SignIn
Kerala Kaumudi Online
Tuesday, 30 June 2026 2.54 AM IST

ഭരണപക്ഷം ചിന്തിച്ചതും സംഭവിച്ചതും

a

അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയാൽ കുറഞ്ഞപക്ഷം ഒരു വാക്കൗട്ട് എങ്കിലും സാധാരണ പ്രതീക്ഷിക്കാറുള്ളതാണ്. സ്ത്രീ സുരക്ഷാ പെൻഷൻ നൽകാത്തിനെക്കുറിച്ച് സഭ നിറുത്തിവച്ച് ചർച്ചചെയ്യണമെന്ന ആവശ്യം കൂടിയാവുമ്പോൾ പ്രതിപക്ഷം ഒന്നു കൊഴുപ്പിക്കുമെന്ന് ഭരണപക്ഷം ചിന്തിച്ചു. സംഭവിച്ചത് മറിച്ചും. എ.സി.മൊയ്തീനും പ്രതിപക്ഷനേതാവ് പിണറായിവിജയനും ചെറുപ്രസംഗം നടത്തി. 120 മാസം ഭരിച്ചിട്ടും പുറത്തേക്ക് പോകുമ്പോൾ പ്രഖ്യാപനം നടത്തുന്നതാണോ സ്ത്രീപക്ഷ നിലപാടെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ ചോദ്യം കൂടി ഉയർന്നതോടെ ഒരു നിശബ്ദതേങ്ങലിൽ അടിയന്തര പ്രമേയ നീക്കം അവസാനിച്ചു.

തുടർന്ന് നടന്ന ധനാഭ്യർത്ഥന ചർച്ചയ്ക്കാവട്ടെ വേണ്ടത്ര വീറും വാശിയും കണ്ടുമില്ല. ചർച്ചയ്ക്കിടെ കിട്ടിയ അവസരത്തിൽ ബി.ജെ.പിയെ പ്രഹരിക്കാൻ കോൺഗ്രസ് അംഗം ആര്യാടൻ ഷൗക്കത്ത് കാട്ടിയ ഉത്സാഹം കാണേണ്ടതായിരുന്നു. ആർ.എസ്.എസ് ചിന്തകർ തയ്യാറാക്കുന്ന പാഠപുസ്തകം കുട്ടികൾ പഠിക്കേണ്ടിവരുമെന്നതാണ് ദേശീയവിദ്യാഭ്യാസ നയത്തിന്റെ ദോഷവശമായി ഷൗക്കത്ത് ചൂണ്ടിക്കാട്ടിയത്.

ആൻഡമാൻ ജയിലിൽനിന്ന് ബുൾബുൾ പക്ഷിയുടെ ചിറകിൽ സവർക്കർ മാതൃരാജ്യത്തേക്ക് വരുമായിരുന്നു എന്നും മറ്റുമുള്ള കാര്യങ്ങൾ കർണാടകത്തിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ചരിത്രം മാറ്റിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷൗക്കത്ത് കുറ്റപ്പെടുത്തി.

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ 2020ൽ കേന്ദ്ര സർക്കാർ തീരുമാനമെടുത്തത് രാജ്യത്തിന്റെ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണെന്നായിരുന്നു ബി.ജെ.പി അംഗം വി.മുരളീധരന്റെ അഭിപ്രായം. വിജയശതമാനത്തിൽ കേരളം ഉയർന്ന നിലയിലാണെങ്കിലും വിജയ ശതമാനത്തിന് അനുസരിച്ച് നിലവാരം പോരെന്നും ഇത് പരിഹരിക്കാനാണ് പി.എംശ്രീ പദ്ധതി നടപ്പാക്കിയതെന്നും മറ്റുമുള്ള മുരളീധരന്റെ പരാമർശങ്ങളാണ് ആര്യാടൻ ഷൗക്കത്തിന് ഊർജ്ജമായത്.

പഴയ ചങ്ങാത്തം വിട്ട് യു.ഡി.എഫിലെത്തിയ സന്ദീപ് വാര്യരും കിട്ടിയ ഗ്യാപ്പിൽ ബി.ജെ.പിക്കാണ് കുത്തിയത്. ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നിക്ഷേപിച്ച നാണയങ്ങൾ അടിച്ചു മാറ്റുന്നുവെന്ന് ആക്ഷേപിച്ച് ബി.ജെ.പിയെയും ശബരിമല തട്ടിപ്പിന്റെ പേരിൽ സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കി. ഇതൊന്നും കേൾക്കാൻ ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളും സഭയിൽ ഉണ്ടായില്ലെന്നു മാത്രം.

നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് ജയിച്ചത് കനഗോലു തന്ത്രങ്ങൾ കൊണ്ടാണെന്ന് ചിലരൊക്കെ പറയുന്നതിൽ പരിഭവിച്ച വി.പി.സജീന്ദ്രൻ, എൽ.ഡി.എഫ് പ്രതിപക്ഷത്തിരിക്കുന്നത് കിണർഗോലു തന്ത്രങ്ങൾ സ്വീകരിച്ചതിനാലാണെന്നു പരിഹസിച്ചു. നല്ല ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് കിണർഗോലു പി.ആർ പണിക്കിറങ്ങിയതെന്നും പറഞ്ഞുവച്ചു. വീട്ടിൽ പോയി ചോദിച്ചാൽ മതി, കടക്ക് പുറത്ത് തുടങ്ങിയ പ്രയോഗങ്ങൾ പി.ആർ വർക്കിൽ ഉത്ഭവിച്ചതാണെന്നും അദ്ദേഹം കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY