SignIn
Kerala Kaumudi Online
Saturday, 05 September 2026 1.53 AM IST

അദ്ധ്യാപനം ഒരു വ്രതം

a

ഭാവിയെ രൂപപ്പെടുത്തുന്നുവരാണ് അദ്ധ്യാപകർ. ഈ അദ്ധ്യാപക ദിനത്തിൽ, നമ്മുടെ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതത്തിലേക്ക് അറിവും നൈപുണ്യവും മൂല്യങ്ങളും പ്രചോദനവും പകർന്നുനൽകുന്ന എല്ലാ അദ്ധ്യാപകർക്കും, മുഴുവൻ ഭാരതീയരുടെയും പേരിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ, തന്റെ ജന്മദിനം അദ്ധ്യാപക ദിനമായി ആചരിക്കണമെന്ന് ആഗ്രഹിച്ച കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഒരു പണ്ഡിതനും പ്രശസ്തനായ എഴുത്തുകാരനും ആദരണീയനായ രാഷ്ട്ര തന്ത്രജ്ഞനുമായിരുന്നിട്ടുപോലും, അദ്ദേഹം തന്റെ അദ്ധ്യാപകനായുള്ള പങ്കിനെയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കരുതിയത്.

ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന മുൻ രാഷ്ട്രപതിമാരിൽ ഒരാളായ ഡോ.എ.പി.ജെ.അബ്ദുൾ കലാമിനോട്, ജനങ്ങൾ അദ്ദേഹത്തെ ഒരു ശാസ്ത്രജ്ഞനായാണോ അതോ ഒരു രാഷ്ട്രപതിയായാണോ ഓർമ്മിക്കാൻ കൂടുതൽ ആഗ്രഹിക്കുന്നത് എന്ന് ഒരിക്കൽ ചോദിക്കുകയുണ്ടായി. താൻ ഒരു അദ്ധ്യാപകനായി ഓർമ്മിക്കപ്പെടാനാണ് കൂടുതൽ ആഗ്രഹിക്കുന്നത് എന്നാണ് ഡോ.കലാം മറുപടി നൽകിയത്.​ യോഗ്യതയും വ്യക്തിത്വവും കൊണ്ട് ആദരണീയരാകുന്ന അദ്ധ്യാപകരും, അത്തരം അദ്ധ്യാപകരോട് സമർപ്പണബോധമുള്ള വിദ്യാർത്ഥികളുമാണ് എന്നും നമ്മുടെ മാതൃക.

അദ്ധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കണം, അവരോട് സമത്വത്തോടും നീതിയോടും പെരുമാറണം, വിദ്യാർത്ഥികളോട് ദേഷ്യപ്പെടരുത്, ക്ഷമ കൈവെടിയരുത്, വിദ്യാർത്ഥികളുടെ ക്ഷേമത്തിന് മുൻഗണന നൽകണം, അവരുടെ പഠനശേഷിക്ക് അനുസരിച്ച് പഠിപ്പിക്കണം എന്നാണ് നമ്മുടെ പ്രാചീന ഗ്രന്ഥങ്ങൾ നിർദ്ദേശിക്കുന്നത്.

പണ്ഡിതരും അനുകമ്പയുള്ളവരുമായ നിരവധി അദ്ധ്യാപകർ എന്നെ വഴിനടത്തിയിട്ടുണ്ട് എന്നത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. ഏഴാം ക്ലാസ് പൂർത്തിയാക്കിയശേഷം, തുടർപഠനത്തിനായി ഗ്രാമത്തിന് വെളിയിലേക്ക് ഇറങ്ങിത്തിരിച്ച ആദ്യത്തെ പെൺകുട്ടിയായിരുന്നു ഞാൻ. പിന്നീട് ഭുവനേശ്വറിൽ പഠിക്കുമ്പോഴും അദ്ധ്യാപകരിൽ നിന്ന് ധാരാളം സ്‌നേഹവും പ്രോത്സാഹനവും ലഭിക്കാൻ ഞാൻ ഭാഗ്യം ചെയ്തവളായിരുന്നു. വളരെ വിനയത്തോടെയാണ് ഞാൻ ഇവിടെ എന്റെ അദ്ധ്യാപകരെക്കുറിച്ച് പരാമർശിക്കുന്നത്. കാരണം അവരുടെ കഥ ആഴമേറിയ ഒരു സത്യത്തെ വെളിപ്പെടുത്തുന്നു. സ്‌നേഹസമ്പന്നനും സമർപ്പിതനുമായ ഒരു അദ്ധ്യാപകന് ഒരു വിദ്യാർത്ഥിയിൽ അതിരുകളില്ലാത്ത ശേഷിയും പ്രചോദനവും ഉണർത്താൻ സാധിക്കും.

സുഹൃത്ത്, സഹയാത്രികൻ

ഒരു വഴികാട്ടി (മെന്റർ) എന്നതിന് പുറമെ, വിദ്യാർത്ഥികളുടെ അറിവ് തേടിയുള്ള യാത്രയിൽ അദ്ധ്യാപകൻ ഒരു അഭ്യുദയകാംക്ഷിയും സുഹൃത്തും സഹയാത്രികനുമാണ്. വിദ്യാർത്ഥികളിൽ സ്വതന്ത്രമായ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുക, അവരുടെ ജിജ്ഞാസ ഉണർത്തുക, ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രവണത വളർത്തുക, യുക്തിചിന്തയും തീരുമാനമെടുക്കാനുള്ള ശേഷിയും മൂർച്ച കൂട്ടുക, അവരെ സ്വതന്ത്രരായ വ്യക്തികളായി വളരാൻ സഹായിക്കുക എന്നിവ അദ്ധ്യാപനത്തിലെ ഏറ്റവും പ്രയോജനകരവും സംതൃപ്തി നൽകുന്നതുമായ വശങ്ങളിൽ പെടുന്നു.

അദ്ധ്യാപനം എന്നത് വെറുമൊരു തൊഴിൽ മാത്രമല്ല; അതൊരു വ്രതമാണ്. അതൊരു കരിയറിനോ ജോലിക്കോ ഉപരിയാണ്; മനുഷ്യകുലത്തെ രൂപപ്പെടുത്തുന്ന പവിത്രമായ ദൗത്യമാണത്. വരാനിരിക്കുന്ന തലമുറകൾക്കായി വഴിവെളിച്ചം കാട്ടുന്ന മഹത്തായ ഉത്തരവാദിത്വമാണത്.

എന്റെ ഓർമ്മകൾ

അദ്ധ്യാപനവുമായി ബന്ധപ്പെട്ട എന്റെ ഓർമ്മകൾ എനിക്ക് സവിശേഷമായ ഒരു സംതൃപ്തി നൽകുന്നുണ്ട്. ഒഡീഷയിലെ റൈരംഗ്പൂരിലുള്ള ശ്രീ അരബിന്ദോ ഇന്റഗ്രൽ സ്‌കൂളിൽ ഞാൻ കുട്ടികളെ പഠിപ്പിച്ചിരുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് പുറമെ, കുട്ടികളെ അവരുടെ സംഗീത പരിപാടികൾക്കും കായിക വിനോദങ്ങൾക്കും നാടകങ്ങൾക്കും തയ്യാറാക്കാൻ സഹായിക്കുന്നതിൽ ഞാൻ പൂർണമായി പങ്കാളിയായിരുന്നു.

രാഷ്ട്രപതിയായുള്ള എന്റെ കാലാവധിയുടെ രണ്ടാം വർഷം പൂർത്തിയാകുന്ന വേളയിൽ, രാഷ്ട്രപതി ഭവന്റെ സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ വിദ്യാർത്ഥികളോടൊപ്പം ഞാൻ സമയം ചെലവഴിക്കുകയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവരെ പഠിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കാണാനും അവരുടെ ചിന്തകളും ആശയങ്ങളും മനസിലാക്കാനും ഞാൻ എപ്പോഴും താത്പര്യപ്പെടുന്നു.

പവിത്രമായ കടമ

രക്ഷിതാക്കൾ തങ്ങളുടെ മക്കളെ പഠിക്കാൻ അയയ്ക്കുമ്പോൾ ഏറ്റവും വലിയ വിശ്വാസമാണ് അദ്ധ്യാപകരിൽ അർപ്പിക്കുന്നത്. അദ്ധ്യാപകർ കുട്ടികളെ സ്വന്തം മക്കളെപ്പോലെ കാണുമെന്നും, കുട്ടിയുടെ സുരക്ഷയിലും വികസനത്തിലും പരമാവധി ശ്രദ്ധപുലർത്തുമെന്നും അവർ വിശ്വസിക്കുന്നു. തങ്ങളിൽ അർപ്പിച്ചിരിക്കുന്ന ഈ പവിത്രമായ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നത് ഓരോ അദ്ധ്യാപകന്റെയും ധർമ്മമാണ്.

വിദ്യാർത്ഥികളെ നല്ല മനുഷ്യരായി മാറുവാൻ വഴിനടത്തുക എന്നത് അദ്ധ്യാപകരുടെ പവിത്രമായ കടമയാണ്. തങ്ങളുടെ ചിന്തകളിലും പ്രവൃത്തികളിലും ധാർമ്മികത പുലർത്തുന്നതോടൊപ്പം തന്നെ സമൃദ്ധിയും പ്രശസ്തിയും കൈവരിക്കുന്ന വിദ്യാർത്ഥികളാണ് ഒരു അദ്ധ്യാപകന്റെ വിജയത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION