SignIn
Kerala Kaumudi Online
Friday, 12 June 2026 2.18 AM IST

രാഷ്ട്രീയക്കാരുടെ വാക്കും പഴയ ചാക്കും

s

ലോകത്തിന്റെ ആകെ കണ്ണുകൾ ഒരു പന്തിലേക്ക് കേന്ദ്രീകരിക്കുന്ന ദിനങ്ങളാണ് ഇനി. വേഗതയുടെയും ഞൊടിയിടയ്ക്കുള്ളിലെ ചടുലമായ നീക്കങ്ങളുടെയും ഗ്യാലറികളിലെ കത്തിക്കയറുന്ന ആവേശത്തിന്റെയും മുഹൂർത്തങ്ങൾ. ലോകത്തിന്റെ ഓരോ കോണിലെയും ആവേശത്തിനൊപ്പം കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളും ടി.വികൾക്ക് മുന്നിലും പൊതു സ്ഥലങ്ങളിൽ സജ്ജമാക്കുന്ന ബിഗ് സ്ക്രീനുകൾക്ക് മുന്നിലുമായി ആവേശത്തിൽ അണിചേരും. മഴക്കാലം മാറുന്നതോടെ നഗരങ്ങളിലെയും നാട്ടിൻപുറങ്ങളിലെയും പൊതു സ്ഥലങ്ങളിലും സ്കൂൾ ഗ്രൗണ്ടുകളിലുമെല്ലാം ഈ കളിയാവേശം പ്രതിഫലിക്കും.

ഈ ഫുട്ബോൾ മേളക്കാലത്തിന്റെ സന്തോഷത്തിനിടെയാണ് രാഷ്ട്രീയക്കാരുടെ വാക്കിന്റെ വിലയെക്കുറിച്ചും ചിന്തിച്ചു പോകുന്നത്. രാഷ്ട്രീയക്കാരുടെ വാക്കും പഴയ ചാക്കും ഒരുപോലെയെന്ന് തോന്നിപ്പോകുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുണ്ടായ ഒരു പ്രഖ്യാപനമാണ് ഓർക്കേണ്ടത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഒരു സ്റ്റേഡിയം വീതം നിർമ്മിക്കും എന്നതായിരുന്നു ആ മന്ത്രിസഭയിലെ ഉത്തരവാദപ്പെട്ട ഒരു മന്ത്രി വാർത്താ സമ്മേളനത്തിനിടെ പറഞ്ഞത്. വാഗ്ദാനങ്ങൾ പറയാനുള്ളത് മാത്രമാണെന്നും പാലിക്കാനുള്ളതല്ലെന്നും കേരളീയർ തിരിച്ചറിഞ്ഞ എത്രയോ സന്ദർഭങ്ങളുണ്ട്. ഈ പറച്ചിലും അതേ ഗണത്തിൽ എടുത്തവർ ആ വാഗ്ദാനം ഓർത്തു വയ്ക്കാനിടയില്ല. എങ്കിലും ഇത്തരം സന്ദർഭങ്ങളിൽ ഇക്കാര്യം ഓർക്കാതിരിക്കാൻ കഴിയില്ലല്ലോ. അന്നു പ്രഖ്യാപിച്ച സ്റ്റേഡിയങ്ങളിൽ ഒന്നുപോലും യാഥാർത്ഥ്യമായില്ല. ഓരോ ബ‌ഡ്ജറ്റു വരുമ്പോഴും ഇത്തരത്തിൽ എന്തെല്ലാം കാര്യങ്ങൾ പ്രഖ്യാപിക്കും. പക്ഷെ ഒന്നും നടക്കില്ല.

ഫുട്ബോൾ കളിക്ക് രാജ്യത്തെ പുകൾപെറ്റ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എഴുപതുകളിലും എൺപതുകളിലും എണ്ണം പറഞ്ഞ നിരവധി ക്ളബ്ബുകളും ദേശീയതലത്തിൽ ശ്രദ്ധേയരായ നിരവധി കളിക്കാരും ഉണ്ടായിരുന്ന സംസ്ഥാനമാണ് കേരളം. പ്രിമിയർ ടയേഴ്സ് കളമശ്ശേരി, തിരുവനന്തപുരം ടൈറ്റാനിയം, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി തുടങ്ങിയവയായിരുന്നു അക്കാലത്ത് ആരാധകർ നെഞ്ചേറ്റിയ ടീമുകൾ. 1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ ,​ആ ടീമിലെ പത്ത് കളിക്കാരും പ്രിമിയർ ടയേഴ്സിൽ നിന്നുള്ളവരായിരുന്നു എന്നറിയുമ്പോഴാണ് അന്നത്തെ ടീമിന്റെ ശക്തി ബോദ്ധ്യമാവുന്നത്. ഈസ്റ്റ് ബംഗാൾ,​ മോഹൻബഗാൻ,​ മുഹമ്മദൻസ്,​ സാൽഗോക്കർ ഗോവ,​ ഡെംപോ സ്പോർട്സ് ക്ളബ് തുടങ്ങിയ എണ്ണം പറഞ്ഞ ടീമുകളോടാണ് അന്നത്തെ കേരളാ ടീമുകൾ കേരളത്തിലും പുറത്തും മാറ്റുരച്ചിരുന്നത്. ചാക്കോള ട്രോഫി, സേട്ട് നാഗ്ജി ട്രോഫി പോലുള്ള ഫുട്ബോൾ മാമാങ്കങ്ങൾ കേരളത്തെ ആവേശകൊടുമുടിയിൽ എത്തിച്ചിരുന്നു. ഇന്ത്യ കണ്ട മികച്ച ഗോൾകീപ്പർമാരായ സേതുമാധവനും വിക്ടർ മഞ്ഞിലയുമൊക്കെ കേരളത്തിന്റെ പെരുമ രാജ്യത്തെമ്പാടുമെത്തിച്ച ഗോൾകീപ്പർമാരുമായിരുന്നു. ഇതിന്റെയൊക്കെ തുടർച്ചയായി എത്തിയ കേരള പൊലീസ് ഫുട്ബോൾ ക്ളബ്ബാണ് പിന്നീട് സംസ്ഥാനത്തിന്റെ അഭിമാനമായി മാറിയത്. ഐ.എം വിജയൻ എന്ന അസാധാരണ പ്രതിഭയെ നമുക്ക് സംഭാവന ചെയ്തത് കേരള പൊലീസ് ടീമാണ്. വി.പി സത്യൻ, സി.വി പാപ്പച്ചൻ എന്നിവരെയും ഗോൾകീപ്പർ കെ.ടി ചാക്കോയും നമ്മുടെ അഭിമാനങ്ങളായി നിറഞ്ഞു നിൽക്കുന്നതും വിസ്മരിക്കാനാവില്ല. പിന്നീടും നിരവധി ടീമുകളും കളിക്കാരും ഇവിടെ പിറവി എടുത്തിട്ടുണ്ടെങ്കിലും ആ നിരയിലേക്ക് എത്താനാവാതെ നാട്ടിൻപുറങ്ങളിലും മറ്റും ഒതുങ്ങി പോകുന്ന എത്രയോ പ്രതിഭകൾ. ഇത് ഫുട്ബോളിന്റെ മാത്രം കാര്യമായി എടുക്കേണ്ടതല്ല. പ്രതിഭയുണ്ടായിട്ടും പരിശീലനത്തിന് വേണ്ടത്ര സൗകര്യങ്ങളില്ലാതെ തുടക്കത്തിലേ മുരടിച്ചു പോകുന്ന എത്രയോ കായിക താരങ്ങൾ.

കായിക നയത്തിന്റെ അഭാവം

കൃത്യമായ ഒരു കായിക നയത്തിന്റെ അഭാവമാണ് ഇവിടെ പ്രസക്തമാവുന്നത്. സർക്കാരുകൾ മാറിമാറി വരുമ്പോഴും കായികരംഗത്തിന്റെ ചുമതലയ്ക്ക് ഒരു മന്ത്രിയുണ്ടാവും. ബഡ്ജറ്റിൽ തരക്കേടില്ലാത്ത വിഹിതവുമുണ്ടാവും. പക്ഷെ അതിനനുസരിച്ച് കാര്യങ്ങൾ നീങ്ങില്ലെന്നു മാത്രം. ഓരോ സർക്കാർ വരുമ്പോഴും കായിക നയം, പ്രതിഭകളെ വാർത്തെടുക്കാനുള്ള പദ്ധതികൾ തുടങ്ങി നിരവധി പ്രഖ്യാപനങ്ങളുണ്ടാവും. പക്ഷെ ഇച്ഛാ ശക്തിയോടെയുള്ള പ്രവർത്തനങ്ങൾ മാത്രം ഇല്ലാതെ പോവും. പഞ്ചായത്തുകൾ തോറുമില്ലെങ്കിൽ പോലും ഒരു ജില്ലയിൽ തന്നെ വിവിധ മേഖലകൾ തിരിച്ച് കായിക പരിശീലനത്തിനും ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങി ജനപ്രിയ ഇനങ്ങളിൽ തത്പരരായവർക്ക് ടൂർണമെന്റുകൾ സംഘടിപ്പിക്കാനും മറ്റുമൊക്കെ സൗകര്യമൊരുക്കിയാൽ പുതു തലമുറയിൽ നിന്ന് എത്രയോ താരങ്ങൾ ഉദയം ചെയ്യും. അവർക്ക് പരിശീലനത്തിന് പുറമെ മറ്റ് സൗകര്യങ്ങളും സഹായങ്ങളുമൊരുക്കണം. ഇന്ന് രാജ്യത്തിന്റെ തന്നെ അഭിമാന താരമായി മാറിയ സഞ്ജു സാംസണെ പോലെ പല പ്രതിഭകളും ഔന്നത്യങ്ങളിലെത്തുന്നുണ്ടെന്നത് മറന്നു കൊണ്ടല്ല ഇത് പറയുന്നത്. കൂടുതൽ മേഖലകളിലേക്ക് കൊച്ചു കേരളത്തിൽ നിന്നുള്ള കൂടുതൽ പ്രതിഭകൾ എത്തിച്ചേരണമെന്ന പൊതു ആഗ്രഹത്തിന്റെ പേരിലാണ്. മൂന്ന് രാജ്യങ്ങളിലായി 39 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പന്തുകളി മാമാങ്കത്തിന് ശേഷം കുറേനാളുകൾ കൂടി നീണ്ടു നിൽക്കും ഇവിടുത്തെ ഫുട്ബോൾ ജ്വരം. പിന്നീട് പതിവ് പോലെ അതെല്ലാം മറവിയിലേക്ക് ഒതുങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY