SignIn
Kerala Kaumudi Online
Tuesday, 30 June 2026 2.26 AM IST

വേണം,​ ഒരു പുത്തൻകച്ചേരി

a

സെക്രട്ടേറിയറ്റ് പണിയാൻ നമ്മളും കുറച്ച് കല്ല് ചുമന്നിട്ടുണ്ട് എന്ന് ചട്ടമ്പിസ്വാമി പറഞ്ഞിട്ടുണ്ട്. അക്കാലം വളരെ പഴയതാണ്. സെക്രട്ടേറിയറ്റ് എന്ന പുത്തൻകച്ചേരി പണിയാനുള്ള ഇഷ്ടിക നിർമ്മിച്ച ചൂളയായിരുന്നു അതിന് സമീപത്തെ ചെങ്കൽച്ചൂള. അതിപ്പോഴും ആ നിലവാരത്തിൽ നിന്ന് വളരെയൊന്നും ഉയർന്നിട്ടില്ല. എന്നാൽ, അതല്ല തൊട്ടിപ്പുറമുള്ള സെക്രട്ടേറിയറ്റിന്റെ നില. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും നടത്തിയെടുക്കാൻ സാധാരണക്കാരും സമ്പന്നരും ഒരുപോലെ കയറിയിറങ്ങുന്ന പ്രൗഢഗംഭീരമായ മന്ദിരം. നമ്മുടെ വിഷയം ഒരു പുതിയ സെക്രട്ടേറിയറ്റ് മന്ദിരം വേണോ എന്നതാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലും തെറ്റാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയും. അവരുടെ അനുമതി കിട്ടിയിട്ട് ഈ രാജ്യത്ത് ഒരു ചുക്കും നടക്കില്ല. അവർ എപ്പോഴും കല്ല് തട്ടി വീഴാതെ നോക്കാൻ താഴോട്ടു മാത്രം നോക്കി നടക്കുന്നവരാണ്. ഇത്ര കോടി കടം, ഇത്ര കോടി റവന്യുകമ്മി, ഇത്ര കോടി ചെലവ് എന്നൊക്കെ ആവർത്തിച്ചു കൊണ്ടിരിക്കും. ഇതിനിടയിൽ അവർ മുന്നോട്ട് നോക്കി നടക്കാൻ മടിക്കും.

അതിന് കഴിവുള്ളത് രാഷ്ട്രീയക്കാർക്ക് മാത്രമാണ്. ദീർഘദർശിത്വം ഉള്ളവർ തന്നെയാണ് നമ്മുടെ കൗൺസിലർമാരടക്കം രാഷ്ട്രീയക്കാർ. എന്നാൽ അവരുടെ കഴിവുകൾ ചങ്ങലക്കിടപ്പെട്ടിരിക്കുന്നു. ജനങ്ങൾക്ക് പൂർണമായും നല്ലതാണെന്ന് ബോദ്ധ്യമുള്ള കാര്യങ്ങൾ പോലും ചില അജണ്ടകൾ സെറ്റ് ചെയ്യുന്ന ആളുകളുടെ എതിർപ്പുകളെ ഭയന്ന് എത്രകാലം വേണമെങ്കിലും രാഷ്ട്രീയക്കാർ വേണ്ടെന്നുവയ്ക്കും. അധികാരത്തിൽ വരണം, താൻ മത്സരിക്കുന്നിടത്തുനിന്ന് വീണ്ടും ജയിക്കണം എന്ന ഒരൊറ്റ ഫോക്കസിലേക്ക് അവരുടെ ചിന്തകൾ സ്ഥൂലീകരിക്കപ്പെട്ടിരിക്കുന്നു.

മോദി ഒരു പുതിയ പാർലമെന്റ് മന്ദിരം പണിതപ്പോൾ പല എതിർപ്പുകളും ഉയർന്നിരുന്നു. ബ്രിട്ടീഷുകാർ പണിത രാജകീയ പ്രൗഢിയുള്ള ഒരു രമ്യഹർമ്മ്യം ഉള്ളപ്പോൾ എന്തിന് ഒരു ദുർവ്യയം എന്ന് രാജ്യത്തെ അർബൻ നക്സലൈറ്റുകൾ ഒന്നൊഴിയാതെ ചോദിച്ചിരുന്നു. കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നും. കേട്ടത് ശരിയല്ലെന്ന് അനുഭവത്തിൽ ബോദ്ധ്യപ്പെട്ടു വരുമ്പോഴേക്കും കാലം ഏറെ കടന്നുപോയിരിക്കും.

ഇത് ആധുനിക കാലമാണ്. ഇനി നമുക്ക് അങ്ങനെ കളയാൻ സമയമില്ല. മാത്രമല്ല പുതിയ ജെൻസി തലമുറ നമ്മളെക്കാൾ വിശാലമായ മനസുള്ളവരും ബുദ്ധിയുള്ളവരും കാപട്യം കുറഞ്ഞവരുമാണ്. അതിനാൽ അങ്ങോട്ടുമിങ്ങോട്ടും കുറ്റംപറഞ്ഞ് ആളുകളെ പറ്റിക്കുന്ന ചക്കളത്തിപ്പോര് രാഷ്ട്രീയക്കാർ അവസാനിപ്പിക്കേണ്ട സമയമായിരുന്നു. കാലഘട്ടത്തിന് അനുയോജ്യമായ ആധുനിക സജ്ജീകരണങ്ങളുള്ള ഒരു പാർലമെന്റ് മന്ദിരമാണ് പുതിയത്. ബ്രിട്ടീഷ് അടിമത്തത്തിൽ നിന്ന് മോചിതരാകണമെങ്കിൽ അവരുടെ കെട്ടിടങ്ങളിൽ നിന്നുകൂടി നമ്മൾ പടിയിറങ്ങണം എന്ന സന്ദേശമാണ് പുതിയ പാർലമെന്റിന്റെ നിർമ്മാണത്തിലൂടെ മോദി നൽകിയത്.

ബ്രിട്ടീഷ് ഭരണകാലത്ത് പല പ്രമുഖരായ സായിപ്പന്മാരും ഇവിടെ കപ്പലിറങ്ങിയെങ്കിലും ഇന്ത്യക്കാരെ എങ്ങനെ സ്വാധീനിക്കണം എന്ന കൃത്യമായ മാർഗരേഖ മുന്നോട്ടുവച്ചത് മെക്കാളെ പ്രഭു മാത്രമായിരുന്നു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഇന്ത്യൻ പീനൽ കോഡിന്റെ പിതാവും എന്നൊക്കെയുള്ള നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. എന്നാൽ അതിനപ്പുറം ഇന്ത്യക്കാരെ എങ്ങനെ സ്വാധീനിക്കാനാവും എന്ന് തന്റെ ബുദ്ധികൊണ്ട് നിർവചിച്ച വ്യക്തിയായിരുന്നു മെക്കാളെ.

അതിന്റെ ഏറ്റവും വലിയ തെളിവായി അദ്ദേഹം ബ്രിട്ടീഷ് രാജകുടുംബത്തിന് മദ്രാസിൽ 1834ൽ കപ്പലിറങ്ങിയതിന് ശേഷം അയച്ച ഒരു കത്ത് ചരിത്രരേഖയായി ഇന്നും ലഭ്യമാണ്. അതിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ''നമ്മുടെ പരിമിതമായ വിഭവങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഇന്ത്യയിലെ ജനസാമാന്യത്തെ ഒട്ടാകെ ഒറ്റയടിക്ക് ബോധവത്‌കരിക്കുന്ന വിദ്യാഭ്യാസം നൽകാനാവില്ല. അതിനാൽ നമ്മൾ ചെയ്യേണ്ടത് ഒരു പ്രത്യേക വർഗത്തെ ഇന്ത്യയിൽ സൃഷ്ടിക്കുകയാണ്. അവർ നമുക്കും ഇന്ത്യക്കാർക്കുമിടയിൽ നമ്മുടെ വ്യാഖ്യാതാക്കളായി മാറണം. കാഴ്ചയിൽ അവർ ഇന്ത്യക്കാരുടെ രക്തവും നിറവും ഉള്ളവരായിരിക്കണം. പക്ഷേ, വസ്‌ത്രധാരണത്തിൽ, അഭിരുചികളിൽ, അഭിപ്രായങ്ങളിൽ, സദാചാര ചിന്തകളിൽ, ബുദ്ധിശക്തിയിൽ അവർ ബ്രിട്ടീഷുകാരായിരിക്കണം".

ഇങ്ങനെ പറഞ്ഞ മെക്കാളെ പ്രഭുവിന്റെ ബുദ്ധിയുടെ മൂശയിൽ ഉരുത്തിരിഞ്ഞവരാണ് ഇന്നും ഇന്ത്യയുടെ യഥാർത്ഥ ഉയർച്ചയ്ക്ക് തടസമായി നിൽക്കുന്നത്. കാഴ്ചയിൽ അവർ ഇന്ത്യക്കാരാണെങ്കിലും പ്രവൃത്തിയിൽ ബ്രിട്ടീഷുകാരാണ്. ‌ അടിമത്തത്തിൽ നിന്ന് മോചനം നേടാൻ ബ്രിട്ടീഷുകാർ നിർമ്മിച്ച കെട്ടിടങ്ങളിൽ നിന്ന് കൂടി ആദ്യം പടിയിറങ്ങേണ്ടതുണ്ട്. 'കടക്ക് പുറത്ത്' എന്നൊക്കെ പറയാൻ തോന്നിയത് രാജാവിന്റെ കാലത്ത് നിർമ്മിച്ച മന്ദിരസമുച്ചയത്തിൽ സ്ഥിരമായി ഇരുന്നതു കൊണ്ടുകൂടിയാണ്.

കെട്ടിടത്തിന്റെ വാസ്തുദോഷം വ്യക്തിയെയും ബാധിക്കും. വി.ഡി.സതീശൻ കുറച്ച് കൂടുതൽ കാലം അവിടെ ഇരുന്നാൽ ‌ഈ സ്വഭാവം സംക്രമിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ പുതിയ കമ്പ്യൂട്ടർ, എ.ഐ യുഗത്തിന് യോജിച്ച ഒരു പുതിയ സെക്രട്ടേറിയറ്റ് മന്ദിരം നമുക്ക് അനിവാര്യമാണ്. അത് കേരളീയ ശൈലിയിൽ നിർമ്മിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അത് വീണ്ടും ജന്മിത്വ വ്യവസ്ഥിതിയുടെ ഓർമ്മകൾ ഉണർത്തും. നമ്മുടെ നിലവിലുള്ള സെക്രട്ടേറിയറ്റ് മന്ദിരം നിർമ്മിച്ചത് റോമൻ, സ്വീഡിഷ് ആർക്കിടെക്ട് മാതൃകയുടെ സങ്കലനരീതിയിലാണ്. അതെല്ലാം കളഞ്ഞ് പുതിയ മാതൃകയിൽ സെക്രട്ടേറിയറ്റ് മന്ദിരം നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

ഇച്ഛാശക്തി ഉണ്ടെങ്കിൽ

വഴി താനേ തുറക്കും

ഒരു പുതിയ സെക്രട്ടേറിയറ്റ് മന്ദിരം വരാതെ ഒരു പുതുയുഗ കേരളവും ഇവിടെ വരില്ല. കാരണം ഇന്നത്തെ സെക്രട്ടേറിയറ്റിലെ ഫാനുകളും ക്യാബിനുകളും കുരുക്കിട്ടുകിടക്കുന്ന, പുറമേ കാണുന്ന ഇലക്ട്രിക് വയറുകളും ഒക്കെ കാണുന്ന ഒരു വിദേശ നിക്ഷേപകൻ ഇനി എന്തൊക്കെ പറഞ്ഞാലും അടുത്ത വണ്ടിക്ക് സ്ഥലംവിടും. ഉണ്ണിയെ കാണുമ്പോൾ അറിയാമല്ലോ ഉൗരിലെ പഞ്ഞം.

അതിനാൽ നമുക്ക് വേണ്ടത് ഒരു പുതിയ സെക്രട്ടേറിയറ്റാണ്. യഥാർത്ഥത്തിൽ അത് നമുക്കല്ല; ഇനി വരുന്ന രണ്ട് നൂറ്റാണ്ടുകളിലേക്കുള്ളവർക്കായിരിക്കണം. ഇപ്പോൾ പണിഞ്ഞാൽ രണ്ട് നൂറ്റാണ്ട് കഴിയുമ്പോൾ, അതിന്റെ നിർമ്മാണച്ചെലവ് വളരെ ചെറുതായി തോന്നാം. അതിനാൽ ഒരു ദിവസം മുമ്പേ എങ്കിൽ മുമ്പേ തുടങ്ങുന്നതാണ് നല്ലത്. കാരണം 1869ൽ ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ്, ദിവാൻ സർ ടി.മാധവറാവു, ചീഫ് എൻജിനിയർ ബാർട്ടൺ എന്നീ ത്രിമൂർത്തികൾ ചേർന്ന് പുത്തൻകച്ചേരി എന്ന സെക്രട്ടേറിയറ്റ് പൂർത്തിയാക്കിയപ്പോൾ അതിന് മൊത്തം ചെലവായ തുക മൂന്ന് ലക്ഷം രൂപയായിരുന്നു.

ഇച്ഛാശക്തി ഉണ്ടെങ്കിൽ ഏതൊരു കർമ്മവും നടക്കാൻ പുതിയ ഒരു വഴിതുറന്നുവരും. പണമൊക്കെ അതിന്റെ പിന്നാലെ വരും. ചട്ടമ്പിസ്വാമിയെപ്പോലുള്ളവർ പോലും ആളറിയാതെ അതിന് കല്ല് ചുമക്കാനും വരും. അതിനാൽ കേരളീയർക്ക് ഒരു പുതിയ സെക്രട്ടേറിയറ്റ് സമ്മാനിക്കാനുള്ള കർമ്മത്തിന് പുതിയ സർക്കാർ തുടക്കമിടാൻ വൈകരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY