
കണ്ണൂർ: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് കാൽപന്തിന്റെ മണ്ണായ കണ്ണൂർ ആവേശത്തോടെ ഒരുങ്ങി കഴിഞ്ഞു. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ പന്തുരുളുന്നതോടെ ഫുട്ബോൾ ആവേശത്തിന് കിക്കോഫ്. ഇന്ന് രാത്രി (25ന്) 8ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയും തൃശൂർ മാജിക് എഫ്‌സിയും ഏറ്റുമുട്ടുന്നതോടെ തീപാറും മത്സര പോരാട്ടത്തിന് കണ്ണൂർ സാക്ഷിയാകും. തൊട്ടടുത്ത ദിവസം 26ന് കോഴിക്കോട്ട് കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്സി തിരുവനന്തപുരം കൊമ്പൻസുമായും 27ന് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഫോഴ്സ കൊച്ചി മലപ്പുറം എഫ്.സിയുമായും ഏറ്റുമുട്ടും. മത്സരങ്ങളെല്ലാം രാത്രി ഏഴരയ്ക്കാണ്.
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലേക്ക് ഒരുങ്ങുന്ന കണ്ണൂർ വാരിയേഴ്സ് സ്വന്തം മണ്ണിൽ മാറ്രുരക്കാനുള്ള ആവേശത്തിലാണ്.ടീമിൽ എട്ട് കണ്ണൂർ താരങ്ങളാണ് മാറ്റുരക്കുന്നത്. മുഹമ്മദ് സിനാൻ,സച്ചിൻ സുനിൽ,ഷിബിൻ സാദ്, മുഹമ്മദ് മുഷ്റഫ്,കെ.ഹൃഷഭ്,പി.അദ്വൈദ്,പി.ഗൗതം,മുഹമ്മദ് ഫിസാൻ ജാബിർ എന്നിവരാണ് ടീമിലെ എട്ട് കണ്ണൂർ താരങ്ങൾ. കിരീടം നേടിയ കഴിഞ്ഞ സീസണിൽ ഒമ്പത് കണ്ണൂർ താരങ്ങളുണ്ടായിരുന്നു. കക്കാട് സ്വദേശിയായ മുഹമ്മദ് സിനാൻ സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ എമർജിംഗ് താരവും കഴിഞ്ഞ സീസണിൽ കണ്ണൂർ വാരിയേഴ്‌സിനൊപ്പം കിരീടം നേടിയിട്ടുമുണ്ട്. കഴിഞ്ഞ സീസണിൽ ടീമിനായി നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി. പരശ്ശിനിക്കടവ് നമ്പ്രം സ്വദേശിയായ സച്ചിൻ സുനിൽ കഴിഞ്ഞ സീസണിൽ കണ്ണൂർ വാരിയേഴ്‌സിനായി ഫൈനൽ ഉൾപ്പെടെ അഞ്ച് മത്സരങ്ങളിൽ കളിച്ചു. മുണ്ടയാട് സ്വദേശിയായ എം. ഷിബിൻ സാദ് കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു. മൂന്ന് മത്സരങ്ങളിൽ കളിച്ച് അഞ്ച് ടാക്കിളുകളും അഞ്ച് ഇന്റർസെപ്ഷനുകളും രേഖപ്പെടുത്തി.
പയ്യന്നൂർ സ്വദേശിയായ മുഹമ്മദ് മുഷറഫ് കഴിഞ്ഞ എസ്.എൽ.കെ സീസണിൽ ഫോഴ്സ കൊച്ചിക്ക് വേണ്ടിയാണ് കളിച്ചത്. റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ ഈസ്റ്റ് ബംഗാളിനൊപ്പം റണ്ണറപ്പായിട്ടുണ്ട്. ചെറുകുന്ന് സ്വദേശിയായ കെ.ഹൃഷഭ് 2025 ൽ കേരളത്തിനൊപ്പം അണ്ടർ 19 സ്‌കൂൾസ് നാഷണൽസ് കിരീടം നേടിയിട്ടുണ്ട്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ്. പി.അദ്വൈദ് 2025-26 സീസണിൽ സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പ് നേടിയ കണ്ണൂർ സർവകലാശാല ടീമിന്റെ ഭാഗമായിരുന്നു. കണ്ണൂർ കാങ്കോൽ സ്വദേശിയാണ്. കണ്ടോത്ത് സ്വദേശിയായ പി.ഗൗതം 2024ൽ ഈസ്റ്റ് ബംഗാൾ യൂത്ത് ടീമിൽ കളിച്ചിട്ടുണ്ട്. സംസ്ഥാന അണ്ടർ 20 കിരീടവും ഇന്റർ-കോളേജിയേറ്റ് ചാമ്പ്യൻഷിപ്പ് കിരീടവും നേടിയിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഫിസാൻ ജാബിർ പഞ്ചാബ് എഫ്സി, ശ്രീനിധി ഡെക്കാൻ എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തുടങ്ങിയ ടീമുകൾളുടെ യൂത്ത് ടീമിനായി കളിച്ച താരമാണ്.
മത്സരത്തിനായി കണ്ണൂർ ജവഹർ സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും പൂർണ സജ്ജമായതോടെ ഇന്ന് രാത്രി സ്റ്റേഡിയം ഫുട്ബോൾ പ്രേമികളാൽ നിറയും.പതിനാറായിരും ആരാധകർക്ക് കളി കാണാം 35,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരു വശം നിലവിൽ ബലക്ഷയം കാരണം ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ 16,000 പേർക്കായിരിക്കും കളി കാണാൻ സാധിക്കുക. സൂപ്പർ ലീഗ് കേരളയുടെ കഴിഞ്ഞ സീസണിൽ ശരാശരി 15,356 പേരാണ് കണ്ണൂർ വാരിയേഴ്സിന്റെ മത്സരം കാണാൻ ജവഹർ സ്റ്റേഡിയത്തിലെത്തിയത്.
ആറ് ടീമുകൾ 35 മത്സരങ്ങളിലായാണ് ഇത്തവണ ഏറ്റുമുട്ടുക. ഒപ്പം ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലും ഇത്തവണത്തെ പ്രത്യേകതയാണ്. ലീഗ് മത്സരങ്ങൾ 90 മിനിറ്റിനുശേഷവും സമനിലയാണെങ്കിൽ നേരിട്ട് പെനൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുന്ന രീതിയാണ് ഇത്തവണ. മത്സരം നിശ്ചിത സമയത്ത് ജയിക്കുന്ന ടീമിന് മൂന്ന് പോയിന്റും ഷൂട്ടൗട്ടിൽ ജയിക്കുന്ന ടീമിന് രണ്ട് പോയിന്റും ഷൂട്ടൗട്ടിൽ തോൽക്കുന്ന ടീമിന് ഒരു പോയിന്റുമാകും ലഭിക്കുക. നോക്കൗട്ട് മത്സരങ്ങളിൽ നിശ്ചിത സമയത്ത് സമനിലയാവുന്ന മത്സരങ്ങളിൽ പതിവുപോലെ എക്‌സ്ട്രാ ടൈമും തുടർന്ന് പെനൽറ്റി ഷൂട്ടൗട്ടുമുണ്ടാകും. കാലിക്കറ്റ് എഫ്‌സി, ഫോഴ്സ കൊച്ചി എഫ്‌സി, കണ്ണൂർ വാരിയേഴ്സ് എഫ്‌സി, മലപ്പുറം എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി, തൃശൂർ മാജിക് എഫ്‌സി എന്നീ ആറ് ക്ലബ്ബുകളാണ് സീസൺ മൂന്നിൽ മാറ്റുരയ്ക്കുന്നത്. ആറ് ക്ലബ്ബുകളിലുമായി ആകെ 162 താരങ്ങൾ കരാറിലെത്തിയിട്ടുണ്ട്. ഇതിൽ 17 രാജ്യങ്ങളിൽ നിന്നുള്ള 34 അന്താരാഷ്ട്ര താരങ്ങളും മികച്ച യുവ ഇന്ത്യൻ താരങ്ങളും ഉൾപ്പെടുന്നു.
ജവഹർ സ്റ്റേഡിയം സജ്ജം
മത്സരം അന്താരാഷ്ട്ര നിലവാരത്തിൽ നടത്തുന്നതിന് കണ്ണൂർ ജവഹർ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു .ഗ്യാലറികളുടെ പെയിന്റിംഗ്, താത്കാലിക ഫ്ലഡ് ലൈറ്റുകളുടെ സ്ഥാപിക്കൽ, ഉപയോഗിക്കാൻ കഴിയാത്ത ഈസ്റ്റ് ഗ്യാലറിക്ക് മുന്നിലെ താത്ക്കാലിക ഗ്യാലറിയുടെ നിർമാണം എന്നിവയെല്ലാം തന്നെ പൂർത്തിയായി. താരങ്ങൾക്കും ഒഫീഷ്യൽ സംഘങ്ങൾക്കുമുള്ള ഡ്രസ്സിംഗ് റൂം, മെഡിക്കൽ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിംഗ് റൂം തുടങ്ങിയവയുടെ ഒരുക്കങ്ങളും സെക്യൂരിറ്റി ബാരിക്കേഡുകളുമെല്ലാം തന്നെ പൂർത്തിയായി.ജവഹർ സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിവിധ ഇടങ്ങളിൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പഴയ ബസ് സ്റ്റാൻഡ്, കണ്ണൂർ കോർപ്പറേഷൻ മൾട്ടി ലെവൽ പാർക്കിംഗ്, ജി.വി.എച്ച്.എസ്.എസ്. സ്പോർട്സ് സ്‌കൂൾ ഗ്രൗണ്ട്, പൊലീസ് മൈതാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. മത്സരത്തിനെത്തുന്നവർക്ക് സൗകര്യപ്രദമായി വാഹനങ്ങൾ പാർക്ക് ചെയ്ത് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരാവുന്നതാണ്.
കണ്ണൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ജവഹർ സ്റ്റേഡിയം സൂപ്പർ ലീഗ് മത്സരങ്ങൾക്കായി മൂന്ന് വർഷത്തെ കരാറിലാണ് കേരള ഫുട്‌ബോൾ അസോസിയേഷന് (കെഎഫ്എ) കൈമാറിയിട്ടുള്ളത്. കരാർ പ്രകാരം സ്റ്റേഡിയത്തിന്റെ പരിപാലന ചുമതല കെഎഫ്എയ്ക്കാണ്. എന്നാൽ കഴിഞ്ഞ മത്സരങ്ങൾക്ക് ശേഷം ഗ്രൗണ്ട് വൃത്തിയാക്കാനോ സംരക്ഷിക്കാനോ ഫുട്‌ബോൾ അസോസിയേഷൻ തയ്യാറായില്ല. വേലികളിൽ വള്ളികൾ പടർന്ന് കാടുകയറിയ സ്റ്റേഡിയം നിലവിൽ കണ്ണൂർ വാരിയേഴ്‌സ് മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് സ്വന്തം ചെലവിൽ ശുചീകരിക്കുന്നത്. സ്റ്റേഡിയം നവീകരണത്തിൽ കോർപ്പറേഷനും ഫുട്‌ബോൾ അസോസിയേഷനും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണെന്ന് കായികപ്രേമികളും സംഘാടകരും ചൂണ്ടിക്കാട്ടുന്നു.ഗ്യാലറി മുതൽ ഡയറക്ടർ ബോക്‌സ് വരെയാണ് ടിക്കറ്റുകൾ. 199 രൂപ മുതൽ 1999 രൂപ വരെയാണ് ടിക്കറ്റ് വില വരുന്നത്. 199 രൂപയ്ക്ക് ജനറൽ സൗത്ത് ഗ്യാലറി, ബഫ് ഗ്യാലറി, 499 രൂപയുടെ പ്രീമിയം ബോക്‌സ്, 499 ഫാമിലി ടിക്കറ്റ് (ഫാമിലി ടിക്കറ്റിൽ മാതാപിതാക്കൾക്ക് പുറമെ 12 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾക്കും പ്രവേശിക്കാം), 1999 രൂപയുടെ ഡയറക്ടർ ബോക്‌സ് എന്നിവയാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |