
അദ്ധ്യാപകർ, അറിവ് പകരുന്ന നീരുറവകൾ മാത്രമല്ല; കുട്ടികളുടെ സ്വപ്നങ്ങൾക്ക്
ചിറകായി, ഭാവിക്ക് കാവലായി നിൽക്കുന്നവരാണ്. എല്ലാ വർഷവും സെപ്തംബർ 5ന് നാം അദ്ധ്യാപകരെ ഓർക്കുന്നു, ആശംസിക്കുന്നു, ആദരിക്കുന്നു. എന്നാൽ, കേവലം അദ്ധ്യാപകരെ ആദരിക്കാനുള്ള ഒരുദിനം മാത്രമായി അദ്ധ്യാപക ദിനത്തെ കാണുകയല്ല വേണ്ടത്, മറിച്ച് ഏവരുടെയും ബൗദ്ധികവും ആത്മീയവുമായ വികാസത്തിന് ഊർജമാകുന്ന അദ്ധ്യാപകരെക്കുറിച്ച് മനസിലാക്കേണ്ട, അംഗീകരിക്കേണ്ട ദിനം കൂടിയാണത്.
ഇന്ന് ഒരു കുട്ടി സ്കൂളിന്റെ കവാടം കടന്ന് ക്ലാസ് മുറിയിലെത്തുമ്പോൾ, അവന്റെ
കൈയിൽ പുസ്തകങ്ങളും ബാഗുമുണ്ടാകും. എന്നാൽ, അവന്റെ മനസിൽ എന്താണ്
നടക്കുന്നതെന്ന് അദ്ധ്യാപകൻ അറിയണം. അവൻ എന്താണ് സ്വപ്നം കാണുന്നത്,
എന്താണ് അവനെ ഭയപ്പെടുത്തുന്നത്, എന്താണ് അസ്വസ്ഥനാക്കുന്നത്, അവൻ
തെറ്റായ കൂട്ടുകെട്ടുകളിലേക്കോ ലഹരിയിലേക്കോ സൈബർ ലോകത്തിന്റെ
അപകടങ്ങളിലേക്കോ വഴുതിപ്പോകുന്നുണ്ടോ. ഇവയെല്ലാം തിരിച്ചറിയാനുള്ള അകക്കണ്ണുകളാണ് ഒരു യഥാർത്ഥ അദ്ധ്യാപകന്റെ ഏറ്റവും വലിയ ആയുധം.
ഇന്നത്തെ കുട്ടികളുടെ കൈകളിൽ പുസ്തകത്തോടൊപ്പം സ്മാർട്ട്‌ഫോണുണ്ട്, ക്ലാസ് മുറിക്കൊപ്പം
സാമൂഹിക മാദ്ധ്യമങ്ങളുണ്ട്. അദ്ധ്യാപകന്റെ വാക്കുകൾക്കൊപ്പം ആയിരക്കണക്കിന്
ഡിജിറ്റൽ ശബ്ദങ്ങളും അവരുടെ മനസിലെത്തുന്നു. അറിവിന്റെ വാതിലുകൾ
തുറന്നതോടൊപ്പം തെറ്റായ വിവരങ്ങളുടെയും അപകടകരമായ സ്വാധീനങ്ങളുടെയും
വാതിലുകളും തുറന്നിരിക്കുന്നുണ്ടാകാം. ഈ സാഹചര്യത്തിൽ അദ്ധ്യാപകന്റെ ദൗത്യം
'പാഠം പഠിപ്പിക്കുക' 'സിലബസ് കവർ ചെയ്യുക' എന്നതിൽ അവസാനിക്കുന്നില്ല.
ശരിയും തെറ്റും തിരിച്ചറിയാൻ കുട്ടിയെ പ്രാപ്തനാക്കുക എന്നതാണ് ഇന്നത്തെ
അദ്ധ്യാപകന്റെ യഥാർത്ഥ ദൗത്യം.
ഒരു കുട്ടി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്നത് സന്തോഷകരമാണ്. എന്നാൽ,
മറ്റൊരാളുടെ വേദന മനസിലാക്കാൻ അവന് കഴിയുന്നുണ്ടോ, പരാജയപ്പെട്ടാൽ ആ
പരാജയത്തിൽനിന്നും പാഠം ഉൾക്കൊണ്ട് വിജയം കരസ്ഥമാക്കാൻ കഴിയുന്നുണ്ടോ,
സ്വന്തം വിജയത്തിൽ അഹങ്കരിക്കാതെ മറ്റൊരാളുടെ വിജയത്തിൽ സന്തോഷിക്കാൻ
കഴിയുന്നുണ്ടോ, പാലിക്കേണ്ട നിയമത്തെ അംഗീകരിക്കുന്നുണ്ടോ, സമൂഹത്തോട് ഉത്തരവാദിത്വമുള്ളവനാകാൻ തയ്യാറുണ്ടോ. ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ വിജയം. അതുകൊണ്ടുതന്നെ, സ്കൂളിന് അദ്ധ്യാപകർ ജീവനക്കാരല്ല; കരുത്തുറ്റ കാവൽ സേനയാണ്.
ക്ലാസ് മുറി ചെറിയ ബറ്റാലിയൻ
ഓരോ ക്ലാസ് മുറിയും ഒരു ചെറിയ ബറ്റാലിയൻ ആണ്. അവിടെ അദ്ധ്യാപകൻ
അറിവിന്റെ വാതിൽ തുറക്കുന്ന വ്യക്തി മാത്രമല്ല; കുട്ടികളുടെ പെരുമാറ്റത്തെയും
ബന്ധങ്ങളെയും ചിന്തകളെയും സ്വപ്നങ്ങളെയും നിരീക്ഷിക്കുകയും ശരിയായ
ദിശയിലേക്ക് നയിക്കുകയും ചെയ്യുന്ന വഴികാട്ടിയാണ്, ഒരു കഴിവുറ്റ മേജർ ആണ്. ഒരു
അദ്ധ്യാപകന്റെ ഒരു പ്രശംസാവാക്ക് ഒരു കുട്ടിയുടെ ജീവിതം മാറ്റിയേക്കാം. ഒരു
പ്രോത്സാഹനവാക്ക് ഒരു പരാജിതന്റെ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാം.
ഒരു സമയോചിതമായ ഇടപെടൽ ഒരു കുട്ടിയെ ലഹരിയിൽ നിന്ന് അകറ്റിയേക്കാം. ഒരു
കർശനമായ നിർദ്ദേശം തെറ്റായ തീരുമാനത്തിൽ നിന്ന് അവനെ പിന്തിരിപ്പിച്ചേക്കാം.
അതിനാൽ അദ്ധ്യാപകന്റെ കൈയിൽ ചോക്കും പുസ്തകവും മാത്രമല്ല; ഒരു
തലമുറയുടെ ഭാവിയുമുണ്ട്.
പകരക്കാരില്ലാത്തവർ
ഒരു അദ്ധ്യാപകൻ സ്വയം പഠിച്ചുകൊണ്ടേയിരിക്കണം. ലോകം മാറുമ്പോൾ
അദ്ധ്യാപകനും മാറണം. നിർമ്മിതബുദ്ധി, സാങ്കേതികവിദ്യ, സാമൂഹികമാദ്ധ്യമങ്ങൾ,
പുതിയ തൊഴിൽ മേഖലകൾ, മാറുന്ന കുടുംബ-സാമൂഹിക സാഹചര്യങ്ങൾ ഇതെല്ലാം
മനസിലാക്കുന്ന അദ്ധ്യാപകനാണ് പുതിയ തലമുറയ്ക്ക് യഥാർത്ഥ വഴികാട്ടിയാകുക.
എന്നാൽ സാങ്കേതികവിദ്യ എത്ര വളർന്നാലും പകരക്കാരനാകാൻ കഴിയാത്ത ഒന്നുണ്ട്-
മനുഷ്യസ്പർശത്തിന്.
കുട്ടിയുടെ കണ്ണുകളിലേക്ക് നോക്കി ''എന്താണ് പ്രശ്നം?'' എന്ന് ചോദിക്കുന്ന അദ്ധ്യാപകർ; പരാജയപ്പെട്ട കുട്ടിയോട് ''വീണ്ടും ശ്രമിക്കാം'' എന്നുപറയുന്ന അദ്ധ്യാപകർ; തെറ്റ് ചെയ്ത കുട്ടിയെ ശിക്ഷിക്കുന്നതിന് മുമ്പ് ''എന്തുകൊണ്ടാണ് നീ ഇങ്ങനെ ചെയ്തത്' എന്ന് സ്‌നേഹപൂർവ്വം അന്വേഷിക്കുന്ന അദ്ധ്യാപകർ. ഈ അദ്ധ്യാപകർക്ക് പകരമായി ഏത് സാങ്കേതികവിദ്യ വന്നാലും അത് പൂർണമാവുകയില്ല.
അതിനാൽ അദ്ധ്യാപകസേനയ്ക്ക് അറിവും സാങ്കേതികശേഷിയും മാത്രമല്ല, ആർദ്രതയും ധൈര്യവും വിവേകവും ദയയും വേണം. ഒരു രാജ്യത്തിന്റെ സുരക്ഷ അതിന്റെ സൈനികരുടെ ശക്തിയിൽ മാത്രം അധിഷ്ഠിതമല്ല. അതുപോലെ ഒരു രാജ്യത്തിന്റെ ഭാവി അതിന്റെ സ്കൂളുകളുടെ
കെട്ടിടങ്ങളിലും സ്മാർട്ട് ക്ലാസ്‌മുറികളിലും മാത്രം അടിസ്ഥാനമാക്കിയല്ല. കുട്ടികളെ രൂപപ്പെടുത്തുന്ന അദ്ധ്യാപകരുടെ ഗുണനിലവാരത്തിലാണ് ഒരു രാജ്യത്തിന്റെ
യഥാർത്ഥ ഭാവി സുരക്ഷിതമാകുന്നത്.
നാളെയെ നിർമ്മിക്കുന്നവർ
സ്കൂൾ ചെയർമാനായും രസതന്ത്ര അദ്ധ്യാപകനായും ഞാൻ വിശ്വസിക്കുന്നത്-നമുക്ക്
മികച്ച സ്കൂളുകൾ മാത്രം പോരാ; മികച്ച അദ്ധ്യാപകസേന വേണം. വിദ്യാർത്ഥികളെ
പരീക്ഷയ്ക്ക് തയ്യാറാക്കുന്ന അദ്ധ്യാപകരെക്കാൾ, ജീവിതത്തിന് തയ്യാറാക്കുന്ന
അദ്ധ്യാപകരെയാണ് നമുക്ക് ആവശ്യം. മാർക്ക് നേടാൻ പഠിപ്പിക്കുന്ന അദ്ധ്യാപകരെക്കാൾ, മൂല്യങ്ങൾ നേടാൻ പഠിപ്പിക്കുന്നർ. തൊഴിൽ നേടാൻ വഴികാട്ടുന്ന അദ്ധ്യാപകരെക്കാൾ, നല്ല മനുഷ്യനാകാൻ വഴികാട്ടുന്ന അദ്ധ്യാപകർ.
അതുകൊണ്ട് ഇന്നത്തെ അദ്ധ്യാപകദിനത്തിൽ അദ്ധ്യാപകരെ വെറും ''അദ്ധ്യാപകർ'' എന്ന്
വിളിക്കാതെ, നമ്മുടെ കുട്ടികളുടെയും സ്കൂളുകളുടെയും നാടിന്റെയും കാവൽക്കാരായ
''അദ്ധ്യാപകസേന'' എന്ന് വിളിക്കാം. കാരണം, സൈനികസേന അതിർത്തി കാക്കുന്നു;
അദ്ധ്യാപകസേന തലമുറയെ കാക്കുന്നു. സൈനികർ രാജ്യത്തിന്റെ ഇന്നിനെ സംരക്ഷിക്കുന്നു;
അദ്ധ്യാപകർ രാജ്യത്തിന്റെ നാളെയെ നിർമ്മിക്കുന്നു.
(ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസിന്റെ ചെയർമാനാണ് ലേഖകൻ. ഫോൺ: 9446065751)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |