
വേമ്പനാട്ടു കായലിലും അതിലേക്ക് ഒഴുകിയെത്തുന്ന നദികളിലും എക്കലും ചെളിയും നിറഞ്ഞ് ജലസംഭരണശേഷി കുറഞ്ഞതാണ് കുട്ടനാട്ടിലെ അടിക്കടിയുള്ള വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് നിഗമനം. വേമ്പനാട്ടു കായലിൽ 5.75 ലക്ഷം ടൺ എക്കൽ അടിഞ്ഞുകൂടിയെന്നാണ് കോഴിക്കോട് ജലവിഭവ ഗവേഷണ കേന്ദ്രം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
മീനച്ചിലാർ, മൂവാറ്റുപുഴയാർ, മണിമലയാർ, പമ്പാനദി, അച്ചൻകോവിലാർ എന്നിവയാണ് വേമ്പനാട്ട് കായലിലേക്ക് വന്നുചേരുന്നത്. ഇവയിലൂടെ കായലിൽ എക്കലും വന്നടിയുന്നു. മീനച്ചിലാർ ഓരോ ഹെക്ടറിനും 0.49 ടൺ എക്കലാണ് കായലിൽ നിക്ഷേപിക്കുന്നത്. മൂവാറ്റുപുഴയാറാകട്ടെ 1.27 ടൺ. മണിമലയാർ 1.07 ടൺ. പമ്പ 0.94 ടൺ. അച്ചൻകോവിലാർ 0.94 ടൺ.
ഇത് പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി തോട്ടപ്പള്ളി സ്പിൽവേയിലും വേമ്പനാട്ട് കായലിൽ പുന്നമട ഭാഗത്തും കിലോമീറ്ററുകളോളം സ്ഥലത്ത് കായലിലെ മണ്ണെടുത്ത് ദേശീയപാത നിർമ്മാണത്തിനായി ഉപയോഗിക്കുന്നത് കഴിഞ്ഞ രണ്ടു വർഷമായി തുടരുകയാണ്. ഇത് ജലസംഭരണശേഷി ചെറുതായി വർദ്ധിപ്പിച്ചിട്ടുണ്ട്. എങ്കിലും പുഞ്ചക്കൃഷി സീസണിൽ നെൽച്ചെടികളുടെ വളർച്ചയ്ക്കും വരൾച്ചയെ അതിജീവിക്കാനും ആവശ്യമായ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ കഴിയാത്ത സ്ഥിതിയുണ്ടെന്ന് കർഷകർ പറയുന്നു.
തോട്ടപ്പള്ളി സ്പിൽവേയും
തണ്ണീർമുക്കം ബണ്ടും
വേമ്പനാട്ടു കായലിൽ സംഭരിക്കുന്ന വെള്ളം കടലിലേക്കു തുറന്നുവിടുന്ന പ്രധാന മാർഗമായ തോട്ടപ്പള്ളി സ്പിൽവേ പൂർണമായും പ്രവർത്തനക്ഷമമല്ല. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സ്പിൽവേയിലെ ഷട്ടറുകൾ വേലിയേറ്റ സമയത്തെ കടൽവെള്ളത്തിന്റെ കയറ്റം തടയുംവിധം പുനർനിർമ്മിക്കേണ്ടതുണ്ട്. ഇതിനായി ഇറിഗേഷൻ വകുപ്പ് പദ്ധതി തയ്യാറാക്കിയെങ്കിലും സർക്കാർ അനുമതി ലഭിച്ച് ഫണ്ട് ലഭ്യമായി യാഥാർത്ഥ്യമാകാൻ എത്രനാളെടുക്കുമെന്ന് കണ്ടറിയണം.
തണ്ണീർമുക്കം ബണ്ട് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിലുണ്ടായ സമയമാറ്റവും കുട്ടനാട്ടിൽ ഉപ്പുവെള്ളം കയറി നെൽകൃഷിയുടെ നാശത്തിന് കാരണമായിട്ടുണ്ട്. പുഞ്ചക്കൃഷിയെ ഉപ്പു വെള്ളത്തിൽനിന്നു രക്ഷിക്കുന്നതിന് എല്ലാവർഷവും ഡിസംബർ 15ന് അടച്ച് മാർച്ച് 15ന് തുറക്കുക എന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന സമയക്രമം. എന്നാൽ, കഴിഞ്ഞ കുറെ വർഷങ്ങളായി ഏപ്രിൽ പകുതിയോടെയാണ് തുറക്കുന്നത്.
സ്പിൽവേയിലെ മണ്ണ് നീക്കം ചെയ്ത് സമാന്തര ബൈപ്പാസ് കനാലുകൾ സജ്ജമാക്കാതെ കുട്ടനാടിനെ പ്രളയത്തിൽ നിന്ന് രക്ഷിക്കാനാവില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. സെക്കൻഡിൽ 65,000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കേണ്ട തോട്ടപ്പള്ളി സ്പിൽവേയിൽ ഇപ്പോൾ ഒഴുകുന്നത് 15,000 ഘനയടി മാത്രമാണ്. സ്പിൽവേ നിർമ്മാണത്തിലെ പോരായ്മയാണ് കാരണം.
കുറയുന്ന കായൽ വിസ്തൃതി
ഒരു നൂറ്റാണ്ടിനിടെ വേമ്പനാട്ടു കായലിന്റെ വിസ്തൃതിയിൽ നാൽപ്പത് ശതമാനത്തിലേറെ കുറവുണ്ടായതായി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കായൽ കമ്മിഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1912ൽ 315 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന കായൽ 1980കളിൽ 179 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ജലവാഹകശേഷിയാകട്ടെ 78 ശതമാനം കുറഞ്ഞു.
89 മീറ്ററായിരുന്ന ശരാശരി ആഴം 33.35 ആയി. ഇതിനൊപ്പം കൈയേറ്റവുമുണ്ടായി. ഇതോടെ മത്സ്യസമ്പത്തിൽ വലിയ ശോഷണമുണ്ടായി. 150 ഇനങ്ങളുണ്ടായിരുന്ന മത്സ്യങ്ങൾ 15 ഇനങ്ങളായി കുറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വേമ്പനാട് കായൽ ശുചീകരണത്തിനും സംരക്ഷണത്തിനുമായി പദ്ധതികൾ തയ്യാറാക്കിയെങ്കിലും എങ്ങുമെത്തിയില്ല.
വെല്ലുവിളിയാകുന്ന
നെല്ല് സംഭരണം
കേരളത്തിന്റെ നെല്ലറകളായ കുട്ടനാടും പാലക്കാടുമുൾപ്പെടെ നെൽക്കർഷകർ കാലങ്ങളായി നേരിടുന്ന പ്രധാന വിഷയം നെല്ല് സംഭരണവും വില വിതരണവുമാണ്. നെല്ല് സംഭരിക്കുന്ന സപ്ളൈകോയ്ക്ക് സ്വന്തമായി റൈസ് മില്ലോ ഗോഡൗണോ ഇല്ലാത്തതിനാൽ സ്വകാര്യമില്ലുകാരെയാണ് ആശ്രയിക്കുന്നത്. 100 കിലോ നെല്ലിന് 68 കിലോയാണ് കേന്ദ്രം നിശ്ചയിച്ച ഔട്ട് ടോൺ റേഷ്യോ. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഇത് 64.5 കിലോയായി കുറച്ചിട്ടുണ്ടെങ്കിലും മില്ലുകാരുടെ ചൂഷണത്തിന് കുറവില്ല.
രണ്ടാം കൃഷിയിലും പുഞ്ചവിളവെടുപ്പു കാലത്തും പതിവായ മഴകാരണമുള്ള ഈർപ്പത്തിന്റെയും കറുകലിന്റെയും മറവിൽ മില്ലുകാർ 20 കിലോവരെയാണ് കിഴിവ് ഈടാക്കുന്നത്. ആവശ്യപ്പെടുന്ന കിഴിവ് നൽകാൻ തയ്യാറാകാതെ വരുമ്പോൾ സംഭരണത്തിൽ നിന്ന് മില്ലുകാർ പിൻവലിയും. ആഴ്ചകളോളം വെയിലിലും മഴയിലും ടാർപോളിനടിയിൽ കൂട്ടിയിട്ട നെല്ലിന്റെ പരിപാലനച്ചെലവ് താങ്ങാനാകാത്ത കർഷകർ ചോദിക്കുന്ന കിഴിവ് സമ്മതിച്ച് നെല്ല് കൈമാറും.
സർക്കാർ ഉടമസ്ഥതയിൽ റൈസ് മില്ലുകളില്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. കുട്ടനാട്ടിലെ നെല്ല് സംഭരിച്ച് സംസ്‌കരിച്ച് അന്താരാഷ്ട്ര ഗുണനിലവാരമുള്ള 'കുട്ടനാട് ബ്രാൻഡ്' അരിയും മൂല്യവർദ്ധിത ഉത്പന്നങ്ങളും ഉണ്ടാക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ചെങ്ങന്നൂരിലെ റൈസ് പാർക്കിന്റെ നിർമ്മാണമാകട്ടെ പാതിവഴിയിൽ നിലച്ച മട്ടാണ്.
സംഭരണ വില
പ്രഖ്യാപിച്ചില്ല
നടപ്പുവർഷത്തെ നെല്ല് സംഭരണത്തിനായുള്ള രജിസ്ട്രേഷൻ ഈ മാസം 30ന് അവസാനിക്കുമെന്നിരിക്കെ കഴിഞ്ഞ വർഷം കേന്ദ്രം പ്രഖ്യാപിച്ച 72 പൈസയുടെ വർദ്ധനയുൾപ്പെടെ ഈ വർഷത്തെ സംഭരണ വിലയോ നയമോ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകാത്തതും കർഷകരുടെ ആധി കൂട്ടുന്നു.
സംഭരിച്ച നെല്ലിന്റെ പണം 48 മണിക്കൂറിനകം കർഷകരുടെ അക്കൗണ്ടിലെത്തുമെന്നാണ് നെല്ല് സംഭരണച്ചട്ടം വ്യവസ്ഥ ചെയ്യുന്നതെങ്കിലും കഴിഞ്ഞ സീസണിൽ സംഭരിച്ച പുഞ്ചക്കൃഷിയുടെ നെല്ലിന്റെ പണം ആറുമാസം പിന്നിട്ടിട്ടും കർഷകർക്ക് ലഭിച്ചിട്ടില്ല.
ഗുണനിലവാരമുള്ള
വിത്തിനങ്ങളുടെ അഭാവം
സംഭരണം മാത്രമല്ല, ഗുണനിലവാരമുള്ള വിത്തിനങ്ങൾ കിട്ടാത്തതും കുട്ടനാട്ടിലെ കർഷകർ നേരിടുന്ന വെല്ലുവിളിയാണ്. മങ്കൊമ്പ് റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ചെടുത്ത ഡി.1 (ഉമ), ജ്യോതി വിത്തിനങ്ങളാണ് 1998 മുതൽ കുട്ടനാട്ടിൽ പരീക്ഷിക്കുന്നത്. രുചികൂടുതലാണെങ്കിലും വിളവ് കുറവും ഒടിഞ്ഞുവീഴലും കാരണം ജ്യോതിയേക്കാൾ ഉമയ്ക്കാണ് കുട്ടനാട്ടിൽ ഡിമാന്റ്.
മൂന്നു പതിറ്റാണ്ടിനിടെ കുട്ടനാട്ടിനും മാറുന്ന കാലാവസ്ഥയ്ക്കും അനുയോജ്യമായ ഒരു നെൽവിത്ത് വികസിപ്പിക്കാനായിട്ടില്ല. പശ്ചിമേഷ്യൻ യുദ്ധം രാസവളത്തിന്റെയും കീടനാശിനികളുടെയും വിലയിലുണ്ടാക്കിയ വർദ്ധനയും കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
(പരമ്പര അവസാനിച്ചു)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |