SignIn
Kerala Kaumudi Online
Saturday, 05 September 2026 1.53 AM IST

വെളിച്ചം പകരുന്നവരുടെ ദിനം

a

സെപ്തംബർ 5 നമ്മൾ ദേശീയ അദ്ധ്യാപക ദിനമായി ആഘോഷിക്കുക മാത്രമല്ല, ത്യാഗപൂർണമായ, ഒരു ജീവിതയാത്രയിലൂടെ നാടിനു വഴികാട്ടിയായ ഡോ.എസ്.രാധാകൃഷ്ണൻ എന്ന മഹാനായ അദ്ധ്യാപകന്റെ പാത പിൻതുടരുകയുമാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ. നമ്മുടെ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് അദ്ധ്യാപകരെ ഗുരുസ്ഥാനീയരായി കണ്ടുകൊണ്ട് ഹൃദയത്തോട് ചേർക്കുകയും ചെയ്യുകയാണ്.

പൊതുവിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവമായ വളർച്ചയും നേട്ടങ്ങളും കൈവരിക്കുവാൻ നമ്മുടെ രാജ്യത്തിലെ മറ്റു സംസ്ഥാനങ്ങൾക്ക് കൊച്ചു കേരളത്തിലെ പൊതുവിദ്യാലയങ്ങളും വിദ്യാഭ്യാസ രീതികളും മാതൃകയായി മാറുന്നു എന്നതും ചരിത്രപരമായ അടയാളപ്പെടുത്തൽ തന്നെയാണ്. ഈ നേട്ടങ്ങളുടെ വെളിച്ചം കെടാതെ കാത്തു സംരക്ഷിക്കുന്നതിൽ ഓരോ അദ്ധ്യാപകരും നടത്തുന്ന ആത്മസമർപ്പണവും അദ്ധ്യാപക ദിനത്തിൽ സ്മരിക്കപ്പെടേണ്ടതു തന്നെയാണ്.


മികവിന്റെ മുൻപിൽ നിൽക്കുമ്പോഴും അതിന്റെ പേരിൽ അഭിരമിച്ച് നിൽക്കാൻ നമുക്ക് ഒട്ടും സമയമില്ലെന്നതാണ് വർത്തമാനകാല യാഥാർത്ഥ്യം. നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല ഇപ്പോഴും ഗൗരവമായ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ വെല്ലുവിളികളെ മറച്ചുവയ്ക്കാതെ വിജയകരമായി തരണംചെയ്ത് പൊതുവിദ്യാഭ്യാസ മേഖലയെ നമ്മുടെ നാടിന്റെ വഴികാട്ടിയായി നിലനിറുത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം.

പരിഹരിക്കപ്പെടേണ്ട

സാമൂഹിക അന്തരം
ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായി നമ്മൾ അടയാളപ്പെടുത്തപ്പെടുമ്പോഴും സാമൂഹികവും സാമ്പത്തികവുമായ നിരവധി അസമത്വങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. പല കാരണങ്ങളാൽ എല്ലാവർക്കും അവകാശപ്പെട്ട പൊതു ഇടങ്ങളിൽ നിന്നും തുല്യമായ അവസരങ്ങളിൽ നിന്നും അരികുവത്കരിക്കപ്പെട്ടവർക്ക് നമ്മുടെ ഭരണഘടന ഉറപ്പു നൽകുന്ന അവസരസമത്വം ഉറപ്പുവരുത്തുക എന്നത് ഗവൺമെന്റിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്.

എ.ഐ കാലഘട്ടത്തിൽ ഡിജിറ്റൽ ഡിവൈസ് പോലുള്ള അസമത്വങ്ങൾ പൂർണമായും പരിഹരിക്കപ്പെടണം. ഒരുവശത്ത് എല്ലാ സൗകര്യവുമുള്ള കുട്ടികൾ, മറുവശത്ത് ഒരു സ്മാർട്ട് ഫോൺ പോലും സ്വപ്നം കാണാൻ കഴിയാത്ത കുട്ടികൾ. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾ, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ തുടങ്ങിയ യാഥാർത്ഥ്യങ്ങളെ ഒരു കുട്ടിയുടെയും പരിമിതികളായി മാറാതെ പരിഹാരം കാണാനുള്ള പരിശ്രമം എന്നതാണ് നമ്മുടെ നയം. ഇത് ഒരു മുദ്രാവാക്യമല്ല, മറിച്ച് നമ്മുടെ പ്രതിജ്ഞയാണ്.

കാലത്തിനൊപ്പം

സഞ്ചരിക്കുക
മിഴി ചിമ്മി തുറക്കുന്ന വേഗതയിലാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ പഠനരീതികളും പരീക്ഷാസമ്പ്രദായങ്ങളും കാലാനുസൃതമായി നിരന്തര പരിഷ്‌കരണത്തിന് വിധേയമാകണം. ഓരോ വിദ്യാർത്ഥിയും പഠനത്തോടൊപ്പം സ്വയം ചിന്തിക്കാൻ കഴിയുന്ന തലത്തിലേക്കും, ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നതിൽ നിന്നും ജീവിത യാഥാർത്ഥ്യങ്ങളോട് ചോദ്യം ചോദിക്കാൻ കഴിയുന്നതിലേക്കും മാർക്ക് വാങ്ങാൻ പഠിക്കുന്നതിൽ നിന്ന്, ജീവിക്കാൻ പഠിക്കുന്നതിലേക്കും പ്രാപ്തരാക്കുക എന്നതാണ് അദ്ധ്യാപകരോട് പുതിയ കാലം ആവശ്യപ്പെടുന്നത്.

പൊതുവിദ്യാഭ്യാസ മേഖലയിൽ ഭൗതികമായി പ്രാപ്യതയും തുല്യതയും ഉറപ്പുവരുത്തുന്നതിൽ നമ്മൾ വിജയം കൈവരിച്ചിട്ടുണ്ട് എങ്കിലും വിദ്യാർത്ഥികളെ പഠന പ്രവർത്തനങ്ങളിലും, കലാ കായിക മേഖലകളിലും സജീവമായി പങ്കെടുപ്പിക്കുന്നതിൽ നമ്മൾക്ക് കഴിയുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. നവമാദ്ധ്യമങ്ങളുടെ അതിപ്രസരവും, അപകടകരമായ ലഹരിയുടെ വ്യാപനവും വിദ്യാർത്ഥികളുടെ നിസംഗതയും പൂർണമായും ഇല്ലാതാക്കി സ്വയം നിർണയവും പഠനനേട്ടങ്ങളും തിരിച്ചറിവും നേടാൻ നമ്മുടെ മക്കളെ പ്രാപ്തരാക്കേണ്ടതുണ്ട്.

അദ്ധ്യാപകരുടെ

ആത്മവിശ്വാസം
ഇന്ന് അദ്ധ്യാപകർ കൗൺസിലറും, സാമൂഹിക പ്രവർത്തകനും, ഡാറ്റാ എൻട്രി ഓപ്പറേറ്ററും മറ്റു നിരവധി ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ നിരന്തരം നിർബന്ധിക്കപ്പെടുന്നുണ്ട്. ഈ അമിത ഉദ്യോഗസ്ഥഭാരം നിങ്ങളുടെ സർഗാത്മകതയെ ബാധിക്കുന്നു എന്നത് ഇനിയും തിരിച്ചറിയാതിരിക്കുന്നത് ശരിയല്ല. കൃത്യാന്തര ബാഹുല്യം പരിഹരിക്കുകയും തൊഴിൽ മേഖലയിലെ സുരക്ഷിതത്വവും ആത്മാഭിമാനവും ഉയർത്തി അദ്ധ്യാപകരെ രാഷ്ട്ര പുനർനിർമ്മാണത്തിനായി പരിപൂർണ സജ്ജരാക്കേണ്ടതുണ്ട്.

പൊതുവിദ്യാഭ്യാസത്തിന്റെ മികവും നൻമയും നിലനിറുത്തേണ്ടത് സർക്കാരിന്റെയും അദ്ധ്യാപകരുടെയും മാത്രമല്ല, ഈ നാടിന്റെ മുഴുവൻ ഉത്തരവാദിത്വമാണ്.
ചിലപ്പോഴൊക്കെ ദൈനംദിന ജോലിഭാരങ്ങൾക്കിടയിൽ, പരീക്ഷകളുടെയും മാർക്കുകളുടെയും ചട്ടക്കൂടുകൾക്കുള്ളിൽ, നിങ്ങളുടെ ഉള്ളിലെ അദ്ധ്യാപകന് തളർച്ച തോന്നിയേക്കാം. 'ഞാൻ ചെയ്യുന്നത് വലിയ കാര്യമാണോ?' എന്നൊരു ചോദ്യം മനസിൽ ഉയർന്നേക്കാം. എന്നാൽ ഓർക്കുക, നിങ്ങൾ ചെയ്യുന്നത് ലോകത്തിലെ ഏറ്റവും മഹത്തായ പ്രവർത്തനമാണ്.


അക്ഷരങ്ങളുടെ അർത്ഥ, താള, ലയ മാന്ത്രികത മലയാളിയെ ഏറ്റവും നന്നായി അനുഭവിപ്പിച്ച ഒ.എൻ.വി എന്ന ഗുരുവര്യന്റെ രണ്ടുവരികൾ കൂടി ഇവിടെ കുറിക്കട്ടേ:

'അക്ഷരമെന്നത് അനശ്വരമായ വെളിച്ചം;
അത് പകരുന്ന കൈകളാണ് പുണ്യം'

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION