
കോഴിക്കോട്: സംസ്ഥാനത്തെ എം.എൽ.എമാർക്കും എം.പിമാർക്കും കെണിയൊരുക്കി സെെബർ തട്ടിപ്പ് സംഘം. പ്രധാനമന്ത്രിയുടെ പേരിലടക്കം നിക്ഷേപ തട്ടിപ്പിനായി സോഷ്യൽ മീഡിയയിൽ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്ന സംഘങ്ങളാണ് ഇവരെയും ലക്ഷ്യം വയ്ക്കുന്നത്.
ജൂലായ് ആറിന് വിദ്യ ബാലകൃഷ്ണൻ എം.എൽ.എയെ വയനാട് എം.പിയുടെ ഓഫീസിൽ നിന്നെന്നു പറഞ്ഞ് വിളിച്ച് മൂന്നു കോടിയ്ക്ക് മന്ത്രിസ്ഥാനം നൽകാമെന്ന് വാഗ്ദാനം നൽകി. ജില്ലയിലെ ഒരു എം.പിയിൽ നിന്ന് മറ്റൊരു എം.എൽ.എയുടെ നമ്പരും ശേഖരിച്ചു. പല എം.എൽ.എമാരെയും തട്ടിപ്പുകാർ വിളിച്ചെന്നും പല തുക ആവശ്യപ്പെട്ടെന്നും വിദ്യ പറയുന്നു. ഇതിനു പിന്നാലെ എം.പിമാരായ ഷാഫി പറമ്പിലിനെയും ഡീൻ കുര്യാക്കോസിനെയും വിളിച്ചു.
സംഭവത്തിൽ പ്രിയങ്ക ഗാന്ധി എം.പിയുടെ പ്രെെവറ്റ് സെക്രട്ടറി ഡി.എസ് രാജ്കുമാർ പൊലീസ് മേധാവിക്കും വയനാട് എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം,രാജ്കുമാറിന്റെ പേരിൽ മറ്റൊരു ഫോൺ നമ്പറുപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. നരേന്ദ്രമോദി,കേന്ദ്ര ആഭ്യന്തരമന്ത്രി,ധനമന്ത്രി തുടങ്ങിയവരുടെ പേരിലടക്കം വ്യാജ ടി.വി ചാനൽ വീഡിയോകൾ പ്രചരിപ്പിച്ചും തട്ടിപ്പുണ്ട്. 21,000 രൂപ നിക്ഷേപിച്ച് പ്രതിമാസം 150 കോടിവരെ നേടാമെന്നാണ് ഉള്ളടക്കം.
വൻതുക തട്ടും
വീഡിയോകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇംഗ്ളീഷ് പത്രങ്ങളുടെ മാതൃകയിലുള്ള വെബ്‌സൈറ്റിലെത്തും. തുടർന്ന് പേര്,മെയിൽ ഐ.ഡി,ഫോൺനമ്പർ എന്നിവ നൽകണം. രജിസ്റ്റർ ചെയ്താലുടൻ ഫോണിൽ വിളിയെത്തും. പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. ഇതിനായി പ്രത്യേകം ആപ്പുമുണ്ട്. ആദ്യ ഏതാനും ഇടപാടുകൾക്ക് പ്രതിഫലം നൽകും. വിശ്വാസമാർജ്ജിച്ച ശേഷം വൻതുക തട്ടും.
വേണം കരുതൽ
പരിചയമില്ലാത്ത ലിങ്കുകളിൽ ക്ളിക്ക് ചെയ്യരുത്. വൻതുക വാഗ്ദാനത്തിൽ കുടുങ്ങരുത്
തുക നഷ്ടമായാൽ ആദ്യ ഒരു മണിക്കൂറിൽത്തന്നെ 1930 എന്ന നമ്പറിൽ അറിയിക്കണം
കേരളത്തിലെ
കേസുകൾ
(വർഷം,എണ്ണം)
2020........426
2025........2,488
2026........1,053 (മേയ് വരെ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |