SignIn
Kerala Kaumudi Online
Friday, 18 September 2026 3.10 AM IST

വളരുന്ന സാങ്കേതിക,​ വ്യവസായിക ശേഷി

1

ഇന്ത്യയുടെ അതിവേഗം വളരുന്ന അത്യാധുനിക സാങ്കേതികവിദ്യാ മേഖല (ഡീപ്പ് ടെക്) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണം, നേതൃത്വം, സമർപ്പണബോധം എന്നിവ പ്രതിഫലിപ്പിക്കുന്നു. 15 വർഷങ്ങൾക്ക് മുമ്പ്, ഇന്ത്യ ഇന്ന് കൈവരിച്ചുകൊണ്ടിരിക്കുന്ന പല നേട്ടങ്ങളും അസാദ്ധ്യമോ അപ്രായോഗികമോ ആണെന്ന് പറഞ്ഞ് തള്ളിക്കളയപ്പെടുമായിരുന്നു. ഒരു ഇന്ത്യൻ സ്വകാര്യ കമ്പനി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുക, രാജ്യത്തിനകത്ത് സെമികണ്ടക്ടർ ഫാബ് സ്ഥാപിക്കുക, ഇന്ത്യയിൽ രൂപകല്പന ചെയ്ത പ്രതിരോധ സംവിധാനങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുക, ആധുനിക ട്രെയിനുകൾ ആഭ്യന്തരമായി നിർമ്മിക്കുക തുടങ്ങിയ കാര്യങ്ങൾ അന്ന് പലർക്കും സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല.

ഇന്ത്യ മറ്റു രാജ്യങ്ങളെക്കാൾ ഏറെ പിന്നിലാണെന്നും, വൻകിട പദ്ധതികൾ നടപ്പാക്കാൻ ആവശ്യമായ സാങ്കേതികവിദ്യയും വൻതോതിലുള്ള മൂലധനവും ഇന്ത്യയ്ക്ക് ലഭ്യമല്ലെന്നും, വികസിത രാജ്യങ്ങളുടെ സാങ്കേതിക മേൽക്കൈ മറികടക്കുക ഏറെ ബുദ്ധിമുട്ടാണെന്നുമായിരുന്നു പൊതുവെയുള്ള ധാരണ. സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമാകുന്നതുവരെ കാത്തിരുന്നതുകൊണ്ട് മാത്രം ഒരു രാജ്യം കഴിവുറ്റതോ സ്വയംപര്യാപ്തമോ ആയി മാറുന്നില്ല. മറിച്ച്, പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും, പ്രാരംഭഘട്ടത്തിലെ പരാജയങ്ങളെ ഉൾക്കൊണ്ട് അവയിൽ നിന്ന് പഠിക്കുകയും, ഒരു പ്രശ്നത്തെ ദീർഘകാലം സ്ഥിരതയോടെ നേരിട്ട് അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നതിലൂടെയാണ് ഒരു രാജ്യം തനതായ നൈപുണ്യവും ശേഷിയും വികസിപ്പിക്കുന്നത്.

നരേന്ദ്രമോദി ഈ യാഥാർത്ഥ്യം നേരത്തെ തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ സാങ്കേതികവും വ്യാവസായികവുമായ ശേഷി വളർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഫലങ്ങൾ ഇന്ന് പ്രകടമായി തുടങ്ങിയിരിക്കുന്നു. സെമികണ്ടക്ടർ മേഖലയെ ഉദാഹരണമായി എടുത്താൽ ഈ മാറ്റം കൂടുതൽ വ്യക്തമായി മനസിലാക്കാം. ഇന്ത്യയ്ക്ക് ചിപ്പ് ഡിസൈനർമാരുടെ ശക്തമായൊരു അടിത്തറ സ്വന്തമായുണ്ട്. ചിപ്പ് നിർമ്മാണ ശേഷിയായിരുന്നു ഏറെക്കാലമായി നിലനിന്നിരുന്ന പ്രധാന പരിമിതി. ഗുജറാത്തിലെ ധോലേരയിൽ ടാറ്റ ഇലക്ട്രോണിക്സ് സ്ഥാപിക്കുന്ന സെമികണ്ടക്ടർ ഫാബ് ഈ പരിമിതി ഭാഗികമായി പരിഹരിക്കുന്നതിനുള്ള 91,000 കോടി രൂപയുടെ വൻകിട പദ്ധതിയാണ്.

ഓട്ടോമൊബൈൽ, വ്യാവസായിക സംവിധാനങ്ങൾ, പവർ ഉപകരണങ്ങൾ, മൈക്രോകൺട്രോളറുകൾ തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്ന മെച്വർ പ്രോസസ് നോഡുകളിൽ പ്രതിമാസം 50,000 വേഫറുകളുടെ ഉത്പാദന ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫാബ് രൂപകല്പന ചെയ്തിരിക്കുന്നത്. കാലക്രമേണ ഈ അറിവും ശേഷിയും കൂടുതൽ ശക്തമായ സെമികണ്ടക്ടർ വ്യവസായ ശൃംഖല കെട്ടിപ്പടുക്കാൻ രാജ്യത്തെ സഹായിക്കും.

ഉത്പാദന വ്യാപ്തി

വ്യാവസായിക ശേഷി എങ്ങനെ ഘട്ടംഘട്ടമായി വളരുന്നു എന്നതിന് മൊബൈൽ ഫോൺ അസംബ്ലിംഗ് മേഖല മികച്ച ഉദാഹരണമാണ്. ഒരുകാലത്ത് മൊബൈൽ ഫോൺ അസംബ്ലിംഗിനെ കേവലം ‘സ്ക്രൂഡ്രൈവർ ജോലി’യായി പരിഹസിച്ചിരുന്നുവെങ്കിലും, ഉത്പാദനത്തിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിനുള്ള പ്രോത്സാഹനങ്ങൾ സ്ഥിതിഗതികളെ മാറ്റിമറിച്ചു.

2014-15 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷംവരെ, ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉത്പാദനം 1.9 ലക്ഷം കോടി രൂപയിൽനിന്ന് 13.11 ലക്ഷം കോടിയായി ഉയർന്നപ്പോൾ, കയറ്റുമതി 38,000 കോടിയിൽ നിന്ന് 4.24 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. ഇതേ കാലയളവിൽ മൊബൈൽ ഫോൺ ഉത്പാദനം 6.27 ലക്ഷം കോടി രൂപയിലും, മൊബൈൽ ഫോൺ കയറ്റുമതി 2.59 ലക്ഷം കോടി രൂപയിലുമെത്തി.

ബഹിരാകാശ സ്റ്റാർട്ടപ്പ്

പ്രതിരോധ ഉത്പാദനം

ഇന്ത്യയിൽ ഇന്ന് നൂറുകണക്കിന് ബഹിരാകാശ സ്റ്റാർട്ടപ്പുകൾ വളർന്നുവരുന്നു. ബഹിരാകാശരംഗത്തെ ഈ പുതിയ തലമുറയ്ക്ക് പ്രചോദനവും പിന്തുണയും നൽകുന്നതിൽ മോദിയുടെ നേതൃത്വവും നയപരമായ ഇടപെടലുകളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

2013-14 സാമ്പത്തിക വർഷത്തിൽ 686 കോടി രൂപയായിരുന്ന പ്രതിരോധ ഉത്പാദനം 2025-26ൽ 1.78 ലക്ഷം കോടി രൂപയായി ഉയർന്നപ്പോൾ, പ്രതിരോധ കയറ്റുമതി 38,424 കോടി രൂപയിലെത്തി.

ഈ കണക്കുകൾ ഇന്ത്യയുടെ പ്രതിരോധ വ്യവസായം കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി കൈവരിച്ച ശ്രദ്ധേയമായ വളർച്ചയുടെയും ഉത്പാദനശേഷിയിലെ വിപുലീകരണത്തിന്റെയും വേഗത വ്യക്തമാക്കുന്നു.

സുപ്രധാന പരിവർത്തനം

സോഫ്റ്റ്‌വെയർ സേവനങ്ങളും സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ പോലും നാം പ്രയാസപ്പെട്ടിരുന്ന കാലം എനിക്കോർമ്മയുണ്ട്. എന്നാൽ ആ ചർച്ചയൊക്കെ ഇന്ന് അപ്രസക്‌തമായി മാറിയിരിക്കുന്നു. ചിപ്പുകൾ, റോക്കറ്റുകൾ, ഡ്രോണുകൾ, എ.ഐ മോഡലുകൾ, വൈദ്യോപകരണങ്ങൾ, അത്യാധുനിക സാമഗ്രികൾ എന്നിവയുടെ നിർമ്മാണത്തിലും വികസനത്തിലും ഇന്ത്യൻ സ്റ്റാർട്ടപ്പുകളും പുതിയ കമ്പനികളും ഇന്ന് സജീവമായി പ്രവർത്തിച്ചുവരുന്നു.

ഒരു തിരഞ്ഞെടുപ്പ് കാലാവധിയെന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ സെമികണ്ടക്ടർ ഫാക്ടറി (ഫാബ്), പ്രതിരോധ സംവിധാനം, ഗവേഷണ സർവകലാശാല തുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കില്ല. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പ്രതികരിക്കാൻ ആവശ്യമായ സമയം നൽകിക്കൊണ്ട്, തങ്ങളുടെ വികസന അജണ്ടയുടെ കേന്ദ്രബിന്ദുവായി തന്ത്രപ്രധാനമായ സാങ്കേതികവിദ്യയെ നിലനിറുത്താൻ മോദി സർക്കാരിന് സാധിച്ചിട്ടുണ്ട്.

കഠിനമായ പഠനപ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം മറ്റുള്ളവർ വികസിപ്പിക്കുന്ന സാങ്കേതികവിദ്യ വാങ്ങുക എന്ന സമീപനമായിരുന്നു ഇന്ത്യ വളരെക്കാലം സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ, ആ പഠനപ്രക്രിയകളിൽ നേരിട്ട് ഏർപ്പെടാനാണ് തീരുമാനിച്ചിരിക്കുന്നത്. അതുതന്നെയാണ് ആഘോഷിക്കപ്പെടേണ്ട സുപ്രധാന പരിവർത്തനവും.

(സോഹോ കോർപ്പറേഷന്റെ സ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY