3 MIN READ
| AUTHOR : Web Desk PUBLISHED: JULY 18, 2026 02:09 AM IST
ലോകം ഇന്റർനെറ്റ് യുഗത്തിലേക്ക് കയറിയ കാലം മുതൽ സൈബർ തട്ടിപ്പുകളുമുണ്ട്. ആദ്യമാദ്യം ചെറിയ ഡോസിലായിരുന്നു. ഓൺലൈൻ ലോട്ടറിയടിച്ചെന്നും ലോൺ ശരിയായിട്ടുണ്ടെന്നും മറ്റും പറഞ്ഞ് പത്തോപതിനായിരമോ പിടുങ്ങുക, മോർഫ് ചെയ്ത ചിത്രം വച്ച് ബ്ലാക്‌മെയിൽ ചെയ്യുക അങ്ങനെയൊക്കെ. മോഹന വാഗ്ദാനങ്ങളിൽ പലരും വീണു. പിന്നീട് ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമെല്ലാം ലിങ്ക് ചെയ്തതോടെ തട്ടിപ്പുകളുടെ ഗ്രേഡ് കൂടി. ലിങ്കുകൾ ക്ലിക്ക് ചെയ്യിപ്പിച്ചും അക്കൗണ്ട് ഹാക്ക് ചെയ്തും സമ്പാദ്യം കാലിയാക്കുക തുടങ്ങിയ കലാപരിപാടികളായി. കോവിഡ് കാലത്ത് തട്ടിപ്പിന്റെ കൂടുതൽ റിസേർച്ചുകൾ നടന്നിരിക്കണം. നിർമ്മിത ബുദ്ധിയും ഡാർക് വെബുമെല്ലാം ഇവരുടെ ഉപകരണങ്ങളായി. അത്തരത്തിൽ കുറേ കൂട്ടുകച്ചവടം നടന്നു. പലരും ഇരകളായി. സൈബർ തട്ടിപ്പുകൾ വീണ്ടും തഴച്ചുവളർന്നു. ഭീഷണിപ്പെടുത്തി കോടികൾ കവരുന്ന 'ഡിജിറ്റൽ അറസ്റ്ര്" തട്ടിപ്പിന്റെ മാരക രൂപമായി. ബോധവത്ക്കരിക്കും തോറും ട്രാപ്പുകളും ഏറിവന്നു. തട്ടിപ്പുകാർ സി.ബി.ഐയും കസ്റ്റംസും ഭീകരവിരുദ്ധ സ്ക്വാഡുമായെല്ലാം ആൾമാറാട്ടം നടത്തി. ക്രിമിനലുകൾ അന്വേഷണ ഏജൻസികളുടെ യൂണിഫോമിട്ട് വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടു. ഒറിജിനലിനെ വെല്ലുന്ന ഐ.ഡി കാർഡും എഫ്.ഐ.ആറുമെല്ലാം കാട്ടി വിരട്ടി.ഡിജിറ്റൽ അറസ്റ്റുകാരെ പൂട്ടാൻ ഇപ്പോൾ സുപ്രീം കോടതിയുടെ അടക്കം മാർഗനിർദ്ദേശങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
തട്ടിപ്പു പരാതികൾ കേസുകളായാൽ ഇതിന്റെ അണിയറക്കാരിലേക്ക് എത്താൻ അന്വേഷണ ഏജൻസികൾ ആശ്രയിക്കുന്ന പ്രധാന രീതി, പണം പോയ വഴി കണ്ടുപിടിക്കുകയെന്നതാണ്. എന്നാൽ സൈബർ തട്ടിപ്പുകളിൽ ഇത് എളുപ്പമാകാറില്ല. കാരണം മ്യൂൾ അക്കൗണ്ടുകൾ വഴിയാകും തട്ടിപ്പുകാരുടെ ഇടപാടുകൾ. തട്ടിപ്പുതുക, അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ച് നിക്ഷേപിക്കുന്നതിനാണ് മ്യൂൾ അക്കൗണ്ടുകളെ ആശ്രയിക്കുന്നത്. ഇതിനായി വിദ്യാർത്ഥികൾ, ഓൺലൈൻ ഭക്ഷണവിതരണക്കാർ തുടങ്ങിയവരുടെ യഥാർത്ഥ
അക്കൗണ്ടുകൾ തട്ടിപ്പുകാർ പ്രയോജനപ്പെടുത്താറുണ്ട്. ഇവർക്ക് ചെറിയ കമ്മിഷൻ ലഭിക്കും. തട്ടിപ്പുകാർ പിന്നീട് തുക പിൻവലിച്ച് വീതിച്ചെടുക്കുന്നതാണ് രീതി. അക്കൗണ്ട് ഉടമ അറിയാതെ പണം വന്നുപോയ സംഭവങ്ങളുമുണ്ട്. ഇത്തരം അനധികൃത സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് കുടപിടിക്കുന്നവരിൽ തട്ടിപ്പുകാരുടെ കൈയാളുകൾ മാത്രമല്ല, യുവ അഭിഭാഷകരുമുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയിൽ നിന്ന് വ്യക്തമാകുന്നത്.
അന്വേഷണ ഏജൻസികളുടെ നിർദ്ദേശപ്രകാരം ബാങ്കുകൾ മരവിപ്പിച്ചിരിക്കുന്ന 'മ്യൂൾ അക്കൗണ്ടു"കൾ വീണ്ടും സജീവമാക്കാനായി കുറ്റവാളികൾ നേരിട്ടോ അല്ലാതെയോ നൽകുന്ന ഹർജികൾ ഏറ്റെടുക്കുന്ന യുവ അഭിഭാഷകർ ധാരാളമുണ്ട്. ഇത്തരത്തിൽ ചുരുങ്ങിയ കാലം കൊണ്ട് വൻ നേട്ടമുണ്ടാക്കിയ വക്കീലന്മാരുമുണ്ട്. പരിചയക്കുറവു കൊണ്ട് പെട്ടു പോകാതിരിക്കാൻ ഇവർ ജാഗ്രത പുലർത്തണമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്.
സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ മരവിപ്പിച്ച അക്കൗണ്ട് തുറക്കാൻ അനുമതി തേടി മലപ്പുറം സ്വദേശിയായ 21കാരി യുവ അഭിഭാഷകർ മുഖേന സമർപ്പിച്ച ഹർജി തള്ളിയ ഉത്തരവിൽ ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കീം ശ്രദ്ധേയമായ മറ്റു നിരീക്ഷണങ്ങളും നടത്തി.
തർക്കത്തിലുള്ള തുക നിലനിർത്തി, മറ്റ് ഇടപാടുകൾക്ക് അക്കൗണ്ട് ഉപയോഗിക്കാൻ അനുവദിക്കണമെന്ന സമാന ആവശ്യമായിരിക്കും. പലപ്പോഴും ഹൈക്കോടതി ഇത് അനുവദിക്കാറുമുണ്ട്. എന്നാൽ ഉത്തരവ് മറയാക്കി വീണ്ടും തട്ടിപ്പ് നടക്കുന്നുണ്ട്. അതിനാലാണ് കോടതി ജാഗ്രതാ നിർദ്ദേശം നൽകുന്നതെന്ന് കോടതി പറഞ്ഞു. എ.ഐ. സഹായത്തോടെ ഹർജി തയാറാക്കുന്നവരുണ്ടെന്നും മ്യൂൾ അക്കൗണ്ട് കേസുകൾ മാത്രം കൈകാര്യം ചെയ്ത് പെട്ടെന്നു തന്നെ സ്വതന്ത്ര അഭിഭാഷകരായവരുണ്ടെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഈ കേസിലെ ഹർജിക്കാരിയുടെ അക്കൗണ്ടിലൂടെ 3.5 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി തമിഴ്നാട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് ഇടപെട്ട് സൈബർ തട്ടിപ്പിനിരയായവർക്ക് തിരികെ നൽകിയിരുന്നു. ആന്ധ പൊലീസിന്റെ അന്വേഷണമുണ്ട്. ജോലിയൊന്നും ഇല്ലാത്ത ഹർജിക്കാരി ഓഹരി, ഓൺലൈൻ കറൻസി ഇടപാടുകൾ നടത്തിയെന്ന് വിവരമുണ്ട്. എന്നാൽ എവിടെ നിന്നാണ് പണം വന്നതെന്ന് അറിയില്ലെന്നാണ് ഹർജിക്കാരി പറഞ്ഞത്. അനധികൃതമായി സമ്പാദിക്കുന്ന പണം നിക്ഷേപിക്കാനാണ് അക്കൗണ്ട് തുടങ്ങിയതെന്ന് വിലയിരുത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും കോടതി നിർദ്ദേശിച്ചു.
ഇന്ത്യയിൽ 2021 ഏപ്രിൽ മുതൽ 2025 നവംബർ വരെ 52,969 കോടി രൂപയുടെ സാമ്പത്തിക സൈബർ തട്ടിപ്പ് നടന്നതായാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 167 കോടി മാത്രമാണ് വീണ്ടെടുക്കാനായത്. തട്ടിയെടുത്ത 7647 കോടി കുറ്റവാളികളിലേക്ക് എത്താതെ തടയാൻ സിറ്രിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് മാനേജ്മെന്റ് സിസ്റ്റത്തിന് സാധിച്ചു.
രാജ്യത്ത് 6.5 ലക്ഷം മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. യുവ അഭിഭാഷകർ മുഖേന നാഥനില്ലാത്ത ഹർജികൾ പോലും എത്തുന്ന സാഹചര്യത്തിൽ അതത് എസ്.എച്ച്.ഒമാർ പശ്ചാത്തല അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. അതിനു ശേഷം ഇത്തരം ഹർജികൾ കുറഞ്ഞിട്ടുണ്ട്. മ്യൂൾ അക്കൗണ്ടുകൾ നിയന്ത്രിച്ചാൽ സൈബർ തട്ടിപ്പുകൾ ഒരു പരിധിവരെ തടയാനാകുമെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സൈബർ ലോകത്ത് ദിനംപ്രതി മാറ്റങ്ങളും വിസ്മയങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ ഇപ്പോൾ മനസിൽ കാണാത്ത വിധമുള്ള തട്ടിപ്പുകൾ ഉയർന്നുവരാൻ സാദ്ധ്യതയുണ്ട്. കോടതി നിർദ്ദേശങ്ങളടക്കം കണക്കിലെടുത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളും അന്വേഷണ ഏജൻസികളും പൗരന്മാരും യോജിച്ചുള്ള പോരാട്ടം സൈബർ ക്രിമനലുകൾക്കെതിരേ ഉണ്ടാകേണ്ടതുണ്ട്.
RELATED TOPICS: CYBERCASE
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ