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതൊരു വൈരുദ്ധ്യമല്ല. തന്ത്രപരമായ സ്വയംഭരണാവകാശം ഉറപ്പിക്കുന്നതിന്റെ ഭാഗമാണ്. ഈ മാറ്റങ്ങൾ കേരളത്തെ സംബന്ധിച്ച് അത്ര അകലെയല്ല.

കേരളത്തിന്

ഏറെ പ്രസക്തം

തലമുറകൾക്കു മുൻപു മുതൽ തന്നെ പശ്ചിമേഷ്യയുമായി സാമൂഹ്യ-സാമ്പത്തിക ബന്ധങ്ങൾ നീക്ഷിക്കുന്ന നാടെന്ന നിലയിൽ ബ്രിക്സിന്റെ വിപുലീകരണം കേരളത്തിന് ഏറെ പ്രസക്തമാണ്. യു.എ.ഇയും സൗദി അറേബ്യയും ഇറാനും ബ്രിക്സ് രാജ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഗൾഫിലുടനീളം ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിൽത്തന്നെ കേരളത്തിനാണ് ജനങ്ങൾ തമ്മിൽ ഏറെ ബന്ധമുള്ളത്. അതുകൊണ്ട് ബ്രിക്സ് പണമിടപാട് ചെലവു കുറഞ്ഞതാക്കുകയും സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുകയും ചെയ്താൽ അതിന്റെ ഗുണഫലം ന്യൂഡൽഹിയിലെ സമ്മേളന ഹാളുകളേക്കാൾ കൂടുതൽ പ്രതിഫലിക്കുക കേരളത്തിലെ കയറ്റുമതിക്കാരിലും സംരംഭകരിലും കുടുംബങ്ങളിലും ആയിരിക്കും.

ഉച്ചകോടിയിലെ ഏറ്റവും പ്രധാന ചർച്ച ദേശീയ കറൻസിയുടെ വർദ്ധിച്ച ഉപയോഗവും അതൃത്തി കടന്നുള്ള പണമിടപാടു സംവിധാനങ്ങളും സംബന്ധിച്ചായിരിക്കും. ഇത് അമേരിക്കൻ ഡോളറിനെതിരായ പ്രത്യയശാസ്ത്ര പ്രചാര വേലയായി മാറുന്നത് ഇന്ത്യ ബുദ്ധിപൂർവമായി പ്രതിരോധിക്കുന്നുണ്ട്. അടിസ്ഥാന ഡിജിറ്റൽ സൗകര്യങ്ങളാണ് ഇന്ത്യയുടെ വിശ്വാസ്യതയ്ക്ക് അടിസ്ഥാനം.

ബ്ളൂ ഇകോണമി

കേരളത്തിന്റെ ടൂറിസത്തിനും കയറ്റുമതിക്കാർക്കും ടെക് കമ്പനികൾക്കും എം.എസ്.എം.ഇകൾക്കും പണമിടപാടു ചെലവു കുറഞ്ഞതാകുന്നത് പുതിയ അവസരങ്ങൾ നൽകും. ഇത് സമുദ്ര വ്യാപാരത്തിനും ബാധകമാണ്. ലോകത്തെ സുപ്രധാന സമുദ്ര ഇടനാഴിയിലാണ് കേരളം സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞം വികസനം അന്താരാഷ്ട്ര കപ്പൽ ഗതഗതത്തിൽ വലിയ സംഭാവന നൽകുന്നതാണ്. കേരളം കൂടുതൽ ശ്രദ്ധിക്കേണ്ട മറ്റൊരു മേഖല മത്സ്യ വിപണിയുമായി ബന്ധപ്പെട്ട 'ബ്ളൂ ഇകോണമി' യുടേതാണ്.

ബ്രിക്സ് ലോകത്തെ പ്രധാനപ്പെട്ട കടലോര രാഷ്ട്രങ്ങളെ ഒരുമിപ്പിക്കുന്നതാണ്. ബ്രസീലിനും ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും ഇന്തോനേഷ്യയ്ക്കും നിരവധി ഗൾഫ് രാജ്യങ്ങൾക്കും ഫിഷറീസിലും മാരിടൈം സാങ്കേതിക വിദ്യയിലും വലിയ താത്പര്യമുണ്ട്. വലിയ സമുദ്രതീരമുള്ള കേരളത്തിനും ഇതു നേട്ടങ്ങളുണ്ടാക്കാൻ സഹായകമാണ്.

കാലാവസ്ഥാ പ്രശ്നവും പ്രധാനമാണ്. അതിവർഷവും വെള്ളപ്പൊക്കവും തീരദേശ മണ്ണൊലിപ്പും കാലാവസ്ഥാ വ്യതിയാനവുമൊക്കെ മറ്റു പല പ്രദേശങ്ങളെയും അപേക്ഷിച്ച് കൂടുതൽ മനസിലാവുക കേരളത്തിനാണ്. ഈ കാര്യങ്ങളിലെല്ലാം ബ്രിക്സിന്റെ പ്രസക്തി കേവലം അമൂർത്ത നയതന്ത്രമായി മാത്രമല്ല കാണേണ്ടത്. ഏറ്റുമുട്ടലിന്റെ രാഷ്ട്രീയത്തിൽ ബ്രിക്സ് കുടുങ്ങാൻ പാടില്ല എന്നതും ഇതു വെളിപ്പെടുത്തുന്നുണ്ട്. വികസ്വര രാഷ്ട്രങ്ങൾക്ക് ഉറച്ച ശബ്ദത്തിനായി മറ്റൊരു ശീതയുദ്ധം ഉണ്ടാക്കേണ്ട കാര്യമില്ല. മറിച്ച് ഉയർന്നു വരുന്ന സമ്പദ് ശക്തികൾക്ക് കൂടുതൽ പ്രാധാന്യം നൽകുക എന്നതാണ് വേണ്ടത്. അവർക്ക് വികസനത്തിനാവശ്യമായ സമ്പത്തും മികച്ച വ്യാപാര അവസരങ്ങളും നൽകുക എന്നതാണ്. അതുകൊണ്ട്, പ്രതീക്ഷകൾക്കൊള്ളുന്ന മിതത്വമാണ് ബ്രിക് സിന് ഇന്ത്യ നൽകുന്ന വലിയ സംഭാവന.

ബ്രിക്സ് ഏതെങ്കിലും ഒരംഗരാജ്യത്തിന് മേധാവിത്വം കൽപ്പിക്കുകയോ, മറ്റൊരു ബ്ലോക്കിന് എതിരാവുകയോ അല്ല എന്ന കാര്യം ന്യൂഡൽഹിക്ക് ഉറപ്പിക്കാൻ കഴിയും. വ്യത്യസ്ത രാഷ്ട്രീയ സംവിധാനവും നയതന്ത്ര താത്പര്യവുമുളള രാഷ്ട്രങ്ങൾക്ക് സഹകരിക്കാനും യോജിച്ചു പ്രവർത്തിക്കാനും കഴിയുന്ന വേദിയാക്കി ബ്രിക്സിനെ മാറ്റുക എന്നതാണ് ഇന്ത്യ ഉറപ്പാക്കുക. ഇത് ഫലത്തിൽ ഇന്ത്യയുടെ ഉയർച്ച പ്രതിഫലിപ്പിക്കുകയും ചെയ്യും. കിഴക്ക് - പടിഞ്ഞാറെന്നോ, തെക്കു കിഴക്കെന്നോ വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളുമായും ഇടപെടാനും ഇന്ത്യക്കു കഴിയുന്നു.

അതുകൊണ്ട് ബ്രിക്സിന്റെ ന്യൂഡൽഹി ഉച്ചകോടിയുടെ വിജയം അളക്കേണ്ടത്, അവിടത്തെ പ്രഖ്യപനങ്ങളുടെ എണ്ണത്തിലോ വലിപ്പത്തിലോ അല്ല, മറിച്ച്, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം സുഖകരമാക്കുന്നതിന്റെയോ, പണമിടപാട് ചെലവു കുറഞ്ഞതാക്കുന്നതിന്റെയും സാങ്കേതിക വിദ്യ കൂടുതൽ പ്രാപ്യമാക്കുന്നതിന്റെയും വിതരണ ശൃംഖല ശക്തിപ്പെടുത്തതിന്റെയും വികസന സമ്പദ്ഘടന കൂടുതൽ പ്രതികരണ ശേഷിയുള്ളതാവുകയും ഒക്കെ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം. വ്യാപാരവും സമുദ്രതീരവുമൊക്കെയായി ആഗോള തലത്തിൽ ബന്ധിതമായ സംസ്ഥാനം എന്ന നിലയിൽ ഈ മാറ്റങ്ങൾ കേരളത്തിന് പ്രധാനമാണ്. ബ്രിക്സിന്റെ പ്രധാന വാഗ്ദാനം മറ്റൊരു ഭൂരാഷ്ട്ര ബ്ലോക് ഉണ്ടാക്കുക എന്നതല്ല. മറ്റൊരു പാലമുണ്ടാക്കുക എന്നതാണ്. ഇതിന്റെ വലിയൊരു ശിൽപ്പിയായി ഇന്ത്യക്കു മാറാനുളള അവസരമാണ് ന്യൂഡൽഹിയിൽ ഒരുങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY