SignIn
Kerala Kaumudi Online
Tuesday, 30 June 2026 2.26 AM IST

കുറയ്ക്കരുത് കേരളത്തിന്റെ ഭക്ഷ്യധാന്യ വിഹിതം

a

സംസ്ഥാനത്ത് അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാർ ഒരു മാസം പിന്നിടുകയാണ്. മറ്റു പല രംഗങ്ങളിലും എന്നതുപോലെ ഭക്ഷ്യ മേഖലയിലെയും ഈ സർക്കാരിന്റെ നയനിലപാടുകൾ വ്യക്തമായിട്ടില്ല. കേന്ദ്രസർക്കാർ കേരളത്തോട് മുൻപെന്ന പോലെ ശത്രുതാപരമായ സമീപനം തുടരുകയും സംസ്ഥാന സർക്കാർ അതിന് കീഴ്‌‌വഴങ്ങി നീങ്ങുകയുമാണ് ചെയ്യുന്നതെങ്കിൽ സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന് അത് വലിയ തിരിച്ചടിയാകും.

അന്ത്യോദയ അന്നയോജന (മഞ്ഞ) കാർഡ് വിഭാഗത്തിന് ഭക്ഷ്യഭദ്രതാ നിയമപ്രകാരം അർഹതപ്പെട്ട സൗജന്യ ഭക്ഷ്യധാന്യവിഹിതം ആളൊന്നിന് ഏഴു കിലോഗ്രാമായി പരിമിതപ്പെടുത്തുന്നതിലൂടെ കേരളത്തിന്റെ ഭക്ഷ്യ ധാന്യവിഹിതം വലിയതോതിൽ കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്. നിലവിൽ കാർഡ് ഒന്നിന് 35 കിലോ ഭക്ഷ്യധാന്യമാണ് ലഭിച്ചു വരുന്നത്. ചില റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങളുടെ എണ്ണം കുറവാണ് എന്ന ന്യായം മുൻനിറുത്തിയാണ് പുതിയ പരിഷ്‌കാരത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.

ഏതു വിധത്തിലുള്ള പരിഷ്‌കാരം നടപ്പിലാക്കുമ്പോഴും സംസ്ഥാനത്തിനുള്ള മൊത്തം ഭക്ഷ്യധാന്യത്തിൽ കുറവ് വരാത്ത രീതിയിൽ ക്രമീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവേണ്ടതുണ്ട്. ഇക്കാര്യം ശക്തമായി ആവശ്യപ്പെടാനും ഭരണതലത്തിലും രാഷ്ട്രീയമായും ഉന്നയിക്കാനും സംസ്ഥാനസർക്കാർ മുൻകൈയെടുക്കണം. മറിച്ച് കേന്ദ്രവുമായി 'അനാരോഗ്യകരമായ തർക്ക'ത്തിന് ഇല്ല എന്ന അഴകൊഴമ്പൻ സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ അതുമൂലം പരിക്കേൽക്കുന്നത് കേരളത്തിലെ ദുർബല ജനവിഭാഗങ്ങൾക്ക് ആയിരിക്കും.

പുതിയ പരിഷ്‌കാരം നടപ്പിലായാൽ കേരളത്തിനുള്ള ഭക്ഷ്യധാന്യവിഹിതം വീണ്ടും കുറയാൻ ഇടയാകും. സംസ്ഥാനത്തിന്റെ വിശാല താത്പര്യം മുൻനിറുത്തി അത് അനുവദിച്ചുകൂടാത്തതാണ്. ഇന്നത്തെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന് മുന്നിൽ സംസ്ഥാനത്തിന്റെ ഭക്ഷ്യ താത്പര്യങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നോട്ട് പോകാൻ യു.ഡി.എഫ് സർക്കാർ ശ്രമിക്കുകയാണെങ്കിൽ എൽ.ഡി.എഫ് അതിനോട് സഹകരിക്കാൻ തയ്യാറാകും.

വിപണി ഇടപെടൽ

ദശാബ്ദങ്ങളായി കേരളം വിജയകരമായി നടപ്പിലാക്കുന്ന വിപണി ഇടപെടൽ പദ്ധതികളിൽ നിന്ന് പിന്മാറാനുള്ള ശ്രമമാണ് യു.ഡി.എഫ് സർക്കാരിന്റേതെന്ന് ഗൗരവമായ സംശയം ഉയർന്നിരിക്കുന്നു. ധവളപത്രത്തിൽ മുന്നോട്ടുവച്ച സപ്ലൈകോ ബിവറേജസ് കോർപ്പറേഷൻ ലയനനിർദ്ദേശം ഈ സൂചനയാണ് നൽകുന്നത്. അവശ്യവസ്തുക്കൾ സബ്സിഡിയായി നൽകാനുള്ള പണം വേണമെങ്കിൽ കോർപ്പറേഷൻ മദ്യവില്പനയിൽ നിന്നുള്ള ലാഭത്തിലൂടെ കണ്ടെത്തിക്കൊള്ളണമെന്നാണ് ഇതിലൂടെ സർക്കാർ അറിയിക്കുന്നത്. ക്ഷേമ പദ്ധതികളിൽ നിന്നെല്ലാം പടിപടിയായി പിന്മാറുന്ന വലതുപക്ഷ നിയോലിബറൽ നയമാണ് ധവളപത്രത്തിലൂടെ മുന്നോട്ടുവച്ചിട്ടുള്ളത്.

എൽ.ഡി.എഫിന്റെ നയപരമായ തീരുമാനപ്രകാരം 2016ൽ നിലനിന്ന സബ്സിഡി വിലയിൽ വർദ്ധനവില്ലാതെ 13 ഇനം ആവശ്യസാധനങ്ങൾ കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും എട്ടു വർഷക്കാലം എൽ.ഡി.എഫ് ഗവൺമെന്റ് സപ്ലൈകോ വില്പനശാലകൾ വഴി നൽകുകയുണ്ടായി.
തുടർന്നും വിലയിൽ നാമമാത്രമായ പരിഷ്‌കരണം ആണ് നടപ്പിൽ വരുത്തിയത്. പ്രളയം, കൊവിഡ് തുടങ്ങിയ മഹാദുരന്ത കാലഘട്ടങ്ങളിലെല്ലാം എല്ലാവർക്കും സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.

ഇപ്രകാരം വന്നുചേർന്ന വലിയ സാമ്പത്തിക ബാദ്ധ്യതയാണ് സപ്ലൈകോയെ പ്രയാസത്തിൽ ആക്കിയത്. ഈ ബാദ്ധ്യത സർക്കാരിന്റേതായി കണക്കാക്കപ്പെടേണ്ടത് തന്നെയാണ്. രാജ്യത്ത് മ റ്റെങ്ങുമില്ലാത്ത ഒരു വിപണി ഇടപെടൽ ശൃംഖലയാണ് സപ്ലൈകോ വഴി കേരളത്തിൽ പടുത്തുയർത്തിയിട്ടുള്ളത്. ഇത്തരമൊരു ബൃഹത് സംവിധാനം ലാഭം ഉണ്ടാക്കണം എന്ന് പ്രതീക്ഷിക്കുന്നതു തന്നെ ക്ഷേമ രാഷ്ട്ര സങ്കൽപ്പത്തിന് എതിരായ സമീപനമാണ്. സർക്കാർ സബ്സിഡി കൊടുത്തുകൊണ്ട് മാത്രമേ അത്തരം ഒരു സംവിധാനം പ്രവർത്തിപ്പിക്കാൻ കഴിയൂ. ആ നയത്തിൽ നിന്നുള്ള ഒരു യൂടേൺ ആണ് ബിവറേജ് കോർപ്പറേഷനുമായുള്ള ലയനത്തിലൂടെ ഇപ്പോൾ മുന്നോട്ടു വയ്ക്കപ്പെടുന്നത്.

കേരള മാതൃക

സർക്കാർ നേരിട്ട് ഉയർന്ന തോതിൽ പൊതു ചെലവ് ചെയ്തുകൊണ്ടാണ് കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റിയത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ മുന്നേറ്റം പോലെ സപ്ലൈകോ വഴി നടത്തിയ വിപണി ഇടപെടലും ഈ കേരള മാതൃകയുടെ അടിത്തറയാണ്. കടബാദ്ധ്യത പെരിപ്പിച്ചു കാണിച്ചുകൊണ്ട് ക്ഷേമ പദ്ധതികളിൽ നിന്ന് പിന്മാറാനുള്ള തന്ത്രമാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. കേന്ദ്രത്തിൽനിന്ന് അർഹമായ വിഹിതം വാങ്ങിയെടുക്കാനും കേരളത്തിന്റെ അനന്യമായ വിപണി ഇടപെടൽ മാതൃക സംരക്ഷിക്കാനും സംസ്ഥാന താത്പര്യത്തോട് കൂറുള്ള എല്ലാവരും മുന്നോട്ടും വരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY